UPDATES

അഴിമുഖം ഡെസ്ക്

കാഴ്ചപ്പാട്

അഴിമുഖം ഡെസ്ക്

ന്യൂസ് അപ്ഡേറ്റ്സ്

സ്വകാര്യസര്‍വ്വകലാശാല; ശവപ്പെട്ടിയിലെ അവസാനത്തെ ആണി

താരതമ്യേന കുറഞ്ഞ പ്രതിശീര്‍ഷ വരുമാനത്തിലും മെച്ചപ്പെട്ട ജീവിതരീതി കരുപ്പിടിപ്പിച്ച ഒരു കാലമുണ്ടായിരുന്നു കേരളത്തില്‍. വിദേശത്തെ സാമൂഹിക ഗവേഷകര്‍ പോലും അത്ഭുതത്തോടെ നോക്കിക്കണ്ട ഒരു പ്രതിഭാസം. അതിനാരോ ‘കേരള മോഡല്‍ ഓഫ് ഡവലപ്പ്‌മെന്റ്’ എന്ന് പേരിട്ടു. മെച്ചപ്പെട്ട ആരോഗ്യ നിലവാരവും മെച്ചപ്പെട്ട വിദ്യാഭ്യാസവുമായിരുന്നു ആ മേഖലയിലെ അടിസ്ഥാനശിലകള്‍. എന്നാല്‍, കേരളത്തില്‍ ഇന്ന് ആ രണ്ടു ശിലകളും ഇളക്കിമാറ്റപ്പെട്ടിരിക്കുന്നു. താങ്ങില്ലാത്ത മേല്‍ക്കൂര പോലെ അത് എപ്പോള്‍ വേണമെങ്കിലും തകര്‍ന്നുവീഴാം. അതിനു മുമ്പ് ആകാവുന്ന കഴുക്കോലുകള്‍ വലിച്ചെടുക്കാനുള്ള തത്രപ്പാടിലാണ് കേരളത്തിന്റെ രാഷ്ട്രീയ നേതൃത്വം. അതിന്റെ ഏറ്റവും പുതിയ നീക്കമാണ് സ്വകാര്യ സര്‍വ്വകലാശാല.

കേരളത്തിലെ വിദ്യാഭ്യാസ നിലവാരം മെച്ചമാക്കിയതില്‍ കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും പങ്കില്ല. കേരളം എന്ന സംസ്ഥാനം ഉണ്ടാകുന്നതിനു വളരെ മുമ്പുതന്നെ, മറ്റേത് സംസ്ഥാനത്തെക്കാളും മെച്ചമായ വിദ്യാഭ്യാസ സമ്പ്രദായം കേരളത്തില്‍ നിലനിന്നിരുന്നു. അതിനു കാരണം, ഇംഗ്ലീഷ് വിദ്യാഭ്യാസം നടപ്പിലാക്കിയ രാജാക്കന്‍മാരും വിദ്യാഭ്യാസം ഒരു മഹത്തായ സേവനമായിക്കണ്ട ക്രിസ്ത്യന്‍ മിഷണറിമാരുമായിരുന്നു.

എന്നാല്‍ കേരളപ്പിറവിക്കുശേഷം വിദ്യാഭ്യാസരംഗത്തിന്റെ പ്രാധാന്യവും പ്രാമുഖ്യവും കുറഞ്ഞുകുറഞ്ഞു വന്നു. അതിനുപ്രധാന കാരണം, മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിച്ച ഒരു രാഷ്ട്രീയ നേതാവ് പോലും (ജോസഫ് മുണ്ടശ്ശേരി ഒഴിച്ച്) കേരളത്തിലെ വിദ്യാഭ്യാസമന്ത്രിയായിരുന്നിട്ടില്ല എന്നതാണ്. മാറിമാറി ധരിക്കുന്ന ബ്രാന്‍ഡഡ് ഷര്‍ട്ടുകള്‍ തിരഞ്ഞെടുക്കുന്നതില്‍ കാട്ടുന്ന ശുഷ്‌കാന്തിയുടെ പത്തിലൊരംശമെങ്കിലും റബ്ബുമാര്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കാണിച്ചിരുന്നെങ്കില്‍ കേരളത്തിലെ വിദ്യാഭ്യാസരംഗം ഈ രീതിയില്‍ അധഃപതിക്കുകയില്ലായിരുന്നു.

കേരള സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണ് സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ്. ഇതൊരു അക്കാദമിക് സ്ഥാപനമാണ്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ നാലാം ക്ലാസിലും ഏഴാംക്ലാസിലും പഠിക്കുന്ന 2000 വിദ്യാര്‍ത്ഥികളില്‍ നടത്തിയ സര്‍വ്വേ ഫലം മാറിമാറി ഭരിച്ച വിദ്യാഭ്യാസമന്ത്രിമാരുടെ മുഖത്തേറ്റ അടിയാണ്. പക്ഷെ, അവരാരും അതുകൊണ്ടതായേ ഭാവിക്കുന്നില്ല. അവരൊക്കെ കഴുക്കോല്‍ തിരയുന്ന തിരക്കിലാണ്.

നാലാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളില്‍ പലര്‍ക്കും മലയാളം അക്ഷരം അറിയില്ല. (പണ്ട്, ഒന്നാം ക്ലാസില്‍ ചേരുന്നതിനു മുമ്പു തന്നെ എഴുത്തുപള്ളിക്കൂടത്തില്‍ നിന്ന് കുട്ടികള്‍ മലയാള അക്ഷരങ്ങള്‍ പഠിച്ചിരുന്നു.) 25 ശതമാനം കുട്ടികള്‍ക്കും ഇംഗ്ലീഷ് അറിയില്ല. ഏഴാം ക്ലാസിലെത്തുമ്പോള്‍ ഇവരുടെ ശതമാനം 30 ആയി വര്‍ദ്ധിക്കുന്നു. കണക്കിന് പൊതുവെ പുറകിലാണ്. പത്തു ശതമാനത്തിലേറെ കുട്ടികള്‍ക്ക് കണക്കിന്റെ അടിസ്ഥാനം പോലും അറിയില്ല. അതായത് കൂട്ടാനും കുറയ്ക്കാനും പോലും അറിയില്ല എന്ന്. ഏഴാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളുടെ കാര്യമാണ് പറയുന്നത് എന്നോര്‍ക്കുക. കുട്ടികളില്‍ 85 ശതമാനം പേര്‍ക്കും ശാസ്ത്രത്തെക്കുറിച്ച് വലിയ പിടിപാടൊന്നുമില്ല. (അതൊരു കുറവല്ല. കേരളത്തിലെ വിദ്യാസമ്പന്നരുടെ ഇടയില്‍ പോലും ശാസ്ത്രഅവബോധം തീരെ കുറവാണ്. അതുകൊണ്ടാണ് ടെക്‌നോക്രാറ്റ് ആയിരുന്ന അബ്ദുല്‍ കലാമിനെ ഇന്ത്യ കണ്ട ഏറ്റവും മികച്ച ശാസ്ത്രജ്ഞന്‍ എന്ന് പറഞ്ഞ് ആദരിക്കുന്നത്.)

ഈ നിലവാരമുള്ള കുട്ടികളാണ് ആള്‍ പ്രമോഷനിലൂടെ പത്താംക്ലാസ് വരെ എത്തുന്നത്. പത്താംക്ലാസില്‍ വിജയശതമാനം 90 നു മുകളിലാണ്. വിജയശതമാനം കൂടുന്നതില്‍ അഭിമാനിക്കുകയല്ലേ വേണ്ടത് എന്ന് വിദ്യാഭ്യാസ മന്ത്രി അഭിമാനത്തോടെ ചോദിക്കുമ്പോള്‍, മന്ത്രിമാരുള്‍പ്പെടെ, ഈ വിജയിച്ചതില്‍ എത്രപേര്‍ക്ക് സ്വന്തം പേര് അക്ഷരത്തെറ്റുകൂടാതെ എഴുതാന്‍ കഴിയുമെന്ന് ആലോചിക്കുന്നത്, പറയുന്നത് അല്‍പം ക്രൂരമാണെങ്കിലും, നല്ലതായിരിക്കും. (തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സിനിമാ അവാര്‍ഡ് പ്രഖ്യാപനം മലയാളത്തില്‍ എഴുതിയത് വായിച്ചത് ഓര്‍ക്കുക.) ഇങ്ങനത്തെ 90 ശതമാനം പേരാണ് പ്ലസ് ടുവിന് ചേരുന്നത്. അവരാണ് എന്‍ട്രന്‍സ് പരീക്ഷ എഴുതുന്നത്. പ്ലസ് ടുവിന് 40 ശതമാനം മാര്‍ക്കുണ്ടെങ്കിലും ഇഞ്ചിനീയറിംഗിനോ മെഡിക്കലിനോ സീറ്റുറപ്പ്. അത്രയേറെ സ്വാശ്രയ കോളേജുകള്‍ കേരളത്തിലാകെ വാരിവിതറിക്കൊണ്ടാണ് ആന്റണി മുതല്‍ ഉമ്മന്‍ചാണ്ടിവരെയുള്ള മുഖ്യമന്ത്രിമാര്‍ കേരള വിദ്യാഭ്യാസരംഗത്ത് വികസനത്തിന്റെ ശംഖൊലി ഉയര്‍ത്തിയത്. എഞ്ചിനീയറിംഗിന് അഡ്മിഷന്‍ കിട്ടുന്ന കുട്ടിക്ക് ബി.എ. ചരിത്രം പഠിക്കാന്‍ അഡ്മിഷന്‍ കിട്ടില്ല എന്നതാണ് നമ്മുടെ വിദ്യാഭ്യാസത്തിന്റെ പരിതാപകരമായ മുഖം.

എന്തിനായിരുന്നു ഇത്രയധികം എഞ്ചിനീയറിംഗ് കോളേജുകളും മെഡിക്കല്‍ കോളേജുകളും തുടങ്ങാന്‍ അനുമതി നല്‍കിയത്? നേരത്തെ തന്നെയുള്ള സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജുകളുടെയും മെഡിക്കല്‍ കോളേജുകളുടെയും സീറ്റില്‍ കുറവു വന്നിട്ടില്ല. സീറ്റ് കൂടിയിട്ടേയുള്ളു. പ്രി-ഡിഗ്രിക്ക് 70-80 ശതമാനത്തിലധികം മാര്‍ക്ക് വാങ്ങുന്ന മിടുക്കരായ കുട്ടികളില്‍ നിന്നാണ് എഞ്ചിനീയറിംഗിനും മെഡിസിനും വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുത്തിരുന്നത്. ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്ന കുട്ടികള്‍ മാത്രമാണ് മിടുക്കന്‍മാര്‍ എന്നല്ല പറഞ്ഞുവരുന്നത്. അവരാരും മണ്ടന്‍മാരാകാന്‍ സാധ്യത ഇല്ലെന്നാണ്. ഈ മിടുക്കന്‍മാരുടെ ഇടയിലേക്ക് മണ്ടന്‍മാരായ കുട്ടികളെ നിയമവിരുദ്ധമായി തിരുകിക്കയറ്റാനുള്ള ശ്രമമായിരുന്നു കുപ്രസിദ്ധമായ മാര്‍ക്‌ലിസ്റ്റ് കേസ്. അതിനു ചുക്കാന്‍ പിടിച്ചത് ഇവിടുത്തെ രാഷ്ട്രീയ-മുതലാളി നേതാക്കളായിരുന്നു. അതിന്റെ ഗുണഭോക്താക്കള്‍ മാര്‍ക്ക് ലിസ്റ്റ് തിരുത്തികിട്ടുന്നതിനു വേണ്ടി പണം മുടക്കാന്‍ തയ്യാറായ സമ്പന്നരായിരുന്നു. മണ്ടന്‍മാരായ മക്കളെ ഡോക്ടര്‍ ആക്കാന്‍ ശ്രമിച്ച ഡോക്ടര്‍മാരായ അച്ഛന്‍മാരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.

ആ നീക്കം പാളിയതിനെ തുടര്‍ന്നാണ് സ്വാശ്രയ കോളേജുകള്‍ എന്ന ആശയം വ്യാപകമായി പ്രാവര്‍ത്തികമാക്കാന്‍ തുടങ്ങിയത്. അപേക്ഷകരെ തിരഞ്ഞെടുക്കേണ്ടിവരുമ്പോള്‍ അതിനിടയ്ക്ക് അഴിമതി ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയ ആന്റണി അപേക്ഷിച്ച എല്ലാവര്‍ക്കും സ്വാശ്രയ എഞ്ചിനീയറിംഗ് – മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ അനുമതി കൊടുത്തു. തിരഞ്ഞെടുപ്പുസമയത്തുണ്ടാകുമായിരുന്ന ചെറിയ അഴിമതി ഇല്ലാതാക്കാന്‍ ആന്റണിയുടെ ആദര്‍ശത്തിനു കഴിഞ്ഞു. പക്ഷെ, ഉന്നത വിദ്യാഭ്യാസം കുളംതോണ്ടുന്നതിനുള്ള പാലം, ആ നീക്കത്തിലൂടെ, ആന്റണി തുറന്നുകൊടുത്തു. അങ്ങനെയാണ് പത്താംക്ലാസ് പാസ്സാകാത്ത കള്ളുകച്ചവടക്കാരന്റെയും കള്ളുഷാപ്പില്‍ മീന്‍കറി സപ്ലെ ചെയ്തുകൊണ്ടിരുന്നവന്റെയുമൊക്കെ പേരില്‍ മെഡിക്കല്‍ കോളേജും എഞ്ചിനീയറിംഗ് കോളേജും ഉണ്ടായത്.

സ്വാശ്രയ കോളേജ് മുതലാളിമാര്‍ കണ്ണുവച്ചത് കേരളത്തിലെ ഇടത്തരം കുടുംബങ്ങളെയായിരുന്നു. ഭാര്യയും ഭര്‍ത്താവും സര്‍ക്കാര്‍ ഓഫീസിലെ ക്ലാര്‍ക്കുമാരായതു കൊണ്ടും കുടുംബാസൂത്രണം ഭംഗിയായി നടപ്പാക്കിയതു കൊണ്ടും ഒരു മകന്‍ അല്ലെങ്കില്‍ ഒരു മകള്‍ മാത്രമേ അടുത്ത തലമുറയായി ഉള്ളൂ. അച്ഛനും അമ്മയും കൂടിച്ചേര്‍ന്ന് ലോണെടുത്തും മറ്റും ഒരു വീടുണ്ടാക്കിയിട്ടുണ്ട്. അത് മകന് അല്ലെങ്കില്‍ മകള്‍ക്കാണ്. അതായത് അടുത്ത തലമുറ വിവാഹിതരാകുമ്പോള്‍ അവര്‍ക്ക് (ഭാര്യയ്ക്കും ഭര്‍ത്താവിനും) ഓരോ വീടുണ്ട്. ഈ ഭാര്യയും ഭര്‍ത്താവുമാണ് അവരുടെ മക്കള്‍ക്ക് എത്ര ലക്ഷം ഫീസുകൊടുത്തും (കോഴ എന്നു വായിക്കുക) എഞ്ചിനീയറോ ഡോക്ടറോ ആക്കാന്‍ വൃതമെടുത്തിരിക്കുന്നത്. മണ്ടന്‍മാരായ ഈ മാതാപിതാക്കള്‍ മണ്ടന്‍മാരായ തങ്ങളുടെ മക്കളെ (മാര്‍ക്ക് 40 ശതമാനമാണെങ്കിലും) എഞ്ചിനീയറോ ഡോക്ടറോ ആക്കാനുള്ള ശ്രമം തുടങ്ങുന്നു. അവരുടെ പണത്തിലാണ് സ്വാശ്രയ കോളേജു ഷൈലോക്കുമാരുടെ കണ്ണ്. കാരണം, ഈ മണ്ടന്‍മാരൊന്നും എഞ്ചിനീയറിംഗോ മെഡിസിനോ വിജയകരമായി പൂര്‍ത്തിയാക്കില്ല എന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്ക് (കുട്ടികളുടെ മാതാപിതാക്കള്‍ക്കൊഴിച്ച്) ഒക്കെ അറിയാം. പക്ഷെ, അവരൊന്നും യാതൊന്നും അറിയില്ല എന്നുവയ്ക്കുന്നു. കോഴ്‌സുകഴിഞ്ഞ പലര്‍ക്കും 20-25 പേപ്പറുകള്‍ കിട്ടാനുണ്ട്. അത് എഴുതിയെടുക്കാമെന്ന മോഹമല്ലാതെ വിശ്വാസം ഭൂരിപക്ഷത്തിനും ഇല്ല. ഇനി പാസ്സായവരുടെ കാര്യമോ? ചെറിയ ശതമാനം താല്‍ക്കാലിക പ്രതിഭാസമായ ഐ.ടി.കമ്പനികളില്‍ ചേക്കോറുന്നു. ഭൂരിഭാഗവും ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ക്ലാര്‍ക്കായോ സ്വകാര്യ കമ്പനികളിലെ ബിസിനസ് എക്‌സിക്യൂട്ടീവ് എന്ന സെയില്‍സ് മാനോ, കണക്കെഴുത്തുപിള്ളയോ ഒക്കെയായി മാറുന്നു. മാതാപിതാക്കള്‍ നഷ്ടസ്വപ്നത്തെ ഓര്‍ത്ത് നെടുവീര്‍പ്പിടും. മക്കള്‍ക്ക് അത് കേള്‍ക്കാന്‍ സമയമുണ്ടാകില്ല.

ആന്റണി 50:50 എന്ന അനുപാതത്തില്‍ ഒരു നിബന്ധന വച്ചു. അതായത്, സ്വകാര്യ സ്ഥാപനങ്ങള്‍ 50 ശതമാനം സീറ്റുകള്‍ മെരിറ്റിലുള്ളവര്‍ക്ക് നല്‍കണം. ബാക്കി സീറ്റുകള്‍ പഠിയ്ക്കാന്‍ മണ്ടന്‍മാരായ മക്കളെ ഏതു വിധേനയും എഞ്ചിനീയറോ ഡോക്ടറോ ആക്കി രാഷ്ട്രപുനര്‍നിര്‍മ്മാണത്തിന് സംഭാവന ചെയ്യണം എന്നു കരുതുന്ന മണ്ടന്‍മാരായ മാതാപിതാക്കളെ പിഴിഞ്ഞ് നിറയ്ക്കാം.

50 ശതമാനം പേരെങ്കിലും മിടുക്കരായവര്‍ ആകുമായിരുന്ന ആ വ്യവസ്ഥ അട്ടിമറിച്ചത് രണ്ടാം മുണ്ടശ്ശേരി എന്ന് വാഴ്ത്തപ്പെടുന്ന എം.എ.ബേബിയായിരുന്നു. ബേബി കൊണ്ടുവന്ന വിദ്യാഭ്യാസ ബില്ല് പ്രകാരം 70 ശതമാനത്തോളം സീറ്റുകള്‍ മെരിറ്റുള്‍പ്പെടെയുള്ള റിസര്‍വേഷനായി മാറ്റപ്പെടും. ഏതൊരു റിസര്‍വേഷനും 50 ശസതമാനത്തില്‍ കൂടാന്‍ പാടില്ല എന്ന സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ വിധി നിലനില്‍ക്കെയാണ് അതിനും മേലെ, പുരോഗമന ചിന്ത എന്ന പേരില്‍ ബേബി ബില്ലില്‍ റിസര്‍വേഷന്‍ മാറ്റിവച്ചത്. കോടതി ആ ബില്ല് റദ്ദുചെയ്യുമെന്ന് സാമാന്യബോധമുള്ളവരൊക്കെ അന്നുതന്നെ പറഞ്ഞിരുന്നതാണ്. അതുതന്നെ സംഭവിച്ചു. സ്വാശ്രയ കോളേജുകളുടെ മേല്‍, അഡ്മിഷന്റെ കാര്യത്തില്‍, സര്‍ക്കാരിന് യാതൊരു നിയന്ത്രണവും ഇല്ലാതായി.

ഇതിനിടയ്ക്കാണ്, ആന്റണിയുടെ മന്ത്രിസഭാകാലത്ത്, 2004 ആഗസ്റ്റ് മാസത്തില്‍, രജനി എസ്. ആനന്ദ് എന്ന പെണ്‍കുട്ടി എന്‍ട്രന്‍സ് പരീക്ഷാ കമ്മീഷണറുടെ ഓഫീസിനു മുകളില്‍ നിന്ന്  ചാടി ആത്മഹത്യ ചെയ്തത്. അടൂരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്പ്‌മെന്റിലെ  എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്നു രജനി. ഹോസ്റ്റല്‍ ഫീസായ 1200 രൂപ അടയ്ക്കാത്തതുകൊണ്ട് രജനിയെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയിരുന്നു. ബാങ്ക് ലോണ്‍ എടുക്കാനുള്ള സാധ്യതയും ഇല്ലാതായതിനെ തുടര്‍ന്നായിരുന്നു ആത്മഹത്യ. രജനിക്ക് മെരിറ്റില്‍ അഡ്മിഷന്‍ കിട്ടിയതായിരുന്നില്ല. നല്ല മാര്‍ക്കില്ലായിരുന്നു. നല്ല മാര്‍ക്കുണ്ടായിരുന്നെങ്കില്‍ ആ കുട്ടിയ്ക്ക് ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍തന്നെ അഡ്മിഷന്‍ ലഭിക്കുമായിരുന്നു. പണം കൊടുത്ത് പഠിയ്ക്കാനുള്ള കഴിവും ഇല്ലായിരുന്നു. അതുകൊണ്ടാണ് ഹോസ്റ്റല്‍ ഫീസായ 1200 രൂപ കൊടുക്കാന്‍ കഴിയാതെ പോയത്.

ഇവിടെ ഉയരുന്ന ഒരു ചോദ്യമുണ്ട്. പഠിക്കാന്‍ മിടുക്കിയല്ലെങ്കില്‍, പണം മുടക്കി പഠിക്കാന്‍  സാമ്പത്തിക ശേഷിയില്ലെങ്കില്‍, അതിനു മറ്റു വഴികള്‍ ഇല്ലെങ്കില്‍, രജനി എന്തിനാണ് എഞ്ചിനീയറിംഗ് കോളേജില്‍ ചേര്‍ന്നത്? നിലവിലെ വ്യവസ്ഥയനുസരിച്ച് ഒന്നുകില്‍ നിങ്ങള്‍ക്ക് നല്ല മാര്‍ക്കു വേണം. അല്ലെങ്കില്‍ നല്ല പണം വേണം. രണ്ടുമില്ലാത്ത രജനി അത്തരമൊരു കോഴ്‌സിനു ചേരുമ്പോള്‍ തന്നെ യഥാര്‍ത്ഥത്തില്‍, ആത്മഹത്യ ചെയ്തു കഴിഞ്ഞിരുന്നില്ലേ?

എന്നാല്‍ ഇത്തരം ചോദ്യങ്ങളൊന്നും ഉയര്‍ത്താന്‍ അനുവദിക്കാതെ എസ്.എഫ്.ഐ. സമരം  ഏറ്റെടുത്തു. രജനിയുടെ ദാരിദ്ര്യത്തേയും ദളിത് ഐഡന്റിറ്റിയേയും കുറിച്ച് വാചാലമായി പ്രസംഗിച്ച നേതാക്കള്‍ ബാങ്കുകളുടെ നേര്‍ക്ക് അക്രമം അഴിച്ചുവിട്ടു. അതോടെ, ബാങ്കുകള്‍ വിദ്യാഭ്യാസ ലോണ്‍ കൊടുക്കാന്‍ ബാധ്യസ്ഥരാണെന്ന് കാണിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. ഇതാണ്, വാസ്തവത്തില്‍ സ്വകാര്യ മാനേജ്‌മെന്റും അവരുടെ ഇംഗിതത്തിനനുസരിച്ച് സമരം ചെയ്യുന്ന എസ്.എഫ്.ഐ.യും ആഗ്രഹിച്ചത്. ബാങ്കുകള്‍ ലോണ്‍ കൊടുത്തതോടെ നിറയാതെ കിടന്ന സീറ്റുകളൊക്കെ നിറഞ്ഞു. സ്വകാര്യമാനേജ്‌മെന്റിന്റെ നഷ്ടം നികത്തി. ബാങ്ക് ഒരു വ്യാപാരസ്ഥാപനമാണെന്നും നിങ്ങളുടെ പണം സ്വീകരിച്ച് നിങ്ങള്‍ക്ക് ഒരു ചെറിയ പലിശ തന്നിട്ട് അതിനേക്കാള്‍ മുന്തിയ നിരക്കിലുള്ള പലിശയ്ക്ക് നിങ്ങള്‍ക്കുതന്നെ പണം കടംതരുന്ന സ്ഥാപനമാണ്  എന്നുമുള്ള അടിസ്ഥാന തത്വം പോലും ആരും ഓര്‍ത്തില്ല. അല്ലെങ്കില്‍, ഓര്‍ക്കാന്‍ അനുവദിച്ചില്ല.

പിന്നെയും കടമ്പകള്‍ ഏറെ. പല എഞ്ചിനീയറിംഗ് കോളേജുകളിലും വിജയ ശതമാനം നന്നേ കമ്മി. കാരണം, പരീക്ഷ നടത്തുന്നത് സര്‍വ്വകലാശാലയാണ്. മണ്ടന്‍മാര്‍ക്ക് അഡ്മിഷന്‍ കിട്ടും.  അവര്‍ക്ക് കോളേജില്‍ പോകാം. പരീക്ഷ എഴുതാം. പക്ഷെ, അവര്‍ ജയിക്കണമെന്നില്ല. അതാണ് പ്രശ്‌നം. ഈ പ്രശ്‌നത്തിനുള്ള പരിഹാരമാണ് സ്വകാര്യ സര്‍വ്വകലാശാല. സര്‍വ്വകലാശാല കൂടി സ്വന്തമായാല്‍ പിന്നെ വിജയം നൂറുശതമാനമാക്കാം. (റബ്ബിനെ കടത്തിവെട്ടാം എന്നു ചുരുക്കം.)  സ്വകാര്യ സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍മാരായി വെള്ളാപ്പള്ളി നടേശനോ സൗത്ത് പാര്‍ക്ക് മോഹന്‍ദാസിനോ യൂസഫ് അലിയോ എം.വി.ജയരാജനോ, രാജ്കുമാര്‍ ഉണ്ണിയോ, മോഹന്‍ലാലോ ഒക്കെ വന്നാല്‍ അത്ഭുതപ്പെടേണ്ട. എല്ലാവരും കച്ചവടം നന്നായി അറിയുന്ന മഹാത്മാക്കളാണ്. പള്ളിക്കാര്‍ നടത്തുന്ന സര്‍വ്വകലാശാലയിലെ വൈസ് ചാന്‍സലര്‍മാര്‍ക്ക് തിയോളജിയിലെങ്കിലും ഡോക്ടറേറ്റ് ഉറപ്പാണ്.

ഈ സര്‍വ്വകലാശാലകള്‍ക്കൊക്കെ ഏതെങ്കിലും വിദേശ സര്‍വ്വകലാശാലയുമായി അഫിലിയേഷന്‍ കാണും. അത് മലയാളിക്ക് നിര്‍ബന്ധമാണ്. (മലയാളം ന്യൂസ് ചാനലില്‍ മലയാളത്തില്‍  വാര്‍ത്ത വായിക്കാന്‍ സ്യൂട്ടും കോട്ടും നിര്‍ബന്ധമായും വേണമെന്നു ശഠിയ്ക്കുന്ന കോമാളിമാരുടെ നാടാണ് നമ്മുടെ കേരളം.) മിക്കവാറും, ഏതെങ്കിലും അമേരിക്കന്‍ സര്‍വ്വകലാശാലയുമായിട്ടായിരിക്കും അഫിലിയേഷന്‍. അമേരിക്കയില്‍ നാനൂറില്‍പ്പരം സര്‍വ്വകലാശാലകള്‍ ഉണ്ട്. അവയില്‍ ചെറിയ ഒരു ശതമാനം അതാതു സംസ്ഥാനങ്ങള്‍ വഹിക്കുന്നു. (അമേരിക്കന്‍ ഫെഡറല്‍ ഗവണ്‍മെന്റ് സാധാരണഗതിയിലുള്ള സര്‍വ്വകലാശാലകള്‍ നടത്തുന്നില്ല. ഫെഡറല്‍ ഗവണ്‍മെന്റിന്റെ കീഴിലുള്ള സര്‍വ്വകലാശാലകള്‍ പ്രധാനമായും പ്രതിരോധരംഗത്താണ്.) ഭൂരിഭാഗം സ്വകാര്യ സ്ഥാപനങ്ങളോ വ്യക്തികളോ നടത്തുന്ന സര്‍വ്വകലാശാലകള്‍ ആണ്. എന്നാല്‍, ഇവയ്‌ക്കൊക്കൊ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന അക്രിഡിറ്റേഷന്‍ ഏജന്‍സികള്‍ ഉണ്ട്. പ്രാദേശിക തലത്തിലുള്ള ഈ ഏജന്‍സികള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ആണ് ഈ സര്‍വ്വകലാശാലകളുടെ റേറ്റിംഗ് നിശ്ചയിക്കുന്നത്. ഏജന്‍സികളുടെ റേറ്റിംഗില്‍ പിന്നിലാവുന്ന സര്‍വ്വകലാശാലകളിലേക്ക് മാതാപിതാക്കള്‍ മക്കളെ അയക്കില്ല. അത്തരം സര്‍വ്വകലാശാലകള്‍ നിര്‍ത്തേണ്ടിവന്ന സാഹചര്യവും ഉണ്ട്. (അല്ലാതെ, നാലുകൊല്ലം പഠിച്ച കോളേജിന്  അംഗീകാരം ഇല്ലായിരുന്നു എന്ന കാര്യം നാലാംകൊല്ലം പത്രവാര്‍ത്തയിലൂടെ മനസ്സിലാക്കുന്ന മാതാപിതാക്കളെ പോലെയല്ല.) അക്രെഡിറ്റേഷന്‍ ഏജന്‍സികളുടെ പ്രവര്‍ത്തനം സുതാര്യമാണ്. (ഉമ്മന്‍ചാണ്ടിയുടെ സുതാര്യത പോലെയല്ല എന്ന് ഓര്‍ക്കണം.)

ഇതിലേതെങ്കിലും ഒരു സര്‍വ്വകലാശാലയുമായി അഫിലിയേഷന്‍ ഉണ്ടെന്നു പറഞ്ഞാല്‍, അതിനര്‍ത്ഥം ആ സര്‍വ്വകലാശാല നടത്തിപ്പുകാര്‍ ഇവിടുത്തെ കാര്യങ്ങളില്‍ ഇടപെടുമെന്നോ കാര്യങ്ങള്‍ ഭംഗിയായി നടത്തിക്കുമെന്നോ അല്ല. (സായിപ്പിന് വേറെ പണിയുണ്ട്.). സര്‍വ്വകലാശാലകള്‍ക്ക് സീറ്റ് ഒന്നിനോ കോഴ്‌സ് ഒന്നിനോ എന്ന നിരക്കില്‍ കപ്പം കൊടുക്കണം. അവരുടെ പേര്  ദുരുപയോഗപ്പെടുത്തുന്നതിന്. അമേരിക്കയിലെ ഒരു സര്‍വ്വകലാശാലയുമായി അഫിലിയേഷന്‍ ഉള്ള കേരളത്തിലെ ഒരു സര്‍വ്വകലാശാലയില്‍ ഇംഗ്ലീഷ് അക്ഷരങ്ങള്‍ തെറ്റുകൂടാതെ എഴുതാന്‍ കഴിയാത്ത മാഷ് ഇംഗ്ലീഷ് പഠിപ്പിക്കുന്നു എന്നത് അമേരിക്കന്‍ സര്‍വ്വകലാശാലയ്ക്ക് ദുഷ്‌പേര് വരുത്തില്ല. അവരുടെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ഇവിടുത്തെ അക്രിഡിറ്റേഷന്‍ ഏജന്‍സി ആണ്.  അവര്‍, ഒരു പക്ഷേ, കേരളം എന്ന മഹാരാജ്യത്തെക്കുറിച്ച് കേട്ടിരിക്കാനേ വഴിയില്ല. (ബരാക് ഒബാമ 24 മണിക്കൂറും കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരുടെ ചെയ്തികളെ നോക്കിക്കൊണ്ടിരിക്കുകയാണെന്ന് ലോകത്തിലെ ഒരു പിണറായി വിജയന് മാത്രമേ പറയാന്‍ കഴിയൂ)

സ്വകാര്യ സര്‍വ്വകലാശാല വരുന്നതോടെ തെളിയുന്ന റൂട്ട്മാപ്പ് ഇതാണ്.

ഇംഗ്ലീഷ് അക്ഷരമാലയോ മലയാളം അക്ഷരമാലയോ, കണക്കിന്റെ അടിസ്ഥാന ശിലകളോ, ശാസ്ത്രമോ, ഒന്നും അറിയാത്ത നാലാംക്ലാസിലെ വിദ്യാര്‍ത്ഥികള്‍ ഹൈസ്‌കൂള്‍ കടന്ന്, അവരുടെ അജ്ഞതയുടെ ലോകത്തിന്റെ അതിരുകള്‍ വര്‍ദ്ധിപ്പിച്ച്, പത്താംതരത്തില്‍, റബ്ബിന്റെ കനിവില്‍, പാസായ ശേഷം എന്തെങ്കിലും സ്വകാര്യ സര്‍വ്വകലാശാലയില്‍ (അമേരിക്കന്‍ സര്‍വ്വകലാശാലയുമായി അഫിലിയേഷന്‍ ഉള്ള) പ്ലസ് ടു ജയിച്ച്, അതേ സര്‍വ്വകലാശാലയിലോ അതുപോലുള്ള മറ്റ് ഏതെങ്കിലും സര്‍വ്വകലാശാലയിലോ എഞ്ചിനീയറിംഗിനോ മെഡിസിനോ ചേര്‍ന്ന്, ഒരു ചോദ്യത്തിനു പോലും ഉത്തരമെഴുതാതെ, എല്ലാ പേപ്പറിനും നൂറില്‍ നൂറും മാര്‍ക്ക് വാങ്ങി, ഉന്നത വിജയാഹ്ലാദത്തോടെ രാഷ്ട്രപുനര്‍നിര്‍മ്മാണ പ്രക്രിയയില്‍ പങ്കാളിയാകുന്നു. കൈയ്യില്‍ വെള്ളാപ്പള്ളിയോ യൂസഫലിയോ ഒപ്പിട്ട സര്‍ട്ടിഫിക്കറ്റും കാണും. കള്ളുകച്ചവടത്തിലും മാളുകച്ചവടത്തിലും ഡോക്ടറേറ്റ് നേടിയവരാണവര്‍.

സാക്ഷര കേരളം. സുന്ദരകേരളം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍