UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉന്നതവിദ്യാഭ്യാസ രംഗം ആള്‍ക്കൂട്ടമാകുമ്പോള്‍

ആഗോളീകരണം ഇന്ത്യയിൽ ഉണ്ടാക്കിയ സാമൂഹിക നഷ്ടങ്ങൾ ഇതുവരെ കണക്കാക്കിയിട്ടില്ല. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഉന്നത വിദ്യാഭ്യാസം. ഉന്നത വിദ്യാഭ്യാസം ഇപ്പോള്‍ മറ്റേതുതരം കച്ചവടം പോലെയും ആയിത്തീര്‍ന്നിരിക്കുന്നു. കേരളീയര്ക്ക് ഇതൊരു പുതിയ അറിവല്ല. കാരണം, നാടു നീളെ സ്വകാര്യ കോളേജുകൾ ഉള്ള കേരളത്തിൽ ഇതൊരു പ്രശ്നമായി ഇതുവരെ തോന്നിയിട്ടില്ല. അതുകൊണ്ട് തന്നെ ഉന്നത വിദ്യാഭ്യാസരംഗത്ത് ഉണ്ടാകുന്ന മാറ്റങ്ങൾ മനസിലാക്കാൻ കേരളത്തിന് ഇനിയും കഴിഞ്ഞിട്ടില്ല എന്ന് തന്നെ പറയാം. പണം മുടക്കാൻ കഴിവുള്ള ഒരു വലിയ വിഭാഗം ജനങ്ങൾ ഉള്ള കേരളത്തിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉണ്ടാകുന്ന മുതലാളിത്ത താല്പര്യങ്ങളെ തിരിച്ചറിയാൻ കഴിയുന്ന ഒരു ബൌദ്ധികമണ്ഡലം ഇല്ലാതായി കഴിഞ്ഞു. അത്തരം ഒരു അവസ്ഥ നിലനില്ക്കുന്നതുകൊണ്ടാണ് കേരളത്തിൽ ഉന്നതവിദ്യാഭ്യാസം സംഗമവും അതിനെ തുടർന്ന്ന സ്വകാര്യ സര്‍വ്വകലാശാലകൾ എന്ന ആശയം ഉയര്‍ന്നു വന്നതും. ഇത്തരം നിർദ്ദേശങ്ങൾ ഒന്നും തന്നെ കേരളത്തിൽ ഒരു തരത്തിലുമുള്ള ചർച്ചകള്‍ക്കോ വിശകലനത്തിനോ വിധേയമായില്ല.  

സാങ്കേതിക വിദ്യാഭ്യാസത്തിന് കുടുതൽ പ്രാധാന്യം കിട്ടുന്ന ഒരു സംസ്ഥാനമായ കേരളം അഭിമുഖീകരിക്കാൻ പോകുന്ന പ്രധാന പ്രശ്നവും ഇതു തന്നെയാണ്. മലയാളിക്ക് ഇന്ന് വിദ്യാഭ്യാസം എന്ന് പറഞ്ഞാൽ സാങ്കേതിക ബിരുദമാണ്. ഇത്രയും പേരെ ഉള്‍ക്കൊള്ളാൻ കഴിയുന്ന തൊഴിൽ രംഗം കേരളത്തിൽ ഇല്ല എന്നത് നമ്മുടെ വിദ്യഭ്യാസരംഗത്തെ മൂലധന താല്പര്യത്തെ ഒരുതരത്തിലും ബാധിച്ചിട്ടില്ല. ഇന്നും വിദ്യാഭ്യാസം പ്രധാനപ്പെട്ട ഒരു കച്ചവടം കു‌ടിയാണ് കേരളത്തിൽ. സർക്കാർ ഈ മേഖലയിൽ നിന്നും പിൻവാങ്ങിയതുകൊണ്ടാണ് ഇത് സംഭവിച്ചത് എന്ന സാമ്പ്രദായിക രാഷ്ടീയ കാഴ്ചപ്പാടിന് ഇവിടെ സ്ഥാനമില്ല. പകരം മലയാളി പൊതുബോധത്തിൽ ഉണ്ടായ മാറ്റത്തിന്റെ ഫലം കൂടിയാണ് ഇത്. 

എന്നാൽ ഈ അവസ്ഥയല്ല രാജ്യത്തെ മറ്റ് പ്രദേശങ്ങളിൽ. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാത്രം ആശ്രയിച്ചാണ് ഭൂരിപക്ഷം വരുന്ന കുട്ടികളും പഠിക്കുന്നത്  എന്നാൽ ഇത്തരം സംവിധാനങ്ങൾ നിലനിര്ത്താൻ താല്പര്യമില്ലാത്ത ഒരു സർക്കാർ സംവിധാനങ്ങൾ ആണ് അവിടങ്ങളില്‍ നിലനില്ക്കുന്നത്. ഇതിൽ എറ്റവും പ്രധാനപ്പെട്ടതാണ് ഉന്നത വിദ്യാഭ്യാസം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എല്ലാം തന്നെ ഉന്നത വിദ്യാഭ്യാസ രംഗത്ത് എങ്ങനെ ചിലവ് കുറയ്ക്കാം എന്ന ആശയത്തിന് പുറകേയാണ്. ഇതിന്റെ ഫലമായാണ് UGC NON-NET ഫെല്ലോഷിപ്പുകൾ കുറച്ചതും. ഇതൊരു തുടക്കം മാത്രമാണ്. ഗവേഷണരംഗത്ത് നില്ക്കുന്ന മറ്റ് ഫെല്ലോഷിപ്പുകൾ ഇല്ലാത്ത ബഹുഭൂരിപക്ഷം വരുന്ന വിദ്യാർത്ഥികള്‍ ഈ നയത്തിന്റെ ഇരകൾ ആയി മാറുകയാണ്‍. ഇതൊരു കോർപറേറ്റ് -സർക്കാർ ആവശ്യം കുടിയാണ്. കാരണം ഒന്ന് ബാങ്ക് വായ്പ എടുത്തു പഠിക്കാൻ കഴിയുന്ന ഒരു വിഭാഗവും അതോടൊപ്പം ഗവേഷണ രംഗം തന്നെ മാറുകയും ചെയ്യും. കൃത്യമായി പറഞ്ഞാൽ സാമൂഹിക ശാസ്ത്രവിഷയങ്ങൾ ക്രമേണ അപ്രത്യക്ഷമാവുകയും അതോടൊപ്പം ശാസ്ത്രവിഷയങ്ങളിൽനിന്നും സാമൂഹികമായി പിന്നോക്കം നിൽക്കുന്ന ഗവേഷക വിദ്യാർഥികള്‍ അകലുകയും ചെയ്യും. ഉന്നത വിദ്യാഭ്യാസ രംഗത്ത് സംവരണം നടപ്പിലാക്കിയത് മൂലം ഗുണനിലവാരം തകര്ന്നു എന്ന ആശയം വൻതോതിൽ പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യം കൂടി കണക്കിലെടുത്തുകൊണ്ട് വേണം ഈ പ്രശ്നം വിലയിരുത്തേണ്ടത്.

UGC-JRF പോലെയുള്ള പരീഷകൾ എഴുതാൻ പ്രാപ്തരല്ല ഭുരിപക്ഷം വരുന്ന വിദ്യാര്‍ത്ഥികൾ എന്ന് ഇതിനർത്ഥമില്ല. എന്നാൽ പല കാരണങ്ങൾ കൊണ്ടും പരീക്ഷ എഴുതുന്ന എല്ലാവര്ക്കും ഇത്തരം ഫെലോഷിപ്പുകൾ കിട്ടാറില്ല അതുകൊണ്ട് തന്നെ മറ്റ് സാമ്പത്തിക സഹായം കൊണ്ട്കൂടിയാണ് പലപ്പോഴും ഗവേഷണരംഗത്ത് നില്‍ക്കുന്നത്. ഇത്തരം സാമ്പത്തിക സഹായങ്ങൾ ഇല്ലാതാകുന്നതോടെ വലിയ വിഭാഗം വിദ്യാർത്ഥികള്‍ ഈ രംഗത്ത് നിന്നും മാറിനിൽക്കേണ്ടിവരും. പിന്നീട് സംഭവിക്കുന്നത് ഗവേഷണ രംഗത്തെ സ്വകാര്യവല്ക്കരണം ആണ്. കൃത്യമായ അജണ്ടകള്‍ ഉള്ള മൂലധന സംരക്ഷണം മാത്രം ലക്‌ഷ്യം വച്ചുള്ള ഗവേഷണം സർവകലാശാലകളുടെ സ്വഭാവം തന്നെ മാറ്റും. അവിടെ വേണ്ടത് അറിവല്ല പകരം സാധ്യതകൾ ആണ്. അതായത് ഇന്നത്തെ സാമ്പത്തിക-രാഷ്ട്രീയത്തെ പിന്തുണക്കുന്ന അറിവുകൾ ഉണ്ടാക്കുന്ന ഇടങ്ങൾ ആയി സർവകലാശാലകൾ മാറും. ഇന്ത്യൻ രാഷ്ട്രീയം അവശ്യപ്പെടുന്നതും ഇത്തരം അറിവുകളെയാണ്. 

പ്രത്യേകിച്ചും സംവരണം ഇല്ലാതാക്കാനും അതോടൊപ്പം UGC അടക്കമുള്ള സ്ഥാപനങ്ങള്‍ക്കുള്ള പ്രസക്തി നഷ്ടപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗം കൂടിയാണ് ഇത്തരം അലോചനകൾ. ക്രമേണ ഉന്നത വിദ്യാഭ്യാസം ക്രിയാത്മകമായ ചിന്തകള്‍ക്കോ സാമൂഹിക മാറ്റങ്ങള്‍ക്കോ പ്രാപ്തമല്ലാത്ത കേവലം ആൾക്കൂട്ടമായി മാറും. അതുതന്നെയാണ് ഇന്നത്തെ ഭരണകൂടത്തിന് വേണ്ടതും, അതായത് സര്‍ക്കാരിനെ ചോദ്യം ചെയ്യാത്ത ആള്‍ക്കൂട്ടത്തെ, അതുവഴി സാമൂഹിക രാഷ്ട്രീയ ദേശീയത രുപപ്പെടുകയും, അതുവഴി ആരും ചോദ്യം ചെയ്യാത്ത മുതലാളിത്തവും, ആരും ചോദ്യം ചെയ്യാത്ത ‘ഉന്നത ദേശീയതയും’ രൂപപ്പെടുകയും ചെയ്യും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

എസ്. മുഹമ്മദ് ഇര്‍ഷാദ്

എസ്. മുഹമ്മദ് ഇര്‍ഷാദ്

മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ അദ്ധ്യാപകനാണ് ലേഖകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍