UPDATES

ഇത് വെറും തുടക്കം മാത്രമാണ്; ഒന്നാം വര്‍ഷികത്തില്‍ മോദിയുടെ തുറന്ന കത്ത്

Avatar

അഴിമുഖം പ്രതിനിധി

എന്‍ഡിഎ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് എഴുതിയ തുറന്ന കത്ത്‌.

എന്റെ പ്രിയപ്പെട്ട പൗരന്മാരെ!

ഇന്ത്യന്‍ ധര്‍മ്മചിന്ത പ്രകാരം സേവനമാണ് പരമമായ കര്‍ത്തവ്യം- സേവാ പരമോ ധര്‍മ്മ. ഒരു വര്‍ഷത്തിന് മുമ്പ്, നിങ്ങളുടെ പ്രധാനസേവകനായി നിങ്ങളെ സേവിക്കാനുള്ള ഉത്തരവാദിത്തവും ബഹുമതിയും നിങ്ങള്‍ എന്നെ ഏല്‍പ്പിച്ചു. അത് ഏറ്റവും ആത്മാര്‍ഥതയോടെയും സത്യസന്ധതയോടെയും നിറവേറ്റാനായി ഓരോ ദിവസത്തിന്റെയും ഓരാ നിമിഷവും എന്റെ ശരീരത്തിന്റെയും ആത്മാവിന്റെയും ഓരോ അംശവും ഞാന്‍ സമര്‍പ്പിച്ചിരിക്കുകയാണ്.

ഇന്ത്യയുടെ ആത്മവിശ്വാസം മങ്ങിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് ഞങ്ങള്‍ ചുമതലയേല്‍ക്കുന്നത്. ശക്തിക്ഷയമില്ലാത്ത അഴിമതിയും അനിശ്ചിതത്വവും സര്‍ക്കാറിനെ മരവിപ്പിച്ചിരുന്നു. എക്കാലത്തെയും ഉയര്‍ന്നുകൊണ്ടിരിക്കുന്ന പണപ്പെരുപ്പവും സാമ്പത്തിക അസുരക്ഷിതത്വവും ജനങ്ങളെ നിസ്സഹായരാക്കി തീര്‍ത്തിരുന്നു. അടിയന്തിരമായതും നിശ്ചയദാര്‍ഢ്യത്തോടെയുള്ളതുമായ പ്രവൃത്തികള്‍ ആവശ്യമായിരുന്നു.

ഈ വെല്ലുവിളികളെ അഭിസംബോധന ചെയ്തു കൊണ്ടാണ് ഞങ്ങള്‍ ക്രമാനുഗതമായി മുന്നോട്ട് പോയത്. പണപ്പെരുപ്പം പെട്ടെന്ന് തന്നെ നിയന്ത്രണവിധേയമാക്കി. സ്ഥിരതയുള്ളതും നയാധിഷ്ടിതവും സേവനസന്നദ്ധവുമായ ഭരണം കെട്ടിപ്പടുത്ത്, ക്ഷയിച്ചു കൊണ്ടിരുന്ന സാമ്പത്തികരംഗം പുനരുജ്ജീവിപ്പിച്ചു. വിവേചനപരമായി തെരഞ്ഞെടുക്കപ്പെട്ട ചിലര്‍ക്ക് നമ്മുടെ അമൂല്യമായ പ്രകൃതി വിഭവങ്ങളെ നല്‍കുന്നതിന് പകരം സുതാര്യമായ ലേലം വന്നു. പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുക, കള്ളപ്പണത്തിനെതിരെ അന്താരാഷ്ട്രതലത്തില്‍ അഭിപ്രായഐക്യമുണ്ടാക്കാന്‍ ഉതകുന്ന ശക്തമായ നിയമം പാസാക്കുക തുടങ്ങി കള്ളപ്പണത്തിനെതിരായി ദൃഢമായ നടപടികള്‍ കൈക്കൊണ്ടു. വിട്ടുവീഴ്ചയില്ലാതെ ഉദ്ദേശത്തിലും പ്രവൃത്തിയിലും വിശുദ്ധിയുടെ തത്ത്വങ്ങളെ പിന്തുടരുന്നത് അഴിമതി മുക്തമായ ഒരു സര്‍ക്കാറിനെ ഉറപ്പ് വരുത്തി. തൊഴില്‍ വൈശിഷ്ട്യവും അനുതാപവും കൂട്ടിയിണക്കി പരിപോഷിപ്പിച്ച് തൊഴില്‍ സംസ്‌കാരത്തിലും വ്യവസ്ഥയിലും സുപ്രധാനമായ മാറ്റങ്ങളാണ് കൊണ്ടുവന്നത്. ദേശത്തിന്റെ വികസനത്തിനായുള്ള ഉദ്യമങ്ങളിലും ടീം ഇന്ത്യയുടെ ആവേശം നിര്‍മ്മിക്കുന്നതിലും സംസ്ഥാന സര്‍ക്കാറുകളെയും തുല്യ പങ്കാളികളാക്കി.

അന്ത്യോദയ തത്ത്വങ്ങളാല്‍ നയിക്കപ്പെട്ട നമ്മുടെ സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കായും അരികുവത്കരിക്കപ്പെട്ടവര്‍ക്കായും ഉപേക്ഷിക്കപ്പെട്ടവര്‍ക്കായും സമര്‍പ്പിതമാണ്. ദാരിദ്ര്യത്തിനെതിരെയുള്ള യുദ്ധത്തിന്റെ പടയാളികളാകാനായി അവരെ ശക്തരാക്കാനാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. നിരവധി നടപടികളും പദ്ധതികളും തുടങ്ങിവെച്ചു- കക്കൂസുകള്‍ നിര്‍മ്മിക്കുന്നത് മുതല്‍ ഐഐടികളും ഐഐഎമ്മുകളും എയിംസും നിര്‍മ്മിക്കുന്നത് വരെ; നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് കുത്തിവെപ്പ് ലഭിക്കുമെന്ന് ഉറപ്പാക്കുന്നത് മുതല്‍ ജനങ്ങള്‍ നയിക്കുന്ന സ്വച്ഛ് ഭാരത് മിഷന്‍ തുടങ്ങിവെക്കുന്നത് വരെ; നമ്മുടെ തൊഴിലാളികള്‍ക്ക് ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ ഉറപ്പ് വരുത്തുന്നത് മുതല്‍ സാധാരണക്കാരന് സാമൂഹിക സുരക്ഷ പ്രദാനം ചെയ്യുന്നത് വരെ; പ്രകൃതി ദുരന്തങ്ങളില്‍ നഷ്ടങ്ങളുണ്ടായ കര്‍ഷകര്‍ക്കുള്ള പിന്തുണ വര്‍ദ്ധിപ്പിക്കുന്നത് മുതല്‍ ലോകവ്യാപാര സംഘടനയില്‍ അവരുടെ താത്പര്യം സംരക്ഷിക്കുന്നത് വരെ; സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ ഓരോരുത്തരെയും അധികാരപ്പെടുത്തുന്നത് മുതല്‍ സബ്‌സിഡികള്‍ നേരിട്ട് ജനങ്ങളുടെ ബാങ്കില്‍ എത്തിക്കുന്നത് വരെ; ബാങ്കിങ് വ്യവസ്ഥ സാര്‍വത്രികമാക്കുന്നത് മുതല്‍ നിക്ഷേപമില്ലാത്ത ചെറുകിട വ്യവസായങ്ങള്‍ക്ക് നിക്ഷേപം അനുവദിക്കുന്നത് വരെ; പാടങ്ങളില്‍ ജലസേചനം എത്തിക്കുന്നത് മുതല്‍ ഗംഗാ മാതാവിനെ പുനരുജ്ജീവിപ്പിക്കുന്നത് വരെ; ആഴ്ചയില്‍ 7 ദിവസവും 24 മണിക്കൂറും ഊര്‍ജ്ജം എന്നതിലേക്കുള്ള പ്രയാണം മുതല്‍ റോഡുകൊണ്ടും റെയില്‍കൊണ്ടും രാജ്യത്തെ ബന്ധിപ്പിക്കുന്നത് വരെ; വീടില്ലാത്തവര്‍ക്ക് വീട് വെച്ചു കൊടുക്കുന്നത് മുതല്‍ സ്മാര്‍ട്ട് സിറ്റി പണിയുന്നത് വരെ; പിന്നെ വടക്ക് കിഴക്കന്‍ ഇന്ത്യയെ ബന്ധിപ്പിക്കുന്നത് മുതല്‍ കിഴക്കേ ഇന്ത്യയുടെ വികസനത്തിന് പ്രാമുഖ്യം കൊടുക്കുന്നത് വരെ.

സുഹൃത്തുക്കളെ ഇത് വെറും തുടക്കം മാത്രമാണ്. ജീവിത നിലവാരവും, അടിസ്ഥാന സൗകര്യവും, സേവനങ്ങളും പരിവര്‍ത്തനപ്പെടുത്തുക എന്നതാണ് നമ്മുടെ ലക്ഷ്യം. നമ്മുടെയും നമ്മുടെ സ്വാതന്ത്ര്യ സമരസേനാനികളുടെയും സ്വപ്‌നങ്ങളിലെ ഇന്ത്യ നമുക്ക് ഒരുമിച്ച് പടുത്തുയര്‍ത്താം. ഇതിനായി, ഞാന്‍ നിങ്ങളുടെ അനുഗ്രഹവും തുടര്‍ന്നുള്ള പിന്തുണയും ആഗ്രഹിക്കുകയാണ്.

എന്നും നിങ്ങള്‍ക്കായുള്ള സേവനത്തില്‍ 
ജയ് ഹിന്ദ്!

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍