UPDATES

ട്രെന്‍ഡിങ്ങ്

മെട്രോ ഉദ്ഘാടന സമയത്ത് പ്രധാനമന്ത്രി വിദേശത്ത്; മോദി വന്നില്ലെങ്കില്‍ പിണറായി ഉദ്ഘാടനം ചെയ്യുമെന്ന് കടകംപള്ളി

സംസ്ഥാന സര്‍ക്കാരിന്റേത് അല്‍പ്പത്തമെന്ന് ബിജെപി

ഈമാസം മുപ്പതിന് നിശ്ചയിച്ചിരിക്കുന്ന കൊച്ചി മെട്രോ റെയില്‍ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തില്ലെന്ന് സൂചന. അതേസമയം പ്രധാനമന്ത്രി വന്നില്ലെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മെട്രോ റെയില്‍ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

പ്രധാനമന്ത്രി വരില്ലെന്ന് കരുതി ഉദ്ഘാടനം മാറ്റിവയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി അറിയിച്ചു. പ്രധാനമന്ത്രിയുടെ സമയം ഉടന്‍ തന്നെ ലഭ്യമാകുമെന്നാണ് കരുതപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിക്കായി അനന്തമായി കാത്തിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മെയ് 29 മുതല്‍ ജൂണ്‍ മൂന്ന് വരെ പ്രധാനമന്ത്രി വിദേശ പര്യടനത്തിലാണ്. ജര്‍മ്മനി, സ്‌പെയ്ന്‍, റഷ്യ എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനം ഒന്നരമാസം മുമ്പ് തന്നെ നിശ്ചയിച്ചതാണ്. തുടര്‍ന്ന് ജൂണ്‍ ഏഴ്, എട്ട് തിയതികളില്‍ നടക്കുന്ന ഷങ്ഹായി കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍(എസ്‌സിഒ) ഉച്ചകോടിയില്‍ സംബന്ധിക്കാന്‍ കസാഖിസ്ഥാനിലേക്ക് പോകും. അതിന് ശേഷം യുഎസ്, ഇസ്രയേല്‍ സന്ദര്‍ശനവും നിശ്ചയിച്ചിട്ടുണ്ടെങ്കിലും അതിന്റെ തിയതി അന്തിമമായി തീരുമാനിച്ചിട്ടില്ല.

മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയുടെ സമയം ചോദിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും കത്തയച്ചെങ്കിലും അതിന് ഇനിയും മറുപടി ലഭിച്ചിട്ടില്ലെന്നാണ് വിവരം. സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഈമാസം 30ന് തന്നെ മെട്രോ റെയിലിന്റെ ഉദ്ഘാടനം നടത്തണമെന്ന് കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. ആലുവയില്‍ വച്ചാണ് മെട്രോ റെയിലിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്.

അതേസമയം പ്രധാനമന്ത്രിയുടെ സൗകര്യം പരിഗണിക്കാതെ കൊച്ചി മെട്രോയുടെ ഉദ്ഘാടനം നിശ്ചയിച്ചത് ശരിയായില്ലെന്ന് ബിജെപി സംസ്ഥാന നേതൃത്വം ആരോപിച്ചു. മുഖ്യമന്ത്രിയുടെ വിദേശയാത്ര നോക്കിത്തന്നെ ഉദ്ഘാടനം തീരുമാനിച്ചത് അദ്ദേഹത്തെ ഒഴിവാക്കാനുള്ള ആസൂത്രിത നീക്കമാണെന്നാണ് ബിജെപിയുടെ വാദം. സംസ്ഥാന സര്‍ക്കാരിന് അഹങ്കാരവും അസഹിഷ്ണുതയുമാണ്.

പ്രധാനമന്ത്രിയുടെ വിദേശയാത്ര ഏപ്രില്‍ 19ന് തന്നെ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടതാണ്. ഈസമയം നോക്കി ഉദ്ഘാടനം നിശ്ചയിച്ചത് മനപ്പൂര്‍വമാണെന്നാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ആരോപിക്കുന്നത്. പ്രധാനമന്ത്രിയെ അപമാനിക്കാന്‍ കരുതിക്കൂട്ടി ചെയ്തതാണ്. ഇതുകൊണ്ട് കേരളത്തിന് ഗുണമൊന്നുമില്ലെന്ന് മാത്രമല്ല ദോഷമേ ഉണ്ടാകൂവെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

പ്രധാനമന്ത്രിയുടെ അസൗകര്യം നോക്കി മെട്രോയുടെ ഉദ്ഘാടനം നിശ്ചയിച്ചത് ദുഷ്ടലാക്കോടെയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു. നല്ലൊരുഭാഗം കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് പൂര്‍ത്തിയാക്കിയ മെട്രോ റെയിലില്‍ നിന്നും കേന്ദ്രസര്‍ക്കാരിനെ പ്രത്യേകിച്ചും പ്രധാനമന്ത്രിയെ ഒഴിവാക്കിയത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും അദ്ദേഹം പറയുന്നു. എന്തിനാണ് 30ന് തന്നെ ഈ ഉദ്ഘാടനം നടത്തണമെന്ന് സര്‍ക്കാര്‍ ശഠിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. കൂടാതെ കേന്ദ്രത്തിന്റെ ഫണ്ട് ഉപയോഗിച്ച് നടത്തിയ എല്ലാ പദ്ധതികളുടെയും ഉദ്ഘാടന ചടങ്ങുകളില്‍ നിന്നും കേന്ദ്ര പ്രാതിനിധ്യം ഒഴിവാക്കുന്നത് കഴിഞ്ഞ ഒരു വര്‍ഷമായി കാണുന്ന കാഴ്ചയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ഈ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്നും ഒഴിവാക്കാന്‍ വിധം ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് എന്ത് അയോഗ്യതയാണ് ഉള്ളതെന്നും അദ്ദേഹം ചോദിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍