UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ മൂന്ന് മിനുട്ടില്‍ ഉപഗ്രഹം തകര്‍ത്തു; വലിയ ബഹിരാകാശ നേട്ടമെന്ന് പ്രധാനമന്ത്രി

യുഎസിനും റഷ്യക്കും ചൈനയ്ക്കും ഉപഗ്രഹവേധ മിസൈല്‍ വികസിപ്പിക്കുന്ന ലോകത്തെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയതായി പ്രധാനമന്ത്രി അവകാശപ്പെട്ടു.

ഇന്ത്യ വലിയ ബഹിരാകാശ, പ്രതിരോധ നേട്ടം കൈവരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസിനും റഷ്യക്കും ചൈനയ്ക്കും ഉപഗ്രഹവേധ മിസൈല്‍ വികസിപ്പിക്കുന്ന ലോകത്തെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയതായി പ്രധാനമന്ത്രി അവകാശപ്പെട്ടു. ഭൂമിയില്‍ നിന്ന് വിക്ഷേപിച്ച് മൂന്ന് മിനുട്ടിനകം ഇന്ത്യന്‍ മിസൈല്‍ ഉപഗ്രഹം തകര്‍ത്തു. തദ്ദേശീയമായി വികസപിച്ച എ സാറ്റ് മിസൈലാണ് ഇന്ത്യ വിക്ഷേപിച്ചത്.

മിഷന്‍ ശക്തി എന്നാണ് പദ്ധതിയുടെ പേര്. ലോ ഓര്‍ബിറ്റ് ഉപഗ്രഹങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ള രാജ്യമായി ഇന്ത്യ മാറിയെന്നും മോദി പറഞ്ഞു. ഡിആര്‍ഡിഒ ശാസ്ത്രജ്ഞരാണ് പദ്ധതിക്ക് നേതൃത്വം നല്‍കിയത്. 300 കിലോമീറ്റര്‍ ഉയരത്തിലുള്ള ഉപഗ്രഹത്തെയാണ് വീഴ്ത്തിയത്.

ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയെ ഇക്കാര്യം ശക്തിപ്പെടുത്തുമെന്നും അതേസമയം ഇത് ഏതെങ്കിലും രാജ്യത്തിനെതിരെ ഉപയോഗിക്കില്ല എന്ന് അന്താരാഷ്ട്രസമൂഹത്തിന് ഉറപ്പ് നല്‍കുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യയുടെ സുരക്ഷാഉദ്യമങ്ങളുടെ ഭാഗമാണ് ഇതെങ്കിലും ബഹിരാകാശത്തെ ആയുധവത്കരണത്തെ എതിര്‍ക്കുന്ന ഇന്ത്യയുടെ പ്രഖ്യാപിത നയത്തില്‍ നിന്ന് വ്യതിചലിക്കില്ല. ഒരു അന്താരാഷ്ട്ര നിയമത്തേയും ഉടമ്പടിയേയും ലംഘിക്കില്ല. അതേസമയം 2010ല്‍ തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര യുപിഎ സര്‍ക്കാരിന്റെ കാലത്ത് തന്നെ ഈ ശേഷി വികസിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു എന്നതാണ് വസ്തുത.

പാകിസ്താനുമായുള്ള സംഘര്‍ഷങ്ങള്‍ സംബന്ധിച്ച യാതൊരു പ്രഖ്യാപനവും മോദി നടത്തിയില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ ഏതെങ്കിലും പദ്ധതികളോ ആനുകൂല്യങ്ങളോ സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായില്ല.

സുപ്രധാന തീരുമാനം അറിയിക്കാനായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. പകല്‍ 11.45നും 12നുമിടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരുന്നത്. എന്നാല്‍ ഇത് വൈകി.

2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്താണ് 500, 1000 നോട്ടുകള്‍ അസാധുവാക്കുന്നതായി പ്രഖ്യാപിച്ചത്. പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യ എന്തെങ്കിലും സൈനിക നീക്കങ്ങള്‍ നടത്താന്‍ സാധ്യതയുണ്ട് എന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് 2016 ഡിസംബര്‍ 31നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലോക്‌സഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ അപ്രതീക്ഷിതമായ നടപടിയുമായി മോദി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി യോഗത്തിനും രാഷ്ട്രീയകാര്യ സമിതി യോഗത്തിനും ശേഷമാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ, മൂന്ന് സേനകളുടെ തലവന്മാര്‍ എന്നിവരെല്ലാം സുരക്ഷാകാര്യ സമിതി യോഗത്തില്‍ പങ്കെടുത്തു.

അതേസമയം ലോക് സഭ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാനാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് എന്നാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ളയുടെ പരിഹാസം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍