UPDATES

സൗദി കിരീടാവകാശി ഇന്ത്യയില്‍; ഇമ്രാന്‍ ഖാനെ പോലെ മോദിയും സ്വീകരിച്ചത് പ്രോട്ടോക്കോള്‍ മറികടന്ന് നേരിട്ടെത്തി

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ ഈ സന്ദര്‍ശനം പുതിയ അധ്യായം തുടങ്ങിയിരിക്കുകയാണ് എന്ന് വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു.

പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ പ്രോട്ടോകോള്‍ മറികടന്ന് വിമാനത്താവളത്തിലെത്തി നേരിട്ട് സ്വീകരിച്ചു. മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ വധം അടക്കമുള്ളവയുമായി ബന്ധപ്പെട്ട് ആഗോളതലത്തില്‍ വിവാദനായകനായി മാറിയ സല്‍മാന്‍ രാജകുമാരന്‍ ആദ്യമായാണ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ ഈ സന്ദര്‍ശനം പുതിയ അധ്യായം തുടങ്ങിയിരിക്കുകയാണ് എന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യ സന്ദർശനത്തിനു തൊട്ടു മുമ്പായി പാകിസ്താനിലെത്തിയ മൊഹമ്മദ് ബിന്‍ സൽമാൻ പരിപാടികൾക്ക് ശേഷം സൗദിയിലേയ്ക്ക് തിരിച്ചുപോയിരുന്നു. പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് വരേണ്ടെന്ന ഇന്ത്യയുടെ ആവശ്യം പരിഗണിച്ചാണ് ഈ നീക്കമെന്നാണ് ഉന്നതതലങ്ങളിൽ നിന്നുള്ള സൂചന. സൗദിയിൽ നിന്നാണ് ഇന്ന് രാജകുമാരൻ ഇന്ത്യയിലെത്തുക. ഇതാദ്യമായാണ് കിരീടാവകാശി ഇന്ത്യ സന്ദർശിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്ന നിരവധി നടപടികൾ ഈ സന്ദർശനത്തിൽ പ്രതീക്ഷിക്കുന്നുണ്ട്. സൗദിയുടെ ഉന്നതാധികാരികള്‍ക്കൊപ്പം വൻ ബിസിനസ് സംഘവും രാജകുമാരനെ ഇന്ത്യയിലേക്ക് അനുഗമിക്കുന്നുണ്ട്.

കശ്മീരിലെ പുൽവാമ ജില്ലയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരെ നടന്ന ആക്രമണത്തിൽ നാൽപ്പതോളം ജവാന്മാർ കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെയാണ് സൗദി രാജകുമാരന്റെ നേരത്തെ തന്നെ നിശ്ചയിച്ചിരുന്ന സന്ദർ‌ശനം നടക്കുന്നത്. മൂന്ന് ഏഷ്യൻ രാജ്യങ്ങളിലേക്കാണ് രാജകുമാരന്റെ സന്ദർശനം നിശ്ചയിക്കപ്പെട്ടിരുന്നത്. ഇതിൽ ആദ്യത്തെ സന്ദർശനം പാകിസ്താനിലേക്കായിരുന്നു. പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്കും ഇന്ത്യയിൽ നിന്ന് ചൈനയിലേക്കും എന്ന രീതിയിലായിരുന്നു യാത്ര നിശ്ചയിച്ചിരുന്നത്. എന്നാൽ പാകിസ്താനിൽ നിന്നും ഇന്ത്യയിലേക്കുള്ള യാത്ര ഇപ്പോഴത്തെ സാഹചര്യത്തിൽ അസ്വീകാര്യമാണെന്ന് ഇന്ത്യ രാജകുമാരനെ അറിയിക്കുകയായിരുന്നു.

വൻ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് സൽമാൻ രാജകുമാരൻ ഫെബ്രുവരി 17ന് പാകിസ്താനിലെത്തിയത്. പാകിസ്താന്‍ അതിർത്തിയിലെത്തിയ ഘട്ടം മുതൽ പാക് എയർഫോഴ്സിന്റെ യുദ്ധവിമാനങ്ങളുടെ എസ്കോർട്ടോടു കൂടി രാജകുമാരൻ റാവൽപിണ്ടിയിലെത്തി. വിമാനം റാവൽപിണ്ടി മിലിട്ടറി വിമാനത്താവളത്തിലാണ് ഇറങ്ങിയത്. പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നേരിട്ടെത്തി രാജകുമാരനെ സ്വീകരിച്ചു. പിന്നീട് ഒരു മെഴ്സിഡിസ് ബെൻസ് ലിമോസിനിൽ ഇരുവരും പ്രധാനമന്ത്രിയുടെ വസതിയിലേക്ക് യാത്ര ചെയ്തു. ഇമ്രാൻ ഖാൻ തന്നെയാണ് വാഹനമോടിച്ചത്.

പാകിസ്താനിൽ വൻ നിക്ഷേപപരിപാടി പ്രഖ്യാപിച്ചാണ് സൗദി രാജകുമാരൻ സ്വരാജ്യത്തേക്ക് തിരിച്ചത്. 20 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് പാകിസ്താനിൽ സൗദി നടത്തുക. ഇന്ത്യ മുമ്പോട്ടു വെച്ച പദ്ധതികളോട് ഇത്രയും ഊഷ്മളമായ സമീപനം സൗദിയുടെ ഭാഗത്തു നിന്നുണ്ടായില്ലെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. എന്നാൽ ഇന്ത്യയിൽ സൗദി നടത്താനുദ്ദേശിക്കുന്ന നിക്ഷേപങ്ങളുടെ സ്വഭാവം പാകിസ്താനിൽ നടത്തുന്നതിൽ നിന്നും ഏറെ വ്യത്യസ്തമാണെന്നാണ് ഇന്ത്യൻ ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്. ഇന്ത്യയിൽ സൗദി നടത്തുന്ന നിക്ഷേപം ഒരുതരത്തിലുമുള്ള ‘സഹായമല്ലെ’ന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍