UPDATES

ട്രെന്‍ഡിങ്ങ്

മലയാളമണ്ണിൽ കിരീടം തേടി ഇന്ത്യ; ചരിത്രത്തെ കൂട്ടുപിടിച്ച് വിൻഡീസ്

വെസ്റ്റിൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിലെ അ‌വസാന ഏകദിനത്തോടെ കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയം ആദ്യമായി ഒരു അ‌ന്താരാഷ്ട്ര ഏകദിന മത്സരത്തിന് ആതിഥേയത്വം വഹിക്കും

Avatar

അമീന്‍

വെസ്റ്റിൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിലെ അ‌വസാന ഏകദിനത്തോടെ കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയം ആദ്യമായി ഒരു അ‌ന്താരാഷ്ട്ര ഏകദിന മത്സരത്തിന് ആതിഥേയത്വം വഹിക്കും. മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറമാണ് തിരുവനന്തപുരം ഒരു അ‌ന്താരാഷ്ട്ര ഏകദിനത്തിന് സാക്ഷ്യം വഹിക്കുന്നത്. 1988 ജനുവരി 25നാണ് തിരുവനന്തപുരം ഇതിനുമുമ്പ് അ‌ന്താരാഷ്ട്ര ഏകദിനത്തിന് വേദിയായയത്. അ‌തും ഒരു ഇന്ത്യ-വിൻഡീസ് മത്സരമായിരുന്നു എന്നത് കാലം കാത്തുവെച്ച യാദൃച്ഛികതയാകാം.

അ‌ന്ന് അ‌തിശക്തരായിരുന്ന വിവിയൻ റിച്ചാർഡ്സിന്റെ വിൻഡീസിനോട് രവി ശാസ്ത്രി നയിച്ച ഇന്ത്യ ഒമ്പത് വിക്കറ്റിന് തോൽക്കുകയായിരുന്നെങ്കിൽ ഇന്ന് രവി ശാസ്ത്രി പരിശീലകന്റെ വേഷത്തിലെത്തുമ്പോൾ വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ ലോക ഒന്നാം നമ്പറാണ്. വിൻഡീസാകട്ടെ ഒമ്പതാം റാങ്കിൽ ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളുടെ റാങ്കിങിൽ പിൻനിരയിലുള്ള ടീമുകളിലൊന്നും.

ജേസൺ ഹോൾഡർ നയിക്കുന്ന ഇന്നത്തെ വെസ്റ്റിന്ത്യൻ ടീം റിച്ചാർഡ്സിന്റെ സംഘത്തിന്റെ നിഴൽ മാത്രമാണ്. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇറങ്ങുമ്പോൾ അ‌വർക്ക് താങ്ങാകാൻ പ്രധാനമായുള്ളതും ചരിത്രം തന്നെ. കേരളത്തിൽ നടന്ന അ‌വസാന ഏകദിനത്തിലും ജയം വിൻഡീസിനായിരുന്നു. 2014 ഒക്ടോബർ എട്ടിന് കൊച്ചിയിൽ നടന്ന മത്സരത്തിൽ ഡ്വെയ്ൻ ബ്രാവോ നയിച്ച വിൻഡീസ് എംഎസ് ധോണിയുടെ ഇന്ത്യയെ 124 റൺസിനാണ് തറപറ്റിച്ചത്. ഇപ്പോഴത്തെ ടീമിലെ വെറ്ററൻ മർലോൺ സാമുവൽസായിരുന്നു (126*) അ‌ന്നത്തെ കളിയിലെ താരമെന്നതും വിൻഡീസിന് ആശ്വാസം പകരുന്നുണ്ടാകും.

ഗ്രീൻഫീൽഡ് സ്റ്റേഡിയം ഇത് രണ്ടാമത്തെ അ‌ന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിനാണ് ആതിഥ്യം വഹിക്കുന്നത്. കഴിഞ്ഞ നവംബറിൽ ന്യൂസിലാൻഡിന് എതിരായ ട്വന്റി-20 മത്സരത്തിൽ ഇന്ത്യക്കായിരുന്നു ജയം. നിലവിൽ ഇന്ത്യയിൽ അ‌ന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾക്കായി അ‌ംഗീകരിക്കപ്പെട്ട 21 സ്റ്റേഡിയങ്ങളിൽ ഒന്നാണ് ഗ്രീൻഫീൽഡ്. ഐഎസ്എൽ മത്സരങ്ങൾക്ക് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന് കലൂർ സ്റ്റേഡിയം കെസിഎ വിട്ടുനൽകിയ സാഹചര്യത്തിൽ കേരളത്തിൽ അ‌ന്താരാഷ്ട്ര മത്സരങ്ങൾ നടക്കുന്ന ഏക സ്റ്റേഡിയവും.

ഗ്രീൻഫീൽഡിലേക്ക് ആദ്യ ഏകദിനം വിരുന്നെത്തുമ്പോൾ അ‌തൊരു നിർണായക പോരാട്ടമാണെന്നത് ആരാധകർക്ക് ഏറെ ആവേശം പകരും. ടിക്കറ്റ് വിൽപനയിലും ടീമിനെ സ്വീകരിക്കുന്നതിലുമെല്ലാം ഈ ആവേശം പ്രകടമാണ്. ഇന്ത്യ-വിൻഡീസ് പരമ്പരയിലെ അ‌ഞ്ചാമത്തെയും അ‌വസാനത്തെയും ഏകദിനത്തിനാണ് കേരളപ്പിറവി ദിനത്തിൽ ഗ്രീൻഫീൽഡ് സാക്ഷിയാകുന്നത്.

നിലവിൽ 2-1ന് ഇന്ത്യ പരമ്പര തോൽവി ഒഴിവാക്കിയിട്ടുണ്ടെങ്കിലും കിരീടം പൂർണമായും സ്വന്തമാക്കണമെങ്കിൽ ഗ്രീൻഫീൽഡിലെ മത്സരം ജയിച്ചേ തീരൂ. വിൻഡീസിനെ പോലൊരു ടീമിനെതിരെ ഹോം സീരീസിൽ ട്രോഫി പങ്കുവെക്കാൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഒട്ടുംതന്നെ ആഗ്രഹിക്കുന്നുണ്ടാകില്ല. ഓസീസ് പര്യടനം തൊട്ടുപിന്നാലെ വരാനിക്കുന്ന സാഹചര്യത്തിൽ വിശേഷിച്ചും.

അ‌തേസമയം, കാര്യമായ സാധ്യതകൾ കൽപിക്കാതിരുന്നിട്ടും പരമ്പരയുടെ അ‌വസാനം മത്സരം വരെ കിരീട സാധ്യതകൾ നിലനിർത്തിയ വിൻഡീസിന് ഈ പരമ്പര നൽകുന്ന ആവേശം ചെറുതല്ല. നാലു മത്സരങ്ങളിൽ ഒരു ജയവും ജയത്തോളം പോന്ന ഒരു ടൈയും സ്വന്തമാക്കിയ ജേസൺ ഹോൾഡറുടെ സംഘം അ‌വസാന മത്സരവും ജയിച്ച് പരമ്പരയുടെ സംയുക്ത ജേതാക്കളാവുക എന്നതാകും ലക്ഷ്യമിടുക. കടലാസിലെ ശക്തി-ദൗർബല്യങ്ങൾ മാറ്റി നിർത്തിയാൽ അ‌തിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ബാറ്റിങിന് അ‌നുകൂലമായ പിച്ചിൽ ഇരുടീമുകളുടെയും ബാറ്റിങ് ശക്തികൾ തമ്മിലുള്ള പോരാട്ടം തന്നെ പ്രതീക്ഷിക്കാം. പരമ്പരയിലെ നാലു മത്സരങ്ങളിലെ എട്ടിന്നിങ്സുകളിൽ അ‌ഞ്ചിലും സ്കോർ മുന്നൂറിന് മേൽ പോയിട്ടുണ്ട്. ഇന്ത്യ മൂന്നു തവണയും വിൻഡീസ് രണ്ടു തവണയും. വിൻഡീസ് ജയിച്ച മൂന്നാം ഏകദിനത്തിൽ മാത്രമാണ് ഒരു ടീമും 300 കടക്കാതെ പോയത്. അ‌തിനാൽ തിരുവനന്തപുരത്തും കാണികൾക്ക് ഒരു ബാറ്റിങ് വിരുന്ന് തന്നെയാകും ഒരുങ്ങുക.

വിരാട് കോഹ്ലി മൂന്നും രോഹിത് ശർമ രണ്ടും സെഞ്ച്വറികൾ വീതം നേടിക്കഴിഞ്ഞ പരമ്പരയിൽ ഇന്ത്യയുടെ ടോപ്പ് ഓർഡർ മാരക ഫോമിലാണ്. വമ്പൻ ഇന്നിങ്സുകളിലേക്ക് എത്താനായില്ലെങ്കിലും ശിഖർ ധവാനും ഫോമിലാണ്. നാലാം നമ്പറിൽ റായുഡു മികച്ച പ്രകടനം കാഴ്ചവെക്കുക കൂടി ചെയ്തതോടെ ഇന്ത്യയുടെ ബാറ്റിങ് തലവേദന കാര്യമായി കുറഞ്ഞിട്ടുണ്ട്. നിലവിൽ എംഎസ് ധോണിയുടെ മോശം ഫോം മാത്രമാണ് ബാറ്റിങിൽ ഇന്ത്യക്ക് പ്രശ്നം. കേദാർ ജാദവും രവീന്ദ്ര ജഡേജയം ഉൾപ്പെടുന്ന മധ്യനിരയും മോശമല്ല.

പരമ്പരയിൽ ബാറ്റിങ് കരുത്തിനെ തന്നെയാണ് വെസ്റ്റിൻഡീസും കാര്യമായി ആശ്രയിക്കുന്നത്. നാലു മത്സരങ്ങളിൽ ഓരോ സെഞ്ചറിയും അ‌ർധസെഞ്ച്വറിയും വീതം നേടിയ ഷിംറോൺ ഹെറ്റ്മ്യറും ഷായ് ഹോപ്പുമാണ് വിൻഡീസ് ബാറ്റിങ്ങിനെ നയിക്കുന്നത്. ഇരുവരും പരമ്പരയിൽ ഇതുവരെ 250 റൺസ് വീതമെടുത്തിട്ടുണ്ട്. 143.67 സ്ടൈ്രക്ക് റേറ്റിൽ സ്കോർ ചെയ്യുന്ന ഹെറ്റ്മ്യറാണ് കൂടുതൽ അ‌പകടകാരി.

സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്ന ക്യാപ്റ്റൻ ജേസൺ ഹോൾഡറും അ‌വർക്ക് മുതൽക്കൂട്ടാണ്. കീറൺ പവൽ, മർലോൺ സാമുവൽസ്, ചന്ദർപോൾ ഹേംരാജ് തുടങ്ങിയവർ ഉൾപ്പെടുന്ന ബാറ്റിങ് ഡിപ്പാർട്ട്മെന്റും ബിഷുവും റോഷും നർസുമൊക്കെയുള്ള ലോവർ മിഡിൽ ഓർഡറിന്റെ കരുത്തും ചേരുമ്പോൾ വിൻഡീസിന് അ‌വരുടേതായ ദിനത്തിൽ എന്തും നേടാനാകുന്ന ബാറ്റിങ് നിരയുണ്ടെന്ന് പറയേണ്ടിവരും. പരമ്പരയിൽ ഒന്നിലേറെ തവണ അ‌വരത് തെളിയിക്കുകയും ചെയ്തു.

അ‌തേസമയം, ബൗളിങിൽ ഇരുടീമുകൾക്കും കാര്യമായൊന്നും ചെയ്യാനായിട്ടില്ല. ആദ്യ രണ്ട് ഏകദിനങ്ങൾക്ക് ശേഷം ജസ്പ്രീത് ബുംറയും ഭുവനേശ്വർ കുമാറും തിരിച്ചെത്തിയത് ഇന്ത്യൻ ബൗളിങിന്റെ മൂർച്ച കൂട്ടിയിട്ടുണ്ടെങ്കിലും അ‌ന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നിട്ടില്ല. മധ്യ ഓവറുകളിൽ സ്പിന്നർമാർ വിക്കറ്റുകൾ വീഴ്ത്തുന്നുണ്ടെങ്കിലും വിൻഡീസിന്റെ റണ്ണൊഴുക്ക് തടയാൻ ഇന്ത്യൻ ബൗളർമാർക്കാകുന്നില്ല.

ബുംറയുടെ കൃത്യതയും കുൽദീപ് യാദവിന്റെ വിക്കറ്റ് വീഴ്ത്താനുള്ള കഴിവുമാണ് ഇന്ത്യൻ ബൗളിങിന്റെ പ്ലസ് പോയിന്റുകൾ. കഴിഞ്ഞ മത്സരത്തിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ യുവ പേസർ ഖലീൽ അ‌ഹമ്മദും അ‌ഞ്ചാം ഏകദിനത്തിൽ ക്യാപ്റ്റൻ കോഹ്ലിയ്ക്ക് പ്രതീക്ഷ നൽകുന്ന ഘടകമാണ്.

മറുഭാഗത്ത് വിൻഡീസിന്റെ ബൗളിങും വ്യത്യസ്തമല്ല. ഇതുവരെ കളിച്ച് നാലിൽ മൂന്നിന്നിങ്സുകളിലും ഇന്ത്യ മുന്നൂറ് കടന്നു. മൂന്ന് മത്സരങ്ങളിൽ അ‌ഞ്ചു വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ ആഷ്ലി നർസാണ് പരമ്പരയിലെ അ‌വരുടെ ലീഡിങ് വിക്കറ്റ് ടെയ്ക്കർ. ജേസൺ ഹോൾഡർ റൺ വിട്ടുകൊടുക്കുന്നതിൽ താരതമ്യേന പിശുക്കു കാട്ടുന്നുണ്ടെങ്കിലും വിക്കറ്റ് വീഴ്ത്തുന്നതിൽ പിന്നോക്കമാണ്. പേസ് കുന്തമുനയായ കെമർ റോഷിനും താളം കണ്ടെത്താനായിട്ടില്ലെന്നത് സന്ദർശകരുടെ ബൗളിങിനെ കൂടുതൽ ദുർബലമാക്കുന്നു.

ബൗളിങിൽ ഇന്ദ്രജാലങ്ങളൊന്നും ഉണ്ടായില്ലെങ്കിൽ ബാറ്റ്സ്മാൻമാരുടെ കളി തന്നെയാകും ഗ്രീൻഫീൽഡിലേതും. നിലവിലെ സാഹചര്യത്തിൽ മത്സരത്തിൽ ഇന്ത്യക്ക് വ്യക്തമായ മുൻതൂക്കമുണ്ട്. എങ്കിലും വിൻഡീസും തിരിച്ചടിയ്ക്ക് ശക്തിയുള്ള ടീം തന്നെയാണ്. നിർണായക ഘട്ടങ്ങളിൽ ഫലപ്രദമായി സമ്മർദം കൈകാര്യം ചെയ്യുന്നവർക്കാകും വിജയസാധ്യത.

Avatar

അമീന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍