UPDATES

ആരാധകരേ, നിങ്ങള്‍ എനിക്ക് വേണ്ടി മറ്റുള്ളവരെ അപമാനിക്കരുത്; പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഫെയ്‌സ്ബുക്കിലൂടെ തന്റെ ആരാധകരെ തിരുത്തി മലയാള സിനിമാതാരം പൃഥ്വിരാജ്. സാമൂഹിക മാധ്യങ്ങളില്‍ തന്റെ ആരാധകര്‍ എന്നു പറഞ്ഞ് മറ്റു സിനിമകളെയും നടന്മാരെയും തീരെ സഭ്യമല്ലാത രീതിയില്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നത് തന്നെ വേദനിപ്പിക്കുന്നെന്നും എന്നോടുള്ള സ്‌നേഹത്തിന്റെ പേരില്‍ മറ്റു നടന്മാരെയോ അവരുടെ സിനിമകളെയോ നിങ്ങള്‍ താഴ്ത്തി കെട്ടുമ്പോള്‍ നിങ്ങള്‍ എനിക്ക് സമ്മാനിക്കുന്നത് പ്രോത്സാഹനം അല്ല, മറിച്ചു വേദനയും നാണക്കേടുമാണെന്നാണ് പൃഥ്വിരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

പൃഥ്വിരാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിത്വങ്ങള്‍ക്കു ആരാധകരും വിമര്‍ശകരും ഉണ്ടാവുക സ്വാഭാവികം. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെ ആയി ഒരു അഭിനേതാവായി ജീവിക്കുന്ന എന്നെ സ്‌നേഹിക്കുന്ന ആരാധകരും, എന്നില്‍ പോരായ്മകള്‍ കണ്ടെത്തുന്ന വിമര്‍ശകരും ഉണ്ട്, എന്ന സത്യം ഞാന്‍ സന്തോഷപൂര്‍വം തിരിച്ചറിഞ്ഞ ഒരു വസ്തുത ആണ്. ഇന്ന് എനിക്ക് സംസാരിക്കാന്‍ ഉള്ളത് ഇതില്‍ ആദ്യം പറഞ്ഞ കൂട്ടരോടാണ്. എന്നെയും എന്റെ സിനിമകളെയും സ്‌നേഹിച്ച്, എന്നെ ഞാന്‍ ആക്കി മാറ്റിയ എന്റെ പ്രിയപ്പെട്ട ആരാധകരോട്. സുഹൃത്തുക്കളെ, നിങ്ങളുടെ സ്‌നേഹത്തിനും പ്രോത്സാഹനത്തിനും ഒരായിരം നന്ദി! ജീവിതത്തിന്റെ പകുതി ഇതിനോടകം സിനിമയ്ക്കു വേണ്ടി ചിലവഴിച്ചവനാണ് ഞാന്‍. ഈ യാത്രയില്‍ ഓരോ കയറ്റത്തിലും ഇറക്കത്തിലും എനിക്ക് താങ്ങായി നിന്നതു നിങ്ങളാണ്. എന്റയോ എന്റെ സിനിമകളുടേയോ വിജയപരാജയങ്ങള്‍ മറ്റു സിനിമകളെയോ നടന്മാരെയോ ആസ്പദം ആക്കി അല്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ടു തന്നെ ഈയിടയായി പല സോഷ്യല്‍ നെറ്റുവര്‍ക്ക്‌ പ്ലാറ്റ്‌ഫോമുകളിലും കണ്ടു വരുന്ന നിങ്ങളില്‍ ചിലരുടെയെങ്കിലും അഭിപ്രായ പ്രകടനങ്ങളും അതിനു ഉപയോഗിക്കുന്ന ഭാഷയും, എന്നെ വേദനിപ്പിക്കുന്ന തരത്തില്‍ ഉള്ളതാണ്. എന്നോടുള്ള സ്‌നേഹത്തിന്റെ പേരില്‍ മറ്റു നടന്മാരെയോ അവരുടെ സിനിമകളെയോ നിങ്ങള്‍ താഴ്ത്തി കെട്ടുമ്പോള്‍ നിങ്ങള്‍ എനിക്ക് സമ്മാനിക്കുന്നത് പ്രോത്സാഹനം അല്ല, മറിച്ചു വേദനയും നാണക്കേടുമാണ്. ആരെയും വിമര്‍ശിക്കാന്‍ ഉള്ള അവകാശം നിങ്ങള്‍ക്കുണ്ട്. എന്നാല്‍ വിമര്‍ശനം മാന്യവും കാര്യമാത്രപ്രസക്തവും ആയ ഭാഷയില്‍ ആവണം. ഇനി ഒരിക്കല്‍ പോലും, എന്റെ പേരിലോ, എനിക്ക് വേണ്ടിയോ നിങ്ങള്‍ മറ്റൊരു സിനിമയെയോ നടനെയോ അവരുടെ ആരാധകരെ കുറിച്ചോ സഭ്യം അല്ലാത്ത ഭാഷയില്‍ പരാമര്‍ശിക്കരുത്. അത്..എന്റെ വിശ്വാസങ്ങള്‍ക്കും ഞാന്‍ പഠിച്ച എന്റെ ശരികള്‍ക്കും എതിരാണ്. എല്ലാ നല്ല സിനിമകളും വിജയിക്കണം..എല്ലാ നല്ല നടീനടന്മാരും വളരണം. എന്നെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍, നല്ല സിനിമയെയും നല്ല അഭിനയത്തേയും നിങ്ങള്‍ സ്‌നേഹിക്കണം. 

എന്ന്, 

 പൃഥ്വി

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍