UPDATES

മുഖ്യമന്ത്രി തെരുവില്‍ ഉപയോഗിക്കുന്ന ഭാഷ നിയമസഭയില്‍ ഉപയോഗിക്കുന്നു: രമേശ് ചെന്നിത്തല

അഴിമുഖം പ്രതിനിധി

പിണറായി വിജയന്‍ മുഖ്യമന്ത്രി പദത്തിന് യോജിക്കാത്ത വാക്കുകളാണ് നിയമസഭയില്‍ ഉപയോഗിക്കുന്നതെന്നും മഹാന്‍മാര്‍ ഇരുന്ന കസേരയിലാണ് പിണറായി വിജയന്‍ ഇരിക്കുന്നതെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യൂത്ത് കോണ്‍ഗ്രസിനെ പരിഹസിച്ചുള്ള പിണറായുടെ പ്രസ്താവനയെ തുടര്‍ന്ന് നിയമസഭ കലുഷിതമായി. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സ്പീക്കര്‍ നിയമസഭ നടപടികള്‍ വെട്ടിച്ചുരുക്കി ഇന്നത്തേക്ക് പിരിഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ പോലീസ് അക്രമം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കി. ഷാഫി പറമ്പിലാണ് അടിയന്തര പ്രമേയത്തിനു അനുമതി തേടിയത്. സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പ്രഹസനമാണെന്നും സ്പീക്കറുടെ സമ്മര്‍ദം കൊണ്ടാണ് ചര്‍ച്ചയ്ക്ക് തയാറായതെന്നും നോട്ടിസ് നല്‍കിയ ഷാഫി പറമ്പില്‍ ആരോപിച്ചു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകോപനമുണ്ടാക്കിയതാണ് സെക്രട്ടേറിയറ്റിനുമുന്നിലെ ലാത്തിച്ചാര്‍ജിനു കാരണമെന്നും വാടകയ്ക്ക് എടുത്ത ആള്‍ക്കാരും വിലയ്‌ക്കെടുത്ത മാധ്യമങ്ങളുമായിട്ടാണ് യൂത്ത് കോണ്‍ഗ്രസ് സമരം നടത്തുന്നതെന്നും പിണറായി ആക്ഷേപിച്ചു. മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശം സഭയെ പ്രക്ഷുബ്ധമാക്കി. തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.

തെരുവിലും പാര്‍ട്ടികമ്മിറ്റിയിലും ഉപയോഗിക്കുന്ന ഭാഷയാണ് പിണറായി സഭയിലും സംസാരിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ സഭയിലെ പ്രസ്താവനകള്‍ പരിശോധിക്കണമെന്ന് സ്പീക്കറോട് ആവിശ്യപ്പെട്ടിട്ടുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിന്റെ സമരങ്ങളെ അടിച്ചമര്‍ത്തുകയാണെന്നും ഭരണപക്ഷം പോലീസിനെ ഉപയോഗിച്ച് നരനായാട്ട് നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍