UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഈ നീതിമതിയുടെ രക്തത്തില്‍ നമുക്ക് പങ്കുണ്ട്: സലോമി- ഒരു ഓർമ്മക്കുറിപ്പ്

Avatar

രഞ്ജിത്  ജി കാഞ്ഞിരത്തില്‍

“ഈ നീതിമതിയുടെ രക്തത്തില്‍ നമുക്ക് പങ്കുണ്ട്..!!!”

മുന്‍പ് ആ സ്ത്രീയുടെ പേര് നമുക്കറിയില്ലായിരുന്നു.അവര്‍ കൈവെട്ടി മാറ്റപ്പെട്ട ജോസഫിന്‍റെ ഭാര്യ മാത്രമായിരുന്നു. ഇപ്പോള്‍ നമുക്കാ സ്ത്രീയുടെ പേരറിയാം.അവള്‍ സലോമി. സുഭിക്ഷതയില്‍ നിന്നും അരക്ഷിതാവസ്ഥയിലേക്ക് കൂപ്പു കുത്തി വീണവള്‍.. 

നല്ലപാതിയുടെ അംഗവിഛേദനത്തിനു ദൃക്സാക്ഷിയായവള്‍.

നീതി നല്കേണ്ട കാക്കിയിട്ട കാപാലികര്‍ സ്വന്തം ഓമല്‍ക്കുരുന്നിനെ ഭേദ്യം ചെയ്യുന്നത് നോക്കി നിന്ന് വിതുമ്പിയവള്‍.

മദവും മതവും തമ്മിലുള്ള വ്യത്യാസമറിയാതെ എന്നും ദൈവത്തിനു മുന്നില്‍ മുട്ടിപ്പായി പ്രാര്‍ഥിച്ചവള്‍.

വെട്ടേറ്റു മുറിഞ്ഞ ജീവിതത്തോണി കരക്കടുപ്പിക്കുവാന്‍ അസാമാന്യ ഉള്‍ക്കരുത്തോടെ ആഞ്ഞു തുഴഞ്ഞവള്‍.

കരചരണാദികള്‍ ഛേദിക്കപ്പെട്ട ഭര്‍ത്താവിനു തുണയായി, പറക്ക മുറ്റാത്ത കിടാങ്ങളെ ചിറകിനടിയില്‍ ഒളിപ്പിച്ച്, തൊഴിലുറപ്പില്‍ അറപ്പില്ലാതെ തോഴിലെടുത്തും, രണ്ടു രൂപയുടെ അരി വാങ്ങിയും, വിധിയെ പഴിക്കാതെ അസാധാരണമായ ശുഭാപ്തി വിശ്വാസത്തോടെ, സര്‍വ്വവും തന്‍റെ നാഥനില്‍ സമര്‍പ്പിച്ച്, വ്രതങ്ങളും പ്രാര്‍ത്ഥനകളും പ്രവര്‍ത്തികളുമായി അവള്‍ നമ്മുടെ ഇടയിലുണ്ടായിരുന്നു.

ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ ചെകുത്താന്‍ കൂടിയേറിയെന്നറിഞ്ഞിട്ടും കേരളം പ്രബുദ്ധമെന്നവള്‍ കരുതി.

തൊണ്ടയില്‍ സങ്കടം കനത്തപ്പോള്‍, തുഴഞ്ഞു തുഴഞ്ഞു കൈകാലുകള്‍ തളര്‍ന്നപ്പോള്‍, ഈശോയുടെ തിരു ഹൃദയത്തെ അവള്‍ സ്മരിച്ചിരിക്കും.

ഉണ്ണിയേശുവിന്‍റെ മുഖത്തേക്ക് ആര്‍ദ്രമായി നോക്കുന്ന മാതാവിന്‍റെ കണ്ണിലെ കാരുണ്യമവളെ സാന്ത്വനിപ്പിച്ചിരിക്കും.

കൊടിയ പരിവെട്ടത്തില്‍ ഒരു ലൂര്‍ദ്‌ മാതാവിനെ അവള്‍ പ്രതീക്ഷിച്ചിരിക്കും.

പക്ഷെ നാമവളെ കണ്ടില്ല, കണ്ടവര്‍ കണ്ടില്ലയെന്നു നടിച്ചു.

കയ്യറുത്തവന്‍ അവന്‍റെ നീതി നടപ്പിലാക്കിയപ്പോള്‍ കൂടെ നില്‍ക്കേണ്ട ഇടയന്മാര്‍ സലോമിയുടെ താലി ചരടറുക്കാന്‍ കോപ്പുകൂട്ടി.

തന്‍റെ ഭരണപ്രദേശത്തെ ‘യൂഫ്രട്ടീസ് നദിയുടെ തീരത്ത് ഒരാട്ടിന്‍കുട്ടി പട്ടിണി കിടന്നാല്‍ ഞാനതിനു സമാധാനം പറയേണ്ടി വരും’എന്ന് പറഞ്ഞ നീതിമാന്മാരില്‍ നീതിമാനായ ആ മഹാന്‍റെ പിന്‍ഗാമികള്‍ സലോമിയുടെ കൊടിയ ദാരിദ്ര്യം കണ്ടില്ല.

ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന് വാഴ്ത്തിപ്പാടുന്നവര്‍ സലോമിയുടെ വെപ്രാളം കണ്ടില്ല.

നോവും മനുഷ്യന്‍റെ കണ്ണീരോപ്പുന്ന ധ്വജവാഹകര്‍ സലോമിയെക്കുറിച്ചോര്‍ത്തതേയില്ല.

ദൂരെയെവിടെയോ ഉള്ള ഒരു ജോസഫ്‌ മാഷും അയാളുടെ അറ്റുപോയ കയ്യും അവര്‍ക്ക് കേവലം യക്ഷിക്കഥയായിരുന്നു.

നമുക്കാവശ്യം ബരാബാസിനെ ആയിരുന്നു.അപ്പോഴും നാം പറയുന്നു നാം പ്രബുദ്ധരത്രേ..സലോമിയുടെ ഫോട്ടോയിലെ ലൈക്കുകളും ഷെയറുകളുമെണ്ണി നാം നമ്മുടെ സാമൂഹ്യപ്രതിബദ്ധത ചുരത്തുന്നു. ശീതീകരിച്ച മുറിയിലിരുന്ന്അക്ഷരങ്ങള്‍ പെറുക്കി കൂട്ടി കദനകാവ്യങ്ങള്‍ രചിക്കുന്നു.

നാണക്കേടാണ്..!!!

ഈ മഹതിയെ നാമാണ് തോല്പിച്ചത്.അവളുടെ സതിയുടെ ചിതയില്‍ നാം പള്ളിമേടകളും പൊന്‍കുരിശുകളും പണിയുന്നു.

കാലാന്തരത്തില്‍ വിശ്വാസ സംരക്ഷണത്തിനു ആഹൂതി ചെയ്ത ഒരു വിശുദ്ധയായി സലോമിയെക്കൊണ്ട് നാം നമ്മുടെ ആവശ്യങ്ങള്‍ക്ക് മാധ്യസ്ഥം പറയിക്കും.

എത്രയോ ഉയര്‍ന്ന ദ്രവണാങ്കമുള്ള ഹൃദയവും മനസ്സുമായിരുന്നു അവള്‍ക്ക്.?

തിരുസഭയും തിരുമേനിമാരും തമ്പുരാക്കന്മാരും ഒരു നല്ല വാക്ക് പറഞ്ഞിരുന്നുവെങ്കില്‍.. നിന്നിരുന്ന പഞ്ചാഗ്നിയിലേക്ക് ഒരു തുടം വെള്ളമൊഴിച്ചിരുന്നുവെങ്കില്‍ അവള്‍ നിലനിന്നേനെ..

നമുക്കതിനു സമയമില്ലല്ലോ…

നമുക്ക് നല്ല ശമരിയാക്കാരന്റെ കഥ പറയണ്ടേ..?

തന്നെ പോലെ തന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുന്നു എന്ന് വീമ്പിളക്കേണ്ടെ..?

നീതിയുടെ ആള്‍ രൂപങ്ങളായ ഖലീഫമാരുടെ കഥകള്‍ അയവിറക്കേണ്ടെ..?

ശ്രീബുദ്ധന്റെ അപാദാനകഥകള്‍ വാഴ്ത്തിപാടണ്ടേ..?

ഗീതാപ്രവചനവും ഭാഗവത സപ്താഹവും നടത്തേണ്ടേ..?

വര്‍ഗ സമരം നടത്തേണ്ടേ..?

മതപരമായ ഇത്ര തിരക്കിനിടയില്‍ ഏതു സലോമി ..?എന്ത് സലോമി..?

ഹേ കാപട്യക്കാരനായ മലയാളി….നിന്റെ പോയ്മുഖങ്ങളും ആദര്‍ശപ്പെക്കൂത്തുകളും ആധ്യാത്മിക പൊയ്ക്കാലുകളും കാണുവാനായി അവള്‍ ,സലോമി അവളുടെ കണ്ണുകള്‍ ഇവിടെ അവശേഷിപ്പിച്ചിരിക്കുന്നു..കേരളം കപടസമൂഹമാണെന്നു ആ കണ്ണുകള്‍ നമ്മോട് പറയും..ആത്മനൊമ്പരത്തില്‍ കരിഞ്ഞുപോയ ആ പാവം സ്ത്രീയുടെ നോട്ടം കല്പാന്ത കാലത്തോളം നമ്മെ വേട്ടയാടും. 

“വീട്ടിലെ പട്ടിണി മൂലം തൊഴിലുറപ്പ് പദ്ധതിയില്‍ ജോലിക്ക് പോകാന്‍ വരെ സലോമി തയ്യാറായിരുന്നുവെന്നാണ് അയല്ക്കാരും ബന്ധുക്കളും മാധ്യമങ്ങളോട് പറഞ്ഞത്. രണ്ടുരൂപായ്ക്ക് കിട്ടുന്ന റേഷന്‍ അരി വാങ്ങിയാണ് ആ കുടുംബം കുറെ നാളുകളായി കഴിഞ്ഞുപോന്നത്.”

ഈ മരണത്തില്‍ ഏറ്റവും കൂടുതല്‍ ഉത്തരവാദിത്വം ഇവരോട് പുറം തിരിഞ്ഞുനിന്ന സഭാ അധികാരികള്‍ക്കാണ്…

തൊണ്ണൂറ്റിയൊന്‍പത് ആടുകളെയും ഉപേക്ഷിച്ചു കാണാതായ ഒരു ആട്ടിന്‍കുട്ടിയെ തേടിപോയ വലിയ ആട്ടിടയന്റെ പിന്മുറക്കാരത്രെ ഇവര്‍…..

മുടിയനായ പുത്രന്‍ തിരിച്ചു വന്നപ്പോള്‍ ഉള്ളതില്‍ നല്ല ആടിനെ അറുത്തു കറി വെച്ചു വിരുന്നൊരുക്കിയ കഥ കേട്ട് വളര്‍ന്നവരത്രേ ഇവര്‍.

ദൂരത്തെ ബന്ധുവിനെക്കാള്‍ അയലത്തെ ശത്രുവിനെ സ്നേഹിക്കാന്‍ ഇവര്‍ ഉപദേശിക്കാറുണ്ടത്രേ….

വെള്ളയടിച്ച കുഴിമാടങ്ങളില്‍ നിന്നും ദൈവപുത്രന്‍ നിഷ്കാസിതനായിട്ട് കാലമെത്ര കഴിഞ്ഞു..?

ഇപ്പോഴവിടെ പീലാത്തോസുമാര്‍ പട്ടയം നേടിയിരിക്കുന്നു….കുടിപ്പാര്‍പ്പ് തുടങ്ങിയിരിക്കുന്നു…

കൈവെട്ടിയവരെക്കാള്‍ കൊടിയ കുറ്റവാളികള്‍ നിസ്സംഗത പാലിച്ച ആ ഇടയന്മാരത്രേ..

കപടനാട്യക്കാരേ, വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്.

നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങള്‍ അളക്കുന്ന അളവുകൊണ്ടു തന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും. (മത്താ 7:1-6)

നിന്നെ പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കണം എന്നില്ല, സ്വന്തം സഭക്കാരനെ എങ്കിലും സ്നേഹിക്കണം, സഹായിക്കണം. 

*Views are Personal

(മുതുകുളം സ്വദേശിയായ പ്രവാസിയാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍