UPDATES

അപര്‍ണ്ണ

കാഴ്ചപ്പാട്

Off-Shots

അപര്‍ണ്ണ

സിനിമ

പൃഥ്വിരാജ്, നിങ്ങൾ വലിയൊരു കൈയടി അർഹിക്കുന്നു; യഥാർത്ഥ സൂപ്പർ സ്റ്റാർ

ഒരു വർഗത്തെ, വർണത്തെ അപമാനിക്കുന്നത് ഭരണഘടന ലംഘനം കൂടി ആണെന്ന ബോധ്യം മലയാള സിനിമയ്ക്കോ അതു കണ്ട് കയ്യടിക്കുന്ന ആൾക്കൂട്ടത്തിനോ ഇപ്പോഴും ഇല്ലെങ്കിലും ആൾക്കൂട്ടത്തിൽ ഒറ്റക്കാവും എന്ന ഭയം മറികടന്ന ഒരു നടൻ ഇവിടെ ഉണ്ടാവുന്നു.

അപര്‍ണ്ണ

”ഞാനൊന്ന് അറിഞ്ഞു വിളയാടിയാല്‍ നീയൊക്കെ പിന്നെ പത്തുമാസം കഴിഞ്ഞേ ഫ്രീയാകൂ”- പത്തു വർഷം മുന്നേ തീയറ്ററിൽ ചോക്ലേറ്റ് എന്ന സിനിമയിൽ കയ്യടി കിട്ടിയ ഒരു ഡയലോഗ്… പുതുമയൊന്നുമില്ല… കാലങ്ങളായി കൊണ്ടാടപ്പെട്ട സെക്സിസ്റ്റ് ഡയലോഗിന്റെ തുടർച്ചയിൽ എപ്പോഴോ വന്നുപോയി ആണത്തം ആഘോഷിച്ച മറ്റൊന്ന്..

പക്ഷെ, ഒരു ദശാബ്ദത്തിനിപ്പുറം അതിന് ഒരു തിരുത്തുണ്ടാവുന്നു. ഒരു നായകൻ തന്നാൽ ആഘോഷിക്കപ്പെട്ട സ്ത്രീവിരുദ്ധ ഡയലോഗുകൾക്ക് ക്ഷമ ചോദിക്കുന്നു. ഇനി ഇല്ല എന്നുറപ്പു തരുന്നു. പണ്ട് ഈ ഡയലോഗ് പറഞ്ഞു കയ്യടി വാങ്ങിയതും ഇന്ന് അതിനു പരസ്യമായി മാപ്പു ചോദിച്ചതും പൃഥ്വിരാജ് എന്ന നടൻ…

ഇതിലെന്താ ഇത്ര ആഘോഷിക്കാൻ എന്ന പതിവ് ചോദ്യം വന്നു തുടങ്ങിട്ടുണ്ടാവും; ഉണ്ട്, ഇതിൽ ഒട്ടും ചെറുതല്ലാത്ത പലതും ഉണ്ട്. ഇവിടെ പ്രണയം നേടാനും ദേഷ്യം തീർക്കാനും ഉള്ള വഴിയായി ബലാൽ ഭോഗം മാറിയതിന്, ചോദ്യം ചോദിച്ചു തുടങ്ങുമ്പോൾ പെൺചുണ്ടുകളിൽ ചൂണ്ടു വിരൽ കൂടുതൽ ശക്തിയായി അമരുന്നതിനും ശരീരത്തിൽ കിടക്കുന്ന വസ്ത്രങ്ങൾ സ്വഭാവ നിർണ്ണയത്തിനുപയോഗിക്കുന്നതിലും ജനപ്രിയ സിനിമക്ക് വലിയ പങ്കുണ്ട്. പത്തു വയസായ കുട്ടി നായകനായ സിനിമയിൽ പോലും നരസിംഹ ആൺ ഡയലോഗുകൾ ആവർത്തിക്കപ്പെടുന്നത് അത് കൊണ്ടാണ്.

ആ ആവർത്തനങ്ങൾ ഉച്ചത്തിൽ മുഴങ്ങി കൊണ്ടേ ഇരിക്കുമ്പോളാണ് ഇത്തരം നിരവധി സിനിമകൾ കൊണ്ട് ആണത്ത പദവികൾ ഊട്ടിയുറപ്പിക്കാൻ തക്കവണ്ണം താരമൂല്യവും ജീവിതവും ബാക്കിയുള്ള ഒരു നായകൻ ഇങ്ങനെ ഒരു യു ടേൺ അടിക്കുന്നത്. അതിന് ആവശ്യമായ ഊർജവും ആർജവവും തന്റെ ചുറ്റും കണ്ണോടിച്ചപ്പോളാണ് കിട്ടിയതെന്ന് പറയുന്നത്.

അത് കേവലമായ പറച്ചിലോ വളരെ എളുപ്പമുള്ള ഒരു പ്രഖ്യാപനമോ അല്ല. അത്തരം സിനിമകൾക്കുള്ള മാർക്കറ്റിനെക്കുറിച്ച്, സ്വീകാര്യതയെക്കുറിച്ച്, കോടി ക്ലബ്ബിലെ ഇടത്തെക്കുറിച്ച് ഒക്കെ അയാൾക്ക് നല്ല ബോധ്യമുണ്ട്. അത്തരം സാധ്യതകളുടെ വാതിൽ അടച്ചിട്ടാണ് അയാൾ ഇങ്ങനെ പറയുന്നത്.

ഇതിനൊക്കെ നേരെ കണ്ണടയ്ക്കുക വളരെ എളുപ്പവും തിരിഞ്ഞു നടക്കൽ വളരെ പ്രയാസവുമാണ്. നടന്റെ അഭിനയത്തെ, താരശരീരത്തെ പാടി പുകഴ്ത്തുന്ന വലിയ ആൾക്കൂട്ടത്തോട് കലഹിച്ചാണ് അയാൾ ക്ഷമ പറഞ്ഞത്.

സിനിമയിലെ സ്ത്രീ വിരുദ്ധത ഇവിടെ ചർച്ചയാവാൻ തുടങ്ങിയിട്ട് കൊല്ലങ്ങൾ കുറെയായി. പ്രശ്നവത്ക്കരിക്കപ്പെട്ടവർ പരിഹാസ്യതയുടെ ആൾരൂപങ്ങളായി ഒരു മൂലക്കിരുന്ന് വഴക്കിട്ടു കൊണ്ടേ ഇരുന്നു. പക്ഷെ ശബ്ദം ഒന്നുകൂടി കൂട്ടി ഇവിടത്തെ ആൺദൈവരൂപങ്ങൾ വീണ്ടും പറഞ്ഞു; മേലിൽ ഒറ്റ ആണിന്റെയും നേരെ ഉയരില്ല നിന്റെ ഈ കയ്യ്”. പിന്നെയും പറഞ്ഞു ”ഗ്യാപ്പിലേക്ക് ഇടിച്ച് വണ്ടി കേറ്റട്ടെ” എന്ന്… ഇതിനിടയിൽ കള്ളു കുടിച്ച് കോൺതെറ്റി വരുമ്പോ കാലു മടക്കി തൊഴിക്കാനും റേപ്പ് വച്ച് തരാനും പെൺകുട്ടികൾ സിനിമയിൽ നിറഞ്ഞു നിന്നു. അതുകണ്ട് ആത്മവിശ്വാസമില്ലാത്ത കുറെ പേർ പല ദേശങ്ങളിൽ നിന്നും തീയറ്റർ ഇരുട്ടിൽ വന്നു കയ്യടിച്ചു. കുറെ പേർ, തങ്ങൾക്കു നേരെ കൂടിയാണ് ഇത് പറയുന്നതെന്നറിഞ്ഞിട്ടും ആൾക്കൂട്ടത്തിന്റെ വ്യാജ സംരക്ഷണയിൽ നിശബ്ദരായി. ഉയർന്നു വന്ന ശബ്ദങ്ങളോട് അതെ നായകർ പറഞ്ഞു, ”അടക്കി നിർത്താൻ ഒരു ആണിന് ഇത്രയൊക്കെ മതി”. ഒന്നുറക്കെ കരഞ്ഞൂടെ, ഒച്ച വെച്ചൂടെ എന്നൊക്കെ സ്റ്റേറ്റ് വാദിയായ ബലാൽഭോഗക്കേസുകളിലും വളരെ വലിയ യുക്തിഭദ്രതയോടെ നമ്മൾ ചോദിക്കും. ആദ്യം ഒച്ചയിട്ടും തല്ലിയും ആണെന്ന വാക്കിന്റെ അർഥം പഠിപ്പിച്ചും തുടങ്ങിയ ഈ ക്രിമിനൽ സംഭാഷണങ്ങൾ ഇപ്പോൾ കയറ്റട്ടെ, ഇറക്കട്ടെ എന്നൊക്കെ ജനപ്രിയ ദ്വയാർത്ഥങ്ങളായി പരിണമിച്ചു.

ഇത്തരം തുടർച്ചകളോട് എത്ര കലഹിച്ചാലും വലിയ കാര്യമൊന്നുമുണ്ടാവില്ല എന്നൊരു മുൻവിധിയോടെയാണ് പലപ്പോഴും കലഹിക്കാറുള്ളത്. ഇത് ഒരു നടൻ, അത് അഭിനയിക്കില്ല എന്ന് പറഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഉള്ളു എന്ന് പറഞ്ഞു മുഴുമിപ്പിക്കുമ്പോളേക്കും യുക്തികളുടെ നിര തന്നെ പാഞ്ഞു വരും- അത് അയാളുടെ ജോലി അല്ലേ, സ്ത്രീകൾ അങ്ങനെയൊക്കെ തന്നെ അല്ലേ, സിനിമയിൽ അയാൾ പറഞ്ഞാൽ ഇവിടെ എന്തുണ്ടാവാനാ, സാധാരണ പ്രേക്ഷകർ ആസ്വദിക്കുന്നുണ്ട്, എല്ലാ സ്ത്രീകൾക്കും പരാതി ഇല്ലല്ലോ… പരാതി പറയുന്നവരെ, കാമാർത്തിയോ പ്രണയ നഷ്ടമോ കാരണം നിരാശരായ ‘ഫെമിനിസ്റ്റ് കൊച്ചമ്മമാർ’ എന്നും എതിർക്കുമ്പോൾ വെടി, കൊച്ചമ്മ, അമ്മായി, കഴപ്പി, കൂത്തിച്ചി എന്നൊക്കെ വിളിച്ചു. പരാതി മൊത്തം, സ്വയം സിനിമ നിർമിച്ചു തീർക്കാൻ പറഞ്ഞു.

ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നേരിട്ട് ആണത്ത ആഘോഷങ്ങൾ നടക്കുന്നു. ഇങ്ങനെയൊക്കെ സാധാരണത്വത്തിന്റെ യുക്തി അടിച്ചേൽപ്പിക്കുമ്പോളാണ് ഒരു മുഖ്യധാരാ നടൻ, താൻ അടക്കമുള്ള ആണവർഗ്ഗത്തിന്റെ കാര്യം ആദ്യമായി സംസാരിച്ചത്, പറഞ്ഞത്. തന്റെ തെറ്റുകൾക്ക് ഇനിയൊരിക്കലും തുടർച്ചയില്ലെന്ന് ആണയിട്ടത്. തന്റെ അമ്മയും ഭാര്യയും സുഹൃത്തും ഒന്നും വെറും പെണ്ണ് മാത്രമല്ലെന്ന് തിരിച്ചറിഞ്ഞ് ഉറക്കെ പറഞ്ഞത്.

ഒരു വർഗത്തെ, വർണത്തെ അപമാനിക്കുന്നത് ഭരണഘടന ലംഘനം കൂടി ആണെന്ന ബോധ്യം മലയാള സിനിമയ്ക്കോ അതു കണ്ട് കയ്യടിക്കുന്ന ആൾക്കൂട്ടത്തിനോ ഇപ്പോഴും ഇല്ലെങ്കിലും ആൾക്കൂട്ടത്തിൽ ഒറ്റക്കാവും എന്ന ഭയം മറികടന്ന ഒരു നടൻ ഇവിടെ ഉണ്ടാവുന്നു.

സിനിമക്ക് കൊടുത്ത പ്രൊമോഷൻ കുറഞ്ഞെന്നു പറഞ്ഞ് വനിതാ പ്രൊഡ്യൂസർക്കു നേരെ ആണത്ത ഡയലോഗുകൾ പറഞ്ഞാക്രോശിച്ച ഫാൻസ്‌ അസോസിയേഷൻ ഉള്ള നാടാണിത്. കയ്യേറ്റം ചെയ്യേണ്ട, പൊതിഞ്ഞു സൂക്ഷിക്കേണ്ട, അടങ്ങി കരയേണ്ട, ശരീരം കൊണ്ട് മാത്രം അടയാളപ്പെടുന്ന എന്തോ ആണ് ഈ ആൾക്കൂട്ടത്തിനു പെണ്ണുങ്ങൾ. അവിടെ രാജാക്കന്മാർ മീശ പിരിച്ചും മുണ്ടു മടക്കിയുടുത്തും സിപ് പൊക്കിയും താഴ്ത്തിയും അധികാരം ഊട്ടിയുറപ്പിച്ചും ജനപ്രിയന്മാർ ഒന്ന് കേറ്റിക്കോട്ടെ എന്ന് ആർത്തിയോടെ ചിരിച്ചും അരങ്ങു വാഴുമ്പോഴാണ് ഒരാൾ ഇങ്ങനെ പറയുന്നത്.

ഞാൻ പറഞ്ഞത് തെറ്റായിരുന്നു, തെറ്റെന്ന് ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു, ഇനി അത് ആവർത്തിക്കില്ല എന്ന് പറയുന്നൊരാളെ മെച്ചപ്പെട്ട മനുഷ്യൻ എന്ന് വിളിക്കാം. ഇനി എനിക്ക് ആണത്ത ഗീർവാണങ്ങൾക്ക് നിങ്ങൾ തരുന്ന കയ്യടികൾ വേണ്ട എന്ന് അയാൾ പറയുന്നത് അതിൽ അഭിരമിച്ച തന്റെ സഹപ്രവർത്തകരോടും അത് കണ്ട് ഭ്രമിച്ച് അലറി വിളിക്കുന്ന ആരാധക വൃന്ദത്തോടും അതെന്താ പെണ്ണുങ്ങൾക്ക് മാത്രേ പ്രശ്നമുള്ളു എന്ന് ധാർമിക രോഷം കൊള്ളുന്നവരോടും അയ്യോ, എല്ലാരും അല്ല ട്ടോ… ചിലരൊക്കെ, ചിലരൊക്കെ മാത്രം എന്ന് കൊഞ്ചി സ്വയം സുരക്ഷിതരായിരിക്കുന്നവരോടു മാണ്.

അവിടെ അയാൾ സ്വയം തിരുത്തി സഹജീവികളെ അപമാനിക്കില്ല എന്ന് പറയുന്നു. അപ്പോൾ അയാളെ സൂപ്പർസ്റ്റാർ എന്ന് വിളിക്കാം.

ആ വാക്കിനെ പ്രശ്നവത്ക്കരിച്ചാലും ഇല്ലെങ്കിലും വർഗ – വർണ അപമാനങ്ങളെ നിശബദയോടെ പുറത്ത് വിടുന്നവരും ആസ്വദിക്കുന്നവരും സിനിമയിൽ ഇല്ലാതാവുന്നതിന്റെ തുടക്കമാകട്ടെ ഇത്.

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍