UPDATES

വായന/സംസ്കാരം

ബലാത്സംഗത്തെ അതിജീവിച്ച പ്രിയ എന്ന ‘നിർഭയ’യായ പെൺകുട്ടി

വെറുമൊരു കാർട്ടൂൺ കഥാപാത്രം മാത്രമല്ല ഇന്ത്യയ്ക്ക് ഇന്ന് പ്രിയ.

പാര്‍വതി

പാര്‍വതി

പ്രിയയുടെ കയ്യിൽ മാന്ത്രിക ദണ്ഡുകളില്ല, കിരീടമോ പട്ടുടുപ്പോ, അത്ഭുത സിദ്ധികളോ ഒന്നുമില്ല. സാധാരണ കോമിക് കഥാപാത്രങ്ങളെപോലെ യാതൊരു അതിമാനുഷിക ശക്തികളും ഇല്ലാത്ത പ്രിയക്ക് പക്ഷെ സാധാരണക്കാരുടെ ജീവിതത്തെ മാറ്റി മറിക്കാൻ കഴിയും ചില അസാധാരണ ദുരന്തസംഭവങ്ങളിൽ പെട്ടുപോയവരെ സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്താൻ കഴിയും. വെറുമൊരു കാർട്ടൂൺ കഥാപാത്രം മാത്രമല്ല ഇന്ത്യയ്ക്ക് ഇന്ന് പ്രിയ. ബലാത്സംഘത്തെയും, ശാരീരികാതിക്രമങ്ങളെയും അതിജീവിച്ച നിരവധി പെൺകുട്ടികൾക്ക് ഈ കഥാപാത്രം ജീവിക്കാനുള്ള ഊർജം കൂടിയാണ്.

അടുത്തിടെ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലൊക്കെ വലിയ ചർച്ചയായ കോമിക് ബുക്ക് സീരിസിലെ നായികയാണ് പ്രിയ. പ്രിയ സീരിസിൽ ഉള്ളത് വെറും കുട്ടികഥകൾ അല്ല, ആത്മാഭിമാനത്തോടെ ജീവിക്കാൻ ഓരോ പെൺകുട്ടിയെയും പ്രാപ്തയാക്കുന്ന, അവൾ തന്നെയാണ് അവളുടെ ജീവിതത്തിലെ സൂപ്പർ ഹീറോ എന്ന് തെളിയിക്കുന്ന അനുഭവ പാഠങ്ങൾ കൂടിയാണ്.

2012ലെ ഡൽഹി കൂട്ട ബലാത്സംഘ കേസിൽ അസ്വസ്ഥയായ ഒരു കൂട്ടം യുവാക്കളുടെ സ്ട്രിഷ്ടിയായിരുന്നു പ്രിയ എന്ന ബലാൽസംഘത്തെ അതിജീവിച്ച ‘നിർഭയ’യായ പെൺകുട്ടി. 2014ൽ ‘പ്രിയാസ് ശക്തി’ എന്ന പേരിൽ ഇറങ്ങിയ കോമിക് പുസ്തകങ്ങൾ അന്ന് തന്നെ ഒരുപാട് പേർക്ക് പ്രചോദനമായിരുന്നു. ബലാത്സംഘത്തെയും ബലാത്സംഘം അതിജീവിച്ചവരെയും കുറിച്ചുള്ള സമൂഹത്തിന്റെ  കാഴ്ചപ്പാടുകൾ മാറ്റിമറിക്കുന്ന അതിലളിതമായ കുട്ടികഥകളും സംഭവകഥകളുമാണ് ഈ കാർട്ടൂൺ പുസ്തകത്തിൽ ഉണ്ടായിരുന്നത്. ഈ പുസ്തകം വൻ ഹിറ്റായി കഴിഞ്ഞ വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ ആസിഡ് ആക്രമണത്തെ അതിജീവിച്ചവർക്കായി ഒരു പുസ്തകം ഇവരിൽ നിന്നും പുറത്തിറങ്ങുന്നത്. ‘പ്രിയാസ് മിറർ’ എന്ന ഈ പുസ്തകത്തിലെയും നായിക നിർഭയയായ പ്രിയ തന്നെ. ഡെൽഹിയുൾപ്പടെയുള്ള ഇന്ത്യയുടെ പ്രധാന നഗരങ്ങളിലൊക്കെ വൻ വരവേൽപ്പാണ് ഇപ്പോൾ പുസ്തകത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അഹങ്കാർ(ഈഗോ) എന്ന വില്ലനെ എതിർത്തുതോൽപ്പിക്കാൻ ആസിഡ് ആക്രമണത്തെ അതിജീവിച്ചവരെ പ്രാപ്‌തരാക്കുന്ന 40 പേജുള്ള ഈ ചെറു പുസ്തകം ഇന്ന് പെൺകുട്ടികളുടെ സുഹൃത്തും വഴികാട്ടിയുമാണ്. ജീവിത യാഥാർഥ്യങ്ങളോടൊട്ടിനിൽക്കുന്നഈ കഥകളൊക്കെയും  ആക്രമണത്തിനിരയായ നിരവധി സ്ത്രീകളെ നേരിട്ട് കണ്ടും അവർ നേരിടുന്ന സാമൂഹ്യമായ അധിക്ഷേപങ്ങളെയും ബഹിഷ്കരണങ്ങളെയും മനസിലാക്കിയുമാണ് എഴുതപ്പെട്ടത്. “ഒന്നാം എഡിഷനിറക്കുന്നതിനു മുൻപ് ആസിഡ് ആക്രമണത്തിനിരയായ ഡൽഹിയിലെ നിരവധി സ്ത്രീകളെ നേരിട്ട് കണ്ട് സംസാരിച്ചിരുന്നു. ബലാത്സംഘത്തെ അതിജീവിച്ചവരുടെ അതെ മാനസിക പ്രശനങ്ങളും ഒഴിച്ച് നിർത്തലുകളും ഇക്കൂട്ടർക്കും അനുഭവിക്കേണ്ടി വന്നെന്നു മനസിലാക്കാനായി.” പുസ്തകം പുറത്തിറക്കിയവരിൽ പ്രധാനിയും ഡോക്യുമെന്ററി ഫിലിം മേക്കറും കൂടിയായ റാം ദേവിനേനി ന്യൂസ് ലോൺഡ്രിയോട് പറയുന്നു.

അഹങ്കാർ  ആൾ ഉപകാരിയാണെന്നൊക്കെ തോന്നാം. പക്ഷെ”  പെണ്ണെ, നീ വെറും ഒരു ഇര മാത്രമാണ്, നിന്നെക്കൊണ്ട് ഇനിയൊന്നും ചെയ്യാനാവില്ല, നിന്റെ മുറിവുകൾ കണ്ടോ” എന്ന് പറഞ്ഞ് നിങ്ങളെ മാനസികമായി തളർത്തുന്നതിലാണ് അയാൾക്ക് ഹരം. അങ്ങനെ തളർന്നു നിൽക്കുന്ന സ്ത്രീകൾക്കടുത്തേക്കാണ് പ്രിയ അവളുടെ സ്‌നേഹത്തിൻറെ കാണാണ്ടിയുമായി എത്തുന്നത്. കണ്ണാടിയിൽ തെളിയുന്ന അവരുടെ പഴയ രൂപം കാട്ടികൊടുത്തിട്ട് നിനക്കിനിയും ആ പഴയ ആളാകാൻ കഴിയും എന്ന് പറഞ്ഞ പ്രിയ ധൈര്യം കൊടുക്കുന്നുണ്ട്.  ഇതിലെ മിക്ക അനുഭവ കഥകളും സംഭവങ്ങളും യഥാർത്ഥത്തിൽ നടന്നിട്ടുള്ളത് തന്നെയാണ്. ഇരകളല്ല അവരെ മുറിവേൽപ്പിച്ചവരും ആക്രമിച്ചവരുമാണ് മുഖം മറയ്‌ക്കേണ്ടതെന്ന സന്ദേശം കൂടി ഈ ചെറിയ ‘വലിയ’ പുസ്തകം നൽകുന്നുണ്ട്.

പുസ്തകത്തിലുള്ള കോഡ് സ്കാൻ ചെയ്താൽ ഒരു സൗജന്യ ആൻഡ്രോയ്ഡ് ആപ്പ്ലിക്കേഷൻ വഴി കൂടുതൽ വീഡിയോകളും വിവരങ്ങളും ലഭിക്കും. സ്നേഹമാണ് പ്രിയയുടെ ശക്തി. സ്നേഹത്തിന്റെ മന്ത്രികതയാണ് അവളെ മറ്റുള്ള സൂപ്പർഹീറോസിൽ നിന്ന് വിത്യസ്തയാക്കുന്നത്. അരക്ഷിതാവസ്ഥയും ഭയവും സ്നേഹം കൊണ്ട് മാത്രം അതിജീവിക്കാനാകുമെന്ന് പറയുന്ന പ്രിയയുടെ കഥകൾ ഇന്ന് കുട്ടികളുടെയും മുതിർന്നവരുടെയും ഇഷ്ട വായന വിഭവവും അതിജീവനത്തിനുള്ള മരുന്നുമാണ്.” പ്രിയ ആൻഡ് ദി ലോസ്റ്റ് ഗേൾസ്”  എന്ന പേരിൽ പെണ്വാണിഭറാക്കറ്റുകളിലും ലൈംഗികതൊഴിലിലും പെട്ടുപോയവരെ കുറിച്ചുള്ള ഒരു പുസ്തകമെഴുതാനുള്ള ആലോചനയിലാണ് തങ്ങളെന്ന് എഴുത്തുകാരിൽ ഒരാളായ പറോമിതാ വോഹ്ര പറയുന്നു.

പാര്‍വതി

പാര്‍വതി

അഴിമുഖം സബ് എഡിറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍