UPDATES

കായികം

ടീം ഇന്ത്യക്ക് മോദി അയച്ച 16 ട്വീറ്റുകള്‍

അഴിമുഖം പ്രതിനിധി

എല്ലാക്കാര്യത്തിലും ശുഭാപ്തി വിശ്വാസം പുലര്‍ത്തുന്ന ആളാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്തും നേടാനും നിലനിര്‍ത്താനും കഴിയുമെന്നുതന്നെയാണ് മോദി വിശ്വസിക്കുന്നതും സ്വജീവിതത്തിലൂടെ തെളിയിച്ചിട്ടുള്ളതും. ചിലയിടങ്ങളില്‍ ആ വിശ്വാസം തകര്‍ന്നടിഞ്ഞു പോയിട്ടുണ്ടെങ്കിലും മോദിയുടെ ശുഭാപ്തിവിശ്വാസം അതുകൊണ്ടൊന്നും ഇല്ലാതായിട്ടില്ല. ആ വിശ്വാസമാണ് ലോകകപ്പില്‍ ടീം ഇന്ത്യയുടെ കാര്യത്തിലുംവെച്ചു പുലര്‍ത്തുന്നത്. ക്രിക്കറ്റ് ലോക കീരീടത്തിന്റെ അവകാശം ഇന്ത്യ നിലനിര്‍ത്തുമെന്നു തന്നെയാണ് മോദി വിശ്വസിക്കുന്നത്. രാഷ്ട്രീയത്തിനൊപ്പം തന്നെ ക്രിക്കറ്റിനെയും സ്‌നേഹിക്കുന്നയാളാണ് മോദിയെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ആ താല്‍പര്യം തന്നെയാണ് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്ന തരത്തില്‍ ടീം ഇന്ത്യക്കും ലോകകപ്പ് സ്‌ക്വാഡിലെ പതിനഞ്ച് കളിക്കാര്‍ക്കും തന്റെ ആശംസകളറിയിച്ച് ട്വീറ്റ് ചെയ്യാനും മോദിയെ പ്രേരിപ്പിച്ചത്. ഓരോ കളിക്കാരന്റെ കഴിവിനെക്കുറിച്ചും അയാളില്‍ നിന്ന് രാജ്യം പ്രതീക്ഷിക്കുന്നതും മോദിയുടെ ട്വീറ്റുകളിലുണ്ട്. ലോകകപ്പ് ആരംഭിക്കുമ്പോള്‍ ടീം ഇന്ത്യക്ക്‌  എല്ലാവിധ ഭാവുകങ്ങളും നേര്‍ന്നാണ് മോദിയുടെ ആദ്യ ട്വീറ്റ്. തുടര്‍ന്ന് ക്യാപ്റ്റന്‍ ധോണി മുതല്‍ അശ്വിന്‍ വരെയുള്ള 15 അംഗങ്ങള്‍ക്കും ട്വീറ്റ് ചെയ്തിരിക്കുന്നു. 

ക്യാപ്റ്റന്‍ കൂള്‍; നന്നായി കളിക്കണം, നന്നായി നയിക്കണം. ഇന്ത്യയുടെ അഭിമാനം വീണ്ടുമുയര്‍ത്തണം. താങ്കള്‍ക്ക് അതിന് കഴിയുമെന്ന കാര്യത്തില്‍ എനിക്ക് വിശ്വാസമുണ്ട്, ധോണിക്കുള്ള ട്വീറ്റില്‍ മോദി പറയുന്നു. ഇന്ത്യന്‍ ടീമിലെ ഏറ്റവും താരപ്പകിട്ടുള്ള വൈസ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയോട്, രാജ്യം മുഴുവന്‍ നിങ്ങളുടെമേല്‍ ഒരുപാട് പ്രതീക്ഷകള്‍വെച്ചു പുലര്‍ത്തുന്നുവെന്നാണ് മോദി പറയുന്നത്. ടീം ഇന്ത്യക്ക് നല്ലതുടക്കം നല്‍കണമെന്നാണ് ഓപ്പണര്‍ ശിഖാര്‍ ധവാനോട് മോദി ആവശ്യപ്പെടുന്നത്. ധാരളം റണ്‍സ് നേടുക, അതാഘോഷിക്കാന്‍ ഞങ്ങളെല്ലാവരുമുണ്ടെന്നും മോദി ഓര്‍മ്മിപ്പിക്കുന്നു. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ രണ്ട് ഇരട്ടശതകങ്ങള്‍ നേടിയ ഓരേയൊരു ബാറ്റ്‌സ്മാനായ രോഹിത് ശര്‍മയോട്, ഒരിക്കല്‍ കൂടി ഞങ്ങള്‍ക്ക് അഭിമാനിക്കാനുള്ള അവസരം തരൂ എന്നാണ് മോദി അഭ്യര്‍ത്ഥിക്കുന്നത്. തന്റെ പ്രിയപ്പെട്ട യുവ സുഹൃത്ത് എന്നു വിശേഷിപ്പിച്ചാണ് അജിങ്ക്യ രഹാനെയ്ക്ക് മോദി ട്വീറ്റ് ചെയ്തിരിക്കുന്നത്. ലഭിച്ചിരിക്കുന്ന അവസരം നന്നായി വിനിയോഗിക്കണമെന്നും മനോഹരമായൊരു ലോകകപ്പ് ആകട്ടയെന്നും മോദി ആശംസിക്കുന്നു.

ഫീല്‍ഡിംഗില്‍ ടീം ഇന്ത്യയുടെ ഊര്‍ജ്ജവും ബാറ്റിംഗില്‍ തകര്‍പ്പനടിക്കാരനുമായ സുരേഷ് റെയ്‌നയോട് മോദി ആവശ്യപ്പെടുന്നതും എതിരാളികളെ അടിച്ചു പറത്താനാണ്. ബൗണ്‍സറുമായി വരുന്നവരെ വെറുതെവിടരുതെന്ന് പ്രത്യകം ഓര്‍മ്മിപ്പിക്കുന്നു. ലോകകപ്പ് വിജയം ആശംസിക്കുന്നതിനൊപ്പം അമ്പാട്ടി റായിഡു മികച്ച സ്‌കോറുകള്‍ സ്വന്തമാക്കുന്ന കാര്യത്തില്‍ തനിക്ക് ഉറപ്പുണ്ടെന്നും മോദി പറയുന്നു. ടീം ഇന്ത്യയുടെ തുറുപ്പുചീട്ടാകണമെന്ന തന്റെ ആഗ്രഹവും റായിഡുവിനോട് മോദി അറിയിക്കുന്നു.

സര്‍ ജഡേജയുടെ ആരാധാകനല്ലാത്തവരായി ആരാണുള്ളതെന്നു ചോദിച്ചുകൊണ്ടാണ് രവിന്ദ്ര ജഡേജയ്ക്കുള്ള ട്വീറ്റ് മോദി തുടങ്ങുന്നത്. ലോകകപ്പില്‍ ജഡേജയുടെ ഓള്‍ റൗണ്ട് പെര്‍ഫോമന്‍സ് കാണാനായി ഞങ്ങളെല്ലാവരും കാത്തിരിക്കുകയാണെന്നും ആ പ്രകടനങ്ങളുമായി ഇന്ത്യക്ക് ലോകകപ്പ് വിജയം സമ്മാനിക്കണമെന്നും മോദി ആവശ്യപ്പെടുന്നു. കൃത്യതയും ബൗണ്‍സറും കലര്‍ന്ന സ്പിന്നുമായി എതിര്‍ ബാറ്റ്‌സ്മാനെ വീഴ്ത്താന്‍ കഴിയട്ടെയെന്നാണ് അഷ്‌കര്‍ പട്ടേലിനോട് മോദിക്ക് പറയാനുള്ളത്. ഒട്ടും സമ്മര്‍ദ്ദമില്ലാതെ തന്നെ മികച്ച കളി പുറത്തെടുക്കണമെന്നും ടീം ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായ അഷ്‌കറിനോടു മോദി സ്‌നഹപൂര്‍വം നിര്‍ദേശിക്കുന്നു. സ്വിംഗ് ബൗളിംഗ് കൊണ്ട് ഇന്ത്യക്ക് ബ്രേക് ത്രൂ നല്‍കുന്ന ഭുവനേശ്വര്‍ കുമാറിന് ഇന്ത്യയുടെ വിജയം വേഗത്തിലാക്കാന്‍ കഴിയുമെന്നു തന്നെയാണ് മോദി വിശ്വസിക്കുന്നത്. അതിന് ഭുവിക്ക് എല്ലാവിധ ഭാവുകങ്ങളും അദ്ദേഹം നേരുന്നു. കൃത്യമായ ലൈനും ലെംഗ്തും പാലിക്കുന്ന യുവ ഫാസ്റ്റ് ബൗളര്‍ മോഹിത് ശര്‍മ്മയ്ക്ക് വിജയാശംസകള്‍ നേരുന്നതിനൊപ്പം ടീം ഇന്ത്യയുടെ പ്രധാനപ്പെട്ട മുതല്‍ക്കൂട്ടാണ് മോഹിത് എന്നും മോദി പറയുന്നു. പ്രതിഭാധനനായ ഫാസ്റ്റ് ബൗളറാണ് തന്റെ യുവസുഹൃത്തായ മുഹമ്മദ് ഷാമിയെന്ന് മോദി പറയുന്നു. മികച്ച പ്രകടനം തന്നെ ലോകകപ്പില്‍ കാഴ്ച്ചവയ്ക്കാന്‍ കഴിയണമെന്നും കൂടുതല്‍ വിക്കറ്റുകള്‍ നേടണമെന്നും ഷാമിയോടു മോദി പറയുന്നു. സമീപകാലത്തെ ഓള്‍ റൗണ്ട് പ്രകടനം കൊണ്ട് ശ്രദ്ധേയനായ സ്റ്റ്യുവര്‍ട്ട് ബിന്നി ആ പ്രകടനം ലോകകപ്പില്‍ ആവര്‍ത്തിക്കട്ടെയെന്നും മോദി ആശംസിക്കുന്നു. റിവേഴ്‌സ് സ്വിംഗും വേഗതകൊണ്ടും വിക്കറ്റുകള്‍ പിഴുതെടുക്കാനാണ് ഉമേഷ് യാദവിനോട് മോദിക്ക് ആവശ്യപ്പെടാനുള്ളത്. തന്റെ സ്പിന്‍ ബൗളിംഗ് കൊണ്ട് ബാറ്റ്‌സ്മാന്‍മാരെ അമ്പരിപ്പിക്കാനും ടീം ഇന്ത്യക്ക് വിജയം സമ്മാനിക്കാനും അശ്വിനു സാധിക്കുമെന്നും മോദിക്ക് ഉറപ്പാണ്. അതിനായി എല്ലാവിധ ആശംസകളും മോദി നേരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍