UPDATES

വിദേശം

മോതിര പ്രേമി, ചൈന അനുകൂലി, കുടുംബ രാഷ്ട്രീയം: രാജപക്‌സെയെക്കുറിച്ച് അറിയേണ്ടതെല്ലാം

രാജപക്സെ രണ്ടുതവണ പ്രസിഡണ്ടായിരുന്ന 2005 മുതൽ 2015 വരെയുള്ള കാലഘട്ടത്തിൽ Reporters Without Borders അയാളെ വിശേഷിപ്പിച്ചത് “ലോകത്തിലെ ഏറ്റവും വലിയ മാധ്യമസ്വാതന്ത്ര്യ വേട്ടക്കാരിൽ ഒരാൾ” എന്നാണ്.

മൂന്നു വർഷം മുമ്പ് നടന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ തോറ്റ് അധികാരത്തിൽ നിന്നും പുറത്തായ ശ്രീലങ്കയുടെ മുൻ പ്രസിഡണ്ട് മഹീന്ദ രാജപക്സെ പ്രധാനമന്ത്രിയായി തിരിച്ചു അധികാരത്തിലെത്തിയിരിക്കുന്നു. പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചയാൾ തന്നെയാണ് രാജപക്സെയെ പ്രധാനമന്ത്രിയായി നിയമിച്ചത്.

റനിൽ വിക്രമസിംഗെയുടെ സർക്കാരിനെ പൊടുന്നനെ പിരിച്ചുവിട്ടാണ് പ്രസിഡണ്ട് മൈത്രിപാല സിരിസേന 72-കാരനായ ചൈനാനുകൂലിയായ രാജപക്സെയെ വെള്ളിയാഴ്ച്ച പ്രധാനമന്ത്രിയായി നിയമിച്ചത്. തൂവെള്ളക്കുപ്പായം ധരിക്കുന്ന രാജപക്സെ ശ്രീലങ്കയിലെ ബുദ്ധമതക്കാരായ ഭൂരിപക്ഷത്തിലെ പലരുടെയും വീരനായകനാണ്. കൈവിരലുകൾ നിറയെ ഭാഗ്യമോതിരങ്ങൾ ധരിക്കുന്ന അയാളെ, പലപ്പോഴും എട്ടെണ്ണം,‘lord of rings’ എന്നാണ് ആളുകൾ വിളിക്കാറ്.

ന്യൂനപക്ഷ തമിൾ വിമതകലാപകാരികൾക്കെതിരെ നടത്തിയ യുദ്ധത്തിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനകുറ്റങ്ങളാണ് രാജപക്സെക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത്. 2009-ൽ അവസാനിച്ച ഏഷ്യയിലെ ഏറ്റവും അധികം കാലം നീണ്ടുനിന്ന 26 കൊല്ലക്കാലത്തെ സംഘർഷത്തിൽ ഒരു ലക്ഷത്തിലേറെപ്പേരാണ് കൊല്ലപ്പെട്ടത്. 21 ദശലക്ഷം ജനങ്ങളുള്ള രാജ്യത്തെ മത, വംശ വിഭാഗീയതകൾ അവസാനിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നു എന്ന് സ്ഥാനമേറ്റതിനു പിന്നാലെ നൽകിയ പ്രസ്താവനയിൽ രാജപക്സെ പറഞ്ഞു.

“നാം വെറുപ്പിന്റെ രാഷ്ട്രീയം ഉപേക്ഷിക്കുകയും എല്ലാ പൗരന്മാരുടെയും മനുഷ്യാവകാശം സംരക്ഷിക്കുന്ന, കോടതിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്ന, രാജ്യത്ത് ക്രമസമാധാനം ഉണ്ടാക്കുന്ന ഒരു ഇടക്കാല സർക്കാർ സ്ഥാപിക്കുകയും ചെയ്യും,” പ്രസ്താവനയിൽ പറഞ്ഞു.
അയാൾ അധികാരമേറ്റതിന് തൊട്ടുപിന്നാലെ, രാജപക്‌സെയുടെ അനുയായികൾ കൊളംബോയിലെ സർക്കാർ മാധ്യമ സ്ഥാപനങ്ങൾ കയ്യേറുകയും നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തതായി മാധ്യമപ്രവർത്തകർ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

രാജപക്സെ രണ്ടുതവണ പ്രസിഡണ്ടായിരുന്ന 2005 മുതൽ 2015 വരെയുള്ള കാലഘട്ടത്തിൽ Reporters Without Borders അയാളെ വിശേഷിപ്പിച്ചത് “ലോകത്തിലെ ഏറ്റവും വലിയ മാധ്യമസ്വാതന്ത്ര്യ വേട്ടക്കാരിൽ ഒരാൾ” എന്നാണ്.

വീരകേടിയയിലെ തെക്കൻ ഗ്രാമത്തിൽ ഒമ്പത് മക്കളിൽ ഒരാളായി ജനിച്ച രാജപക്സെ തന്റെ നിരവധി ബന്ധുക്കൾക്കൊപ്പം നാല് ദശാബ്ദമായി രാഷ്ട്രീയത്തിലുണ്ട്. അഭിഭാഷകനായ അദ്ദേഹം തന്റെ അച്ഛന്റെ പാതയിൽ 1970-ൽ പാർലമെന്റംഗമായി. അന്നത്തെ ഏറ്റവും പ്രായം കുറഞ്ഞ പാർലമെന്റംഗമായിരുന്നു അദ്ദേഹം. അയാളുടെ പല സഹോദരന്മാരും മക്കളും ദേശീയ, അന്തർദേശീയ രാഷ്ട്രീയത്തിൽ നിർണായക പദവികൾ വഹിച്ചു.

ലാൻഡനിൽ നിന്നും നിയമവിദ്യാഭ്യാസം നേടിയ അയാളുടെ മകൻ നമൽ, 2010-ൽ എം പിയായി ഏറ്റവും പ്രായം കുറഞ്ഞ എം പിയെന്ന അയാളുടെ അച്ഛന്റെ നേട്ടം സ്വന്തമാക്കി. തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ആദ്യകാലത്ത് മനുഷ്യാവകാശങ്ങളുടെ ശക്തനായ വക്താവായിരുന്നു രാജപക്സെ പല ഇടതുപക്ഷ, തീവ്ര പ്രതിഷേധങ്ങളിലും പങ്കെടുത്തിട്ടുണ്ട്.

2005-ൽ പ്രസിഡണ്ട് ആകുന്നതിനു മുമ്പ് പല വകുപ്പുകളിലും മന്ത്രിയായിരുന്നു. 2002 മാർച് മുതൽ 2004-ൽ പ്രധാനമന്ത്രിയായി നിയമിക്കപ്പെടും വരെ പ്രതിപക്ഷ നേതാവായിരുന്നു.
തുടർന്ന് ആഭ്യന്തര യുദ്ധത്തിലേക്ക് ശ്രദ്ധ പൂർണമായും തിരിച്ചു. സൈനികരുടെ എണ്ണം കൂട്ടിയും തമിൾ പുലികൾ കൈവശംവെച്ച പ്രദേശങ്ങളിലേക്ക് കടന്നുകയറിയും 2009-ൽ തമിൾ പുലികളെ പൂർണമായും കീഴ്‌പ്പെടുത്തി. ഒരു വർഷത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ രാജപക്സെ വൻവിജയം നേടി.

യുദ്ധത്തിന്റെ അവസാന വർഷം സർക്കാർ സേനയുടെ ഷെല്ലാക്രമണത്തിൽ ആയിരക്കണക്കിന് സാധാരണക്കാർ കൊല്ലപ്പെട്ടുവെന്ന് ഐക്യ രാഷ്ട്ര സഭ പറഞ്ഞു. യുദ്ധകുറ്റാരോപണങ്ങൾ അന്വേഷിക്കാൻ വിദേശ ന്യായാധിപരും പ്രോസിക്യൂട്ടർമാരും അടങ്ങുന്ന ഒരു സംവിധാനത്തിനായി അവർ ഏറെ പരിശ്രമിച്ചു. 2010-ൽ എഴുതിയ ചോർന്ന ഒരു നയതന്ത്ര കത്തനുസരിച്ച് യുദ്ധത്തിൽ സാധാരണക്കാർക്ക് നേരെ നടന്ന അക്രമങ്ങൾക്കു പ്രസിഡണ്ട് മഹീന്ദ രാജപക്സെയും അയാളുടെ സഹോദരന്മാരും അടക്കമുള്ള രാജ്യത്തെ മുതിർന്ന ഭരണ നേതൃത്വമാണ് ഉത്തരവാദിയെന്ന് ശ്രീലങ്കയിലെ യു എസ് നയതന്ത്ര പ്രതിനിധി പാട്രീഷ്യ ബുറ്റെന്നിസ് പറഞ്ഞിരുന്നു.

യുദ്ധത്തിന്റെ അവസാന ഘട്ടത്തിൽ കൊലപാതക സംഘങ്ങളെ നിലനിർത്തിയിരുന്നു എന്ന് രാജപക്‌സെയുടെ സഹോദരനും പ്രതിരോധ സെക്രട്ടറിയുമായിരുന്ന ഗോതബായ രാജപക്സെക്കെതിരെ ആരോപണം ഉയർന്നിരുന്നു. അക്കാലത്ത് ലോകത്തിലെത്തന്നെ ഏറ്റവും മാരകശേഷിയുണ്ടായിരുന്ന കലാപകാരികളായിരുന്ന തമിൾ പുലികളെ മാത്രമാണ് സൈന്യം ലക്ഷ്യംവെച്ചതെന്ന് പറഞ്ഞതുകൊണ്ട് ഇരുസഹോദരന്മാരും ആരോപണങ്ങൾ നിഷേധിച്ചു.
രണ്ടാം വട്ടം 2010-ൽ തന്റെ രണ്ടാംവട്ടത്തിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം നേടി വിജയിച്ച നേടിയ രാജപക്സെ പ്രസിഡണ്ടിന്റെ രണ്ടു വട്ട കാലപരിധി ഉൾപ്പെടെ പ്രസിഡണ്ട് പദവിയുടെ മേലുള്ള മിക്ക നിയന്ത്രണങ്ങളും എടുത്തുകളഞ്ഞു.

ശ്രീലങ്കയുടെ പരമ്പരാഗത മിത്രമായ ഇന്ത്യയെ ആശങ്കപ്പെടുത്തിക്കൊണ്ട് ബീജിങ്ങിൽ നിന്നും നൂറുകണക്കിന് കോടി ഡോളർ വായ്പ വാങ്ങി രാജ്യത്തെ ചൈനയുമായി അടുപ്പിച്ചതും രാജപക്‌സെയാണ്. പ്രസിഡണ്ടായിരിക്കുമ്പോൾ ഇന്ത്യയുടെ പ്രതിഷേധത്തിനിടയിൽ രാജ്യത്തെ പ്രധാന തുറമുഖത്ത് ചൈനയുടെ മുങ്ങിക്കപ്പലുകൾക്ക് നങ്കൂരമിടാൻ അനുമതി നൽകി. ചൈനീസ് നിക്ഷേപത്തോടുകൂടിയുള്ള ഒരു കൂറ്റൻ തുറമുഖം, ബീജിംഗിന്റെ നിക്ഷേപ പദ്ധതി ഒരു കടക്കെണിയാണെന്ന ആശങ്കകൾക്കും വഴി തെളിച്ചു.

തനിക്കെതിരെ എതിരാളികളെ ഒന്നിപ്പിച്ച്, 2015-ൽ തന്റെ തോൽവിക്ക് ഇടയാക്കിയത് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗമാണെന്നും (Research and Analysis Wing) രാജപക്സെ ആരോപിച്ചിരുന്നു.
ഇന്ത്യൻ മഹാസമുദ്രത്തിന്റെ മുന്നിൽ തന്ത്രപരമായ പ്രാധാന്യത്തിൽ കിടക്കുന്ന ശ്രീലങ്കയിൽ, രാജപക്സെയുടെ മടങ്ങിവരവോടെ ചൈന വീണ്ടും പിടിമുറുക്കുമെന്ന ആശങ്ക ന്യൂ ഡൽഹിക്കുണ്ട്.

പ്രധാനമന്ത്രി സ്ഥാനത്തേക്ക് മഹീന്ദ രാജപക്സെ നിർദ്ദേശിക്കപ്പെട്ടതിനു പിന്നാലെ ശ്രീലങ്കയിൽ രാഷ്ട്രീയ പ്രതിസന്ധി കനക്കുന്നു

Explainer: ചൈന പിടിമുറുക്കുമോ? ശ്രീലങ്കൻ രാഷ്ട്രീയവും ഇന്ത്യയും തമ്മിലെന്ത്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍