‘ഒരു മത്സ്യത്തൊഴിലാളിയുടെ മകളാണ് എന്ന ഐഡന്‍റിറ്റി പുറത്തു വിടരുത്, പുറത്തൊക്കെ പോകുമ്പോള്‍ അതറിയിക്കാതെ വേണം പെരുമാറേണ്ടത്’ ഇതായിരുന്നു എനിക്ക് കുട്ടിക്കാലത്ത് കിട്ടിയ പാഠം
“കുട്ടിക്കാലം തൊട്ടേ ഈ ഒരു ഐഡെന്‍റിറ്റി മറച്ചു വെക്കാന്‍ നിര്‍ബ്ബന്ധിതയായി വളര്‍ന്ന് വന്ന ഒരാളാണ് ഞാന്‍. ഒരു മത്സ്യത്തൊഴിലാളിയുടെ മകളാണ് എന്ന ഐഡന്‍റിറ്റി പുറത്തു വിടരുത്, പുറത്തൊക്കെ പോകുമ്പോള്‍ അതറിയിക്കാതെ വേണം പെരുമാറേണ്ടത് എന്നൊക്കെ കേട്ടാണ് ഞാന്‍ വളര്‍ന്നത്. വീട്ടില്‍ നിന്നടക്കം എനിക്കു കിട്ടിയ പാഠം അതായിരുന്നു.” മത്സ്യത്തൊഴിലാളിയായ നെപ്പോളിയന്റെയും മറിയയുടെയും മകളായ വിഴിഞ്ഞം പുല്ലുവിള സ്വദേശി സിന്ധു നെപ്പോളിയന്‍ പറയുന്നു. ഇന്നവള്‍ ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ ജേര്‍ണലിസം ആന്‍റ് മാസ് കമ്മ്യൂണിക്കേഷനില്‍ പിജി വിദ്യാര്‍ഥിയാണ്. യുനെസ്കോയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏഷ്യ ഇന്‍ഡിജിനസ് പീപ്പിള്‍സ് പാക്ട് എന്ന സംഘടനയുടെ തായ്ലന്‍റില്‍ നടന്ന മീഡിയ എക്സ്ചേഞ്ച് പ്രോഗ്രാമില്‍ മത്സ്യത്തൊഴിലാളി കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് പങ്കെടുത്ത സിന്ധു വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശവാസികളായ മത്സ്യത്തൊഴിലാളികളെ എങ്ങിനെയാണ് ബാധിക്കുന്നത് എന്ന വിഷയത്തെ കുറിച്ച് ഡിഗ്രി പഠനത്തിന്റെ ഭാഗമായി ഡോക്യുമെന്‍ററിയും ചെയ്തിട്ടുണ്ട്.
സിന്ധുവിന്‍റെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു ജേര്‍ണലിസം പഠിക്കുക എന്നത്. അങ്ങനെ ഒട്ടേറെ പ്രതിസന്ധികളെ മറികടന്നാണ് സിന്ധു ഹൈദരബാദ് യൂണിവേഴ്സിറ്റിയില്‍ എത്തിയത്. മുഖ്യധാരയില്‍ നിന്നകന്നു നില്‍ക്കുന്ന അല്ലെങ്കില്‍ ആരും ശ്രദ്ധിക്കപ്പെടാതെ പോകുന്ന മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പുറത്തുകൊണ്ടുവരിക, അവരുടെ എഴുതപ്പെടാത്ത ചരിത്രം ഡോക്യുമെന്‍റ് ചെയ്യുക ഇതൊക്കെയാണ് സിന്ധുവിന്റെ ലക്ഷ്യങ്ങള്‍. താന്‍ ഉള്‍പ്പെടുന്ന മത്സ്യത്തൊഴിലാളി കമ്മ്യൂണിറ്റിയുടേതടക്കം മുഖ്യധാരാ മാധ്യമങ്ങള്‍ ശ്രദ്ധിക്കാതെ പോകുന്ന ദളിതരുടെയും ആദിവാസികളുടെയും ന്യൂനപക്ഷങ്ങളുടെയും പ്രശ്നങ്ങള്‍ മീഡിയയുടെ എല്ലാ സാധ്യതകളും ഉപയോഗിച്ച് മുഖ്യധാരയില്‍ കൊണ്ട് വരാന്‍ ശ്രമിക്കുന്ന സിന്ധു കോസ്റ്റല്‍ കമ്മ്യൂണിക്കേഷന്‍റെ സാധ്യതകളാണ് അന്വേഷിക്കുന്നത്. ജീവിതത്തെ കുറിച്ചും സ്വപ്നങ്ങളെ കുറിച്ചും സിന്ധു സംസാരിക്കുന്നു.
ഞാന്‍ ഹൈദരബാദ് യൂണിവേഴ്സിറ്റിയില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ വിദ്യാര്‍ഥിനിയാണ്. ഡിഗ്രിക്കും ഞാന്‍ ജേര്‍ണലിസം ആന്‍റ് കമ്മ്യൂണിക്കേഷന്‍ തന്നെയാണ് ചെയ്തത്. ആ സമയത്ത് ഞങ്ങള്‍ക്ക് ഡവലപ്മെന്‍റ് കമ്മ്യൂണിക്കേഷന്‍ എന്നു പറഞ്ഞിട്ടു ഒരു പ്രത്യേക ഏരിയ പഠിക്കാന്‍ ഉണ്ടായിരുന്നു. അതെന്താന്നു വെച്ചാല്‍ ഈ മുഖ്യധാരാ മാധ്യമങ്ങളില്‍ കവര്‍ ചെയ്യപ്പെടാതെ പോകുന്ന ദളിതര്‍, ആദിവാസികള്‍ മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ തുടങ്ങിയവരുടെ വിഷയങ്ങള്‍ മാധ്യമങ്ങളുടെ സാധ്യത ഉപയോഗിച്ച് മുഖ്യധാരയിലേക്ക് കൊണ്ട് വരിക എന്നുള്ളതാണ്. ഡിഗ്രിക്കാലത്ത് തന്നെ എനിക്ക് ഡവലപ്മെന്‍റ് കമ്മ്യൂണിക്കേഷനെ കുറിച്ചുള്ള ഒരു ബെയ്സ് കിട്ടിയിരുന്നു. ഇവിടെ പിജിക്ക് ചേര്‍ന്നപ്പോഴും സെക്കന്‍റ് സെമസ്റ്ററില്‍ അതുമായി ബന്ധപ്പെട്ട ഒരു പേപ്പര്‍ ഉണ്ടായിരുന്നു. എനിക്കു ജേര്‍ണലിസത്തിനകത്ത് ഭയങ്കര താത്പര്യമുള്ള ഒരു ഏരിയ അതാണ്. ഡെവലപ്മെന്‍റ് കമ്മ്യൂണിക്കേഷനിലാണ് ഭാവിയില്‍ കൂടുതല്‍ വര്‍ക്ക് ചെയ്യാന്‍ എനിക്കു താത്പര്യം ഉള്ളത്. ഞാന്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതലായി വായിച്ച സമയത്ത് അതിനകത്ത് പറയുന്നതൊക്കെയും ഇന്ത്യയിലെ റിമോട്ട് ഏരിയ അതായത് ഗ്രാമങ്ങള്‍, അവിടത്തെ കര്‍ഷകര്‍ അവരുടെ പ്രശ്നങ്ങള്‍ ഒന്നും അഡ്രസ് ചെയ്യപ്പെടുന്നില്ല എന്നാണ്. ഒരു വല്യ പ്രശ്നം ഉണ്ടാകുമ്പോള്‍ അല്ലെങ്കില്‍ ഒരു മൂവ്മെന്‍റ് ഉണ്ടാകുമ്പോള്‍ മാത്രമേ മീഡിയയുടെ ശ്രദ്ധയില്‍ എത്തുന്നുള്ളൂ എന്നൊക്കെയാണ്. അതൊക്കെ സത്യമാണ്. പക്ഷേ ഞാന്‍ അപ്പോള്‍ ആലോചിച്ചത് ഈ കര്‍ഷകനെ പോലെ തന്നെ അഡ്രസ് ചെയ്യപ്പെടേണ്ട മറ്റൊരു വിഭാഗമാണല്ലോ മത്സ്യത്തൊഴിലാളികള്‍ എന്നാണ്. ഞാന്‍ എന്റെ കമ്യൂണിറ്റിയില്‍ ഉള്ള ആളുകളുമായി ബന്ധപ്പെട്ടു സംസാരിച്ചപ്പോള്‍ എനിക്കു മനസ്സിലായത് കാടും കാടുമായി ബന്ധപ്പെട്ട് താമസിക്കുന്നവരും മീഡിയയില്‍ റെപ്രസന്‍റ് ചെയ്യപ്പെട്ടതിന്‍റെ മൂന്നിലൊരംശം പോലും കടലും കടലുമായി ബന്ധപ്പെട്ട് താമസിക്കുന്നവരും വന്നിട്ടില്ല. അങ്ങനെയാണ് ഡെവലപ്മെന്‍റ് കമ്മ്യൂണിക്കേഷന് സാധ്യതകള്‍ അന്വേഷിക്കാന്‍ തുടങ്ങിയത്. റൂറല്‍ കമ്മ്യൂണിക്കേഷന്‍ എന്നാണ് കുറച്ചുകൂടെ സ്പെസിഫിക്കായിട്ട് ഇതിനകത്തുള്ള ടേം. റൂറല്‍ എന്നു പറഞ്ഞാല്‍ എപ്പോഴും ആളുകള്‍ ആദ്യം ചിന്തിക്കുന്നത് ഗ്രാമങ്ങള്‍, ഉള്‍നാടന്‍ സ്ഥലങ്ങള്‍ അതായത് കണക്ടിവിറ്റി ഇല്ലാത്ത സ്ഥലങ്ങള്‍ എന്നൊക്കെയാണ്. എന്തുകൊണ്ട് അത് തീരമായിക്കൂടാ എന്നു ഞാന്‍ ആലോചിച്ചു.
ഇത് ഞാന്‍ ഒറ്റയ്ക്ക് ഉണ്ടാക്കിയ ഐഡിയ അല്ല. കമ്മ്യൂണിറ്റിയില്‍ ഉള്ള കുറച്ചു ആളുകളുമായി സംസാരിച്ചപ്പോള്‍ കിട്ടിയ അറിവുകള്‍ കൂടി ഉപയോഗിച്ചാണ് കോസ്റ്റല്‍ കമ്മ്യൂണിക്കേഷന്‍ എന്ന തലത്തിലോട്ട് ഞാന്‍ എത്തിയത്. കോസ്റ്റല്‍ കമ്മ്യൂണിറ്റിക്കകത്ത് പുറത്തുള്ളവര്‍ക്ക് ഇപ്പൊഴും അറിയാത്ത കുറെ തനതായിട്ടുള്ള അറിവുകളുണ്ട്. പിന്നെ ഇവിടത്തെ എജുക്കേഷന്‍ മേഖലയില്‍ നിന്നുകൊണ്ടു പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ടി പലരീതിയിലും പല ആക്റ്റിവിറ്റികളും ചെയ്യുന്നവരോടാണ് ഞാന്‍ സംസാരിച്ചത്. ഒരു പക്ഷേ അവരൊക്കെ എന്നെക്കാളും പരന്ന വായനയൊക്കെ ഉള്ളവരാണ്. എന്റെ ഒരു മെന്‍റര്‍ എന്നു പറയുന്നത് ജോണ്‍സണ്‍ എന്ന വ്യക്തിയാണ്. പുള്ളിയോടൊക്കെ സംസാരിച്ചപ്പോഴാണ് എനിക്കു കുറെ കാര്യങ്ങള്‍ കിട്ടിയത്. ഞാനിപ്പോള്‍ പിജി ഫസ്റ്റ് ഇയര്‍ കഴിഞ്ഞതേയുള്ളൂ. ഇന്റേണ്‍ഷിപ് എന്ന രീതിയിലാണ് കോസ്റ്റല്‍ കമ്മ്യൂണിക്കേഷന്‍ എടുത്തിരിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ വിഴിഞ്ഞം, പൂന്തുറ തുടങ്ങി ഒരുപാട് മത്സ്യബന്ധന ഗ്രാമങ്ങളില്‍ പോയി പരമാവധി ആളുകളെകണ്ട് സംസാരിച്ചു അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുകയാണ് ഞാന്‍ ഇപ്പോള്‍ ചെയ്യുന്നത്.
ഇങ്ങനെ ഒരാശയത്തിലേക്കെത്താന്‍ സിന്ധുവിനെ പ്രേരിപ്പിച്ചത് എന്താണെന്ന് ചോദിച്ചപ്പോള്‍ സിന്ധു പറഞ്ഞത് ഒരു മത്സ്യത്തൊഴിലാളിയുടെ മകള്‍ എന്നരീതിയില്‍ കുട്ടിക്കാലത്ത് നേരിടേണ്ടിവന്ന ചില അനുഭവങ്ങള്‍ തന്നെയാണ് അതിനു കാരണമെന്നാണ്.
കുട്ടിക്കാലം തൊട്ടേ ഈ ഒരു ഐഡെന്‍റിറ്റി മറച്ചു വെക്കാന്‍ നിര്‍ബ്ബന്ധിതയായി വളര്‍ന്ന് വന്ന ഒരാളാണ് ഞാന്‍. ഒരു മത്സ്യത്തൊഴിലാളിയുടെ മകളാണ് എന്ന ഐഡന്‍റിറ്റി പുറത്തു വിടരുത്, പുറത്തൊക്കെ പോകുമ്പോള്‍ അതറിയിക്കാതെ വേണം പെരുമാറേണ്ടത് എന്നൊക്കെ കേട്ടാണ് ഞാന്‍ വളര്‍ന്നത്. വീട്ടില്‍ നിന്നടക്കം എനിക്കു കിട്ടിയ പാഠം അതായിരുന്നു. എന്‍റെ കുട്ടിക്കാലത്ത് തീരത്ത് തന്നെ കടലിനോട് ചേര്‍ന്നായിരുന്നു എന്റെ വീട്. ഞാന്‍ വൈകുന്നേരം ക്ലാസ് കഴിഞ്ഞു വന്നു കടപ്പുറത്തൊക്കെ കളിക്കാന്‍ പോകുമ്പോള്‍ അതിനൊക്കെ എനിക്കു വീട്ടില്‍ നിന്നു വഴക്കു കിട്ടുമായിരുന്നു. വീട്ടില്‍ അച്ഛനും അമ്മയും മൂന്നും നാലും ക്ലാസ്സ് വരെ മാത്രം പഠിച്ചവരാണ്. അച്ഛന്‍ കുറച്ചുനാള്‍ ഗള്‍ഫിലൊക്കെ ആയിരുന്നു. എഴുത്തും വായനയുടെ കാര്യത്തിലും ചിന്തിക്കുന്ന കാര്യത്തിലുമൊക്കെ അച്ഛന്‍ കുറച്ചുകൂടി മുന്‍പിലായിരുന്നു. എന്നെയും അനിയനെയും കടപ്പുറത്ത് പോയി കളിക്കുന്നതിന് വിലക്കുമായിരുന്നു. കടപ്പുറത്ത് പോയി കളിച്ച് ആ ഒരു ശീലത്തിലോട്ട് ആയിക്കഴിഞ്ഞാല്‍ കടപ്പുറത്തുള്ള ഒരാളുടെ മക്കളാണെന്ന മുദ്ര എങ്ങനെയാണെങ്കിലും ഉണ്ടാകും. അതിന്റെ ആവശ്യമില്ല. നിങ്ങള്‍ മറ്റുള്ളവരെപ്പോലെ സ്കൂളില്‍ പോകുക. വീട്ടില്‍ വന്നാല്‍ ഹോം വര്‍ക്ക് ചെയ്യുക, ഉറങ്ങുക, രാവിലെ എണീക്കുക, വീണ്ടും സ്കൂളില്‍ പോകുക അത് മാത്രം മതി. അല്ലാതെ നമ്മുടെതായ സര്‍ക്കിളിലോട്ടൊന്നും ഇറങ്ങണ്ട എന്നായിരുന്നു വിലക്ക്. അന്നെനിക്ക് കുഞ്ഞ് പ്രായത്തിലുള്ള സ്വാതന്ത്ര്യവും സന്തോഷവും ബ്ളോക്ക് ചെയ്യപ്പെടുന്ന ഒരു വിഷമം മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഇതിന്റെ പിറകിലുള്ള യഥാര്‍ത്ഥ കാരണം എന്താണെന്ന് എനിക്കു അറിയില്ലായിരുന്നു. പിന്നെ അത് മനസ്സിലായത് ഹൈസ്കൂള്‍ പഠനകാലത്താണ്.
ഒന്നു തൊട്ട് പന്ത്രണ്ടു വരെ ഞാന്‍ പഠിച്ചത് നാട്ടില്‍ തന്നെയുള്ള ലിയോ പാട്രിയന്‍ ഹയര്‍ സെകണ്ടറി സ്കൂള്‍ പുല്ലുവിളയിലായിരുന്നു. അവിടെ പഠിക്കുന്നവരില്‍ ഏറിയ പങ്കും മത്സ്യതൊഴിലാളികളുടെ മക്കളാണ്. അവിടെ പഠിച്ചിരുന്നപ്പോഴും അതും എന്റെ ഒരു കംഫര്‍ട്ട് സോണ്‍ ആയിരുന്നു. കാരണം എനിക്കു സ്കൂളിന് പുറത്തുള്ള കാര്യങ്ങള്‍ ഒന്നും കാര്യമായി അറിയണ്ട. കുഞ്ഞിലെ ഞാന്‍ ലൈബ്രറിയില്‍ പോയി വായിക്കുമായിരുന്നതുകൊണ്ട് സ്കൂളിനകത്താണെങ്കിലും മറ്റ് കുട്ടികളെ അപേക്ഷിച്ച് എനിക്കൊരു ഹോള്‍ഡ് ഉണ്ടായിരുന്നു. ഹൈസ്കൂള്‍ തലത്തില്‍ എന്‍ സി സി ക്യാമ്പിന് പോകുമായിരുന്നു. അപ്പോഴാണ് ജീവിതത്തില്‍ ആദ്യമായിട്ട് പുല്ലുവിള സ്കൂളില്‍ നിന്നു വരുന്ന കുട്ടികള്‍ മത്സ്യത്തൊഴിലാളികളുടെ മക്കളാണ് എന്ന വിവേചനം ഞാന്‍ അനുഭവിക്കുന്നത്. അതിന്റെ പേരില്‍ പല അവസരങ്ങളും നഷ്ടപ്പെടുന്നത് അവിടെ വെച്ചാണ്. കഴിവുണ്ടെന്ന് എനിക്കും അറിയാം അവര്‍ക്കും അറിയാം. പക്ഷേ മുന്നോട്ട് കൊണ്ടുപോകുന്നില്ല എന്നുള്ളതാണ്. സ്കൂളില്‍ നിന്നു ഞങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശം പുല്ലുവിള സ്കൂള്‍ എന്നു പറയരുത് ലിയോ പാട്രിയന്‍ ഹയര്‍ സെകണ്ടറി സ്കൂള്‍ എന്നു പറഞ്ഞാല്‍ മതി എന്നാണ്. മാത്രമല്ല പുറത്തു പോയാല്‍ മത്സ്യതൊഴിലാളികള്‍ സംസാരിക്കുന്ന കടപ്പുറം ഭാഷയില്‍ സംസാരിക്കരുത്, മാന്യമായ മലയാളം സംസാരിക്കണം എന്നൊക്കെയാണ്. അങ്ങനെയൊക്കെ കേട്ടപ്പോഴാണ് ഈ കാരണങ്ങള്‍ കൊണ്ടാണ് ചെറിയ പ്രായത്തില്‍ അച്ഛനും അമ്മയും സ്വന്തം ആള്‍ക്കാരുടെ കൂടെ കളിക്കുന്നതില്‍ നിന്നു എന്നെ വിലക്കിയത് എന്നു എനിക്കു മനസ്സിലാകുന്നത്. സ്കൂള്‍ സമയത്ത് ഒക്കെ ഞാന്‍ അത് ഫോളോ ചെയ്യാന്‍ ശ്രമിച്ചു. എന്റെ മനസ്സില്‍ ഉള്ള ഒരു ഭയം അതായിരുന്നു. ഒരു മത്സ്യത്തൊഴിലാളിയുടെ മകള്‍ എന്ന പേരില്‍ എന്തിനാണ് ഞാന്‍ വെറുതെ എനിക്കു കിട്ടുന്ന അവസരങ്ങള്‍ വേണ്ടെന്ന് വെക്കുന്നത് എന്നാണ് എനിക്കു തോന്നിയത്. ഇതിന്‍റെ പേരില്‍ ഒന്നും കിട്ടാതാകരുത് എന്നു കരുതി ഞാന്‍ മാത്രമല്ല ഞങ്ങളുടെ കൂട്ടത്തില്‍ ഉള്ള എല്ലാവരും ഈ ഒരു ഐഡന്‍റിറ്റി മറച്ചു വെച്ചു അഭിനയിക്കുകയായിരുന്നു.
ജേര്‍ണലിസം ഇഷ്ടവിഷയമായതിനെ കുറിച്ച് സിന്ധു പറയുന്നതിങ്ങനെയാണ്.
ഡിഗ്രിക്ക് ഞാന്‍ തിരുവനന്തപുരം മാര്‍ ഇവാനിയോസിലാണ് പഠിച്ചത്. ഇവാനിയോസില്‍ കിട്ടിയപ്പോള്‍ തന്നെ നാട്ടില്‍ നിന്നെല്ലാരും പറഞ്ഞു. അവിടൊന്നും പോകണ്ട സിന്ധു. ഒറ്റപ്പെട്ടു പോകും. നമുക്ക് പറഞ്ഞിട്ടുള്ളത് ഓള്‍ സെയിന്‍റ്സ് കോളേജും തുമ്പ സെന്‍റ് സേവിയേഴ്സ് കോളേജുമാണ്. അവിടെയാണെങ്കില്‍ നമ്മുടെ പിള്ളേരാണ് അധികവും പഠിക്കുന്നത്. മാര്‍ ഇവാനിയോസ് ഒക്കെ വല്യ ആള്‍ക്കാരുടെ മക്കള്‍ പഠിക്കുന്ന സ്ഥലമാണ്. ആലോചിച്ചിട്ടു ചേര്‍ന്നാല്‍ മതി എന്നൊക്കെ പറഞ്ഞിട്ടു എന്നെ പിന്തിരിപ്പിക്കാന്‍ പലരും ശ്രമിച്ചിരുന്നു. പക്ഷേ എനിക്കു ജേര്‍ണലിസം പഠിക്കണമായിരുന്നു. ഇവാനിയോസ് എനിക്കു ഭയങ്കര ഇഷ്ടമുള്ള കോളേജ് ആയിരുന്നു. കിട്ടിയപ്പോള്‍ വേറെ ഒന്നിന്‍റെ പേരിലും അത് കളയാന്‍ തോന്നിയില്ല. അങ്ങനെയാണ് ഞാന്‍ പോയത്. ഡിഗ്രിക്കാലം ആയപ്പോള്‍ ഈ പറഞ്ഞ വായനയുടെ ഒക്കെ ബലം കൊണ്ടാവാം അവിടെ എത്തിയപ്പോള്‍ എന്തോ ഉള്ളില്‍ നിന്നു കിട്ടിയ ധൈര്യത്തിന്‍റെ പുറത്തു ആദ്യായിട്ട് ഞാന്‍ പറഞ്ഞു. മത്സ്യത്തൊഴിലാളിയുടെ മകളാണ്. ഞാന്‍ വരുന്നത് വിഴിഞ്ഞതിനടുത്തുള്ള പുല്ലുവിള എന്ന മത്സ്യത്തൊഴിലാളി ഗ്രാമത്തില്‍ നിന്നാണ് എന്നൊക്കെ. ഇങ്ങനെ പറഞ്ഞതിന്റെ പേരില്‍ ഒരിയ്ക്കലും ഒരു നെഗറ്റീവ് അനുഭവം ഉണ്ടായില്ല. പിന്നെ അങ്ങോട്ട് ഞാന്‍ എവിടെ പോയാലും ആ ഐഡന്‍റിറ്റി പൂര്‍ണ്ണമായിട്ടും പറയാന്‍ തുടങ്ങി. അവിടെ ഡിപ്പാര്‍ട്മെന്‍റില്‍ നിന്നായാലും കൂടെയുള്ള സുഹൃത്തുക്കളില്‍ നിന്നായാലും നല്ല സപ്പോര്‍ട് തന്നെയായിരുന്നു.
പത്താം ക്ലാസ്സ് കഴിഞ്ഞപ്പോള്‍ തന്നെ എനിക്കു സോഷ്യല്‍ സയന്‍സ് പഠിക്കാനായിരുന്നു ഇഷ്ടം. പ്ലസ്ടുവിന് ഹുമാനിറ്റീസ് ആയിരുന്നു വിഷയം. സിവില്‍ സര്‍വീസില്‍ കയറണം എന്നൊരു ആഗ്രഹം എങ്ങനെയൊക്കെയോ ഉള്ളില്‍ കയറിയിട്ടുണ്ടായിരുന്നു. എക്സാക്റ്റ്ലി ജേര്‍ണലിസത്തിലേക്ക് വരാന്‍ കാരണം സ്കൂളില്‍ പഠിക്കുമ്പോള്‍ ബി ആര്‍ സിയുടെ നേതൃത്വത്തില്‍ ഒരു മാധ്യമ പഠന ക്യാമ്പ് നടന്നിരുന്നു. അതില്‍ പങ്കെടുത്തു. അന്ന് അടുത്തു തന്നെയുള്ള സ്ഥലങ്ങളില്‍ പോയി ചെറിയ വാര്‍ത്തകളൊക്കെ റിപ്പോര്‍ട്ട് ചെയ്യാനൊക്കെ പറഞ്ഞിരുന്നു. അതൊക്കെ എനിക്കു വലിയ താത്പര്യം ഉള്ള കാര്യമായിരുന്നു. അത്യാവശ്യം എഴുതാനുള്ള കഴിവ് എങ്ങിനെയോ ഉണ്ടായിരുന്നു. അന്ന് അവിടെ വന്നവര്‍ പറഞ്ഞു നിനക്കു ജേര്‍ണലിസം പറ്റും. ഒന്നു ശ്രമിച്ചു നോക്കൂ എന്ന്. അങ്ങനെയാണ് മാര്‍ ഇവാനിയോസില്‍ ജേര്‍ണലിസം & മാസ് കമ്മ്യൂണിക്കേഷന്‍ എന്ന കോഴ്സിന് ചേരുന്നത്. സത്യം പറഞ്ഞാല്‍ പി ജിക്കും അതേ വിഷയം തന്നെ എടുത്തത് ഡെവലപ്മെന്‍റ് കമ്മ്യൂണിക്കേഷന്‍ എന്ന ഒരു വിഷയം അതില്‍ ഉള്ളത് കൊണ്ടാണ്. എനിക്കു എന്തെങ്കിലും ചെയ്യാന്‍ പറ്റും എന്ന് ഉറപ്പുള്ള ഒരു ഏരിയ അതാണ്.
മാര്‍ ഇവാനിയോസിലെ പഠനത്തിന്റെ ഭാഗമായാണ് സിന്ധുവും കൂട്ടുകാരും വിഴിഞ്ഞം പദ്ധതിയെക്കുറിച്ച് ഒരു ഡോക്യുമെന്ററി തയാറാക്കിയത്. പ്രൊജക്റ്റ് തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു അത്. എളുപ്പത്തില്‍ പറ്റിക്കാന്‍ കഴിയുന്ന മത്സ്യത്തൊഴിലാളികളെ മോഹന വാഗ്ദാനങ്ങള്‍ നല്കി തെറ്റിദ്ധരിപ്പിച്ചാണ് ഈ പ്രൊജക്റ്റ് നടപ്പിലാക്കുന്നത് എന്നാണ് സിന്ധുവിന്റെ അഭിപ്രായം.
പഠനവുമായി ബന്ധപ്പെട്ട് ഒരു ഡോക്യുമെന്‍ററിയെ കുറിച്ചു ഞങ്ങള്‍ തലപുകഞ്ഞു ആലോചിക്കുമ്പോള്‍ ഡിപ്പാര്‍ട്മെന്‍റ് ഹെഡ് പറഞ്ഞു വിഴിഞ്ഞം പോര്‍ട്ട് പോലുള്ള ഒരു വലിയ വിഷയം മുന്നിലുള്ളപ്പോള്‍ എന്തിനാണ് വേറെ വിഷയം ആലോചിക്കുന്നത്. നിനക്കു എന്തുകൊണ്ട് മത്സ്യത്തൊഴിലാളി കമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ട് ചെയ്തു കൂടാ എന്ന്. അങ്ങനെയാണ് ഞാന്‍ ഈ ഡോക്യുമെന്ററിക്ക് ഈ വിഷയം തിരഞ്ഞെടുക്കുന്നത്. ഞങ്ങള്‍ അത് ചെയ്യുന്ന സമയത്ത് വിഴിഞ്ഞം പോര്‍ട്ട് പണി ആരംഭിച്ചിട്ടില്ല. പണി തുടങ്ങുന്നതിന് മൂന്നു മാസം മുന്‍പാണ് ഞങ്ങള്‍ ഡോക്യുമെന്ററി ചെയ്തത്. ഇത്രയും വലിയ ഒരു പ്രോജക്റ്റ് ഇതുപോലുള്ള ഒരു ഫിഷിംഗ് കമ്മ്യൂണിറ്റിയുടെ നടുക്ക് കൊണ്ട് വന്ന് സ്ഥാപിക്കുമ്പോള്‍ അവിടെയുള്ള ജനങ്ങളെ ഇതെങ്ങിനെ ബാധിക്കും എന്നായിരുന്നു ഞങ്ങള്‍ അന്വേഷിച്ചത്. മൊത്തത്തില്‍ കമ്മ്യൂണിറ്റിയില്‍ ഉള്ള ആളുകള്‍ക്ക് ആ പ്രൊജക്റ്റിനോട് പോസിറ്റീവ് ആറ്റിട്ട്യൂഡാണ് ഉള്ളത്. എന്‍റെ വീട്ടിലാണെങ്കിലും വിഴിഞ്ഞം പ്രൊജക്റ്റ് വരുമ്പോള്‍ നമ്മളൊക്കെ രക്ഷപ്പെടും എന്നാണ് ഞാന്‍ പറഞ്ഞു കേട്ടത്. നേരെ വിപരീതമാണ് സംഭവിക്കാന്‍ പോകുന്നത്. അതവര്‍ക്ക് അറിയില്ല. ഇവിടെയൊക്കെയുള്ള ആളുകള്‍ക്ക് ഇപ്പോള്‍ ചെറിയ പേടിയൊക്കെയുണ്ട്. എന്നാല്‍ വിഴിഞ്ഞം ഭാഗത്തുള്ളവരൊക്കെ വളരെ പ്രതീക്ഷയോടെയാണ് ഈ പ്രൊജക്ടിനെ കാണുന്നത്. അവിടത്തെ പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ അവിടെയുള്ള ജനങ്ങളെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. പത്താം ക്ലാസ് പോലും വിദ്യാഭ്യാസം ഇല്ലാത്ത ഒരു മകന്റെ അമ്മയോട് അവര് പറയുന്നതു തുറമുഖം വന്ന് കഴിഞ്ഞാല്‍ നിങ്ങളുടെ മകന്‍ ഇവിടെ എസി റൂമില്‍ ഇരുന്നു ജോലിചെയ്യും. ഗള്‍ഫിലൊന്നും പോകണ്ട എന്നാണ്. അവരത് വിശ്വസിച്ചിരിക്കുകയാണ്. അവരെ പറ്റിക്കാന്‍ എളുപ്പമാണ്. ഉല്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്ക് വല്യപ്രശ്നങ്ങള്‍ ഒന്നും ഇപ്പോള്‍ ഇല്ല. കരയോട് ചേര്‍ന്ന പ്രദേശത്താണ് ഇപ്പോള്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. എന്നാല്‍ ചിപ്പിയും കക്കയും വാരുന്നവര്‍ക്ക് അതിനൊന്നും പോകാന്‍ പറ്റുന്നില്ല. ചിപ്പിയൊന്നും ഇപ്പോള്‍ അവിടെ കിട്ടാന്‍ ഇല്ല. അടിമലത്തുറ മുതല്‍ കോവളം വരെയുള്ള പാറകളില്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. ആ ഭാഗങ്ങളൊക്കെ ഇപ്പോള്‍ പോര്‍ട്ട് അതോറിറ്റിയുടെ നിയന്ത്രണത്തിന്‍ കീഴിലാണ്. ആ തൊഴിലാളികള്‍ക്ക് ഇവര്‍ ചെറിയ നഷ്ടപരിഹാരം കൊടുത്തിട്ടുണ്ട്. എന്നാല്‍ പുലിമുട്ട് ഒക്കെ ഇട്ടു വരുമ്പോഴത്തേക്ക് വിഴിഞ്ഞത്തെ ഫിഷിംഗ് ഹാര്‍ബര്‍ പതുക്കെ പതുക്കെ നശിക്കും.
നാട്ടില്‍ പള്ളിയുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളിലൂടെയാണ് ഞാന്‍ ആദ്യമായിട്ടു പ്രവര്‍ത്തിച്ചു തുടങ്ങിയത്. പിന്നെ പതുക്കെ പതുക്കെ മറ്റ് കള്‍ച്ചറല്‍ ഗ്രൂപ്പുകളുമായും എന്‍ജിഒ കളുമായും ഒക്കെ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഒരു സൈഡില്‍ കൂടി ഞാന്‍ കോളേജില്‍ അക്കാദമിക് രംഗത്ത് കമ്മ്യൂണിറ്റിയുടെ കാര്യങ്ങള്‍ കൊണ്ട് വരാന്‍ ശ്രമിച്ചു. മറ്റൊരു സൈഡില്‍ നാട്ടില്‍ ഞാന്‍ കമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടാന്‍ തുടങ്ങി. ഇപ്പോള്‍ കമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാനും വായിക്കാനും ഒക്കെ ശ്രമിക്കുന്നുണ്ട്. ഹൈദരബാദില്‍ ആയത് കൊണ്ട് ഇവിടത്തെ കാര്യങ്ങളില്‍ അങ്ങനെ നില്‍ക്കാന്‍ പറ്റുന്നില്ല. എന്നാലും ഗ്രൂപ്പുകളിലെ ആളുകള്‍ ഇവിടെ നടക്കുന്ന എല്ലാ കാര്യങ്ങളും എന്നെ അറിയിക്കാറുണ്ട്.
ഹൈദരബാദ് യൂണിവേഴ്സിറ്റി തനിക്ക് സ്വപ്നം കാണാന്‍ പോലും കഴിയില്ലെന്നായിരുന്നു സിന്ധു കരുതിയിരുന്നത്. ഒരു പ്രതീക്ഷയും ഇല്ലാതെയാണ് വെറുതെ എന്‍ട്രന്‍സ് എഴുതിയതെന്നും അവിടെ അഡ്മിഷന്‍ കിട്ടിയത് അപ്രതീക്ഷിതമായിരുന്നെന്നും സിന്ധു പറയുന്നു.
ഹൈദരബാദ് എന്‍റെ സ്വപ്നത്തില്‍പോലും ഇല്ലാതിരുന്ന യൂണിവേഴ്സിറ്റിയാണ്. പി ജി ചെയ്യുകയാണെങ്കില്‍ മാക്സിമം പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയാണ് ഞാന്‍ പ്രതീക്ഷിച്ചിരുന്നത്. എങ്ങനെയോ ഏന്‍ട്രന്‍സ് എഴുതി ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ കിട്ടി. ഇവാനിയോസില്‍ ഡിപ്പാര്‍ട്മെന്‍റിന് പുറത്തു എനിക്കു സൌഹൃദങ്ങളെ ഉണ്ടായിരുന്നില്ല. ഹൈദരാബാദില്‍ നേരെ തിരിച്ചായിരുന്നു. എല്ലായിടത്തും സുഹൃത്തുക്കളാണ്. മലയാളികളും അല്ലാത്തവരുമായി ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ട്. എന്നുവെച്ചാല്‍ എനിക്കു അവിടെ ഒന്നും മറച്ചു വെക്കേണ്ടതില്ല. എനിക്കു ഞാനായി തന്നെ നില്ക്കാന്‍ പറ്റുന്നുണ്ട്. അവിടെ ചേര്‍ന്ന ആദ്യ വര്‍ഷം തന്നെ മത്സ്യത്തൊഴിലാളി കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് എനിക്കു തായ്ലന്‍റില്‍ ഒരു പരിപാടിക്ക് പങ്കെടുക്കാന്‍ പറ്റി. ഏഷ്യ ഇന്‍ഡിജിനിയസ് പീപ്പിള്‍സ് പാക്ട് എന്നൊരു സംഘടനയുണ്ട്. യുനസ്കോയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. ഫിഷിംഗ് കമ്മ്യൂണിറ്റിയിലും ട്രൈബല്‍ കമ്മ്യൂണിറ്റിയിലും ഉള്‍പ്പെടെയുള്ള ഇന്‍ഡിജിനിയസ് ഐഡന്‍റിറ്റിയുള്ള കമ്മ്യൂണിറ്റികളുടെ കാര്യത്തിന് വേണ്ടി വര്‍ക്ക് ചെയ്യുന്ന ഒരു ഏഷ്യന്‍ ഫോറമാണത്. ആ സംഘടനയുടെ മീഡിയ എക്സ്ചേഞ്ച് പ്രോഗ്രാമിലാണ് ഞാന്‍ പങ്കെടുത്തത്. അഞ്ചു ദിവസത്തെ പ്രോഗ്രാം ആയിരുന്നു. കേരളത്തില്‍ നിന്നു ഞാനും സികെ ജാനുവും ആയിരുന്നു ഉണ്ടായിരുന്നത്. സത്യത്തില്‍ ആ യാത്രയില്‍ ഫ്ലൈറ്റ് കയറുന്നത് തൊട്ട് ഫുള്‍ എക്സൈറ്റ്മെന്റായിരുന്നു. ഒന്നും ഒരു പരിചയവും ഇല്ല. ഞാന്‍ പോയതും വന്നതും എല്ലാം ഒറ്റയ്ക്കായിരുന്നു. അത് എന്നെ സംബന്ധിച്ചിടത്തോളം വലിയ സംഭവം തന്നെയായിരുന്നു. അവിടെ ചെന്നപ്പോള്‍ എനിക്കു വലിയ പേടിയുണ്ടായിരുന്നു. അവിടെ വന്നിട്ടുള്ളവരില്‍ എല്ലാവരും ഓരോ കമ്മ്യൂണിറ്റിയെ റെപ്രസന്‍റ് ചെയ്തു വന്നവരായിരുന്നു. ശരിക്കും പറഞ്ഞാല്‍ മീഡിയ പ്രൊഫഷണലുകള്‍, ആക്റ്റിവിസ്റ്റുകള്‍ ഇങ്ങനെയുള്ളവര്‍ക്ക് വേണ്ടിയിട്ടുള്ള ഒരു പരിപാടിയായിരുന്നു അത്. ഞാനാണ് കൂട്ടത്തില്‍ ഫ്രഷ് ആയിട്ടുള്ള, എക്സ്പീരിയന്‍സ് ഇല്ലാത്ത ഒരാള്‍. എന്നാല്‍ അവിടെ വെച്ചു ഏഷ്യയുടെ പല ഭാഗത്ത് നിന്നു വന്ന ഒരുപാട് ആളുകളെ കാണാനും സംസാരിക്കാനും പറ്റി. ഞാനിപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്ന ഫിഷിംഗ് കമ്മ്യൂണിറ്റി അനുഭവിച്ചു കൊണ്ടിരിക്കുന്ന പല പ്രശ്നങ്ങളും അനുഭവിക്കുന്ന പലരും ലോകത്തിന്റെ പല ഭാഗത്തും ഉണ്ടെന്ന് മനസ്സിലാക്കാന്‍ പറ്റി. ആ ഒരു പരിപാടിക്ക് പോയി വന്നപ്പോഴേക്കും എന്റെ ലോകം കുറച്ചുകൂടി വിശാലമായി.
കോസ്റ്റല്‍ കമ്മ്യൂണിക്കേഷനുമായി ബന്ധപ്പെട്ട വിഷയത്തില്‍ പി എച്ച് ഡി ചെയ്യണമെന്നാണ് സിന്ധുവിന്‍റെ ആഗ്രഹം. കോസ്റ്റല്‍ കമ്മ്യൂണിറ്റിയില്‍ ജീവിക്കുന്ന ഒരാളെന്ന നിലയില്‍ ജേര്‍ണലിസവും കോസ്റ്റല്‍ കമ്മ്യൂണിക്കേഷനും ഒരുമിച്ച് കൊണ്ടുപോകാനുള്ള സാധ്യതകളാണ് സിന്ധു അന്വേഷിക്കുന്നത്.
ആളുകള്‍ എപ്പോഴും പറയുന്നതു കടപ്പുറത്തുകാരുടെ പെരുമാറ്റം ശരിയല്ല. അവര്‍ കടപ്പുറത്തുകാരായിട്ട് പെരുമാറുന്നു എന്നൊക്കെ. അവരുടെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ ആരും ഒരിക്കലും ശ്രദ്ധിക്കാറില്ല. മത്സ്യത്തൊഴിലാളി സ്ത്രീകളെ ബസ്സില്‍ പോലും ആളുകള്‍ കയറ്റാറില്ല. പലപ്പോഴും ഇറക്കിവിടും. എന്നാലും അവര്‍ ആരോടും പരാതി പറയില്ല. നമ്മളിത് അനുഭവിക്കേണ്ടവരാണ് എന്ന ഒരു ചിന്തയാണ് അവരുടെ മനസ്സില്‍. അതിനെതിരെ പ്രതികരിക്കണം എന്നൊന്നും അവര്‍ക്കറിയില്ല. കൂടിപ്പോയാല്‍ അവര്‍ ഒച്ചയെടുക്കും. കണ്ടക്ടറെ രണ്ട് ചീത്ത പറയും. കൂടിയാല്‍ അത് രണ്ട് മിനുറ്റ് നീണ്ടു നില്ക്കും വണ്ടി അപ്പോഴേക്കും പോകും. അതോടെ അത് തീരും. അത്രയെയുള്ളൂ. അടുത്ത ദിവസവും ഇത് ആവര്‍ത്തിക്കും. അതിങ്ങനെ തുടര്‍ന്നു പോകും. ഓരോ ഗ്രാമങ്ങളിലും ഓരോ ഇഷ്യൂസാണ്. വിഴിഞ്ഞത്തുകാരുടെ വര്‍ഷങ്ങളായിട്ടുള്ള പ്രശ്നം കുടിവെള്ളമാണ്. ആരോഗ്യം, വിദ്യാഭ്യാസം, ശുചിത്യം, സ്ത്രീകളുടെ പ്രശ്നങ്ങള്‍ അങ്ങനെ ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ട്. പിന്നെ യുവാക്കളിലെയും കുട്ടികളിലെയും മദ്യപാനം, മയക്കുമരുന്ന് ഉപയോഗം അങ്ങനെയുള്ള പ്രശ്നങ്ങളും ഉണ്ട്. ചെറിയ കുട്ടികള്‍ അടക്കം മയക്കു മരുന്ന് ഉപയോഗിക്കുന്ന പ്രശ്നങ്ങള്‍ ഒരുപാട് ഉണ്ടാകുന്നുണ്ട്. പക്ഷേ ഇതൊന്നും ആരും ശ്രദ്ധിക്കുന്നില്ല.
കോസ്റ്റല്‍ കമ്മ്യൂണിക്കേഷനില്‍ സോഷ്യല്‍ ഇഷ്യൂസിനല്ല പ്രാധാന്യം കൊടുക്കുന്നത്. ഒരു ഹിസ്റ്ററി ഡോക്യുമെന്‍റ് ചെയ്യപ്പെടാത്ത ഒരു കമ്മ്യൂണിറ്റിയാണ് ഇത്. ഇവരുടെ ചരിത്രം പലരും പലതാണ് പറയുന്നത്. നമ്മുടെ ചരിത്രം എടുത്തു നോക്കിയാല്‍ പല കടന്നുകയറ്റങ്ങളും നടന്നിട്ടുള്ളത് കടല്‍ മാര്‍ഗ്ഗത്തിലൂടെയാണ്. ആ ഒരു വരിയില്‍ മാത്രം കടലിന്റെ സാന്നിദ്ധ്യം നിന്നു പോകുകയാണ്. പിന്നെ അങ്ങോട്ട് സാമൂതിരിയും മറ്റുമാണ് വരുന്നത്. ഈ കടല്‍ മാര്‍ഗ്ഗം വന്നിട്ട് ഈ കമ്മ്യൂണിറ്റിയെ കടന്ന് വേണമല്ലോ ഇവര്‍ക്ക് പുറത്തേക്ക് പോകാന്‍. ആ കമ്മ്യൂണിറ്റിയെ കുറിച്ച് ചരിത്രത്തില്‍ ഒരിടത്തും പറയുന്നില്ല. ഇവരുടെ ചരിത്രം എന്തുകൊണ്ട് ഡോക്യുമെന്‍റ് ചെയ്യപ്പെട്ടില്ല എന്നതാണ് എന്റെ അന്വേഷണം. കുളച്ചല്‍ യുദ്ധത്തിലൊക്കെ ഒരുപാട് റിലവന്‍സ് ഉള്ള ഒരു കമ്മ്യൂണിറ്റിയാണ് ഇത്. അതൊന്നും എവിടേയും ഡോക്യുമെന്‍റ് ചെയ്യപ്പെട്ടിട്ടില്ല. പിന്നെ ഈ കമ്മ്യൂണിറ്റിക്കകത്തുള്ള ഇന്‍ഡിജീനിയസ് നോളേജ് ആണ് മറ്റൊന്ന്. ഉദാഹരണത്തിന് ചന്ദ്രന്റേയും നക്ഷത്രങ്ങളുടെയും ഒക്കെ സ്ഥാനവും കടലിന്റെ ഗതിയും ഒക്കെ കാറ്റിന്‍റെ ഗതി നോക്കിയിട്ട് അന്നത്തെ കാലാവസ്ഥ എന്തായിരിക്കും മഴ പെയ്യുമോ എന്നൊക്കെ അവര്‍ക്ക് അവരുടെ അനുഭവം വെച്ചു കണക്ക് കൂട്ടി പറയാന്‍ പറ്റും. ഒരു പക്ഷേ വളരെ അധികം അക്കാദമിക് നോളേജും വളരെ അധികം പ്രൊഫഷണലും ഒക്കെ ആയിട്ടുള്ള ആളുകള്‍ ഏതെങ്കിലും കംഫെര്‍ട് സോണില്‍ ഇരുന്നു നിര്‍ണ്ണയിക്കുന്നതിനെക്കാള്‍ പക്കയായിട്ട് ഇവര്‍ക്ക് പറയാന്‍ പറ്റും. അതുപോലുള്ള ഒരുപാട് കാര്യങ്ങള്‍ കയ്യിലുള്ള ആളുകളാണ് ഈ കമ്മ്യൂണിറ്റിയില്‍ ഉള്ള ആള്‍ക്കാര്‍. പക്ഷേ കമ്മ്യൂണിറ്റിയുടെ നെഗറ്റിവ് കാര്യങ്ങള്‍ മാത്രമേ പുറത്തേക്ക് വരാറുള്ളൂ. പോസിറ്റീവ് കാര്യങ്ങള്‍ ഒന്നും അഡ്രസ് ചെയ്യപ്പെട്ടിട്ടില്ല. ഈ രണ്ട് കാര്യങ്ങളാണ് ഞാന്‍ പ്രധാനമായും കാണുന്നത്.
പരമാവധി മത്സ്യത്തൊഴിലാളി ഗ്രാമങ്ങളില്‍ പോകുക. കടപ്പുറം ഭാഷയില്‍ തന്നെ അവരോടു സംസാരിക്കുക എന്നുള്ളതാണ്. പുറത്തു നിന്നുള്ളവര്‍ക്ക് കടപ്പുറം ഭാഷ പെട്ടെന്നു പിടിച്ചെടുക്കാന്‍ പറ്റിയെന്ന് വരില്ല. എനിക്കുള്ള വലിയ അഡ്വാന്‍റേജും അതാണ്. എനിക്കു ഈ കടപ്പുറത്തിന്‍റെ എല്ലാ സ്പന്ദനങ്ങളും അറിയാം.
പിഎച്ച്ഡി ചെയ്യുമ്പോള്‍ കോസ്റ്റല്‍ കമ്മ്യൂണിക്കേഷനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മാത്രമേ ഞാന്‍ തിരഞ്ഞെടുക്കുകയുള്ളൂ. ഞാന്‍ പഠിക്കുന്നത് ജേര്‍ണലിസവും ഞാന്‍ ജീവിക്കുന്നതു കോസ്റ്റല്‍ കമ്മ്യൂണിറ്റിയിലുമാണ്. ഇത് രണ്ടും കൂടെ യോജിപ്പിച്ച് കൊണ്ട് മുന്നോട്ട് പോകാനാണ് ഞാന്‍ ആലോചിക്കുന്നത്.