UPDATES

കായികം

2014 ആവർത്തിക്കാൻ ഇന്ത്യ; ആധിപത്യമുറപ്പിക്കാൻ ഇംഗ്ലണ്ട്

ലോർഡ്സിൽ ഇതുവരെ നേർക്കുനേർ വന്ന 17 ടെസ്റ്റുകളിൽ 11ലും ജയിച്ച ആത്മവിശ്വാസത്തോടെയാകും ഇംഗ്ലണ്ട് ഇന്നിറങ്ങുക. നാലെണ്ണം സമനിലയായപ്പോൾ രണ്ടു മത്സരങ്ങളിലേ ഇന്ത്യക്ക് ജയിക്കാനായിട്ടുള്ളൂ. എന്നാൽ, ഇതിനു തൊട്ടുമുമ്പത്തെ മത്സരവും ജയങ്ങളുടെ പട്ടികയിലുണ്ട് എന്നത് കോഹ്ലിയുടെ ടീമിന് ആശ്വാസമേകും​. 2014 പര്യടനത്തിൽ ഇന്ത്യ ഇംഗ്ലീഷ് ടീമിനെ 95 റൺസിന് തറപറ്റിച്ചിരുന്നു.

Avatar

അമീന്‍

ഇംഗ്ലണ്ട് പര്യടനത്തിലെ രണ്ടാം ടെസ്റ്റിന് ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്സിൽ കോഹ്ലിപ്പട ഇന്നിറങ്ങും. രണ്ടാം ടെസ്റ്റും വിജയിച്ച് പരമ്പരയിൽ ആധിപത്യമുറപ്പിക്കുക എന്നതാണ് റൂട്ടിന്റെയും സംഘത്തി​ന്റെയും ലക്ഷ്യമെങ്കിൽ ആദ്യ മത്സരത്തിലെ തോൽവി ലോർഡ്സിലെ ജയം കൊണ്ട് മായ്ക്കാനാകും ഇന്ത്യൻ സംഘത്തിന്റെ ശ്രമം. ലോക ഒന്നാം നമ്പർ ടീം എന്ന ബഹുമതിയ്ക്കൊത്ത പ്രകടനം കാഴ്ചവെക്കുക എന്നതു തന്നെയാകും സഹതാരങ്ങൾക്ക് നായകൻ കോഹ്ലി നൽകാനിടയുള്ള ഉപദേശം.

വിദേശ പിച്ചുകളിൽ ബാറ്റ്സ്മാൻമാർ പരാജയപ്പെടുന്നതാണ് ഇന്ത്യയുടെ എക്കാലത്തെയും വലിയ ശാപം. നാട്ടിലെ പുലികൾ വിദേശ പിച്ചുകളിൽ വിറക്കുന്നു. ആദ്യ ടെസ്റ്റിൽ നായകൻ വിരാട് കോഹ്ലി മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. 149, 51 എന്നിങ്ങനെ രണ്ടിന്നിങ്സിലും ടോപ് സ്കോററായ കോഹ്ലിയെ കൂടാതെ മത്സരത്തിൽ മുപ്പതിലേറെ റൺസെടുത്തത് ഹാർദിക് പാണ്ഡ്യ മാത്രം. പേരുകേട്ട ഇന്ത്യൻ ബാറ്റിങ് നിരയിലെ മറ്റൊരാളെങ്കിലും കോഹ്ലിയ്ക്കൊപ്പം പിടിച്ചുനിന്നിരുന്നെങ്കിൽ ഒരുപക്ഷേ, ഇംഗ്ലണ്ടിന്റെ 31 റൺസ് ജയമെന്ന ഫലം മറ്റൊന്നായേനെ.

ബാറ്റ്സ്മാൻമാർ നിരാശപ്പെടുത്തിയപ്പോൾ ഇന്ത്യൻ ബൗളർമാർ പ്രതീക്ഷ നൽകുന്ന പ്രകടനമാണ് എഡ്ജ്ബാസ്റ്റണിൽ കാഴ്ചവെച്ചത്. ആദ്യ ഇന്നിങ്സിൽ നാലും രണ്ടാം ഇന്നിങ്സിൽ മൂന്നും വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ അ‌ശ്വിനാണ് ഇന്ത്യൻ ബൗളർമാരിൽ മികച്ചുനിന്നത്. രണ്ടാം ഇന്നിങ്സില അ‌ഞ്ചു വിക്കറ്റ് നേട്ടമുൾപ്പെടെ ആറു വിക്കറ്റ് വീഴ്ത്തി ഇഷാന്ത് ശർമയും മികച്ചുനിന്നു. മുഹമ്മദ് ഷമിയും​ ഉമേശ് യാദവും മൂന്ന് വിക്കറ്റ് വീതം പങ്കിട്ടു.

ടീമിന്റെ പ്രകടനത്തിനനുസരിച്ചുള്ള ചില മാറ്റങ്ങൾ രണ്ടാം ടെസ്റ്റിൽ ഉണ്ടായേക്കുമെന്നാണ് ടീം വൃത്തങ്ങളിൽ നിന്നും ഇപ്പോൾ ലഭിക്കുന്ന സൂചന. തുടർച്ചയായി പരാജയപ്പെടുന്ന ​വൈസ് ക്യാപ്ടൻ അ‌ജിങ്ക്യ രഹാനെ ഓപ്പണർ ശിഖർ ധവാൻ എന്നിവരുടെ സ്ഥാനങ്ങൾക്കാണ് ബാറ്റിങ് നിരയിൽ ഭീഷണിയുള്ളത്. സാങ്കേതികത്തികവുള്ള ചേതേശ്വർ പൂജാര രണ്ടാം ടെസ്റ്റിൽ അ‌വസാന ഇലവനിൽ എത്തിയേക്കും.

അ‌ശ്വിന്റെ സ്പിൻ ഫലം കണ്ട സാഹചര്യത്തിൽ ഓൾറൗണ്ടറായ രവീന്ദ്ര ജഡേജയ്ക്കോ കുൽദീപ് യാദവിനോ ടീമിൽ ഇടം ലഭിച്ചേക്കാം. ഓൾ റൗണ്ടറായ ഹാർദിക് പാണ്ഡ്യക്കും ഉമേശ് യാദവിനുമാണിവിടെ ഭീഷണി. ബാറ്റിങിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും അ‌ഞ്ചാം ബൗളറെന്ന റോളിൽ ഹാർദിക് ആദ്യ ടെസ്റ്റിൽ പരാജയമായിരുന്നു. ആദ്യ ഇന്നിങ്സിൽ പത്തോവറിൽ വിക്കറ്റില്ലാതെ 46 റൺസ് വഴങ്ങിയ ഹാർദികിന് രണ്ടാം ഇന്നിങ്സിൽ ഒരോവർ പോലും ലഭിച്ചിരുന്നില്ല. ബാറ്റിങ്ങിന്റെ ആഴം വർധിപ്പിക്കാനാണ് ടീം മാനേജ്മെന്റിന് താൽപര്യമെങ്കിൽ ജഡേജ വന്നാൽ സ്ഥാനം തെറിക്കുക ഉമേശ് യാദവിനാകും.

ആദ്യ ടെസ്റ്റിലെ ത്രസിപ്പിക്കുന്ന ജയത്തിന്റെ ഉൻമാദത്തിൽ കഴിയുന്ന ഇംഗ്ലീഷ് ക്യാമ്പിലും കാര്യങ്ങൾ പൂർണമായും നിയന്ത്രണത്തിലല്ല. ഓൾ റൗണ്ടർ ബെൻ സ്റ്റോക്ക്സ് രണ്ടാം ടെസ്റ്റിനില്ലാത്തത് അ‌വർക്ക് തിരിച്ചടിയാണ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും കളി ജയിപ്പിക്കാൻ കഴിവുള്ള താരമാണ് സ്റ്റോക്ക്സ്. എഡ്ജ്ബാസ്റ്റണിലെ ആദ്യ ഇന്നിങ്സിൽ രണ്ടും രണ്ടാമിന്നിങ്സിൽ നാലും വിക്കറ്റുകൾ സ്റ്റോക്ക്സ് വീഴ്ത്തിയിരുന്നു.

ആദ്യ ടെസ്റ്റിൽ തീർത്തും നിറംമങ്ങിപ്പോയ ഡേവിഡ് മലാനും ഇംഗ്ലണ്ടിന്റെ അ‌വസാന നിരയിൽ ഇടംപിടിക്കാൻ സാധ്യതയില്ല. ബാറ്റിങിൽ തിളങ്ങാതിരുന്ന മലാൻ വിരാട് കോഹ്ലിയുടെ ഉൾപ്പെടെ നിർണായക ക്യാച്ചുകൾ സ്ലിപ്പിൽ ​കൈവിടുകയും ചെയ്തിരുന്നു. ക്രിസ് വോക്ക്സ്, മൊയീൻ അ‌ലി, പുതുമുഖതാരം ഒലീ പോപ്പ് എന്നിവരിൽ നിന്നാകും അ‌വസാന ഇലവനിലേക്ക് തിരഞ്ഞെടുപ്പുണ്ടാവുക. ഇരുപതുകാരനായ സാം കറന്റെ മാൻ ഓഫ് ദ മാച്ച് പ്രകടനം പോപ്പിനും ടെസ്റ്റ് ക്യാപ്പ് കൊടുക്കാൻ ഇംഗ്ലീഷ് ടീമിനെ പ്രേരിപ്പിച്ചേക്കും.

ബ്രോഡും ആൻഡേഴ്സണും ആദിൽ റഷീദുമൊക്കെ ഉൾപ്പെടുന്ന ബൗളിങ് ഡിപ്പാർട്ട്മെന്റിൽ പറയത്തക്ക വിഷയങ്ങളൊന്നുമില്ലെങ്കിലും ബാറ്റിങിൽ ആതിഥേയരുടെ അ‌വസ്ഥയും അ‌ത്ര മെച്ചമല്ല. പത്താമനായി ഇറങ്ങുന്ന ബ്രോഡ് വരെ തരക്കേടില്ലാതെ ബാറ്റ് ചെയ്യുമെങ്കിലും ആദ്യ ടെസ്റ്റിൽ അ‌വരുടെ പ്രകടനം ആശാവഹമായിരുന്നില്ല. ആദ്യ ഇന്നിങ്സിൽ മൂന്നിന് 216 എന്ന നിലയിൽ നിന്നാണ് അ‌വർ 287ന് പുറത്തായത്. രണ്ടാം ഇന്നിങ്സിൽ ഏഴിന് 87 എന്ന നിലയിൽ പതറിയ ടീമിനെ കറന്റെ ബാറ്റിങ് രക്ഷിക്കുകയായിരുന്നു.

പേസിനെ തുണയ്ക്കുന്ന പച്ചപ്പുള്ള ടിപ്പിക്കൽ ഇംഗ്ലീഷ് പിച്ച് തന്നെയാകും ലോർഡ്സിലേതും. അ‌തിനാൽ തന്നെ മത്സരത്തിന് ഫലം പ്രതീക്ഷിക്കാം. പിച്ചിന്റെ നടപ്പുരീതിയനുസരിച്ച് മത്സരം അ‌ഞ്ചാം ദിവസത്തേക്ക് എത്താനുള്ള സാധ്യത വിരളമാണ്. പിച്ചിന്റെ സ്വഭാവം പൂർണമായി പഠിച്ച ശേഷമാകും ടീമുകൾ അ‌ന്തിമ ഇലവനെ പ്രഖ്യാപിക്കുക.

ലോർഡ്സിൽ ഇതുവരെ നേർക്കുനേർ വന്ന 17 ടെസ്റ്റുകളിൽ 11ലും ജയിച്ച ആത്മവിശ്വാസത്തോടെയാകും ഇംഗ്ലണ്ട് ഇന്നിറങ്ങുക. നാലെണ്ണം സമനിലയായപ്പോൾ രണ്ടു മത്സരങ്ങളിലേ ഇന്ത്യക്ക് ജയിക്കാനായിട്ടുള്ളൂ. എന്നാൽ, ഇതിനു തൊട്ടുമുമ്പത്തെ മത്സരവും ജയങ്ങളുടെ പട്ടികയിലുണ്ട് എന്നത് കോഹ്ലിയുടെ ടീമിന് ആശ്വാസമേകും​. 2014 പര്യടനത്തിൽ ഇന്ത്യ ഇംഗ്ലീഷ് ടീമിനെ 95 റൺസിന് തറപറ്റിച്ചിരുന്നു.

Avatar

അമീന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍