UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രിയ പിള്ളയുടെ അനുഭവം; കോര്‍പ്പറേറ്റുകളോട് ഏറ്റുമുട്ടിയാല്‍ പ്രതികരിക്കുക ഇങ്ങനെയായിരിക്കും

Avatar

അഴിമുഖം പ്രതിനിധി

ഗ്രീന്‍പീസ് പ്രവര്‍ത്തക പ്രിയ പിള്ളയെ തടഞ്ഞതിനെ കുറിച്ച് ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമി ഡല്‍ഹി വിമാനത്താവള അധികൃതരില്‍ നിന്നും വിശദീകരണം തേടി. സര്‍ക്കാരിന്റെ രണ്ട് വകുപ്പുകളുടെ ഭാഗത്ത് നിന്നും പ്രശ്‌നത്തില്‍ അമിതാവേശം ഉണ്ടായതായി അനുമാനിക്കപ്പെടുന്നു. സമീപകാലത്ത് പ്രിയ തൊഴില്‍പരമായി എന്തൊക്കെ പ്രവര്‍ത്തനങ്ങളിലാണ് ഇടപെട്ടതെന്ന ചോദ്യമാണ് ഇവിടെ ഉടലെടുക്കുന്നത്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിലേറെയായി സിംഗ്രൗളി ജില്ലയില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും വനാവകാശത്തെ കുറിച്ച് ഗ്രാമീണരെ ബോധവല്‍ക്കരിക്കുകയും കോര്‍പ്പറേറ്റുകളെ നേരിടുകയും ചെയ്തുകൊണ്ട് ഗ്രീന്‍പീസ് വളരെ സജീവ ഇടപെടലുകളാണ് നടത്തുന്നത്. അവരുടെ പ്രധാന പ്രചാരകയായ പ്രിയ പിള്ളയെയാണ് കഴിഞ്ഞ ഞായറാഴ്ച ലണ്ടനിലേക്ക് പറക്കുന്നതില്‍ നിന്നും അധികൃതര്‍ വിലക്കിയത്.

എസ്സാറിന്റെയും ഹിന്‍ഡാല്‍കോയുടെയം സംയുക്ത സംരംഭമായ മഹാന്‍ കോള്‍ ലിമിറ്റഡിനെതിരെ (എംസിഎല്‍) പ്രചാരണം നടത്തുന്നതിനായി ബൈദാനില്‍ ഗ്രീന്‍പീസ് ഒരു ഓഫീസ് സ്ഥാപിച്ചിരുന്നു. പദ്ധതിക്കെതിരായ ഗ്രീന്‍പീസിന്റെ പ്രചാരണം ശക്തമായതോടെ, പദ്ധതി ബാധിക്കുന്ന പതിനൊന്ന് ഗ്രാമങ്ങളിലെ ജനങ്ങളുടെ സംഘടനയായ മഹാന്‍ സംഘര്‍ഷ് സമിതി (എംഎസ്എസ്) യുടെ പിന്തുണയും ഈ എന്‍ജിഒയ്ക്ക് ലഭിച്ചിരുന്നു. തങ്ങളുടെ ജീവസന്ധാരണത്തിനായി മഹാന്‍ വനങ്ങളെ ആശ്രയിക്കുന്ന 54 ഗ്രാമങ്ങളാണുള്ളത്. വന്‍സമ്മര്‍ദത്തിന്റെ ഫലമായാണ് പദ്ധതിക്ക് അനുമതി ലഭിച്ചതെന്ന് ഗ്രീന്‍പീസ് ആരോപിക്കുന്നു.

മഹാനില്‍ ഗ്രീന്‍പീസ് പ്രവേശിച്ചതോടെ ഇരുഭാഗങ്ങളും തമ്മിലുള്ള ആരോപണ, പ്രത്യാരോപണങ്ങള്‍ സജീവമായിരുന്നു. പദ്ധതി വികസനം കൊണ്ടുവരും എന്ന് വാദിച്ച് അതിനെ പിന്തുണയ്ക്കുന്നവര്‍ ചേര്‍ന്ന് മഹാന്‍ വികാസ് മഞ്ച് (എംവിഎം) എന്നൊരു സംഘടനയ്ക്കും രൂപം നല്‍കിയിരുന്നു.

കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി അനുമതി റദ്ദാക്കിയ കോള്‍പാടങ്ങളില്‍ മഹാനും ഉള്‍പ്പെടുന്നു. എന്നാല്‍, അനധികൃത ഗ്രാമസഭ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി ലഭിച്ചതെന്ന് ചൂണ്ടിക്കാട്ടി, സുപ്രീം കോടതി വിധി വരുന്നതിന് മുമ്പ് തന്നെ പദ്ധതിയുടെ രണ്ടാം ഘട്ടപ്രവര്‍ത്തനങ്ങളെ എന്‍ജിഒ മധ്യപ്രദേശ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. മിക്ക ഗ്രാമീണരുടെയും ഒപ്പുകള്‍ വ്യാജമാണെന്നും പ്രമേയത്തില്‍ മരിച്ചുപോയ ആറുപേരുടെയെങ്കിലും ഒപ്പുണ്ടെന്നും ഗ്രീന്‍പീസ് ആരോപിച്ചിരുന്നു.

ഇപ്പോള്‍ ഹൈക്കോടതിയിലുള്ള കേസുമായി മുന്നോട്ട് പോകുന്നതിന് മുമ്പ് വ്യാജ ഒപ്പുകള്‍ സംബന്ധിച്ച് ഒരു എഫ്‌ഐആര്‍ സമര്‍പ്പിക്കാന്‍ ഗ്രീന്‍പീസും എംഎസ്എസും ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടതായി പ്രിയ പിള്ള ഇന്ത്യന്‍ എക്പ്രസിനോട് പറഞ്ഞു. ബ്രിട്ടീഷ് എംപിമാര്‍ക്ക് മുന്നില്‍ ഒരു അവതരണം നടത്തുന്നതിനായി വിമാനത്തില്‍ കയറിയ തന്നെ എന്തിനാണ് ഇറക്കിവിട്ടതെന്നതിനെ കുറിച്ച് സര്‍ക്കാരില്‍ നിന്നും തനിക്ക് ഇതുവരെ വിശദീകരണം ഒന്നും ലഭിച്ചിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹി ആസ്ഥാനമായുള്ള രണ്ട് ഗ്രീന്‍പീസ് പ്രവര്‍ത്തകരെയും രണ്ട് എംഎസ്എസ് അംഗങ്ങളെയും കഴിഞ്ഞ മേയില്‍ ബൈദനില്‍ വച്ച് അറസ്റ്റ് ചെയ്തിരുന്നു. മരങ്ങളില്‍ അടയാളമിടുന്ന ചിത്രീകരിക്കുകയായിരുന്ന പ്രവര്‍ത്തകര്‍ എന്നാണ് ഗ്രീന്‍പീസ് വാദിക്കുന്നത്. എന്നാല്‍ സര്‍വെ നടത്തുന്നതിനുള്ള ഉപകരണങ്ങള്‍ തട്ടിയെടുക്കല്‍, കുറ്റകരമായ ഭീഷണിപ്പെടുത്തല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരുടെ ഔദ്ധ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തല്‍ എന്നീ കുറ്റകൃത്യങ്ങളാണ് ജില്ല ഭരണകൂടം ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ബൈദനില്‍ നിന്നാണ് തങ്ങളുടെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതെന്നും ലോക്കപ്പില്‍ വച്ച് അവര്‍ മര്‍ദ്ദനത്തിന് ഇരയായെന്നും ഗ്രീന്‍പീസ് ആരോപിച്ചിരുന്നു.

വനാവകാശ നിയമങ്ങളുടെ ലംഘനങ്ങളെ കുറിച്ചുള്ള ആരോപണങ്ങളില്‍ ഗ്രീന്‍പീസും മുന്‍ കേന്ദ്ര പട്ടികവര്‍ഗ വകുപ്പ് മന്ത്രി വി കെ സി ഡേയും തമ്മില്‍ ചില ധാരണകള്‍ ഉണ്ടാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗ്രാമസഭ പ്രമേയത്തിലെ വ്യാജ ഒപ്പുകളെ കുറിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിരാജ് സിംഗ് ചൗഹാനും ഗവര്‍ണര്‍ രാം നരേഷ് യാദവിനും അദ്ദേഹം കത്തെഴുതുകയും ചെയ്തിരുന്നു. എന്നാല്‍ ഈ കത്തിന് മറുപടി നല്‍കാന്‍ ബിജെപി സര്‍ക്കാരോ ഗവര്‍ണറോ തിടുക്കം കാണിച്ചില്ല.

2006ല്‍ എസ്സാര്‍ പവര്‍ ലിമിറ്റഡിനും ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനും സംയുക്തമായ കോള്‍ നിലങ്ങള്‍ വിഭജിച്ച് നല്‍കിയതോടെയാണ് മഹാന്‍ കോള്‍ ലിമിറ്റഡ് രൂപം കൊണ്ടത്. കമ്പനികളുടെ ഇനി പറയുന്ന പദ്ധതികളുടെ ആവശ്യങ്ങള്‍ക്കാണ് കല്‍ക്കരി ഖനനത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്: എസ്സാര്‍ പവര്‍ പ്ലാന്റ്, ഹിന്‍ഡാല്‍കോ അലൂമിനിയം സ്വല്‍റ്റര്‍, കാപ്റ്റീവ് പവര്‍ പ്ലാന്റ് എന്നിവയാണവ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍