UPDATES

പ്രൊഫസര്‍ രത്‌നത്തിന്റെ ‘കുറ്റകൃത്യങ്ങള്‍’

Avatar

അഴിമുഖം പ്രതിനിധി

ഹൈദരാബാദ് സര്‍വകലാശാലയില്‍ 27 വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അറസ്റ്റിലായ അധ്യാപകനാണ് പ്രൊഫസര്‍ കെ.വൈ രത്‌നം. സര്‍വകലാശാലയിലെ വിവാദ വിസിയായ പ്രൊഫസര്‍ അപ്പ റാവു പൊഡൈലിന്റെ ശത്രുപട്ടികയിലുള്ള ഒരാള്‍ കൂടിയാണ് അദ്ദേഹം. 

2001-ല്‍ ഹോസ്റ്റലിന്റെ അസിസ്റ്റര്‍ വാര്‍ഡന്‍ കൂടിയായിരുന്ന പ്രൊഫസര്‍ രത്‌നത്തെ സര്‍വകലാശാലയിലെ മേലധികാരികള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ രത്‌നത്തിന് അനുകൂലമായി അണിനിരക്കുകയും സമരത്തിനൊടുവില്‍ സര്‍വകലാശാലയില്‍ നിന്ന് എട്ടു ദളിത് വിദ്യാര്‍ത്ഥികളെ പുറത്താക്കുന്നതില്‍ എത്തിച്ചേരുകയും ചെയ്തു. അന്ന് ഹോസ്റ്റലുകളുടെ ചീഫ് വാര്‍ഡനായിരുന്നു ഇന്നത്തെ വിസി അപ്പാ റാവു. രത്‌നത്തെ അപമാനിക്കുന്ന തസ്തിക നല്‍കിയതിന് മുന്‍കൈയെടുത്തത് റാവുവായിരുന്നു. കൂടാതെ ദളിത് വിദ്യാര്‍ത്ഥികളെ പുറത്താക്കുന്നതിന് പിന്നിലും റാവുവാണ് എന്ന ആരോപണവും ഉയര്‍ന്നിരുന്നു. രത്‌നത്തോടുള്ള റാവുവിന്റെ വിരോധവും ഏറെ കേള്‍വികേട്ടതാണ്.

രണ്ട് മാസം മുമ്പ് രോഹിത് വെമുല ആത്മഹത്യ ചെയ്തപ്പോള്‍ സര്‍വകലാശാലയില്‍ രൂപീകരിച്ച സമരസമിതിയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച എസ് സി, എസ് ടി വിഭാഗത്തില്‍പ്പെട്ട അധ്യാപകരില്‍ ഒരാളായിരുന്നു പ്രൊഫസര്‍ രത്‌നം.

വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും അറസ്റ്റിലേക്ക് നയിച്ച സംഘര്‍ഷത്തിനിടെ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കരുതെന്ന് പൊലീസിനോട് അദ്ദേഹം കേണപേക്ഷിക്കുന്നത് കാണാമായിരുന്നു. പൊലീസ് അറസ്റ്റു ചെയ്തു കൊണ്ടു പോയ അദ്ദേഹത്തെ അവര്‍ പൊലീസ് വാനിലും സ്റ്റേഷനിലും വച്ച് മര്‍ദ്ദിച്ചിരുന്നുവെന്ന് ചെര്‍ലപ്പള്ളി ജയിലില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നവര്‍ പറയുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ മുഖത്ത് പരിക്കേറ്റിരുന്നു.

അദ്ദേഹത്തെ സര്‍വകലാശാലയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. അത് അദ്ദേഹത്തിന്റെ കീഴിലെ 72 വിദ്യാര്‍ത്ഥികളുടെ ഭാവിയെ അനിശ്ചിതത്വത്തിലാക്കും. കഴിഞ്ഞ രണ്ടു ദശാബ്ദത്തിനിടെ അദ്ദേഹത്തിന് കീഴില്‍ അനവധി വിദ്യാര്‍ത്ഥികള്‍ എംഫില്‍, പി എച്ച് ഡി കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ജാതിവിരുദ്ധ സമരങ്ങളില്‍ യുക്തിപരമായ ചിന്തയെ വളര്‍ത്തുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് സര്‍വകലാശാലയിലും തെലങ്കാനയിലും ആന്ധ്രാപ്രദേശിലും ഏവര്‍ക്കും അറിയാവുന്നതാണ്.

ഹൈദരാബാദ് സര്‍വകലാശാലയില്‍ അംബേദ്കര്‍ പഠനത്തിനായി ഒരു കേന്ദ്രം ആരംഭിച്ചതും അദ്ദേഹമാണ്. ആദ്യമായി കരിക്കുലത്തില്‍ അംബേദ്കറിന്റെ ലേഖനങ്ങള്‍ ഉള്‍പ്പെടുത്തിയതും പൊളിറ്റിക്കല്‍ സയന്‍സ് വകുപ്പില്‍ ജാതിയേയും അടിച്ചമര്‍ത്തലിനേയും കുറിച്ച് പഠിപ്പിച്ചതും രത്‌നമാണ്. അംബേദ്കറിന്റെ ചിന്തകളെ ആര്‍ എസ് എസ് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിനെ കുറിച്ചുള്ള വിശകലനങ്ങളും വിമര്‍ശനങ്ങളും ഉള്‍പ്പെട്ട പുസ്തകം പ്രസിദ്ധീകരിച്ച കൂട്ടായ്മയോടൊപ്പവും അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്.

അപ്പാറാവുവിന്റെ ഭരണത്തില്‍ രത്‌നത്തിന്റെ മനസ്സാക്ഷി, അക്കാദമിക മികവുകള്‍, രാഷ്ട്രീയം എന്നിവ കുറ്റകൃത്യങ്ങളാണ്. എന്നാല്‍ ഭാഗ്യവശാല്‍ ഇവയൊന്നും ഇന്ത്യയുടെ ശിക്ഷാ നിയമത്തില്‍ കുറ്റകരമല്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍