UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ മാര്‍ക് ടുളി ഗുരുതരാവസ്ഥയില്‍

ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ന്യൂഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണത്തിലാണ് ടളി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും ബിബിസി ഇന്ത്യ മുന്‍ ബ്യൂറോ ചീഫുമായ മാര്‍ക് ടുളിയെ ഗുരുതരാവസ്ഥയില്‍. ഹരിദ്വാറില്‍ വച്ച് രോഗബാധിതനായ ടളി ഇപ്പോള്‍ ഡല്‍ഹിയിലെ സ്വകാര്യാശുപത്രിയില്‍ തീവ്രപരിചരണത്തിലാണ്. 81 കാരനായ മാധ്യമപ്രവര്‍ത്തകന്‍ തന്റെ ജോലിസംബന്ധമായ കാര്യങ്ങളില്‍ വ്യാപൃതനായിരിക്കുമ്പോഴാണ് മലദ്വാരത്തിലൂടെ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ഡെറാഡൂണിലെ ജോളി ഗ്രാന്റിലുള്ള ഹിമാലയന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ടുളിയുടെ ആരോഗ്യനില കൂടുതല്‍ വഷളായതിനെ തുടര്‍ന്ന് ശനിയാഴ്ച അദ്ദേഹത്തെ ന്യൂഡല്‍ഹി സാകേതില്‍ പ്രവര്‍ത്തിക്കുന്ന മാക്‌സ് ഹോസ്പിറ്റലിലേക്ക് മാറ്റി.

വെള്ളിയാഴ്ച ആശുപത്രിയില്‍ പ്രവേശിച്ച ടുളി കുറച്ചു ദിവസങ്ങള്‍ക്കു മുമ്പു തന്നെ വയറുവേദനയും വയറിളക്കവും തുടര്‍ച്ചയായ ഛര്‍ദിലും മൂലം ബുദ്ധുമുട്ട് അനുഭവിച്ചിരുന്നതായി എച്ച് ഐ എം എസിലെ ഡോക്ടര്‍മാര്‍ ടൈംസ് ഓഫ് ഇന്ത്യയോടു പറഞ്ഞിരുന്നു. ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന്റെ വന്‍കുടലില്‍ രക്തസ്രാവം ഉണ്ടാകുന്നതായി കണ്ടെത്തിയെന്നും എച്ച് ഐ എം എസ് ഡോക്ടര്‍മാര്‍ പറയുന്നു. അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന ടുളിക്ക് രണ്ടുയൂണിറ്റ് രക്തവും പ്ലേറ്റ്‌ലെറ്റുകളും കയറ്റിയിരുന്നതായും ഡോക്ടര്‍മാര്‍ പറഞ്ഞു. ആന്തരിക രക്തസ്രാവം കൃത്യമായി കണ്ടെത്താന്‍ കഴിയാതെ വന്നതിനെ തുടര്‍ന്നാണ് വിദഗ്ധപരിശധനയ്ക്കായി അദ്ദേഹത്തെ ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റിയതെന്നും എച്ച് ഐ എം എസ് പ്രതിനിധികള്‍ പറഞ്ഞു. ഡല്‍ഹിയിലെ മാക്‌സ് ഹോസ്പിറ്റലില്‍ അദ്ദേഹത്തെ കൂടുതല്‍ പരിശോധനകള്‍ക്കും ചികിത്സകള്‍ക്കും വിധേയനാക്കുന്നുണ്ടെങ്കിലും രക്തസ്രാവം നിയന്ത്രിക്കാന്‍ സാധിച്ചിട്ടില്ലെന്നു ഡോക്ടര്‍മാര്‍ പറയുന്നു. ടളിയുടെത് ഒ നെഗറ്റീവ് ര്ക്തഗ്രൂപ്പ് ആയതും വിഷമം സൃഷ്ടിക്കുന്നുണ്ട്.
ഋഷികേശിലെ സ്വാമി രാമ സദക് ഗ്രാമിലെ സന്യാസിമാരുമായി അഭിമുഖ സംഭാഷണത്തിനാണ് മാര്‍ക് ടുളി എത്തിയത്. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം അദ്ദേഹത്തിന് അതിനു സാധിച്ചില്ലെന്നും കൂടെവന്നിരുന്ന മറ്റൊരാളാണ് അഭിമുഖം എടുത്തതെന്നും രാമ സദക് പ്രതിനിധികള്‍ ടൈംസ് ഓഫ് ഇന്ത്യയോടു പറഞ്ഞു.

ഇംഗ്ലീഷ് പത്രപ്രവര്‍ത്തകനായ മാര്‍ക് ടുളി 22 വര്‍ഷക്കാലം ബിബിസിയുടെ ഇന്ത്യ ബ്യൂറോ ചീഫായി ന്യൂഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭോപ്പാല്‍ വാതകദുരന്തം, അയോധ്യ പ്രശ്‌നം, കൊല്‍ക്കത്തയിലെ തെരുവ് യാചകരുടെ ജീവിതം തുടങ്ങി ഇന്ത്യയെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ ടുളിയുടേതായുണ്ട്. അയോധ്യ കലാപവുമയി ബന്ധപ്പെട്ട ലിബര്‍ഹാന്‍ കമ്മിഷന്‍ മാര്‍ക് ടളിയെ സാക്ഷിയായി വിസ്തരിക്കുകയുമുണ്ടായിട്ടുണ്ട്. 1992 ല്‍ രാജ്യം അദ്ദേഹത്തിന് പത്മശ്രീയും 2005 ല്‍ പത്മഭൂഷണും നല്‍കി ആദരിച്ചു. 1997 ല്‍ മാര്‍ക് ടുളി ബിബിസിയില്‍ നിന്നും രാജിവയ്ക്കുകയായിരുന്നു. ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ അധികരിച്ച് സഹപ്രവര്‍ത്തകന്‍ സതീഷ് ജേക്കബുമൊത്ത് എഴുതിയ അമൃത്സര്‍;മിസിസി ഗാന്ധീസ് ലാസ്റ്റ് ബാറ്റില്‍(1985), സറീര്‍ മസാനിയുമൊത്തെഴുതിയ രാജ് ടു രാജീവ്; 40 ഇയേഴ്‌സ് ഓഫ് ഇന്‍ഡ്യന്‍ ഇന്‍ഡിപെന്‍ഡന്‍സ്, ലേഖനസമാഹാരമായ നോ ഫുള്‍ സ്റ്റോപ്‌സ് ഇന്‍ ഇന്‍ഡ്യ, ദി ഹാര്‍ട്ട് ഓഫ് ഇന്ത്യ(ഫിക്ഷന്‍) എന്നിവ ടുളിയുടെ പ്രധാനപ്പെട്ട കൃതികളാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍