UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആരാണ് സംഘികള്‍ക്ക് ‘ദേശവിരുദ്ധ’നായ രാമ നാഗ?

Avatar

അഴിമുഖം പ്രതിനിധി

ഒഡിഷയിലെ കാലാഹണ്ടി, ബോലാന്‍ഗിര്‍, കൊറാപുട്ട് എന്നീ ജില്ലകള്‍ അറിയപ്പെടുന്നത് കെബികെ ജില്ലകള്‍ എന്നാണ്. രാജ്യത്തെ തന്നെ ഏറ്റവും അവികസിതവും പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്നതുമായ ജില്ലകളാണിവ. പ്രദേശത്തിന്റെ ഭൂമിശാസ്ത്രം കാരണം കൃഷിയ്ക്കനുകൂലമല്ലാത്ത സമയങ്ങളില്‍ ഇവിടത്തെ ഗ്രാമീണര്‍ മറ്റു ഗ്രാമങ്ങളിലേക്ക് താമസം മാറാറുണ്ട് എന്ന് പഴയ ഒരു പ്ലാനിംഗ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അത്രത്തോളം ദരിദ്രമായ സാഹചര്യം രാജ്യത്തെ മറ്റു ജില്ലകളില്‍ ഒന്നും ഉണ്ടാവില്ല എന്നുള്ളത് റിപ്പോര്‍ട്ടില്‍ വ്യക്തമാണ്.

ഈ ഗ്രാമങ്ങളെക്കുറിച്ചിവിടെ വിവരിക്കാന്‍ കാരണം കൊറാപുട്ടില്‍ ജനിച്ചു വളര്‍ന്ന ഒരു യുവാവാണ്, രാമ നാഗ. നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഏറെ ആവേശത്തോടെയും അവബോധത്തോടെയും ഡല്‍ഹിയിലേക്കെത്തിയ ഈ 24 കാരന്‍ ചിലര്‍ക്ക്  ദേശവിരുദ്ധരായ അഞ്ചു ജെഎന്‍യു വിദ്യാര്‍ഥികളില്‍ ഒരാളായി. ഫെബ്രുവരി 9ന് ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി എന്ന വ്യാജത്തെളിവുകള്‍ ചമച്ച് അയാളെയും മറ്റു നാലു ജെഎന്‍യു വിദ്യാര്‍ഥികളെയും രാജ്യദ്രോഹം ചുമത്തി ജയിലില്‍ അടയ്ക്കാനുള്ള ശ്രമം ആരംഭിച്ചു.  അയാളുടെ സഹപപാഠികളായ ഉമര്‍ ഖാലിദും അനിര്‍ബന്‍ ഭട്ടാചാര്യയും ഇന്ന് ജയിലിലാണ്. 

എട്ടാം തരം വരെ പഠിച്ച സഹോദരനും അംഗന്‍ വാടി നടത്തുന്ന സഹോദരിയും  അടക്കമുള്ളവരില്‍ ഉന്നത വിദ്യാഭ്യാസം നേടാന്‍ കഴിഞ്ഞ ഏക വ്യക്തി അയാളാണ്. ഗ്രാമത്തിലെ അനേകം കുട്ടികളോടൊപ്പം രാമ നാഗയും എട്ടാം തരം വരെ നാലുകിലോമീറ്റര്‍ അകലെയുള്ള സ്കൂളില്‍ നടന്നു പോയാണ് പ്രാഥമിക വിദ്യാഭ്യാസം കരസ്ഥമാക്കുന്നത്.  ഗുരുത്വാകര്‍ഷണ നിയമമോ പഠിക്കാനുള്ള ആവേശമോ അല്ല, മറ്റു കുട്ടികളെപ്പോലെ തന്നെ ഒരുനേരത്തെ സൌജന്യ ഭക്ഷണമായിരുന്നു പലപ്പോഴും അവനെ സ്കൂളിലെത്തിച്ചത്. 

ഇന്നവന്‍ ജെഎന്‍യു വിദ്യാര്‍ഥികളുടെ ശബ്ദമാണെങ്കിലും ബിരുദത്തിന്റെ അവസാന സെമസ്റ്ററിനു മുന്‍പ്  ജെഎന്‍യു സര്‍വ്വകലാശാലയെക്കുറിച്ച് താന്‍ കേട്ടിട്ടു പോലുമില്ലായിരുന്നു എന്ന് നാഗ പറയുന്നു. ഡല്‍ഹിയിലേക്ക് വരുന്നതിനു ധൈര്യപ്പെടാത്ത ഒരധ്യാപകനാണ് അയാളോട് ജെഎന്‍യുവിനെക്കുറിച്ച് പറയുന്നത്. 

ബിരുദ കാലയളവില്‍ താമസിച്ച കാമ്പസ് ഹോസ്റ്റലില്‍ ഇല്ലാതിരുന്നത് രണ്ടേ രണ്ടു കാര്യങ്ങളാണ്. ഒന്ന് മെസ്സും രണ്ട് വൈദ്യുതിയും. ആവശ്യത്തിനുള്ള വൈദ്യുതിയ്ക്കായി നിയമവിരുദ്ധമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കേണ്ടി വരെ വന്നിട്ടുണ്ട് ഹോസ്റ്റല്‍ അന്തേവാസികള്‍ക്ക്. ഈ സൌകര്യങ്ങള്‍ എല്ലാമുള്ള സ്വകാര്യ ഹോസ്റ്റലുകളില്‍ നല്‍കാന്‍ ആവശ്യമുള്ള തുക താങ്ങാനാവാത്തതായിരുന്നു.

സിവില്‍ സര്‍വ്വീസോ,  എഞ്ചിനീയറിംഗ് എന്നിവയിലേക്ക് തിരിയണം എന്നുള്ള ആഗ്രഹങ്ങള്‍ ഉണ്ടായിരുന്ന ഒരാളാണ് നാഗ. അത്തരം പരീക്ഷകള്‍ക്കു വേണ്ടി മുടക്കേണ്ടി വരുന്ന ഭീമമായ തുകകള്‍ എന്നും തനിക്കൊരു പ്രശ്നമായിരുന്നു എന്ന് നാഗ ഓര്‍ക്കുന്നു. അതിനാല്‍ തന്നെ ഹ്യുമാനിറ്റീസിലേക്ക് തിരിയേണ്ടി വന്നു അയാള്‍ക്ക്.

ജെഎന്‍യു വിലേക്കുള്ള പ്രവേശനപ്പരീക്ഷ എഴുതാന്‍ ഭുവനേശ്വര്‍ എത്താന്‍ പോലും കഴിയുമെന്ന് ഉറപ്പില്ലാത്ത അവസ്ഥയായിരുന്നു നാഗയുടേത്. അവിടേയ്ക്ക് യാത്ര ചെയ്യാന്‍ ആവശ്യമായ പണം ഇല്ലാതെ വിഷമിച്ച അയാള്‍ക്കു കൈത്താങ്ങായത് ഒരധ്യാപകനാണ്.

ജെഎന്‍യു വിലെക്കുള്ള പരീക്ഷയുടെ ഫലം വരുന്നതിനു മുന്‍പ് പുതുച്ചേരി സര്‍വ്വകലാശാലയിലേക്കുള്ള പ്രവേശനപരീക്ഷ പാസ്സായിരുന്നു നാഗ. അവിടെ ചേരുന്നതില്‍ നിന്നും പിന്മാറാനുള്ള കാരണവും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ തന്നെയായിരുന്നു. അറിവിനെ അളന്ന പരീക്ഷയെ മറികടന്നെങ്കിലും 13000 രൂപ  അഡ്മിഷന്‍ ഫീസ്‌ എന്ന കടമ്പ കടക്കാന്‍ അയാളെക്കൊണ്ടാവുമായിരുന്നില്ല. ആ അവസ്ഥയില്‍ തമ്മില്‍ എളുപ്പമായ വഴി ജെഎന്‍യുവിലേക്കുള്ളതായിരുന്നു. അവിടെയും പണം നാഗയ്ക്ക് വിലങ്ങുതടിയായി. ജെഎന്‍യുവിലെ അഡ്മിഷന്‍ ഫീസ്‌ അടയ്ക്കാന്‍ അയാളുടെ പിതാവ് നാട്ടിലെ സ്വയം സഹായ സംഘത്തില്‍ നിന്നും വാങ്ങിയ 7000 രൂപ മുന്‍പ് പഠിച്ച കോളേജിലെ ഫീസ്‌ അടയ്ക്കാനേ തികഞ്ഞുള്ളൂ.

ജെഎന്‍യു ട്യൂഷന്‍ ഫീസായ 300 രൂപയും ഹോസ്റ്റല്‍ ഫീസായ 3500 രൂപയും അയാളെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. നാട്ടില്‍ നിന്നു തന്നെയുള്ള ഒരു സീനിയര്‍ വിദ്യാര്‍ഥിയാണ് അവിടെ രാമ നാഗയ്ക്ക് കൈത്താങ്ങായത്.  എംസിഎം സ്കോളര്‍ഷിപ്പ്‌ തുക 2000 കൊണ്ട് നടന്നുപോവുക ജെഎന്‍യുവിലെ മെസ്സ് ഫീ മാത്രമാണ്. തന്നേപ്പോലുള്ള വിദ്യാര്‍ഥികള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ പറ്റിയ ഇടമാണ് ജെഎന്‍യു എന്ന് രാമ നാഗ പറയുന്നുണ്ട്. 

തന്റെ എംഫില്‍ പഠനത്തിന്റെ ഭാഗമായി അഗ്രെറിയന്‍ റിലേഷന്‍സ് ആന്‍ഡ്‌ ദി റോള്‍ ഓഫ് ദി കോര്‍പ്പറേറ്റ് സെക്ടര്‍ എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ പദ്ധതിയുള്ള നാഗയ്ക്ക് രാഷ്ട്രീയത്തിലേക്കിറങ്ങിയതില്‍ തെല്ലും വിഷമമില്ല. ജെഎന്‍യുവില്‍ വന്ന സമയങ്ങളില്‍ തന്നെ ഓള്‍ ഇന്ത്യാ സ്റ്റുഡന്‍റ്റ്സ് അസോസിയേഷനുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനാരംഭിച്ചിരുന്നു. സമൂഹത്തിലെ അനീതികള്‍ക്കെതിരെയും ദളിതരെയും ആദിവാസികളെയും അടിച്ചമര്‍ത്തുന്നതിനെതിരെയും അന്നേ സംഘടനയിലൂടെ ശബ്ദമുയര്‍ത്തുന്നവരുടെ കൂട്ടത്തില്‍ നാഗയുമുണ്ടായിരുന്നു.

ഫെബ്രുവരി 9ന് നടന്ന സംഭവത്തില്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഒന്നുമുയര്‍ന്നില്ല എന്ന് നാഗ വ്യക്തമാക്കുന്നുണ്ട്. നടന്നതെന്തെന്ന് ഇന്ന് രാജ്യത്തിനറിയുകയും ചെയ്യാം. ഇക്കാര്യത്തില്‍ മാതാപിതാക്കളുടെ പിന്തുണയും രാമ നാഗയ്ക്കുണ്ട്. ഇപ്പോഴത്തെ അവസ്ഥയെ ഭയക്കുന്നുവെങ്കിലും എന്നിലും രാജ്യത്തെ നിയമവ്യവസ്ഥയിലും അവര്‍ക്ക് വിശ്വാസമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍