UPDATES

ട്രെന്‍ഡിങ്ങ്

പിണറായി മന്ത്രിസഭയിലെ ചില അക്ഷരമാല ക്രമപ്രശ്നങ്ങള്‍

നോട്ടു ദുരിത കാലത്തെ ഡയറി ചിന്തകൾ

കെ എ ആന്റണി

കെ എ ആന്റണി

ഒരു ഡയറിയിൽ എന്തിരിക്കുന്നു എന്ന് ചോദിക്കുന്നവരുണ്ടാകാം. ഡയറി എന്ന് പറയുമ്പോൾ ഇവിടെ ഇപ്പോൾ ചർച്ചാവിഷയം ആയിരിക്കുന്ന ഡയറി ആൻ ഫ്രാങ്കിന്റെ ഡയറിയോ ചെ ഗുവേരയുടെ ബൊളീവിയൻ ഡയറിയോ അല്ല. കോർപ്പറേറ്റ് ഭീമൻമാരുടെയോ അബ്‌കാരികളുടെയോ ആയുധ കച്ചവടക്കാരുടെയോ ഹവാല പണം ഇടപാടുകാരുടെയോ എന്തിനേറെ സരിതയുടെയോ ബിജു രാധാകൃഷ്ണന്റെയോ ഡയറിയല്ല. (കോർപ്പറേറ്റ് ഭീമന്മാരുടെയും അബ്കാരികളുടെയും ഹവാല ഇടപാടുകാരുടേയുമൊക്കെ ഡയറികളിലും രാഷ്ട്രീയ നേതാക്കളുടെയും ചില മന്ത്രിമാരുടേയുമൊക്കെ പേരുകൾ സുലഭം). ഇവിടുത്തെ ഡയറി ഒരു സാധാ സർക്കാർ ഡയറിയാണ്. അതും കേരള സർക്കാരിന്റെ ഡയറി. ഏതാണ്ട് ഒരു കോടിയോളം നികുതി പണം ഉപയോഗിച്ചു വർഷാവർഷം സർക്കാർ അച്ചടിപ്പിക്കുന്ന ഡയറി.

ഭരണയന്ത്രം തിരിക്കുന്നവരുടെ പേരും മേൽവിലാസവും കൂടാതെ വിവിധ സർക്കാർ ഓഫീസുകൾ, സർക്കാർ ആശുപത്രികൾ സർക്കാർ അനുബന്ധ സ്ഥാപനങ്ങൾ തുടങ്ങി അറിയേണ്ടതും അറിയിക്കേണ്ടതുമായ ഒട്ടേറെ കാര്യങ്ങളുടെ ഒരു ഭണ്ഡാരമാകുന്നു ഈ സർക്കാർ ഡയറി. (ഇന്റർനെറ്റ് യുഗത്തിൽ ഇത്തരം ഡയറികൾക്കു വലിയ പ്രസക്തി ഇല്ലെന്നത് മറ്റൊരു കാര്യം. എങ്കിലും പൊങ്ങച്ചക്കാർക്കു കക്ഷത്തിൽ വെച്ച് നടക്കാൻ ഈ ഡയറി ഇപ്പോഴും അനിവാര്യമാകുന്നു.)

ഈ വര്‍ഷം പ്രസ്തുത ഡയറി അടുത്തെങ്ങും പുറത്തിറങ്ങില്ലെന്നാണ് വിവരം. ഡയറിയിൽ മന്ത്രിമാരുടെ പേരുകൾ ക്രമം തെറ്റിച്ചു ചേർത്തിരിക്കുന്നു എന്ന ആക്ഷേപത്തെ തുടർന്ന് ഡയറിയുടെ അച്ചടി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഡയറി തയ്യാറാക്കിയവർ മനപ്പൂർവ്വമോ  അല്ലാതെയോ ഘടകകക്ഷി മന്ത്രിമാരെ തഴഞ്ഞ് സിപിഎം മന്ത്രിമാർക്ക് ഡയറിയിൽ സ്ഥാനക്കയറ്റം നൽകി എന്നാണു ആക്ഷേപം. ഇനിയിപ്പോൾ അക്ഷരമാല ക്രമത്തിൽ മന്ത്രിമാരുടെ പേരുകൾ ചേർത്ത് ആദ്യം മുതല്‍ പുതിയത് അച്ചടിക്കും.

പക്ഷെ അപ്പോഴും മറ്റൊരു പ്രശ്നം ഉണ്ടെന്നാണ് ചില ഡയറി പണ്ഡിതന്മാർ നിരീക്ഷിക്കുന്നത്. ഏത് അക്ഷരമാല? ഇംഗ്ലീഷോ അതോ മലയാളമോ? ഭരണഭാഷ മലയാളം ആകയാൽ തീർച്ചയായും സർക്കാർ ഡയറിയിലും മലയാളം നിർബന്ധം ആക്കേണ്ടതില്ലേ എന്നാണ് അവരുടെ സംശയം. അവരുടെ സംശയം അവിടം കൊണ്ടും അവസാനിക്കുന്നില്ല. മലയാള അക്ഷരമാല പിന്തുടർന്നാലും മുഖ്യമന്ത്രി കഴിഞ്ഞാൽ താനാണ് മുഖ്യൻ എന്നൊക്കെ കരുതുന്ന പലരുടെയും പേരുകൾ പിന്നാക്കം പോകില്ലേ എന്ന സംശയം കൂടി ഇക്കൂട്ടർ ഉന്നയിക്കുന്നുണ്ട്.

പിണറായി മന്ത്രിസഭയിൽ രണ്ടാമൻ ആര് എന്ന ചോദ്യം മാധ്യമങ്ങൾ ഉന്നയിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ഈ സംശയം മന്ത്രിമാർക്കിടയിലും ഉണ്ടെന്നാണ് കേൾക്കുന്നത്. മന്ത്രിസഭയിലെ രണ്ടാമനായി ആദ്യം മാധ്യമങ്ങൾ കണ്ടെത്തിയത് ബാലൻ മന്ത്രിയെ ആയിരുന്നു. എന്നാൽ പിന്നീട് അവർ തന്നെ തിരുത്തി ജയരാജൻ മന്ത്രിയാണെന്നു പറഞ്ഞു. ചിലർ ഐസക് മന്ത്രിയാണെന്നും വാദിച്ചു. ബന്ധു നിയമന വിവാദത്തെ തുടർന്ന് ജയരാജൻ മന്ത്രി രാജിയായി. അങ്ങനെ വീണ്ടും രണ്ടാമനെ ചൊല്ലിയുള്ള തർക്കം ബാലൻ മന്ത്രിയെയും ഐസക് മന്ത്രിയെയും ചുറ്റിപ്പറ്റിയായി.

ഇത് പറഞ്ഞപ്പോഴാണ് ഒരു പഴയ തമാശ ഓര്‍മ്മ വന്നത്. പണ്ടൊക്കെ ഘടക കക്ഷികളിലെ വലിയ കക്ഷിക്കായിരുന്നു മന്ത്രിസഭയിൽ രണ്ടാം സ്ഥാനം. ആ നിലക്ക് ഇത്തവണ ആ സ്ഥാനം സിപിഐക്ക് അവകാശപ്പെടാം. അതെന്തുമാകട്ടെ. പറഞ്ഞു വന്നത് മറ്റൊരു കാര്യമാണ്. ലീഡർ കരുണാകർജിയുടെ കാലത്ത് ഒരിക്കൽ പൈപ്പ് മന്ത്രി ഗംഗാധർജി ലീഡർ കഴിഞ്ഞാൽ  താൻ തന്നെ രണ്ടാമൻ എന്ന് പറഞ്ഞു കളഞ്ഞു. പ്രായം തികയും മുൻപ് മകളെ കെട്ടിച്ചു വിട്ട കേസിൽ ഗംഗാധര മന്ത്രി മന്ത്രിസഭയിൽ നിന്നും ഔട്ട്. അടുത്ത ഊഴം എൻആർ എന്ന എൻ രാമകൃഷ്ണൻജി എന്ന മന്ത്രിക്കായിരുന്നു. താൻ തന്നെ രണ്ടാമൻ എന്ന് പറഞ്ഞു വായ പൂട്ടിയതേ ഉണ്ടായിരുന്നുള്ളു. അദ്ദേഹവും തെറിച്ചു. നാവു ദോഷം എന്നോ കഷ്ടകാലം എന്നോ അവരവരുടെ സൗകര്യത്തിനും യുക്തിക്കും അനുസരിച്ച് എന്തും വിളിക്കാം.

ഒരു ചെറിയ പിശകിന്റെ പേരിലാണ് ഇപ്പോൾ ഡയറി പുതുക്കി അച്ചടിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇത് കേട്ടാൽ തോന്നും ഇന്നാട്ടിലെ ഏറ്റവും വലിയ പ്രശ്നം ഈ സർക്കാർ ഡയറിയാണെന്ന്‍. റേഷൻ അരി മുതൽ സാധാരണക്കാരെ അലട്ടുന്ന ഒട്ടേറെ പ്രശ്നങ്ങൾ നാട്ടിൽ ഉള്ളപ്പോഴാണ് ഡയറിലെ ഒരു പിശകിന്റെ പേരിൽ കോടികൾ പാഴാക്കുന്നത് എന്ന് കൂടി ഓർക്കണം. നോട്ടു പ്രശ്നത്തിൽ ഭരണകക്ഷിയും പ്രതിപക്ഷവും കാണിക്കുന്ന ഉത്കണ്ഠയും ഈ വിഷയത്തിൽ അവർ ഉയർത്തികൊണ്ടുവരുന്ന പ്രതിഷേധവും ഒക്കെ നന്ന് തന്നെ. പക്ഷെ ഒരു വര്‍ഷം പൂർത്തിയാക്കാൻ പോകുന്ന ഒരു സർക്കാർ നാടിന്‍റെ ജീവൽ പ്രശ്നങ്ങളിൽ എത്ര കണ്ടു സജീവമായി എന്ന ചോദ്യം നിലനിൽക്കുന്നു. തമ്മിൽ തല്ലും താൻ പ്രമാണിത്വവും കൊണ്ട് ഒന്നുമല്ലാതായി മാറിയ പ്രതിപക്ഷത്തെ കണ്ട് ജനകീയ പ്രശ്നങ്ങളിൽ ഇടപെടാതെ മാറിനിൽക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനും ഭൂഷണമല്ല എന്ന ചിന്ത ഇനിയെങ്കിലും ഉണ്ടായാൽ നന്ന്.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍