UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നാഷണല്‍ ഹെറാള്‍ഡ്: ഓണ്‍ലൈനോ അച്ചടിയോ ആവട്ടെ, തിരുത്തലുകള്‍ കോണ്‍ഗ്രസിനുമാവാം

Avatar

അഴിമുഖം പ്രതിനിധി

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ മുഖപത്രമായിരുന്ന നാഷണല്‍ ഹെറാള്‍ഡ് അടച്ച് പൂട്ടിയിട്ട് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പുനഃപ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നു. പാര്‍ട്ടി പത്രങ്ങളായിരുന്ന നാഷണല്‍ ഹെറാള്‍ഡും ഹിന്ദിപത്രമായ നവജീവനും പുന:പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചതായി നടത്തിപ്പുകാരായ അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡ് ആണ് കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിന്‍ വ്യക്തമാക്കിയത്. രണ്ട് പത്രങ്ങളുടെയും എഡിറ്റര്‍-ഇന്‍-ചീഫായി പ്രമുഖ പത്രപ്രവര്‍ത്തകന്‍ നീലാഭ് മിശ്രയെ നിയമിച്ചതായും അറിയിച്ചിട്ടുണ്ട്. വൈകാതെ ഉര്‍ദുപത്രമായ ക്വാമി ആവാസിന്റെ പ്രസിദ്ധീകരണവും പുനരാരംഭിക്കും. അതേസമയം നാഷണല്‍ ഹെറാള്‍ഡിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ ഹര്‍ജിയില്‍ കോടതിയില്‍ കേസ് നടന്നുവരികയാണ്.

പ്രസീദ്ധീകരണം ആരംഭിച്ച് 1938 മുതല്‍ പല തവണ പൂട്ടലും തുറക്കലും കണ്ട പത്രമാണ് നാഷണല്‍ ഹെറാള്‍ഡ്. പക്ഷെ 2008-ല്‍ പത്രത്തിന് അവസാനമായി പൂട്ട് വീണപ്പോള്‍ അത് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെയും കോണ്‍ഗ്രസിന്റെയും അധ:പതനത്തിന്റെയും മൂല്യച്യുതിയുടെയും കഥകളാണ് പുറത്ത് കൊണ്ടുവന്നത്.

നാഷണല്‍ ഹെറാള്‍ഡിന്റെ ചരിത്രം
1937 നവംബര്‍ 20-ന് ജവഹര്‍ലാല്‍ നെഹ്രുവിന്റെ നേതൃത്വത്തില്‍ തുടങ്ങിയ സ്ഥാപനമാണ് അസ്സോസ്സിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ്. ഏതാണ്ട്, അയ്യായിരത്തോളം സ്വാതന്ത്ര്യസമരസേനാനികള്‍ ഓഹരി ഉടമകളായ ഈ കമ്പനി ആരുടേയും സ്വകാര്യ സ്വത്തല്ലായിരുന്നു. സത്യസന്ധമായി വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന, നിലപാടുകള്‍ വ്യക്തമാക്കുന്ന പത്രം എന്നതായിരുന്നു ലക്ഷ്യം. ബ്രിട്ടീഷ് ദിനപത്രങ്ങള്‍ക്കു ബദലായി ഇന്ത്യന്‍ ദിനപത്രങ്ങള്‍ എന്നതും നെഹ്രുവിന്റെ ലക്ഷ്യമായിരുന്നു.

സ്വാതന്ത്ര്യ സമര കാലത്ത് ഇന്ത്യന്‍ ജനതയുടെ ശബ്ദമായിരുന്നു നാഷണല്‍ ഹെറാള്‍ഡ്. പട്‌നയിലെ സര്‍ച്ച്‌ലൈറ്റ്, ചണ്ഡിഗഢിലെ ട്രൈബ്യുണ്‍, അലഹബാദിലെ നോര്‍ത്തേണ്‍ ഇന്ത്യന്‍ പത്രിക എന്നിവക്കൊപ്പം അക്കാലത്ത് നാഷണല്‍ ഹെറാള്‍ഡും മാധ്യമ രംഗത്ത് പ്രമുഖ സ്ഥാനം അലങ്കരിച്ചു. 1942 മുതല്‍ 45 വരെ ബ്രീട്ടീഷുകാര്‍ നാഷണല്‍ ഹെറാള്‍ഡിന് നിരോധനം ഏര്‍പ്പെടുത്തി. ആദ്യ കാലത്ത് ലക്‌നൗവില്‍ മാത്രമാണ് പത്രത്തിന് എഡിഷന്‍ ഉണ്ടായിരുന്നുത്. സ്വാതന്ത്ര്യസമര നേതാവും നെഹ്റുവിന്റെ ഉറ്റ സുഹൃത്തും ആയിരുന്ന കോട്ടമരാജു രാമറാവു ആയിരുന്നു നാഷണല്‍ ഹെറാള്‍ഡിന്റെ ആദ്യ പത്രാധിപര്‍. എന്നാല്‍ സര്‍ക്കാരില്‍ നിന്ന്‍ യാതൊരു വിധത്തിലുള്ള ആനുകൂല്യങ്ങള്‍ക്കും അദ്ദേഹം ശ്രമിച്ചുമില്ല.

വൈകുന്നേരങ്ങളില്‍ ലഖ്‌നൗവിലെ ഓഫീസില്‍ എത്തി ലേഖനങ്ങള്‍ എഴുതിയിരുന്ന നെഹ്‌റുവിനെ കുറിച്ച് അദ്ദേഹം പിന്നീട് വിവരിച്ചിരുന്നു. പ്രധാനമന്ത്രിയായ ശേഷവും അദ്ദേഹം തന്റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ നാഷണല്‍ ഹെറാള്‍ഡിന്റെ എഡിറ്റോറിയല്‍ പേജ് ഉപയോഗപ്പെടുത്തിയിരുന്നു. അമേരിക്കയുടെ ബിക്കിനി ആണവപരീക്ഷീണത്തെ വിമര്‍ശിച്ച് മരണത്തിന്റെ വ്യാപാരി എന്ന തലക്കെട്ടിലാണ് അദ്ദേഹം ലേഖനം എഴുതിയത്. 1968ല്‍ നാഷണല്‍ ഹെറാള്‍ഡിന്റെ ന്യുഡല്‍ഹി എഡിഷന്‍ ആരംഭിച്ചു. 

സ്വാതന്ത്ര്യസമര നേതാവായിരുന്ന എം ചലപതിറാവും അന്തരിച്ച പ്രശസ്ത എഴുത്തുകാരന്‍ ഖുശ്വന്ത് സിങ്ങും നാഷണല്‍ ഹെറാള്‍ഡിനെ പലകാലത്തായി നയിച്ച പ്രമുഖരാണ്. മഹാത്മാഗാന്ധിയും മൗലാന ആസാദും സര്‍ദാര്‍ വല്ലഭായ് പട്ടേലും ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍ എന്ന അതിര്‍ത്തി ഗാന്ധിയും പലവട്ടം നാഷണല്‍ ഹെറാള്‍ഡില്‍ അക്കാലത്ത് എഴുതിയിരുന്നു. മലയാളിയായ പി. തര്യനും നാഷനല്‍ ഹെറാള്‍ഡിന്റെ പത്രാധിപരായിരുന്നു.

സാമ്പത്തിക പരാധീനതകളും പൂട്ടലും
ന്യൂഡല്‍ഹിയിലെ ബഹാദൂര്‍ സഫര്‍ മാര്‍ഗിലെ ഹെറാള്‍ഡ് ഹൗസിലായിരുന്നു കമ്പനിയുടെ രജിസ്‌ട്രേഡ് ഓഫീസ്. നാഷണല്‍ ഹെറാള്‍ഡിന്റെ സാമ്പത്തികവാസ്ഥ പണ്ടും ഇടക്കിടെ മോശമായിരുന്നു. അലഹബാദിലെ തന്റെ കുടുംബവീടായ ആനന്ദ് ഭവന്‍ വില്‍ക്കേണ്ടി വന്നാലും നാഷണല്‍ ഹെറാള്‍ഡ് പൂട്ടിപ്പോകാന്‍ അനുവദിക്കില്ല എന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വാക്കുകളാണ് ഗാന്ധി കുടുംബത്തിന് പത്രത്തിനോടുള്ള പ്രതിബദ്ധത വെളിവാക്കാന്‍ പാര്‍ട്ടി ഇന്നും ഉയര്‍ത്തികാട്ടുന്നത്. 1946-50 വരെ ഫിറോസ് ഗാന്ധി മാനേജിംഗ് ഡയറക്ടരായ ശേഷം സാമ്പത്തികമായി സ്ഥാപനത്തിനെ ഉയര്‍ത്തികൊണ്ട് വരാന്‍ വലിയ ശ്രമങ്ങള്‍ നടന്നു.

1946-ലാണ് എംസി എന്ന പേരിലെഴുതിയിരുന്ന ചലപതി റാവു പത്രാധിപരാകുന്നത്. തന്റെ ലേഖനങ്ങളിലൂടെ റാവു പലപ്പോഴും പ്രധാനമന്ത്രി നെഹ്‌റുവിന്റെ ചില നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നുവെങ്കിലും നെഹ്‌റു അതിനെ എതിര്‍ത്തിരുന്നില്ല. എന്നാല്‍ ഈ അവസ്ഥ 1964-ല്‍ നെഹ്‌റുവിന്റെ മരണത്തോടെ അവസാനിച്ചു. 1968-ല്‍ ഡല്‍ഹി എഡിഷന്‍ ആരംഭിച്ചെങ്കിലും ഇന്ദിര ഗാന്ധി വിമര്‍ശനങ്ങള്‍ അനുവദിച്ചിരുന്നില്ല. അതോടെ മോശം കാലവും ആരംഭിച്ചു. അധികം വൈകാതെ റാവുവിന്റെ സ്ഥാനത്ത് ഖുശ്വന്ത് സിങ്ങ് എത്തി. മാസങ്ങള്‍ മാത്രമാണ് അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നത്. ദി ഇലസ്‌ട്രേറ്റഡ് വീക്കിലിയില്‍ ഓഫ് ഇന്ത്യയില്‍ അദ്ദേഹത്തിന് ലഭിച്ചിരുന്ന ശമ്പളത്തോളം തന്നെ ഇവിടെയും നല്കാന്‍ തയ്യാറായെങ്കിലും അദ്ദേഹം ഒരു രൂപ പോലും കൈപ്പറ്റിയിരുന്നില്ല. ട്രൂത്ത് ലവ് ആന്റ് ലിറ്റില്‍ മാലിസ് എന്ന തന്റെ പുസ്തകത്തില്‍ ഖുശ്വന്ത് സിങ്ങ് പറയുന്നത് നീണ്ടുനിന്ന സമരങ്ങള്‍ പത്രത്തിന്റെ പ്രചാരണത്തെ ദോഷകരമായി ബാധിച്ചു എന്നാണ്.

പത്രാധിപരായി ചുമതലയേറ്റ അദ്ദേഹം ആദ്യം ചെയ്തത് തൊഴിലാളികളോട് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അവരുടെ ശമ്പള കുടിശ്ശിക തീര്‍ക്കാതെ താന്‍ ശമ്പളം സ്വീകരിക്കില്ല എന്നാണ് അദ്ദേഹം അവര്‍ക്ക് ഉറപ്പ് നല്കിയത്. ഒരിക്കല്‍ പോലും ശമ്പളം ലഭിച്ചില്ല എങ്കില്‍ പോലും താന്‍ ഒരിക്കലും നിരാശനായിരുന്നില്ല എന്നും അദ്ദേഹം പറയുന്നു. ഇന്ദിരാ ഗാന്ധിയുമായുള്ള കൂടികാഴ്ചകളായിരുന്നു അദ്ദേഹത്തിന്റെ ലാഭം. രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍ തൊഴിലാളികള്‍ സമരം ചെയ്യുമെന്ന ഘട്ടത്തില്‍ അത്ഭുതകരമായി ഓഫീസില്‍ സ്യൂട്ട്കേസുകള്‍ നിറയെ പണം എത്തിയിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. ന്യുസ് പ്രിന്‍റിന്റെയും പിടിഐയുടെയും യുഎന്‍ഐയുടെയും കടങ്ങള്‍ വീട്ടിയിരുന്നതും അപ്പോഴാണ് എന്നും അദ്ദേഹം പറഞ്ഞു.

മാസങ്ങള്‍ മാത്രം സേവനമനുഷ്ഠിച്ച അദ്ദേഹത്തിന്റെ കാലത്ത് പോലും രണ്ട് വട്ടം പോലീസ് സ്ഥാപനത്തില്‍ റെയ്ഡ് നടത്തിയിരുന്നു. പത്രം നിലനിന്നുപോയത് എങ്ങിനെ എന്നായിരുന്നു അവരുടെ സംശയം. എന്നാല്‍ പോലീസ് ഒരിക്കല്‍ പോലും തന്റെ മുറിയില്‍ പ്രവേശിച്ചിരുന്നില്ല എന്നാണ് അദ്ദേഹം പുസ്തകത്തില്‍ ഓര്‍മ്മിക്കുന്നുണ്ട്.

പത്രത്തിന്റെ സാമ്പത്തികാവസ്ഥ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സാഹചര്യങ്ങളുമായി ചേര്‍ന്നാണ് എന്നും നിലനിന്നിട്ടുള്ളത്. സ്വാതന്ത്ര്യ സമരത്തിന് ശേഷം 1977-ലെ തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയുടെ തോല്‍വിയും അടിയന്തിരവസ്ഥയെയും തുടര്‍ന്ന് രണ്ട് വര്‍ഷം പത്രം പൂട്ടിപ്പോയി. 1986ലും സമാനമായ സാഹചര്യം നേരിടേണ്ടി വന്നുവെങ്കിലും അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ ഇടപെടലുകളെ തുടര്‍ന്ന് അത് അതീജിവിച്ചു. 1998ല്‍ സ്ഥാപനത്തിന്റെ സാമ്പത്തിക ബാദ്ധ്യതകള്‍ തീര്‍ക്കാന്‍ കോടതി ഇടപെട്ട് വസ്തുവകകള്‍ ലേലം ചെയ്തിനെ തുടര്‍ന്ന് ലഖ്‌നൗ എഡിഷന്‍ നിര്‍ത്തിവെക്കേണ്ടി വന്നു. 2002 മാര്‍ച്ച് 22 മുതല്‍ മോത്തിലാല്‍ വോറ ആയിരുന്നു കമ്പനിയുടെ ചെയര്‍മാന്‍. മൂന്നു പത്രങ്ങളാണ് അസ്സോസ്സിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനു കീഴില്‍ പ്രസിദ്ധീകരിച്ചിരുന്നത്. നാഷണല്‍ ഹെറാള്‍ഡ് ഇംഗ്ലീഷിലും ഖൗമി ആവാസ് ഉറുദുവിലും നവജീവന്‍ ഹിന്ദിയിലും ആയിരുന്നു അവ. ഡല്‍ഹി, ലക്‌നൗ, ഭോപ്പാല്‍, മുംബൈ, ഇന്‍ഡോര്‍, പറ്റ്‌ന എന്നിവിടങ്ങളില്‍ വമ്പിച്ച ഭൂസ്വത്തും കമ്പനിക്കുണ്ടായിരുന്നു.

പ്രസിദ്ധീകരണത്തിന്റെ 70 ാം വര്‍ഷമായ 2008 ഏപ്രില്‍ ഒന്നിനാണ് നാഷണല്‍ ഹെറാള്‍ഡിന് കൂടുതല്‍ കാലം നീണ്ടു നിന്നതുമായ പൂട്ട് വീഴുന്നത്. 2008 ഏപ്രില്‍ ഒന്നിന് ടി വി വെങ്കിടാചലം പത്രാധിപരായി ഇരിക്കുമ്പോഴാണ് പിടിച്ചുനില്‍ക്കാന്‍ ഗതിയില്ലാതെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കുന്നതായി അധികൃതര്‍ അറിയിക്കുന്നത്. 200-ല്‍പ്പരം ജീവനക്കാര്‍ക്ക് ഇന്ത്യയില്‍ വോളന്ററി റിട്ടയര്‍മെന്‍റ് നല്‍കിയ, ചരിത്രത്തില്‍ ഇതേവരെ നടന്നിട്ടില്ലാത്ത വിധമാണ് ആനുകൂല്യങ്ങള്‍ അന്ന് നല്കിയത്. ജോലി ചെയ്ത ഓരോ വര്‍ഷത്തിനും രണ്ടുമാസം വീതം ശമ്പളം, സര്‍വീസില്‍ ഇനി ബാക്കിയുള്ള ഓരോ വര്‍ഷത്തിനും മൂന്നുമാസം വീതം ശമ്പളം, വേജ് ബോര്‍ഡ് കുടിശ്ശിക തുടങ്ങിയവയാണ് നല്കിയത്. 2010 സെപ്തംബര്‍ 29-ലെ കണക്കനുസരിച്ച് 1057 ഓഹരി ഉടകമള്‍ അസ്സോസ്സിയേറ്റഡ് ജേണല്‍സ് പ്രസ്സിനുണ്ടായിരുന്നു.

1968ല്‍ ഡല്‍ഹി എഡിഷന്‍ ആരംഭിച്ചതോടെയാണ് പത്രത്തിന്റെ കഷ്ടകാലം ആരംഭിക്കുന്നത് എന്ന്‍ വേണമെങ്കില്‍ പറയാം. രാജ്യത്തെ മികച്ച മാധ്യമപ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തില്‍ പോലും സ്ഥാപനത്തെ വളര്‍ത്താനോ പ്രോഫഷണലിസം കൊണ്ടു വരാനോ ബന്ധപ്പെട്ടവര്‍ക്ക് സാധിച്ചില്ല എന്നതാണ് അത്ഭുതം.

നാഷണല്‍ ഹെറാള്‍ഡ് കേസ്
2012 നവംബര്‍ ഒന്നിന് ഡല്‍ഹി കോടതി മുമ്പാകെ സുബ്രമണ്യം സ്വാമി സമര്‍പ്പിച്ച സ്വകാര്യ അന്യായമാണ് നിയമപരമായ കുരുക്കളിലേക്കും കോടതി കയറിയിറങ്ങുന്നതിലേക്കും ഗാന്ധി കുടുംബത്തെ എത്തിക്കുന്നത്. സോണിയാ ഗാന്ധിയും മകന്‍ രാഹുല്‍ ഗാന്ധിയും അവരുടെ വിധേയരും ചേര്‍ന്ന്, കോടിക്കണക്കിനു രൂപയുടെ സ്വത്തുള്ള അസ്സോസ്സിയേറ്റഡ് ജേണല്‍സ് പ്രസ് എന്ന കമ്പനിയെ യങ് ഇന്ത്യ എന്നൊരു കമ്പനി രൂപീകരിച്ച് തട്ടിയെടുത്തു എന്നാണ് സുബ്രഹ്മണ്യം സ്വാമിയുടെ ആരോപണം.

2010 നവംബര്‍ 23-ന് അഞ്ചു ലക്ഷം രൂപ മൂലധനവുമായി തുടങ്ങിയ ഒരു കമ്പനിയാണ് യങ് ഇന്ത്യ. നാഷണല്‍ ഹെറാള്‍ഡിന്റെ കെട്ടിടത്തില്‍ തന്നെയാണ് യങ് ഇന്ത്യയുടെ ഓഫീസും പ്രവര്‍ത്തിച്ചിരുന്നത്. 2010 ഡിസംബര്‍ പതിമൂന്നിന്, രാഹുല്‍ ഗാന്ധി യങ് ഇന്ത്യ കമ്പനിയുടെ ഡയറക്ടറായി നിയമിതനായി. അധികം വൈകാതെ, 2011 ജനുവരിയില്‍, സോണിയാ ഗാന്ധി, ഡയറക്ടര്‍ ബോര്‍ഡംഗമായും സ്ഥാനമേറ്റെടുത്തു. യങ് ഇന്ത്യ കമ്പനിയുടെ 76 ശതമാനം ഓഹരികളും രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയുമാണ് കൈവശം വച്ചിരിക്കുന്നത്. 12 ശതമാനം വീതം ഓഹരികള്‍ മോത്തിലാല്‍ വോറക്കും ഓസ്‌കാര്‍ ഫെര്‍ണാണ്ടസിനും ഉണ്ട്.

നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ ഉടമസ്ഥരായ അസ്സോസ്സിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് എന്ന കമ്പനിക്ക്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് 90 കോടി രൂപ പലിശരഹിത വായ്പയായി കൊടുത്തുവെന്നും ഈ തുക ഇതു വരെ തിരിച്ചടച്ചിട്ടില്ലെന്നും സ്വാമിയുടെ പരാതിയില്‍ പറയുന്നു. ഇത് വരുമാന നികുതി നിയമത്തിലെ, 269 വകുപ്പു പ്രകാരം കുറ്റകരമാണെന്നും മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റിനു മുമ്പാകെ കൊടുത്ത പരാതിയില്‍ സ്വാമി ആരോപിക്കുന്നു. നിയമവിരുദ്ധമായ കാര്യങ്ങളാണ് കമ്പനി രജിസ്ട്രാര്‍ക്ക് മുന്നില്‍ എ.ജെ. ലിമിറ്റഡ് സമര്‍പ്പിച്ചത്. 2011 ഫിബ്രവരി 26ന് നടന്ന ബോര്‍ഡ് യോഗത്തില്‍ കമ്പനിയുടെ 90 കോടി രൂപയുടെ ബാധ്യത തീര്‍ക്കാന്‍ എ.ഐ.സി.സി. പലിശരഹിത വായ്പ അനുവദിച്ചെന്ന വിവരം അംഗീകരിക്കുമ്പോള്‍ ഇന്ത്യയില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും കമ്പനികള്‍ക്ക് വായ്പ നല്‍കാനാവില്ല എന്നാണ് സ്വാമി ചൂണ്ടിക്കാണിക്കുന്നത്. ഈ ഇടപാടിന്റെ ഭാഗമായി സോണിയാ ഗാന്ധിയും രാഹുലും ചേര്‍ന്ന് രൂപം കൊടുത്ത യങ് ഇന്ത്യ കമ്പനിക്ക് പത്തുരൂപ വിലയുള്ള ഒമ്പതുകോടി ഓഹരികള്‍ നല്‍കാന്‍ തീരുമാനിച്ചു. ഈ കമ്പനിയില്‍ ഇരുവര്‍ക്കും കൂടി 76 ശതമാനം ഓഹരിയുണ്ട്. ഇതോടെ കമ്പനി കാര്യങ്ങളില്‍ ഇരുവര്‍ക്കും അടിയന്തര യോഗം ചേര്‍ന്ന് തീരുമാനമെടുക്കാനുള്ള അധികാരം ലഭിക്കും. ഫലത്തില്‍ ഇവരുടെ സ്വകാര്യസ്വത്താണിത്. ഇതു കൂടാതെ 2.6 ലക്ഷം ഓഹരികള്‍ പ്രിയങ്കാ ഗാന്ധിക്കും നല്‍കിയിട്ടുണ്ട്.

2010 ല്‍ അഞ്ചു ലക്ഷം രൂപാ മൂലധനം കൊണ്ടു രൂപീകരിച്ച യങ് ഇന്ത്യ എന്ന കമ്പനി കോടിക്കണക്കിനു രൂപയുടെ സ്വത്തുള്ള അസ്സോസ്സിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് എന്ന കമ്പനിയെ കൈവശപ്പെടുത്തിയതു വഴി സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഗുരുതരമായ നിയമലംഘനം നടത്തിയെന്നും പരാതിയില്‍ പറഞ്ഞിരിക്കുന്നു. കമ്പനി രജിസ്ട്രാര്‍ക്ക് യങ് ഇന്ത്യ സമര്‍പ്പിച്ച വിവരങ്ങളനുസരിച്ച് അതിന്റെ ഓഹരിയുടമകളുടെ യോഗം സോണിയാ ഗാന്ധിയുടെ ഔദ്യോഗികവസതിയായ 10 ജന്‍പഥില്‍ ചേര്‍ന്നുവെന്ന് കാണിച്ചിരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇവര്‍ക്ക് നല്‍കിയ വീട് വാണിജ്യാവശ്യങ്ങള്‍ക്കോ കച്ചവട ഇടപാടുകള്‍ക്കോ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്.

90 കോടി ബാധ്യതയുണ്ടെന്ന് അറിയിച്ച കമ്പനി 50 ലക്ഷം രൂപയ്ക്ക് വാങ്ങിയെന്നത് സത്യസന്ധമല്ല. പലിശരഹിത വായ്പയായി എ.ഐ.സി.സി. നല്‍കിയ 90 കോടി രൂപയ്ക്ക് പകരമായി 50 ലക്ഷം രൂപയ്ക്ക് ഡല്‍ഹിയിലെ ഹെറാള്‍ഡ് ഹൗസും ഉത്തര്‍ പ്രദേശിലുള്‍പ്പെടെയുള്ള മറ്റുസ്വത്തുക്കളും കൈമാറാന്‍ ഇവര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. 2008ല്‍ കമ്പനിയുടെ 38 ശതമാനം ഓഹരി രാഹുല്‍ ഗാന്ധിയുടെ പേരിലുണ്ടായിരുന്നിട്ടും തൊട്ടടുത്തവര്‍ഷം നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ ഓഹരിയുള്ളതായി അറിയിച്ചിട്ടില്ല. ഇത് തിരഞ്ഞെടുപ്പു ചട്ടലംഘനമാണ്.

വായ്പ നല്‍കിയെന്ന് പറയുന്ന അസോസിയേറ്റഡ് ജേണല്‍സ് കമ്പനിയുടെ ചെയര്‍മാന്‍ എ.ഐ.സി.സി.യുടെ ഖജാന്‍ജി കൂടിയായ മോത്തിലാല്‍ വോറയാണ്. യുവാക്കളുടെ ഉന്നമനത്തിനായി രൂപംനല്‍കിയ യങ് ഇന്ത്യ കേരളത്തില്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ തുടങ്ങിയതായി അവകാശപ്പെടുന്നുണ്ട്. ഇത് സി.ബി.ഐ. അന്വേഷിക്കണമെന്നും സ്വാമി ആവശ്യപ്പെട്ടിരുന്നു.

വീണ്ടും തുറക്കുമ്പോള്‍ വെല്ലുവിളികള്‍ അനവധി
അര നൂറ്റാണ്ട് ഇന്ത്യ ഭരിച്ച പ്രമുഖ പാര്‍ട്ടിയുടെ മുഖപത്രത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് ഓണ്‍ലൈനില്‍ വേണോ ദിനപത്രമായി വേണോ എന്ന കാര്യത്തിലും കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ വിരുദ്ധ അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നതായാണ് സൂചന. കടലാസിലെ വായന മരിച്ചു കൊണ്ടിരിക്കുന്ന കാലത്ത് ഓണ്‍ലൈന്‍ തന്നെയാണ് നല്ലത് എന്ന അഭിപ്രായം ചിലര്‍ ഉയര്‍ത്തുന്നു. നാഷണ്‍ല്‍ ഹെറാള്‍ഡ് എന്ന പേര് തന്നെ മാറ്റി പുതിയ രുപത്തിലും ഭാവത്തിലും ഓണ്‍ലൈനില്‍ വരണമെന്ന് യുവാക്കള്‍ അഭിപ്രായപ്പെടുമ്പോള്‍ നെഹ്‌റു നല്കിയ പേരില്‍ തന്നെ ഓണ്‍ലൈന്‍ പത്രമാകാം എന്നാണ് മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്.

നാഷണല്‍ ഹെറാള്‍ഡ് കേസ് രാഷ്ട്രീയ വൈര്യം തീര്‍ക്കാനുള്ള ആയുധമായി സുബ്രമണ്യം സ്വാമിയും ബിജെപിയും കുത്തിപ്പൊക്കി കൊണ്ടുവന്നതാണ് എന്നാണ് സോണിയാഗാന്ധിയും കോണ്‍ഗ്രസും ആരോപിക്കുന്നത്. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്കും മകന്‍ രാഹുല്‍ ഗാന്ധിക്കും പോലും കോടതി കയറേണ്ടി വന്നത് അത്ര ചെറിയ കാര്യമല്ല. താന്‍ ഇന്ദിരാഗാന്ധിയുടെ മരുമകളാണ്, ഇതൊന്നും ഭയപ്പെടുന്നില്ല എന്നാണ് അന്ന് സോണിയ പ്രതികരിച്ചത്. 2014 മേയ് മുതല്‍ ബിജെപിയുടെ മുഴുവന്‍ ശക്തിയും ഗാന്ധി കുടുംബത്തെ ഒതുക്കാന്‍ വേണ്ടി മാറ്റിവെച്ചിരിക്കുകയാണ്.

നാഷണല്‍ ഹെറാള്‍ഡിന്റെ വളര്‍ച്ചയും തളര്‍ച്ചയും എന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വളര്‍ച്ചയോടൊപ്പം തന്നെയാണ് കൂട്ടിവായിക്കേണ്ടത്. സ്വാതന്ത്ര്യ സമരകാലത്ത് ജവഹര്‍ലാല്‍ നെഹ്‌റുവും മഹാത്മാഗാന്ധിയും അടക്കമുള്ളവരുടെ തണലില്‍ വളര്‍ന്ന നാഷണല്‍ ഹെറാള്‍ഡിന് 2016ല്‍ സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും കൈകളില്‍ എത്തുമ്പോള്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച്, തിരഞ്ഞെടുപ്പില്‍ തോറ്റ് തൊപ്പിയിട്ട കോണ്‍ഗ്രസിന്റെയോ യുപിഎയുടെയോ രാഷ്ട്രീയ വീര്യം തുണയാകും എന്ന് ധരിക്കുന്നതില്‍ അര്‍ത്ഥമില്ല. കോണ്‍ഗ്രസിന്റെ തളര്‍ന്ന കാലം നാഷണല്‍ ഹെറാള്‍ഡിന്റെ ഭാവിയെയും ബാധിച്ചേക്കും എന്ന ആശങ്കയാണ് മുന്നില്‍ .

70 വര്‍ഷം പിന്നിട്ട് ‘നാഷണല്‍ ഹെറാള്‍ഡ്’ അടച്ചുപൂട്ടിയപ്പോള്‍ ഇന്ത്യന്‍ പത്രപ്രവര്‍ത്തന ചരിത്രത്തിന്റെ സുവര്‍ണ്ണതാളുകള്‍ മാത്രമല്ല അടഞ്ഞത്, മറിച്ച് കോണ്‍ഗ്രസിന്റെ തളര്‍ച്ചയെ കൂടിയാണ് അത് രേഖപ്പെടുത്തിയത്. മികച്ച രീതിയില്‍ മുന്നോട്ട് പോയിരുന്നുവെങ്കില്‍ നാഷണല്‍ ഹെറാള്‍ഡ് കോണ്‍ഗ്രസിന് ഇക്കാലത്തെ ഏറ്റവും വലിയ രാഷ്ട്രീയ ആയുധമാക്കി മാറ്റാമായിരുന്നു. അത് രാജ്യത്തിനും പാര്‍ട്ടിക്കും മുതല്‍ക്കൂട്ടായേനെ. നെഹ്‌റു മുന്നോട്ട് വെച്ച സകലതിനെയും തൂത്തെറിഞ്ഞ് മുന്നോട്ട് പായുന്ന പാര്‍ട്ടിക്ക് ഇന്ന് ഉയര്‍ത്തെഴുനേല്‍ക്കാന്‍ ഹെറാള്‍ഡിന്റെ കൈത്താങ്ങ് മാത്രം മതിയാവില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഹെറാള്‍ഡിന്റെ തിരിച്ചുവരവിന് കളമൊരുക്കുമ്പോള്‍ അത് അച്ഛനപ്പൂപ്പന്മാര്‍ പണിത തറവാട് നിലംപൊത്താതെ താങ്ങിനിര്‍ത്തുന്ന സാംസ്കാരിക ബോധ്യപ്പെടുത്തലിന്റെ നിവൃത്തികേട് മാത്രമാകരുത്. മാറ്റം അനിവാര്യമാണ്. ഓണ്‍ലൈനെന്നോ അച്ചടിയെന്നോ പേരുമാറ്റമെന്നോ ഉള്ള ചര്‍ച്ചകള്‍ക്കൊപ്പം കാലവും ജനാധിപത്യവും പഠിപ്പിച്ച തിരുത്തലുകള്‍ക്ക് കൂടി പാര്‍ട്ടിയും വിധേയമാകേണ്ടതുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍