മകന് റെയ്ഹാന്റെ ചികിത്സയ്ക്കായാണ് പ്രിയങ്ക പ്രചരണ രംഗം വിട്ടത്
ഉത്തര്‍പ്രദേശ് അസംബ്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-സമാജ്വാദി പാര്‍ട്ടി സഖ്യത്തിലെ മുഖ്യ ധാരണയായിരുന്ന പ്രിയങ്ക ഗാന്ധിയുടെ പ്രചരണം ഇനിയുണ്ടാകില്ല. തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങള്‍ പിന്നിട്ടതോടെ പ്രിയങ്ക പ്രചരണത്തില്‍ നിന്നും പിന്മാറിയിരിക്കുകയാണ്.
ഇതോടെ കുടുംബ മണ്ഡലങ്ങളായ റായ്ബറേലിയിലും അമേഠിയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ നിരാശയിലായി. റായ്ബറേലിയില്‍ നാലാം ഘട്ടത്തിലും അമേഠിയില്‍ അഞ്ചാം ഘട്ടത്തിലുമാണ് തെരഞ്ഞെടുപ്പ് നടക്കുക. അതേസമയം കഴിഞ്ഞ ദിവസം ക്രിക്കറ്റ് കളിക്കിടെ പന്ത് മുഖത്ത് കൊണ്ട് പരിക്കേറ്റ മകന് റെയ്ഹാന്റെ ചികിത്സയ്ക്കായാണ് പ്രിയങ്ക പ്രചരണ രംഗം വിട്ടത്. മകനൊപ്പം അവരിപ്പോള്‍ ഹൈദ്രാബാദിലാണ്.
യുപിയില്‍ ദുര്‍ബലമായ കോണ്‍ഗ്രസിന് നൂറിലേറെ സീറ്റുകള്‍ വിട്ടുകൊടുക്കാന്‍ എസ്പി തയ്യാറായതുതന്നെ പ്രിയങ്ക യുപിയില്‍ വ്യാപക പ്രചരണം നടത്തുമെന്ന ധാരണയിലായിരുന്നു. യുപി മുഖ്യമന്ത്രി അഖിലേഷ് യാദവും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഒരുവശത്ത് പ്രചരണം നടത്തുമ്പോള്‍ മറുവശത്ത് അഖിലേഷിന്റെ ഭാര്യ ഡിംപിളും പ്രിയങ്കയും താരപ്രചാരകരാകുമെന്നാണ് കരുതപ്പെട്ടത്. പ്രിയങ്കയും ഡിംപിളും ഒരുമിച്ചുള്ള നിരവധി പോസ്റ്ററുകളും യുപിയില്‍ ഉടനീളം പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സഖ്യത്തില്‍ കല്ലുകടിയുമുണ്ടായി.
റായ്ബറേലിയിലും അമേഠിയിലും എസ്പി സ്വന്തം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതാണ് കോണ്‍ഗ്രസിന് അമര്‍ഷമുണ്ടാക്കിയത്. രണ്ടിടത്തുമായി നാല് മണ്ഡലങ്ങളില്‍ ഇരു പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികള്‍ പരസ്പരം ഏറ്റുമുട്ടുന്നുമുണ്ട്. കുടുംബ മണ്ഡലങ്ങളില്‍ മാത്രം പ്രിയങ്ക പ്രചരണം നടത്താന്‍ തീരുമാനമായത് ഇതിന് ശേഷമാണ്. കഴിഞ്ഞ ദിവസം പ്രിയങ്കയും രാഹുല്‍ ഗാന്ധിയും ഒന്നിച്ചുനടത്തിയ പ്രചരണം ഏറെ ശ്രദ്ധനേടി. ദത്തുപുത്രനായ നരേന്ദ്ര മോദിയെ യുപിക്ക് ആവശ്യമില്ലെന്ന പ്രിയങ്കയുടെ പ്രസ്താവന ഏറെ ആവേശത്തോടെയാണ് ജനങ്ങള്‍ സ്വീകരിച്ചത്.