UPDATES

എം ബി സന്തോഷ്

കാഴ്ചപ്പാട്

എം ബി സന്തോഷ്

ന്യൂസ് അപ്ഡേറ്റ്സ്

ഈ കൊല്ലാക്കൊല കാണാത്തവര്‍

എം.ബി.സന്തോഷ്

ഈദുല്‍ ഫിത്തര്‍ അഥവാ റംസാന്റെ നോമ്പ് കഠിനമാണ്. ചെറിയ പെരുന്നാള്‍ എന്നും അറിയപ്പെടുന്ന ഇതിന് മുന്നോടിയായി ഒരു മാസത്തോളം പകല്‍ പച്ചവെള്ളം പോലും കഴിക്കാതെയുള്ള കഠിന ഉപാസനയുണ്ട്. അതെന്തായാലും നന്നായെന്ന് ആലോചിക്കുന്ന വലിയൊരു വിഭാഗം ഇസ്ലാം ഇതര മതവിഭാഗക്കാരുണ്ട്. അത് പക്ഷേ ഏതെങ്കിലും വിശ്വാസത്തിന്റെ പേരിലല്ല. 

മറ്റ് മതവിഭാഗങ്ങളിലെയും സാധാരണക്കാരും പാവപ്പെട്ടവരും പകല്‍ ആഹാരം കഴിക്കാന്‍ കഴിയാത്ത നിവൃത്തികേടിലാണ്. അത്താഴത്തിന് എന്തെങ്കിലും കാച്ചിക്കുടിച്ച് കിടന്നുറങ്ങി ആശ്വാസം കൊള്ളുന്ന വലിയൊരു വിഭാഗം അത്തരക്കാരിലുണ്ട്. വരുമാനം കൂടാതിരിക്കുകയും നിത്യോപയോഗ ഭക്ഷ്യവസ്തുക്കളുടെ പോലും വില റോക്കറ്റുപോലെ കുതിച്ചു കയറുകയും ചെയ്യുമ്പോള്‍ പാവപ്പെട്ടവര്‍ മുറുക്കിയുടുക്കാന്‍ ഉടുമുണ്ടുപോലുമില്ലാത്ത ദുസ്ഥിതിയിലാണ്. റോക്കറ്റ് മുകളിലേക്കു പോയാല്‍ ഒരിക്കല്‍ താഴോട്ടു വരും. പക്ഷേ, വില വര്‍ദ്ധനയുടെ കാര്യത്തില്‍ കൂടിയത് കുറയാറേയില്ല. മോഹന വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലേറുന്നവര്‍, തൊട്ടുമുമ്പുള്ള കൊള്ളക്കൂട്ടങ്ങളുടെ അതേ അറവുകത്തിയുമായിരിക്കുന്ന ദുഷ്ടന്‍മാരാണെന്ന് തിരിച്ചറിയുന്നതോടെ എടുക്കാച്ചരക്കിന്റെ വിലയിറക്കത്തിലേക്ക് അധപതിക്കുമെങ്കിലും, അതിനുള്ളില്‍ തന്നെ പല തലമുറക്ക് ഒരു വിലക്കയറ്റവും ബാധിക്കാത്ത വിധത്തിലുള്ള സമ്പത്ത് സ്വരൂപിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ടാകും. ഇത്തരം അഴിമതികളുടെയും കൈക്കൂലിയുടെയുമൊക്കെ ഇരകളാവാന്‍ വിധിക്കപ്പെട്ട പാവപ്പെട്ടവര്‍ക്ക് മുന്‍പ് പച്ചവെള്ളമെങ്കിലും കുടിച്ച് ജീവിക്കാമായിരുന്നു. തെരുവുകളിലെയും പാതയോരത്തെയും പൈപ്പുവെള്ളം കുടിച്ച് പശിയടക്കിയ അനുഭവ കഥനങ്ങള്‍ ഇപ്പോഴത്തെ കോടീശ്വരന്മാരില്‍ പലരും പലവട്ടം പറഞ്ഞു കഴിഞ്ഞതാണല്ലോ. പക്ഷെ, വികസനം എക്‌സ്പ്രസ് ഹൈവേകളിലൂടെ പറന്നിറങ്ങുമ്പോള്‍ ഇത്തരം പാതയോര ടാപ്പുകള്‍ അശ്രീകരമാണെന്ന് കണ്ടെത്തി അടച്ചുപൂട്ടാന്‍ പാവങ്ങള്‍ക്കുവേണ്ടി വായ്ത്താരിയിട്ട ഇടതു വലത് സര്‍ക്കാരുകള്‍ മത്സരിച്ചതിനാല്‍ കുടിനീരുപോലുമില്ലാതെ മഴമുകിലുകണ്ട് നാക്കുനീട്ടി കാത്തിരിക്കുന്നവരില്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടുകഴിയുന്ന തീരദേശക്കാരുമുണ്ട്.

ഇപ്പോള്‍ പച്ചക്കറി ഉള്‍പ്പെടെയുള്ളവയുടെ വിലപോകുന്ന പോക്കു കണ്ടിട്ട് മന്ത്രിമാര്‍ ഒഴികെയുള്ളവര്‍ അന്തംവിട്ടുനില്‍ക്കുകയാണ്. ഒരു കിലോഗ്രാം തക്കാളിക്ക് കിലോഗ്രാമിന് എഴുപതു രൂപ പിന്നിട്ടു കഴിഞ്ഞു. ഉള്ളി,സവാള, ഉരുളക്കിഴങ്ങ് എന്നിവയൊക്കെ നാല്പതുകളിലാണ്. ഒരു വര്‍ഷം മുമ്പ് പല പച്ചക്കറികളും കിലോഗ്രാമിന് ശരാശരി പത്തുരൂപ നിരക്കില്‍ കിട്ടിയിരുന്നത് ഇപ്പോള്‍ ഇരുപതു രൂപക്കും കിട്ടാതായിരിക്കുന്നു. സര്‍ക്കാര്‍ ഏജന്‍സിയായ വെജിറ്റബിള്‍ ആന്‍റ് ഫ്രൂട്ട്‌സ് പ്രമോഷന്‍ കൗണ്‍സിലിന്റെ കണക്കനുസരിച്ച് 20 രൂപയില്‍ കുറച്ച് കിട്ടുന്ന ഒരേ ഒരു പച്ചക്കറി വെള്ളരിക്കയാണ്. കിലോഗ്രാമിന് 16 രൂപ. അത് പേരിനുവേണ്ടി നടത്തുന്ന അവരുടെ സ്റ്റാളുകളില്‍. പുറത്ത് ചന്തകളില്‍ ഇതിന്റെ വില 20 രൂപയാണ്. കഴിഞ്ഞ പെരുന്നാളിന് കിലോഗ്രാമിന് എട്ടു രൂപയേ ഉണ്ടായിരുന്നുള്ളൂവെന്നത് നിശ്വാസത്തോടെ ഓര്‍ക്കാനേ പാവപ്പെട്ട വീട്ടമ്മമാര്‍ക്ക് കഴിയൂ. വെളിച്ചെണ്ണ വില ഇരുന്നൂറിനോടടുത്തെത്തിക്കഴിഞ്ഞു. ആര്‍ക്കും വേണ്ടാതെ കിടന്ന പാമോയില്‍പോലും എണ്‍പത് കഴിഞ്ഞും കുതിക്കുകയാണ്. ഇറച്ചി, മീന്‍ വര്‍ഗങ്ങളുടെ കാര്യം പറയേണ്ട. കഴിഞ്ഞ വര്‍ഷത്തിനേതിനെക്കാള്‍ പത്തു രൂപയെങ്കിലും ഒരു കിലോ അരിക്ക് കൂടിയിട്ടുണ്ട്. നോമ്പു മുറിക്കാന്‍ അനിവാര്യമായ ഈന്തപ്പഴത്തിന് കിലോഗ്രാം 70 രൂപയായിരുന്നത് ഇപ്പോള്‍ 200 രൂപയാണ്. എന്നാല്‍, ഉത്പാദക പ്രദേശങ്ങളില്‍ ഇതിനൊക്കെ പഴയ വിലയാണ്. ഇടത്തട്ടുകാരുടെ പിടിച്ചുപറിക്ക് പാവപ്പെട്ടവരെ വിട്ടുകൊടുത്തിരിക്കുകയാണ് സര്‍ക്കാരുകള്‍.

സര്‍ക്കാര്‍ കലണ്ടര്‍ പ്രകാരം ഈദുല്‍ ഫിത്തര്‍ ജൂലായ് 28നാണ്. സംസ്ഥാന സിവില്‍ സപ്‌ളൈസ് കോര്‍പ്പറേഷന്‍ ഈദുല്‍ ഫിത്തര്‍ – ഓണം ബസാറുകളുടെ ഉദ്ഘാടനം നടത്തിയത് ജൂലായ് 23ന് സന്ധ്യക്ക് തിരുവനന്തപുരത്ത്. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് സ്‌പെഷ്യല്‍ ചന്തകള്‍ അതിനുശേഷമുള്ള ദിവസങ്ങളിലാണ് തുടങ്ങിയത്. അഞ്ചാം മന്ത്രിക്കും മലപ്പുറത്ത് പ്‌ളസ്ടു സ്‌കൂളിനും വാശിപിടിച്ച നേതാക്കളാരും പെരുന്നാള്‍ ചന്ത മലപ്പുറത്തു വേണമെന്ന് ആവശ്യപ്പെട്ടതേയില്ല. യൂസഫലിമാരും അബ്ദുള്‍ വഹാബുമാരും സ്‌കൂള്‍ – കോളേജ് മുതലാളിമാരുമൊക്കെയാണല്ലോ ഈ നേതാക്കളുടെ ‘പ്രജകള്‍’ . ഈ ചന്തകൊണ്ട് വലിയ കാര്യമൊന്നുമില്ല എന്നത് വേറെ കാര്യം. കാരണം സബ്‌സിഡി നിരക്കില്‍ ഒരു കിലോ വെളിച്ചെണ്ണ, മല്ലി, മുളക് ഉള്‍പ്പെടെയുള്ളവ കിട്ടിക്കൊണ്ടിരുന്നത് സര്‍ക്കാര്‍ കാരുണ്യം ചൊരിഞ്ഞതുമൂലം അരക്കിലോ ആക്കി മാറ്റിയ ‘ഭരണനേട്ടം’ പാടിപ്പുകഴ്ത്താന്‍ മാദ്ധ്യമ പാണന്‍മാരില്‍ ചിലര്‍ മത്സരിക്കുന്നുണ്ട്! ഒരു രൂപക്കും രണ്ടു രൂപക്കും ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്ക് നല്‍കിക്കൊണ്ടിരുന്ന അരിയുടെ റേഷന്‍ വിഹിതം വെട്ടിക്കുറച്ചത് സ്തുതിപാഠകര്‍ കാണാത്തത് മനസ്സിലാക്കാം. ഇവിടത്തെ പ്രതിപക്ഷ കക്ഷികള്‍ ഇതൊന്നും കാണാനും അറിയാനുമാവാത്തവിധം അന്ധരും ബധിരരുമാണോ?

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന മനുഷ്യക്കുരുതി തീര്‍ച്ചയായും അപലപിക്കേണ്ടതു തന്നെയാണ്. സി.പി.എമ്മും ഇടതുകക്ഷികളും സായാഹ്ന ധര്‍ണയല്ല, അതിനായി മുഴുദിന സത്യഗ്രഹം നടത്തിയാലും അധികമാവില്ല. എന്നാല്‍, ഇവിടെ ജനങ്ങളെ കൊല്ലാക്കൊല ചെയ്യുന്ന വിലക്കയറ്റത്തിനെതിരെ ചെറുവിരലനക്കാന്‍ ഒന്നും ചെയ്യാനാവില്ലേ? സപ്‌ളൈകോ, കണ്‍സ്യൂമര്‍ഫെഡ്, ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ എന്നീ പൊതുമേഖലാ സ്ഥാപനങ്ങള്‍ മുഖേനയാണല്ലോ മുമ്പ് വിപണിയില്‍ അതത് കാലത്തെ സര്‍ക്കാരുകള്‍ ഇടപെട്ടിരുന്നത്. ഈ സര്‍ക്കാരിന്റെ കാലത്ത് അഴിമതിയുടെ കൂത്തരങ്ങെന്നല്ല പേക്കൂത്തെന്നു പറയത്തക്കവിധം അവ മാറിയിട്ടും അതു സംബന്ധിച്ച് ‘ഭരണപക്ഷ മുഖപത്ര’ങ്ങളില്‍തന്നെ വാര്‍ത്തകള്‍ നിറഞ്ഞിട്ടും പ്രതിപക്ഷ കക്ഷികള്‍ മിണ്ടാത്തതെന്താണ്? തിരഞ്ഞെടുപ്പില്‍ തിരിച്ചടി എന്തുകൊണ്ടാണെന്ന് പഠിക്കാന്‍ ജനങ്ങളെന്തെന്നറിയാത്തവരെ തട്ടിക്കൂട്ടി കമ്മിഷനാക്കി വച്ച് പ്രഹസനങ്ങള്‍ നടത്തുവാന്‍ ലജ്ജയില്ലാത്ത ഇടതുപക്ഷ പ്രസ്ഥാനങ്ങളെ നോക്കി കഷ്ടം എന്നല്ലാതെ എന്തുപറയാന്‍? ഇങ്ങനെ പോയാല്‍ വരുന്ന തിരഞ്ഞെടുപ്പുകളില്‍  ഇപ്പോഴത്തേതിന്റെ ഇരട്ടി കമ്മിഷന്‍ വയ്‌ക്കേണ്ടിവരുമെന്ന് മനസ്സിലാക്കാന്‍ പാഴൂര്‍ പടിക്കല്‍ പോവേണ്ടതില്ല.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടുവെങ്കിലും എല്‍.ഡി.എഫിന്റെ നിയന്ത്രണത്തില്‍ ഇപ്പോഴും വലിയൊരു വിഭാഗം ത്രിതല പഞ്ചായത്ത്, നഗരസഭാ ഭരണമുണ്ട്. വന്‍ലാഭമുണ്ടാക്കുന്നതുള്‍പ്പെടെ സഹകരണ സ്ഥാപനങ്ങളില്‍ സിംഹഭാഗവും ഭരിക്കുന്നതും സി.പി.എം ആണ്. ഇവയെ ഫലപ്രദമായി ഉപയോഗിച്ച് അതത് മേഖലകളിലെ വിലക്കയറ്റം ചെറുക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ എന്തുകൊണ്ട് എല്‍.ഡി.എഫിന് കഴിയുന്നില്ല? പാവപ്പെട്ടവര്‍ക്ക് പ്രൊഫഷണല്‍ കോഴ്‌സുകള്‍ അന്യമാക്കുന്നതിനും പാഠപുസ്തകങ്ങളും യൂണിഫോമും കിട്ടാത്തതിനും എതിരെ എസ്.എഫ്.ഐ സമരം ചെയ്യുമ്പോള്‍ അത് ഏറ്റെടുക്കേണ്ട സി.പി.എം ‘വലിയമ്മാവന്‍’ ചമഞ്ഞ് അവരുടെ ചെവിക്കു പിടിക്കാന്‍ ചെന്നാല്‍ ഈ പ്രസ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്കെത്താന്‍ അധികനാളൊന്നും വേണ്ടിവരില്ല. സമരത്തിന് പുതിയ മാര്‍ഗങ്ങള്‍ ആവാം. നിത്യോപയോഗ സാധനങ്ങളുടെ തീവെട്ടിക്കൊള്ള തടഞ്ഞ് ന്യായവിലയ്ക്ക് വില്പന നടത്തുക എന്ന പുതിയ സമര മാര്‍ഗം സി.പി.എമ്മും എല്‍.ഡി.എഫും സ്വീകരിച്ചാല്‍ പിന്തുണയുമായെത്തുന്നത്, എസ്.എഫ്.ഐ സമരം നിര്‍ത്തണമെന്ന നിര്‍ദ്ദേശം കേട്ട് കൈയടിച്ച വിദ്യാഭ്യാസ കച്ചവടക്കാരായിരിക്കില്ല. അന്നന്നത്തെ അത്താഴപ്പട്ടിണി ഒഴിവാക്കാന്‍ കഠിനപ്രയത്‌നം നടത്തുന്ന ആയിരങ്ങളായിരിക്കും. ജനദ്രോഹ നിലപാടുകള്‍ക്കെതിരെ ബദലുകളുമായെത്തിയപ്പോഴൊക്കെ ഇടതു പ്രസ്ഥാനങ്ങള്‍ പാവപ്പെട്ടവരുടെ നെഞ്ചില്‍ ചേക്കേറിയിട്ടുണ്ടെന്ന് അറിയാവുന്നവര്‍ എപ്പോഴാണ് കണ്ണുതുറക്കുക?

എം ബി സന്തോഷ്

എം ബി സന്തോഷ്

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
TwitterFacebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍