UPDATES

ആന്ധ്രപ്രദേശില്‍ കോണ്‍ഗ്രസിനെ കുഴിച്ചുമൂടിയ ജഗന്റെ പ്രതികാരകഥ: യെദുഗുരി സന്തിന്തി രാജശേഖര റെഡ്ഡി കോണ്‍ഗ്രസ്

വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡി അഞ്ചില്‍ നാല് ഭൂരിപക്ഷത്തോടെ ആന്ധ്രപ്രദേശിന്റെ അധികാരം പിടിച്ചെടുക്കുമ്പോള്‍, വലിയ നഷ്ടബോധങ്ങളിലും നഷ്ടസ്വപ്‌നങ്ങളിലും വേദനിക്കുന്നത് കോണ്‍ഗ്രസ് ആണ്.

വൈഎസ് രാജശേഖര റെഡ്ഡി ജീവിച്ചിരുന്ന കാലത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് രണ്ട് ഹൈകമാന്‍ഡുകളുണ്ടായിരുന്നു. ഒന്ന് ഡല്‍ഹിയിലും മറ്റൊന്ന് പുലിവെന്ദുലയിലും. പാര്‍ട്ടി പ്രസിഡന്റ് സോണിയ ഗാന്ധി നിയന്ത്രിച്ച ഡല്‍ഹിയിലെ ഹൈക്കമാന്‍ഡ് ആയിരുന്നു ഒന്ന്. മറ്റൊന്ന് ആന്ധ്രപ്രദേശിലെ വൈഎസ് രാജശേഖര റെഡ്ഢിയായിരുന്നു. ആന്ധ്രയിലെ കോണ്‍ഗ്രസ് വൈഎസ് ആര്‍ തന്നെയായിരുന്നു കുറച്ച് കാലം. ഒരു ഫ്യൂഡല്‍ ജന്മിയുടേയും നാട്ടുരാജാവിന്റേയും രീതികളുള്ള, ജനാധിപത്യവിരുദ്ധമായ സവിശേഷതകളുമുള്ള നേതാവായിരുന്നെങ്കിലും ആന്ധ്രപ്രദേശിലെ ജനങ്ങള്‍ക്ക് പ്രിയങ്കരനായിരുന്നു വൈഎസ് രാജശേഖര റെഡ്ഡി. തന്റെ പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തെ കൂസാത്ത, താന്‍ പറയുന്നത് ദേശീയ നേതൃത്വത്തെക്കൊണ്ട് അംഗീകരിപ്പിച്ചിരുന്ന വൈഎസ് രാജശേഖര റെഡ്ഡി, രാജീവ് ഗാന്ധിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. തന്റെ ഓഫീസില്‍ പാര്‍ട്ടി അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയുടെ ഫോട്ടോ തൂക്കിയിരുന്നു. അതേസമയം ആരോടും അമിതമായ വിധേയത്വം കാണിച്ചതുമില്ല. സാധാരണക്കാരോടുള്ള അടുപ്പം ഒരിക്കലും നഷ്ടപ്പെടുത്തുകയും ചെയ്തില്ല. രാജശേഖര റെഡ്ഡിയുടെ പേരിലുള്ള പാര്‍ട്ടിയെ മൃഗീയ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിച്ച മകന്‍ വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി മേയ് 30ന് ആന്ധ്രപ്രദേശിന്റെ 17ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും – വൈഎസ് രാജഖര റെഡ്ഡിയുടെ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ കുഴിച്ചുമൂടിക്കൊണ്ട്. വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്ന പേരിന്റെ പൂര്‍ണ രൂപം യുവജന ശ്രമിക റയ്ത്ത് കോണ്‍ഗ്രസ് എന്നാണ് അതിന്റെ സ്ഥാപകനായ ജഗന്‍മോഹന്‍ റെഡ്ഡി പറയുന്നത്. ഔദ്യോഗിക രേഖകളില്‍ ഇതാണ് പാര്‍ട്ടിയുടെ പേര്‌. എന്നാല്‍ അത് ശരിക്കും യദുഗുരി സന്തിന്തി രാജശേഖര റെഡ്ഡിയാണ് എന്നാണ് ജനങ്ങള്‍ മനസിലാക്കുക എന്ന് ജഗന് അറിയാം.

10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 2004ല്‍ ആന്ധ്രയില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചത്, സംസ്ഥാനത്തുടനീളം പദയാത്ര നടത്തി ജനങ്ങളെ കണ്ട് സംസാരിച്ച്, അവരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കിയ വൈഎസ്ആര്‍ എന്ന ജനകീയ നേതാവായിരുന്നു. അധികാര ഭാഗ്യാന്വേഷണ പരീക്ഷങ്ങളുടെ ഭാഗമായി 80കളില്‍ തന്നെ കോണ്‍ഗ്രസ് വിട്ട്, ഭാര്യാപിതാവും തെലുങ്ക് സൂപ്പര്‍സ്റ്റാറുമായ എന്‍ടി രാമറാവു സ്ഥാപിച്ച തെലുങ്ക് ദേശം പാര്‍ട്ടിയിലേയ്ക്ക് ചേക്കേറിയ പ്രിയ സുഹൃത്ത് (പിന്നീട് രാഷ്ട്രീയ എതിരാളി) ചന്ദ്രബാബു നായിഡുവിനെ പോലെ വൈഎസ്ആര്‍ അക്ഷമനായില്ല. തന്റെ ഊഴത്തിനായി ക്ഷമയോടെ കാത്തിരുന്നു. ആന്ധ്രപ്രദേശിലെ ജനങ്ങളെ നടന്നുചെന്ന് കണ്ട് സംസാരിച്ചു. സമാനമായ രാഷ്ട്രീയ തന്ത്രങ്ങളുമായി, ക്ഷമയോടെ കാത്തിരുന്ന ജഗന്‍, അച്ഛന്റെ രാഷ്ട്രീയ പിന്തുടര്‍ച്ചാവകാശം തനിക്കാണെന്നും അച്ഛന്‍ ഇരുന്ന കസേരയുടെ അവകാശി താനാണ് എന്നും കരുതി. അഞ്ചില്‍ നാല് ഭൂരിപക്ഷത്തോടെ ആന്ധ്രപ്രദേശിന്റെ അധികാരം പിടിച്ചെടുക്കുമ്പോള്‍, വലിയ നഷ്ടബോധങ്ങളിലും നഷ്ടസ്വപ്‌നങ്ങളിലും വേദനിക്കുന്നത് കോണ്‍ഗ്രസ് ആണ്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഇങ്ങനെ കുറിച്ച് കഴിഞ്ഞു – ചീഫ് മിനിസ്റ്റര്‍ ഡെസിഗ്നേറ്റ്, ആന്ധ്രപ്രദേശ്.

2009ല്‍ ജഗനെ മുഖ്യമന്ത്രിയാക്കിയിരുന്നെങ്കില്‍ കോണ്‍ഗ്രസിന് ഈ നഷ്ടങ്ങളുണ്ടാകുമായിരുന്നോ? പാര്‍ട്ടി അധ്യക്ഷ സോണിയെ ഗാന്ധിയെ ഉപദേശികള്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നോ? ജഗന്‍ മോഹന്‍ റെഡ്ഡി കോണ്‍ഗ്രസിലുണ്ടായിരുന്നെങ്കില്‍ സംസ്ഥാനം വിഭജിക്കപ്പെട്ടാല്‍ പോലും ആന്ധ്രപ്രദേശിലെങ്കിലും കോണ്‍ഗ്രസ് അതിജീവിക്കുമായിരുന്നു. തെലങ്കാനയില്‍ ദുര്‍ബലമായെങ്കിലും പ്രതിപക്ഷ കക്ഷിയായെങ്കിലും കോണ്‍ഗ്രസ് ബാക്കിയുണ്ട്. നാല് ലോക്‌സഭ സീറ്റില്‍ ജയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ആന്ധ്രപ്രദേശില്‍ കോണ്‍ഗ്രസ് നാമാവശേഷമായി. കോണ്‍ഗ്രസിന്റെ അടിത്തറ ഇളക്കിക്കൊണ്ടുപോയാണ് ജഗന്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പടുത്തുയര്‍ത്തിയത്. തന്ത്രശാലിയായ രാഷ്ട്രീയക്കാരന്‍ മാത്രമല്ല, ബിസിനസുകാരനുമാണ് ജഗന്‍. ഭാരതി സിമന്റ്‌സിന്റേയും സാക്ഷി ടിവി അടക്കമുള്ള മാധ്യമസ്ഥാപനങ്ങളുടേയും ഉടമ.

2004ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണം നടത്തിയാണ് ജഗന്‍ മോഹന്‍ റെഡ്ഡി സജീവ രാഷ്ട്രീയത്തിലേയ്ക്ക് വരുന്നത്. 2009ല്‍ കടപ്പയില്‍ നിന്ന് ലോക്‌സഭയിലെത്തി. 2009 സെപ്റ്റംബര്‍ രണ്ടിന് വൈഎസ് രാജശേഖര റെഡ്ഡി നല്ലമല വന മേഖലയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. നൂറിലധികം പേര്‍ രാജശേഖര റെഡ്ഡിയുടെ മരണത്തിലുള്ള ദുഖത്തില്‍ ജീവനൊടുക്കി. രാജശേഖര റെഡ്ഡിക്ക് പിന്‍ഗാമിയായി ജഗനെ മുഖ്യമന്ത്രിയാക്കണം എന്ന് കോണ്‍ഗ്രസിന്റെ ഭൂരിഭാഗം എംഎല്‍എമാരും ആവശ്യപ്പെട്ടു. ജഗനും അമ്മ വിജയലക്ഷ്മിയും സഹോദരി വൈഎസ് ശര്‍മ്മിളയും ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയെ കാണാന്‍ പോയി. എന്നാല്‍ ജഗനെ മുഖ്യന്ത്രിയാക്കണം എന്ന് ആവശ്യപ്പെട്ട വിജയലക്ഷ്മിയോട് പൊട്ടിത്തെറിക്കുകയാണ് സോണിയ ചെയ്തത്. ഇവിടെ തുടങ്ങുന്ന ആന്ധ്രപ്രദേശില്‍ ലോക്‌സഭ, നിയമസഭ സീറ്റുകളില്ലാത്ത നിലയിലേയ്ക്കുള്ള കോണ്‍ഗ്രസിന്റെ പതനം. 2009ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎയ്ക്ക് അധികാരത്തുടര്‍ച്ച കിട്ടുന്നതില്‍ ആന്ധ്രപ്രദേശിലെ വൈഎസ്ആര്‍ തരംഗം നേടിക്കൊടുത്ത 33 സീറ്റുകള്‍ക്ക് നിര്‍ണായക പങ്കുണ്ട്. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രാജ്യത്താകെ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞപ്പോളും ആന്ധ്രപ്രദേശില്‍ വന്‍ വിജയമാണ് അവര്‍ നേടിയത്.

മുഖ്യമന്ത്രി സ്ഥാനം നിഷേധിച്ചതും ആദ്യ രാഷ്ട്രീയ യാത്ര മുടക്കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമവും തന്നോടും അമ്മയോടും സഹോദരിയോടും സോണിയ ഗാന്ധി മോശമായി പെരുമാറി എന്ന വികാരവുമാണ് കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡിക്ക് പ്രേരണയായത്. ടിഡിപിയേക്കാള്‍ ജഗന്റെ ശത്രു കോണ്‍ഗ്രസാണ്. യുപിഎ ഭരണകാലത്ത് സിബിഐ തനിക്കെതിരെ എടുത്ത അഴിമതി കേസുകളും 16 മാസത്തെ ജയില്‍ വാസവും അത്ര പെട്ടെന്നൊന്നും ജഗന്‍ മറക്കാനിടയില്ല.

ദേശീയതലത്തില്‍ മക്കള്‍ക്ക് രാഷ്ട്രീയ പിന്തുടര്‍ച്ചാവകാശം ആവാമെങ്കില്‍ എന്തുകൊണ്ട് സംസ്ഥാന തലങ്ങളില്‍ അതായിക്കൂടാ എന്നായിരുന്നു സോണിയയോട് ജഗന്റെ ചോദ്യം. എന്നാല്‍ അച്ഛന്‍ മുഖ്യമന്ത്രിയായത് കൊണ്ടും പാര്‍ട്ടി നേതാവായത് കൊണ്ടും മകനെ മുഖ്യമന്ത്രിയാക്കാന്‍ ആകില്ലെന്ന് സോണിയ ഗാന്ധി പറഞ്ഞു. യാതൊരു രാഷ്ട്രീയ പ്രവര്‍ത്തന പരിചയവുമില്ലാതെ, രാജീവ് ഗാന്ധിയുടെ ഭാര്യയായത് കൊണ്ട് മാത്രം കോണ്‍ഗ്രസില്‍ അംഗത്വം നേടിയതിന്റെ പിറ്റേ വര്‍ഷം ആ പാര്‍ട്ടിയുടെ പ്രസിഡന്റ് ആയ ആളാണ് താന്‍ എന്ന വസ്തുത സോണിയ മറന്നു. പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ മകനായത് കൊണ്ട് മാത്രം എംപിയാവുകയും അതുകൊണ്ട് മാത്രം അവര്‍ മരിച്ചപ്പോള്‍ പ്രധാനമന്ത്രിയും ആയ വ്യക്തിയാണ് രാജീവ് ഗാന്ധി എന്നും രാജീവ് ഗാന്ധിയുടെ മകനായത് കൊണ്ട് മാത്രമാണ് 2004ല്‍ സജീവ രാഷ്ട്രീയത്തിലേയ്ക്ക് വന്ന രാഹുല്‍ ഗാന്ധി അതേവര്‍ഷം എംപിയായത് എന്നും പിന്നീട് വൈസ് പ്രസിഡന്റ് ആയത് എന്നും സോണിയ മറന്നു. വിചിത്രമായ രാഷ്ട്രീയ ഉപദേശങ്ങളുടെ അടിസ്ഥാനത്തില്‍ ആദ്യം കെ റോസയ്യയേയും പിന്നീട് കിരണ്‍ കുമാര്‍ റെഡ്ഡിയേയും മുഖ്യമന്ത്രിമാരാക്കി. കേസുകള്‍ കൊണ്ട് ഭീഷണിപ്പെടുത്തിയാല്‍, ജയിലില്‍ കിടന്നാല്‍ ജഗന്‍ രാഷ്ട്രീയ വനവാസത്തിലേയ്ക്ക് ഒതുങ്ങിപ്പോയിക്കോളുമെന്ന് ധരിച്ചു. എന്നാല്‍ ആന്ധ്രപ്രദേശില്‍ ഒന്നുമല്ലതായി പോയത് ജഗന്‍ മോഹന്‍ റെഡ്ഡിയല്ല. കോണ്‍ഗ്രസ് ആണ്.

Also Read: പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂനപക്ഷങ്ങളിലേക്കെത്തുമ്പോള്‍

വൈഎസ് രാജശേഖര റെഡ്ഡിയുടെ മരണത്തിന് ആറ് മാസങ്ങള്‍ക്ക് ശേഷം 2010 മാര്‍ച്ചിലാണ് ജഗന്‍മോഹന്‍ റെഡ്ഡി ‘ഒഡര്‍പ്പ് യാത്ര’ (അനുശോചന യാത്ര) തുടങ്ങിയത്. തന്റെ പിതാവിന്റെ മരണത്തിലുള്ള ദുഖത്തില്‍ ജീവനൊടുക്കിയവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാന്‍ എന്ന് പറഞ്ഞാണ് സംസ്ഥാന വ്യാപകമായി ജഗന്‍ പദയാത്ര തുടങ്ങിയത്. തന്റെ കരുത്തും ജനപിന്തുണയും കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് കാട്ടിക്കൊടുക്കുക തന്നെയായിരുന്നു ജഗന്റെ ലക്ഷ്യം. ഒഡര്‍പ്പ് യാത്ര, കോണ്‍ഗ്രസ് സംസ്ഥാന, ദേശീയ നേതൃത്വങ്ങള്‍ക്ക് തലവേദനയായി. യാത്ര ഉടന്‍ നിര്‍ത്താനാണ് സോണിയ ജഗനോട് ആവശ്യപ്പെട്ടത്. അതേസമയം ഈ യാത്ര തന്റെ വ്യക്തിപരമായ കാര്യമാണ് എന്ന് പറഞ്ഞ് ജഗന്‍ മോഹന്‍ റെഡ്ഡി ആവശ്യം തള്ളിക്കളഞ്ഞു. 2010 നവംബര്‍ 29ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി തെറ്റിയ ജഗന്‍ പാര്‍ട്ടി വിട്ടു. താന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ പോവുകയാണ് എന്ന് ഡിസംബര്‍ ഏഴിന് പുലിവെന്ദുലയില്‍ ജഗന്‍ പ്രഖ്യാപിച്ചു. 2011 മാര്‍ച്ചില്‍ കിഴക്കന്‍ ഗോദാവരി ജില്ലയിലെ ജഗ്ഗംപേട്ടയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് രൂപീകരണം ജഗന്‍ മോഹന്‍ റെഡ്ഡി പ്രഖ്യാപിച്ചു. കടപ്പ ജില്ലയിലെ ഉപതിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് ഭൂരിഭാഗം സീറ്റുകളും പിടിച്ചെടുക്കുകയും കോണ്‍ഗ്രസിനെ ഉലയ്ക്കുകയും ചെയ്തു. കോണ്‍ഗ്രസ് വിട്ടതിനെ തുടര്‍ന്ന് കടപ്പ എംപി സ്ഥാനം രാജി വച്ച ജഗന്‍മോഹന്‍ റെഡ്ഡി 2011ലെ ഉപതിരഞ്ഞെടുപ്പില്‍ ഇവിടെ നിന്ന് മത്സരിച്ച് 5.45 ലക്ഷത്തില്‍ പരം വോട്ടുകള്‍ക്ക് ജയിച്ചു.

2012ല്‍ ജഗനെ അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരില്‍ സിബിഐ അറസ്റ്റ് ചെയ്തു. 2012 ജൂലായ് നാലിന് ജഗന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജഗന്‍ ജയിലിലായി. 2012 ഓഗസ്റ്റ് ഒമ്പതിനും മേയ് 13നും ജഗന്റെ ജാമ്യാപേക്ഷകള്‍ തള്ളി. ജഗനെതിരെയുള്ള കേസുകളില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ രാഷ്ട്രീയ വിദ്വേഷമുണ്ട് എന്ന് ആരോപിക്കപ്പെട്ടു. 2013ല്‍ ഇതേസമയം തെലങ്കാന രാഷ്ട്രസമിതി നേതാവ് കെ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള തെലങ്കാന സംസ്ഥാന രൂപീകരണം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം കത്തിപ്പടരുകയായിരുന്നു. ആന്ധ്രപ്രദേശ് വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിക്കാനുള്ള യുപിഎ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ജഗന്‍മോഹന്‍ റെഡ്ഡി ജയിലില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. ജയില്‍ മോചിതനായ ശേഷം തെലങ്കാന രൂപീകരണത്തില്‍ പ്രതിഷേധിച്ച് 72 മണിക്കൂര്‍ ബന്ദിന് ജഗന്‍ ആഹ്വാനം ചെയ്തു.

Also Read: “സ്മൃതി, കോന്‍?”: മോദിയുടെ രാജിക്കായി ‘മരണം വരെ’ നിരാഹാരമിരുന്ന സ്മൃതി ഇറാനിയുടെ മൂന്നാം വരവ്‌

2014ലെ നിയസഭ തിരഞ്ഞെടുപ്പില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആര്‍ കോണ്‍ഗ്രസ് ആന്ധ്രപ്രദേശില്‍ അധികാരത്തില്‍ വരും എന്നായിരുന്നു അഭിപ്രായ സര്‍വേകള്‍ പ്രവചിച്ചിരുന്നത്. എന്നാല്‍ 175ല്‍ 67 സീറ്റ് നേടാനേ വൈഎസ്ആറിന് കഴിഞ്ഞുള്ളൂ. 45 ശതമാനം വോട്ട് നേടി. അധികാരത്തിലെത്തിയ ടിഡിപിക്ക് 47 ശതമാനം വോട്ട്. സംസ്ഥാന പുനസംഘടനാ കരാറിലെ വാഗ്ദാനമായിരുന്ന പ്രത്യേക സംസ്ഥാന പദവി ആവശ്യം പാലിക്കാത്ത എന്‍ഡിഎ സര്‍ക്കാരിന്റെ ഭാഗമായിരുന്ന ടിഡിപിയെ ജഗന്‍മോഹന്‍ റെഡ്ഡി കടന്നാക്രമിച്ചുകൊണ്ടിരുന്നു. ഇതടക്കം ആന്ധ്രപ്രദേശിനോട് മോദി സര്‍ക്കാര്‍ കാണിക്കുന്ന അവഗണനകള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവായ വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡി നടത്തിയ പ്രചാരണം തങ്ങള്‍ക്ക് തിരിച്ചടിയാകും എന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് ബോധ്യമായി. ഇങ്ങനെയാണ് 2018 മാര്‍ച്ചില്‍ മോദി മന്ത്രിസഭയും എന്‍ഡിഎയും വിട്ട ടിഡിപി, ബിജെപിയുടേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ഏറ്റവും വലിയ വിമര്‍ശകരും എതിരാളികളുമായി മാറിയത്. മോദി സര്‍ക്കാരിനെതിരെ ലോക്‌സഭയില്‍ ആദ്യമായി അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത് വൈഎസ്ആര്‍ കോണ്‍ഗ്രസ് ആണ്. തൊട്ടുപിന്നാലെ ടിഡിപിയും പിന്നീടാണ് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിയത്.

2017 നവംബര്‍ ആറിന് പ്രജാ സങ്കല്‍പ്പ യാത്ര എന്ന പേരില്‍ 3000 കിലോമീറ്റര്‍ കാല്‍നട യാത്ര നടത്തി ജഗന്‍. 430 ദിവസം കൊണ്ട് 13 ജില്ലകളിലായുള്ള 125 നിയമസഭ മണ്ഡലങ്ങളില്‍ ജഗന്‍ പര്യടനം നടത്തി. രാവാലി ജഗന്‍, കാവാലി ജഗന്‍ (ജഗന്‍ വരണം, ഞങ്ങള്‍ക്ക് ജഗനെ വേണം) എന്ന മുദ്രാവാക്യമുയര്‍ന്നു. 2017 നവംബര്‍ ആറിന് തുടങ്ങിയ യാത്ര അവസാനിച്ചത് 2019 ജനുവരി ഒമ്പതിന്. 2018 ഒക്ടോബര്‍ 25ന് ഹൈദരാബാദിലെ സിബിഐ കോടതിയില്‍ ഹാജരാകാന്‍ പോവുകയായിരുന്ന ജഗന്‍ മോഹന്‍ റെഡ്ഡിക്ക് നേരെ വിശാഖപട്ടണം എയര്‍പോര്‍ട്ടില്‍ വച്ച് കത്തി കൊണ്ട് ആക്രമണമുണ്ടായി. കയ്യിന് പരിക്കേറ്റ ജഗന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി.

ആന്ധ്രപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി, മുന്‍ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡിയെ, ആന്ധ്രപ്രദേശിലെ ഒടുവിലത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ, പാര്‍ട്ടിയിലേയ്ക്ക് തിരിച്ചുകൊണ്ടുവന്നത് വാര്‍ത്തയായിരുന്നു. കോണ്‍ഗ്രസ് നേതൃത്വം ആഗ്രഹിച്ചത് ജഗന്‍മോഹന്‍ റെഡ്ഡിയെ പാര്‍ട്ടിയിലേയ്ക്ക് തിരിച്ചുകൊണ്ടുവരാനാണ്. എന്നാല്‍ തന്റെ പാര്‍ട്ടിയെ അധികാരശക്തിയാക്കി വളര്‍ത്തിയ ജഗന്‍ മോഹന്‍ റെഡ്ഡി, ദേശീയതലത്തില്‍ അതീവ ദുര്‍ബലമായി നില്‍ക്കുന്ന കോണ്‍ഗ്രസിനോട് ഇത്തരമൊരു താല്‍പര്യം കാണിക്കാന്‍ ഇടയില്ല. കോണ്‍ഗ്രസിനോടുള്ള പ്രതികാര കനല്‍ അത്ര പെട്ടെന്നൊന്നും കെട്ടടങ്ങുമില്ല.

നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ജഗന്‍ മോഹന്‍ റെഡ്ഡി, 15 മാസം നീണ്ടുനിന്ന പ്രജാ സങ്കല്‍പ്പ പദയാത്ര നടത്തുകയും രണ്ട് കോടിയോളം പേരുമായി നേരിട്ട് സംവദിക്കുകയും ചെയ്തു. ആന്ധ്രപ്രദേശിന്റെ വികസനത്തിന് വേണ്ടി എന്തെല്ലാം ചെയ്യണമെന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ ആവശ്യപ്പെട്ട് 60,000 ഗ്രാമീണര്‍ക്ക് കത്തയച്ചു. കൃത്യമായ പ്രവര്‍ത്തനങ്ങളിലൂടെ രണ്ട് വര്‍ഷം കൊണ്ട് 4.8 കോടിയോളം ജനങ്ങളുമായി സംവദിക്കാന്‍ ജഗന്‍ മോഹന് സാധിച്ചു. ഇത്തരത്തിലുള്ള വിപുലമായ പ്രചാരണ, ജനസമ്പര്‍ക്ക പരിപാടികളാണ് വലിയ വിജയത്തിലേയ്ക്ക് പാര്‍ട്ടിയെ നയിക്കാന്‍ ജഗനെ സഹായിച്ചത്. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്കും 2015ലെ ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിനും വന്‍ വിജയം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ ടീമും ജഗനൊപ്പമുണ്ടായിരുന്നു. ക്ഷേമപദ്ധതികളിലും വാഗ്ദാനങ്ങളിലും ജഗന്‍മോഹന്‍ റെഡ്ഡിയുമായി മത്സരിച്ചാണ് കഴിഞ്ഞ ഒരു വര്‍ഷമായി ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ മുന്നോട്ട് പോയത്. എന്നാല്‍ ജനവിധി ടിഡിപിയെ താഴെയിറക്കി.

മാര്‍ച്ചില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവും തന്റെ പിതൃസഹോദരനുമായ വൈഎസ് വിവേകാനന്ദ റെഡ്ഡിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയപ്പോള്‍ ഇതിന് പിന്നില്‍ ചന്ദ്രബാബു നായിഡു ആണ് എന്ന് ആരോപിക്കാന്‍ ജഗന്‍ മടിച്ചില്ല. എന്നാല്‍ പ്രചാരണം ഇതിലൊന്നും ഊന്നിയില്ല. ജഗന്‍ മോഹന്‍ റെഡ്ഡിയും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവുമെല്ലാം ബിജെപിയുടെ ബി ടീം ആണ് എന്നായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ ആരോപണം. തെലങ്കാന രൂപീകരണത്തിന് വേണ്ടി ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ചന്ദ്രശേഖര്‍ റാവു സംസ്ഥാന വിഭജനത്തെ ശക്തിയായി എതിര്‍ത്തിരുന്ന ജഗന്‍മോഹന്‍ റെഡ്ഡിയെ പിന്തുണക്കാന്‍ തുടങ്ങി. ജഗനെ സഖ്യത്തിലേയ്ക്ക് കൊണ്ടുവരാന്‍ കോണ്‍ഗ്രസ് നേതൃത്വം താല്‍പര്യപ്പെട്ടിരുന്നെങ്കിലും ടിഡിപിയുമായി ദേശീയ തലത്തിലുള്ള ഐക്യം ഈ ശ്രമങ്ങളില്‍ കോണ്‍ഗ്രസിന്  പ്രതിബന്ധമായി.

Also Read:  ‘ഫിര്‍ ഏക് ബാര്‍ മോദി സര്‍ക്കാര്‍’: വന്‍ വിജയത്തിനുള്ള പ്രചാരണതന്ത്രങ്ങള്‍ ബിജെപി മെനഞ്ഞത് ഇങ്ങനെ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍