UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നോട്ട് ക്ഷാമം ഉടനെയെങ്ങും പരിഹരിക്കപ്പെടില്ലെന്ന മുന്നറിയിപ്പുമായി സ്വകാര്യ ബാങ്കുകള്‍

ടീം അഴിമുഖം 

പ്രധാനമന്ത്രി നോട്ട് നിരോധനം പ്രഖ്യാപിച്ചതിനു ശേഷം എത്രത്തോളം പുതിയ 2000, 500 രൂപാ നോട്ടുകള്‍ പുറത്തിറക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കാന്‍ റിസര്‍വ് ബാങ്ക് തയാറായിരുന്നില്ല. എന്നാല്‍ അത് സംബന്ധിച്ച് ചില സര്‍ക്കാര്‍ ഇതര കണക്കുകള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. അതാകട്ടെ, സൂചിപ്പിക്കുന്നത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ദുരിതദിവസങ്ങളുടെ എണ്ണം ഇനിയും നീണ്ടു നില്‍ക്കുമെന്നും കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാകുമെന്നാണ്.

 

ഇതുവരെ 1.5 ലക്ഷം രൂപയുടെ നോട്ടുകള്‍ മാത്രമാണ് പുതുതായി ഇറക്കിയിരിക്കുന്നത് എന്നാണ് Credit Suisse നവംബര്‍ 25-ന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും 2,000 രൂപാ നോട്ടുകളാണെന്നും ഇത് സാധാരണ ക്രയവിക്രയത്തിന് ഉപയുക്തമല്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

50, 100 രുപാ നോട്ടുകളുടെ 2.2 ലക്ഷം കോടി രൂപയാണ് ഇപ്പോള്‍ പ്രചാരത്തിലുള്ളത്. ഇവയ്‌ക്കൊപ്പമാണ് പുതുതായി ഇറക്കിയിരിക്കുന്ന 1.5 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ കൂടി ചേരുക. എന്നാല്‍ പ്രചാരത്തില്‍ നിന്ന് പിന്‍വലിച്ചത് 14.18 ലക്ഷം കോടി രൂപയുടെ 2,203 കോടി നോട്ടുകളാണ്. ഇത്രയും പണം തിരികെ പ്രചാരത്തില്‍ എത്തിക്കാന്‍ റിസര്‍വ് ബാങ്കിന് മാസങ്ങള്‍ വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

ഇപ്പോഴുള്ള ആവശ്യങ്ങള്‍ പരിഗണിക്കാന്‍ റിസര്‍വ് ബാങ്ക് 150 കോടി (മൂന്നു ലക്ഷം കോടി രൂപ) നോട്ടുകള്‍ പ്രിന്റ് ചെയ്തിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ ഇവയില്‍ കൂടുതലും ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ ആയതിനാലും പ്രചാരത്തിലുള്ള കുറഞ്ഞ മൂല്യമുള്ള നോട്ടുകള്‍ 15 ശതമാനം മാത്രമായതിനാലും ക്രയവിക്രയത്തില്‍ പ്രശ്‌നങ്ങളുണ്ടാകുംം എന്ന് റിപ്പോര്‍ട്ട് പറയുന്നു.

 

സാധാരണ ഗതിയിലുള്ള ക്രയവിക്രയത്തിന് ഉതകുന്ന വിധത്തില്‍ നോട്ടുകള്‍ വേണമെങ്കില്‍ 500 രൂപയുടെ 1000-2000 കോടി നോട്ടുകള്‍ പുറത്തിറക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞയാഴ്ച ഇത്തരത്തില്‍ 40 കോടി നോട്ടുകള്‍ റിസര്‍വ് ബാങ്ക് ബാങ്കുകളിലെത്തിച്ചെങ്കിലും ഇത് 20,000 കോടി രൂപ മാത്രമേ ആകുന്നുള്ളൂ. ICICI Securities Primary Dealership പുറത്തിറക്കിയ റിപ്പോര്‍ട്ടിലെ വിവരങ്ങളും ഇതിനൊപ്പം ചേര്‍ന്നു നില്‍കകുന്നതാണ്.

 

പിന്‍വലിക്കാവുന്ന തുകയുടെ അളവ് കൂട്ടുകയും കൂടുതല്‍ എടിഎമ്മുകള്‍ പ്രവര്‍ത്തനക്ഷമമാവുകയും ചെയ്യുന്നതോടെ നോട്ടുകള്‍ക്കുള്ള ആവശ്യം വര്‍ധിക്കും. 2017 ജനുവരിക്കു മുമ്പ് കറന്‍സിയുടെ വിതരണം സാധാരണ നിലയില്‍ എത്തിക്കാന്‍ കഴിയും. എന്നാല്‍ അതിന് 150 ശതമാനത്തിന് മുകളില്‍ വിഭവശേഷി ഉണ്ടാകേണ്ടതുണ്ടെന്നും ഇത് ഭൗതികമായി ചെയ്യാന്‍ സാധിക്കുന്ന കാര്യമല്ലെന്നും ഐസിഐസിഐയുടെ റിപ്പോര്‍ട്ട് പറയുന്നു.

 

അതായത്, ഈ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കറന്‍സി വിതരണം 100 ശതമാനം പുന:സ്ഥാപിക്കപ്പെടണമെങ്കില്‍ അടുത്ത മാര്‍ച്ച് വരെയങ്കിലും കാത്തിരിക്കേണ്ടി വരും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍