UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിങ്ങള്‍ ആരുടെ വികസനത്തിന് വേണ്ടിയാണ് വാദിക്കുന്നത്? – പ്രിയ പിള്ള സംസാരിക്കുന്നു

Avatar

”ഞങ്ങള്‍ അടിസ്ഥാനപപരമായ വികസനത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്; കോര്‍പ്പറേറ്റുകളുടെ വികസനത്തിനല്ല”. ഇന്‍ഡോ-ബ്രിട്ടീഷ് ഓള്‍ പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പിനെ (indo-british all party parliamentary group-appg) അഭിസംബോധന ചെയ്യാന്‍ ജനുവരി 11- ന് ലണ്ടനിലേക്ക് പോകും വഴി ഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍വെച്ച് അധികൃതര്‍ യാത്രാനുമതി നിഷേധിച്ച ഗ്രീന്‍ പീസിന്റെ മുതിര്‍ന്ന പ്രചാരക പ്രിയ പിള്ളയുടെ വാക്കുകളാണിത്. യാത്രാനുമതി നിഷേധിച്ചെങ്കിലും സ്‌കൈപ്പിലൂടെ എം പിമാരോട് സംസാരിച്ചിരുന്നു അവര്‍. പ്രിയ പിള്ള അഴിമുഖത്തോട് തന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു. (തയ്യാറാക്കിയത് ജിപ്‌സണ്‍ കൊടിയംകുന്നേല്‍)

മഹന്‍, മധ്യപ്രദേശ്
നാലുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് വനാവകാശ നിയമം നടപ്പിലാക്കുന്നതിനുള്ള പ്രചരണത്തിന്റെ ഭാഗമായി മഹനില്‍ എത്തിയത്. ഈ പ്രദേശത്തെ വനത്തിനുള്ളില്‍ 54 ഗ്രാമങ്ങളിലായി താമസിക്കുന്ന വിവിധ ആദിവാസി സമൂഹത്തില്‍പ്പെട്ട അമ്പതിനായിരത്തോളം ജനങ്ങളെ കുടിയൊഴിപ്പിച്ച് ബ്രിട്ടീഷ് കമ്പനിയായ എസ്സാര്‍ എനര്‍ജിയും (essar energy ) ഹിന്‍ഡാല്‍കോയും ചേര്‍ന്ന് സംയുക്തമായി തുടങ്ങാന്‍ ഉദ്ദേശിക്കുന്ന കല്‍ക്കരി ഖനനത്തിനെതിരെയാണ് ഗ്രീന്‍പീസ് രംഗത്ത് വന്നത്.

സാധാരണഗതിയില്‍ വനഭൂമി വിട്ടുകൊടുക്കണമെങ്കില്‍ ഗ്രാമസഭയുടെ സമ്മതം വേണം. ഞങ്ങള്‍ അവിടെയെത്തുമ്പോള്‍ 184 പേരാണ് ഗ്രാമസഭയിലുണ്ടായിരുന്നത്. എന്നാല്‍ അവര്‍ 1125 പേരുടെ ഒപ്പുശേഖരിച്ചിട്ടുണ്ട്. ഇതില്‍ ആറു ആളുകള്‍ മരിച്ചുപോയവരാണ്. രണ്ടുപേര്‍ ജയിലിലുമാണ്. ഇതാണ് യാഥാര്‍ത്ഥ്യം. കമ്പനിക്ക് ആവശ്യമായ വനഭൂമിയ്ക്ക് വേണ്ടി മുകളില്‍ സൂചിപ്പിക്കുന്ന തരത്തില്‍ ശക്തമായ ബാഹ്യഇടപെടലുകള്‍ ഉണ്ടാകുന്നു. നാലുവര്‍ഷമായി പൊരുതുന്നു; എന്നിട്ടും ഞങ്ങള്‍ക്ക് ഒരു എഫ് ഐ ആര്‍ ഈ കേസില്‍ സമര്‍പ്പിക്കാന്‍ സാധിച്ചിട്ടില്ല. ഞങ്ങള്‍ക്ക് അനുകൂലമായി ഹൈക്കോടതി ഓഡര്‍ ഉണ്ടായിട്ടില്ല. പലപ്പോഴും കൊന്നുകളയുമെന്ന ഭീഷണി ഫോണ്‍ സന്ദേശമായി കിട്ടിയിട്ടും അതിനെതിരെ പൊലീസ് കേസ് എടുത്തിട്ടില്ല. കഴിഞ്ഞ നാലുമാസം വരെ എസ് ആര്‍ പവര്‍ പ്ലാന്റിന്റെ വളപ്പിലായിരുന്നു പൊലീസ് സ്റ്റേഷന്‍. ആളുകള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ പോകണമെങ്കില്‍ കമ്പനി രജിസ്റ്ററില്‍ രേഖപ്പെടുത്തണം. ആ അവസ്ഥയൊന്ന് ആലോചിച്ചു നോക്കൂ. ഞങ്ങളുടെ നിരന്തരമായ പോരാട്ടങ്ങളുടെ ഫലമായാണ് നാലുമാസം മുമ്പ് കമ്പനി വളപ്പില്‍ നിന്ന് പൊലീസ് സ്റ്റേഷന്‍ മാറ്റിയത്. ഭരണകര്‍ത്താക്കളും കമ്പനിയും ഒന്നിച്ചു നിന്ന് നീതി നിഷേധിക്കുന്നു. എന്റെ സഹപ്രവര്‍ത്തകരെ രാത്രി 12 മണിയ്ക്ക് കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്തു. എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്തിയതാകട്ടെ രവിലെ 10 മണിക്കും. ഇത്തരത്തിലുള്ള ഇടപെടലുകളാണ് കമ്പനികളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.

വികസനവും പരിസ്ഥിതി സംഘടനകളും
രാജ്യത്തിന്റെ വികസനമെന്നത് ഒന്നോ രണ്ടോആളുകളുടെ വികസനമാണോ? അംബാനിയുടെയും ടാറ്റയുടെയും ഹിന്‍ഡാല്‍കോയുടെയും വികസനമാണോ? മഹന്‍ പോലുള്ള സ്ഥലങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് വികസനം വേണം. ഇവിടെ സ്‌കൂളുകള്‍ വേണം. ഉള്ള സ്‌കൂളുകളില്‍ അധ്യാപകര്‍ വരാറില്ല. ഉച്ചയ്ക്ക് രണ്ടുമണിക്ക് അവര്‍ വന്ന് ഒപ്പുവച്ചിട്ട് പോവുകയാണ് ചെയ്യുന്നത്. മഹനിലെ സ്‌കൂളുകളില്‍ ഒരു മുറിയില്‍ മൂന്നുക്ലാസുകള്‍ വരെയാണ് പ്രവര്‍ത്തിക്കുന്നത്. ഇതാണ് യഥാര്‍ത്ഥ അവസ്ഥ. 11 കല്‍ക്കരി പാടങ്ങളും ഒമ്പത് തെര്‍മല്‍ പ്ലാന്റുകളുമുള്ള ഇവിടെ വൈദ്യുതിയില്ല. യഥാര്‍ത്ഥ വികസനത്തിനാണ് പ്രധാന്യം കൊടുക്കുന്നതെങ്കില്‍ ആദ്യം ഇവിടെ വൈദ്യുതി എത്തിക്കണമായിരുന്നു. രാജ്യത്ത് കല്‍ക്കരി ഉപയോഗിച്ച് ഊര്‍ജ്ജം ഉണ്ടാക്കുന്നതില്‍ പത്തുശതമാനം സംഭാവന ചെയ്യുന്ന ജില്ലയുടെ കാര്യമാണിത്. വ്യവസായം വരുമ്പോള്‍ അതിനോടൊപ്പം ഊര്‍ജ്ജം കൊണ്ടുവരുമെന്ന വാദഗതി സത്യമായിരുന്നെങ്കില്‍ ഇവിടെ വൈദ്യുതി എത്തുമായിരുന്നു. കമ്പനികള്‍ എല്ലാവര്‍ക്കും ജോലി കൊടുക്കാം എന്ന വാഗ്ദാനം നടത്താറുണ്ട്. എന്നാല്‍ പത്തുശതമാനം പേര്‍ക്കുപോലും ജോലിയില്ല. ഇതാണ് വികസനത്തിന്റെ മുഖമെങ്കില്‍ ആ വികസനം നമുക്ക് വേണ്ട എന്നുള്ളതാണ് എന്റെ അഭിപ്രായം.

 

കുടിയൊഴിപ്പിക്കല്‍ ഒരു വലിയ പ്രശ്‌നമാണ്. ജോലി കിട്ടാതെ വരുമ്പോള്‍ ഇവിടെയുള്ളവര്‍ നഗരത്തിലേക്ക് പോകും. അങ്ങനെ ഗ്രാമങ്ങളില്‍ നിന്ന് വലിയൊരു കുടിയേറ്റം ഉണ്ടാകുന്നു. അതിന്റെ ഫലമായി നഗരങ്ങളില്‍ ചേരികളുണ്ടാകുന്നു. ചേരി ഉണ്ടാകുന്നതാണോ വികസനം? ഞങ്ങള്‍ അടിസ്ഥാനപപരമായ വികസനത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്. കോര്‍പ്പറേറ്റുകളുടെ വികസനത്തിനല്ല. മറിച്ച് സമൂഹത്തിന്റെ വികസനത്തിനാണ്. വികസനത്തെ കുറിച്ചുള്ള എന്റെ കാഴ്ച്ചപ്പാട് ഇത്തരത്തിലാണ്.

വിദേശ ഫണ്ട് സ്വീകരണം
സര്‍ക്കാര്‍ വിദേശ നിക്ഷേപത്തിനെ രണ്ടും കൈയും നീട്ടി സ്വീകരിക്കുന്നു. നിക്ഷേപത്തിനായി വരുന്ന ഫണ്ടും വിദേശ ഫണ്ടാണ്. ഇതിന്റെ കാര്യത്തില്‍ മാത്രമെന്താണ് പ്രത്യേകത? ഗ്രീന്‍പീസ് ഇന്ത്യ രജിസ്റ്റര്‍ ചെയ്ത പ്രസ്ഥാനമാണ്. 61 ശതമാനം ഫണ്ടും ഇന്ത്യയിലെ സാധരണക്കാര്‍ സംഭാവന തരുന്നതാണ്. 95 ശതമാനത്തിലധികം ജീവനക്കാരും ഇന്ത്യാക്കാരാണ്. ഇന്ത്യന്‍ ഗവണ്‍മെന്റിന്റെയോ കോര്‍പ്പറേറ്റുകളുടെയോ ഫണ്ട് സ്വീകരിക്കാറില്ല. വിദേശ നിക്ഷേപത്തിന് ചുക്കാന്‍ പിടിക്കുന്ന ഗവണ്‍മെന്റിന്റെ ഇതിനോടുള്ള സമീപനം നേരെ തിരിച്ചാണ്.

ലണ്ടന്‍ യാത്രയുടെ ലക്ഷ്യം
ബ്രിട്ടനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന, കഴിഞ്ഞ വര്‍ഷം പകുതിവാരം ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിരുന്ന എസ്സാര്‍ എനര്‍ജി എന്ന കമ്പനി ഇന്ത്യയിലെ മഹനിലെ ജനങ്ങളോട് ചെയ്യുന്ന ക്രൂരത പങ്കുവയ്ക്കുക മാത്രമായിരുന്നു യാത്രയുടെ ലക്ഷ്യം.

പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തിലേയ്ക്ക്
ഞാന്‍ ഒരു വക്കീലാണ്. കഴിഞ്ഞ 12 വര്‍ഷമായി പരിസ്ഥിതി-നീതി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പട്ട് പ്രവര്‍ത്തിക്കുന്നു. കാലാവസ്ഥാമാറ്റം, ആഹാരത്തിനുള്ള അവകാശ പ്രചരണം, ആക്ഷന്‍ എ്‌യ്ഡ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. നിയമം പഠിച്ചതുകൊണ്ട് എല്ലാവര്‍ക്കും തുല്യ നീതിയെന്ന ഒരു ശക്തമായ ബോധം എന്നിലുണ്ട്. അതിനാലാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങി തിരിച്ചത്.

ഭാവി പരിപാടികള്‍
മനുഷ്യാവകാശത്തിനുവേണ്ടി, പരിസ്ഥിതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ ഒരു പ്രചോദനമാണ്. തടസ്സങ്ങള്‍ ഉണ്ടായാലും ഇത്തരത്തിലുള്ള പ്രചോദനമുള്‍ക്കൊണ്ട് മുന്‍പോട്ടുപോകും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍