UPDATES

കായികം

സിംഹങ്ങളും ചുവന്ന ചെകുത്താന്മാരും കൊമ്പ് കോര്‍ക്കുന്നു; ഇംഗ്ലണ്ട് – ബെല്‍ജിയം പോരാട്ടം തീപാറും

ഗ്രൂപ്പ് ജിയിലെ ഇംഗ്ലണ്ട് – ബെല്‍ജിയം പോരാട്ടം ഇതുവരെ കണ്ട ഒരു മത്സരത്തോടും താരതമ്യപ്പെടുത്താനാവാത്ത വിധം ആവേശോജ്ജ്വലമാകുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.

ലോകകപ്പിലെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ അവസാനിക്കുകയാണ്. പ്രാഥമിക റൗണ്ടില്‍ താരത്തിളക്കം കൊണ്ട് ഇതുവരെ ഏറ്റവും കൂടുതല്‍ പേര്‍ ആവേശത്തോടെ വീക്ഷിച്ച മത്സരം സ്‌പെയിനും പോര്‍ച്ചുഗലും തമ്മിലുള്ളതായിരുന്നിരിക്കണം. എന്നാല്‍ അവസാനത്തോടടുക്കുമ്പോള്‍ ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും മികച്ച മത്സരമാണ് നടക്കാന്‍ പോവുന്നത്. ഗ്രൂപ്പ് ജിയിലെ ഇംഗ്ലണ്ട് – ബെല്‍ജിയം പോരാട്ടം ഇതുവരെ കണ്ട ഒരു മത്സരത്തോടും താരതമ്യപ്പെടുത്താനാവാത്ത വിധം ആവേശോജ്ജ്വലമാകുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഇതുവരെയുള്ള വിലയിരുത്തലില്‍ വമ്പന്‍ ടീമുകളില്‍ പ്രതീക്ഷ കെടുത്താത്ത ടീമുകളാണ് ഇരുവരും. ശക്തര്‍ പലരും സമനിലക്കുരുക്കില്‍ കുരുങ്ങിയപ്പോഴും, തോറ്റപ്പോഴും ബെല്‍ജിയവും ഇംഗ്ലണ്ടും വേറിട്ടു നിന്നു.

ഒരു പരിധി വരെ വലിയ പരീക്ഷണങ്ങള്‍ ഇതുവരെയുണ്ടായില്ലെന്ന് പറയാമെങ്കിലും അഭിമാനിക്കാവുന്ന കളി തന്നെയാണ് ഗ്രൂപ്പ് ജിയിൽ ഇരുടീമുകളും പനാമ, ടുണീഷ്യ ടീമുകള്‍ക്കെതിരെ പുറത്തെടുത്തത്. പ്രതിരോധത്തിലെ പിഴവുകള്‍ മുതലാക്കാന്‍ കഴിവുള്ള ടീമുകളാണ് രണ്ടും എന്നതിന് തെളിവാണ് ഇരുടീമും അടിച്ചു കൂട്ടിയ ഗോളുകള്‍. ആദ്യ മത്സരത്തേക്കാള്‍ രണ്ടാം മത്സരത്തിലാണ് ഇരു ടീമുകളും സംഹാര താണ്ഡവമാടിയത്. ഇതുവരെയുള്ള ഇരുടീമുകളുടെയും കളികളുടെ സ്റ്റാറ്റിസ്റ്റിക്‌സ് നോക്കിയാല്‍പ്പോലും ഒരുപോലെയാണ്. 8 ഗോള്‍ അടിച്ചുകൂട്ടി, രണ്ട് ഗോള്‍ വഴങ്ങി.

ഗ്രൂപ്പ് ഘട്ടത്തിലെ പോര് കഴിഞ്ഞാലും ഫൈനല്‍ വരെയെത്താനുള്ള കെല്‍പ്പുള്ള ടീമുകളാണ് രണ്ടും. ബെല്‍ജിയത്തിന്റെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ഈഡന്‍ ഹസാര്‍ഡിന്റെ പ്രവചനം തന്നെ ഫൈനലില്‍ ബെല്‍ജിയവും ഇംഗ്ലണ്ടും ഏറ്റുമുട്ടുമെന്നാണ്. അതുകൊണ്ട് ലോകകപ്പ് ഫൈനലിന് സമാനമായ മത്സരം തന്നെയാണിത്.

ടൂര്‍ണമെന്റിലെ ഏറ്റവും പ്രോമിസിങ് ആയ കളിക്കാരുടെ കൂട്ടമാണ് ഇരുടീമിന്റെയും കരുത്ത്. അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും അവ ഗോളാക്കുന്നതിലും ഒരു പിശുക്കും കാണിക്കാത്ത കളിക്കാര്‍ ഇരുവശത്തുമുണ്ട്. യുവത്വം ഇരുടീമിന്റെയും പോസിറ്റീവ് ഘടകമാണ്. 25 വയസാണ് ഇംഗ്ലണ്ടിന്റെ ശരാശരി പ്രായം. ക്യാപ്റ്റന്‍ ഹാരി കെയ്‌ന് പ്രായം 24 മാത്രം. 1966ൽ ഇംഗ്ലണ്ടിന്റെ ഒരേയൊരു ലോകകപ്പുയർത്തുമ്പോൾ ക്യാപ്റ്റൻ ബോബി മൂറിന് പ്രായം 25 ആയിരുന്നു. ഇപ്പുറത്ത് 27 വയസുള്ള ബെൽജിയം ക്യാപ്റ്റൻ ഈഡന്‍ ഹസാര്‍ഡ് കുറേക്കൂടി പരിചയ സമ്പന്നനാണ്. 28നടുത്ത് വരും ബെല്‍ജിയം കളിക്കാരുടെ ശരാശരി പ്രായം. പ്രസരിപ്പുള്ള ടീമുകള്‍. വേഗവും സ്വന്തമായി താളവുമുള്ള ടീമുകള്‍. സത്യത്തില്‍ ശക്തി ദൗര്‍ബല്യങ്ങളുടെ കണക്കെടുപ്പ് ഈ ടീമുകളുടെ കാര്യത്തില്‍ കുറച്ച് പ്രയാസം തന്നെയാണ്. ആരു കരുത്തര്‍ എന്നറിയണമെങ്കില്‍ ഈ മത്സരം കഴിയുന്നത് വരെ കാത്തിരിക്കേണ്ടി വരും.

ഇരുടീമുകളും ഫേവറിറ്റുകളുടെ കൂട്ടത്തിലില്ല എന്നതും പ്രതീക്ഷകളുടെ ഭാരമില്ല എന്നതും ഇരുടീമിനെ സംബന്ധിച്ചും ഗുണകരമാണ്. എങ്കിലും ഓരോ കളികളിലും മെച്ചപ്പെട്ടുന്ന വരുന്ന പ്രകടനത്തിലൂടെ ആരാധകർ ഈ ടീമുകളിൽ പ്രതീക്ഷ വെക്കുന്നുണ്ട്.

ഇരു ടീമുകളും താരങ്ങളാല്‍ സമ്പന്നമാണ്. ഇംഗ്ലണ്ട് ടീമിലുള്ളവരെല്ലാം തന്നെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പുലികളാണെങ്കില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെയും ഫ്രഞ്ച് ലീഗിലെയും സ്പാനിഷ് ലീഗിലെയും പുലികള്‍ ഉള്‍പ്പെട്ടതാണ് ബെല്‍ജിയം സ്‌ക്വാഡ്. ലുക്കാക്കു – ഹസാര്‍ഡ് – ഡിബ്രൂയിന്‍ ത്രയമാണ് ബെല്‍ജിയത്തിന്റെ നട്ടെല്ല്. മധ്യനിരയിലെ ഭാവനാ സമ്പന്നതയെന്നാല്‍ ബെല്‍ജിയത്തിന് മാഞ്ചസ്റ്റര്‍

സിറ്റിയുടെ ഡിബ്രൂയിനാണ്. എണ്ണം പറഞ്ഞ പാസുകളും അസിസ്റ്റുകളും ഈ കളിക്കാരന്റെ പ്രതിഭ തെളിയിക്കുന്നു. ഡിബ്രൂയിന് കളിക്കാന്‍ സ്‌പേസ് ഒരുക്കുക എന്നതാണ് ബെല്‍ജിയത്തിന്റെ പ്രധാന തന്ത്രങ്ങളില്‍ ഒന്ന്. മധ്യനിരയൊന്നാകെ വ്യാപിച്ച് കളിക്കുന്ന ഡിബ്രൂയിനാണ് ലുക്കാക്കു എന്ന ഫോർവേഡിന് എണ്ണയിട്ട് കൊടുക്കുന്നത്. 3-4-2-1 എന്ന ശൈലിയിലാണ് ബെൽജിയം കളിക്കുന്നത്.

ലുക്കാക്കുവിനെ മുന്നില്‍ നിർത്തി നടത്തുന്ന ആക്രമണം. തൊട്ടുപിന്നിൽ സ്ട്രൈക്കറായി ഹസാർഡും കയറിക്കളിക്കുന്ന മിഡ്ഫീൽഡറായി ഡിബ്രൂയിനും വരും. ഇവർക്ക് പിന്നിലുള്ള മറ്റ് നാല് മിഡ്ഫീൽഡർമാർക്ക് ഇതേ സമയം അത്യധ്വാനം ചെയ്യേണ്ടി വരും. മ്യൂനെർ, കറാസ്കോ എന്നിവർ വിങ്ങുകളിലൂടെ ആക്രമിക്കും.

ലിവര്‍പൂളിന്റെ ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണാണ് ഇംഗ്ലണ്ട് മധ്യനിരയുടെ കടിഞ്ഞാണ്‍ പിടിക്കുന്നത്. എന്നാൽ ഡിബ്രൂയിന് സമാനമായ കർത്തവ്യം ഇംഗ്ലണ്ടിനായി നിർവഹിക്കുന്നത് വിങ്ങുകളിലൂടെ മധ്യനിരയിലും മുന്നേറ്റനിരയിലുമായി കയറിയും ഇറങ്ങിയും കളിക്കുന്ന 23കാരൻ റഹീം സ്റ്റെർലിങ് ആണ്. പ്രതിഭാധനൻ, മാഞ്ചസ്റ്റർ സിറ്റിയിലെ ഡിബ്രൂയിന്റെ ബഡ്ഡി. ഇരുവരും ചേർന്ന സിറ്റിയുടെ മധ്യനിരയാണ് ഇത്തവണ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജയിച്ചത് എന്നത് യാദൃച്ഛികമല്ല. അതെസമയം സെറ്റ് പീസുകള്‍, കോര്‍ണറുകള്‍ എന്നിവ ഉപയോഗപ്പെടുത്തുന്നതില്‍ ഇംഗ്ലണ്ട് ഒരല്‍പം മുന്നിലാണെന്ന് പറയേണ്ടി വരും

3-1-4-2/ 3-5-2 ശൈലിയിൽ ആണ് ഇംഗ്ലണ്ട് കളിക്കുന്നത്. കെയ്നിനും സ്റ്റെർലിങിനുമായിരിക്കും ആക്രമണത്തിന്റെ ചുമതല. കെയ്ൻ മുഴുവൻ സമയ ഫോർവേഡ് ആവുമ്പോൾ സ്റ്റെർലിങ് വിങറുടെ ചുമതലയും വഹിക്കും. മധ്യനിരയിൽ നിന്ന് തരം പോലെ ലിങ്ഗാർഡും കയറി വരും. മധ്യനിരയിലെ ലിങ്ഗാർഡ് ഒഴിച്ചുള്ള മറ്റ് 3 പേർ വിങ്ങുകളിലൂടെ കയറിയും ഇറങ്ങിയും കളിക്കുമ്പോൾ ഡിഫൻസീവ് മോഡിലായിരിക്കും ജോർദാൻ ഹെൻഡേഴ്സൺ.
ബെൽജിയത്തെക്കാൾ എങ്ങനെ നോക്കിയാലും രാജ്യാന്തര ഫുട്ബോളിൽ മികച്ച റെക്കോർഡുള്ള ടീമാണ് ഇംഗ്ലണ്ട്. ഇതിഹാസ തുല്യരായ കളിക്കാർ ഈ തലമുറ മുന്നേ വാണ ടീം. എന്നാൽ ഒത്തിണക്കം ഇല്ലാത്തവരെന്ന പേരുദോഷം എന്നും ഇംഗ്ലണ്ടിന്റെ കൂടയുണ്ടായിരുന്നു. കൂട്ടിന് നിർഭാഗ്യവും. എന്നാൽ ഒത്തിണക്കം ഇല്ല എന്ന പേരുദോഷം ഇംഗ്ലണ്ട് മാറ്റി എന്ന് കഴിഞ്ഞ രണ്ട് കളികൾ കണ്ടാൽ മനസിലാവും. സമീപ വർഷത്തെ പ്രകടനങ്ങളിൽ കൂറേക്കൂടി സ്ഥിരത അവകാശപ്പെടാവുന്ന ടീം ബെൽജിയമാണ്. ഇംഗ്ലണ്ടിനെപ്പോലെ വർഷങ്ങളായുള്ള ഫുട്ബോൾ ചരിത്രമുണ്ടെങ്കിലും ഏതാനും വർഷങ്ങൾ കൊണ്ടാണ് ആർക്കും വെല്ലുവിളിയുയർത്തുന്ന ടീമായി അവർ വളർന്നത്. 1986ൽ അവർ ലോകകപ്പിൽ നാലാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. എന്തായാലും ത്രീലയൺസ് എന്ന് വിളിപ്പേരുള്ള ഇംഗ്ലണ്ടും ചുവന്ന ചെകുത്താൻമാർ എന്നറിയപ്പെടുന്ന ബെൽജിയവും കൊമ്പുകോർക്കുമ്പോൾ ഇതുവരെയുണ്ടായതിൽ വെച്ച് ഏറ്റവും മികച്ച മത്സരം തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്

*ഇംഗ്ലണ്ടിന്റെ ശ്രദ്ധിക്കേണ്ട താരങ്ങള്‍: ക്യാപ്റ്റൻ ഹാരി കെയ്ൻ, റഹീം സ്റ്റെർലിങ്, ജോൺ സ്റ്റോൺസ്, ദെലെ അലി, ജെസ്സെ ലിങ്ഗാർഡ്, ആഷ്‍ലി യങ്, ജോർദാൻ ഹെൻഡേഴ്സൺ, മാർകസ് റാഷ്ഫോർഡ്, ജെമി വാർഡി

*ബെൽജിയത്തിന്റെ ശ്രദ്ധിക്കേണ്ട താരങ്ങൾ: ക്യാപ്റ്റൻ ഈഡൻ ഹസാർഡ്, റൊമേലു ലുക്കാക്കു, ഡ്രൈസ് മെർട്ടൻസ്, അലക്സ് വിറ്റസൽ, മൗറെയ്ൻ ഫെല്ലിനി, തിബൗട്ട് കർട്ടോയിസ്, വിൻസെന്റ് കൊമ്പാനി, ഡെഡ്രിക് ബൊയാട്ട, മൂസ ഡെംബലെ.

അരുണ്‍ലാല്‍ ലെനിന്‍

അരുണ്‍ലാല്‍ ലെനിന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍