UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭരിച്ചു മുടിപ്പിക്കുന്നതിന് പുറമെ ജനത്തിന്റെ കാശെടുത്ത് കള്ളപ്രചാരണവും

Avatar

എഡിറ്റോറിയല്‍/ടീം അഴിമുഖം

ട്വീറ്റ് വന്നത് വൈകീട്ട് 5.45-ന്. ‘ഇന്ന് RCR-ല്‍ നമ്മള്‍ സുപ്രധാനവും നാഴികക്കല്ലാകുന്നതുമായ ഒരു സംഭവത്തിന് സാക്ഷ്യം വഹിക്കും,’ നരേന്ദ്ര മോദിയുടെ ട്വീറ്റ് സന്ദേശം ആഗസ്ത് 3-നു പ്രഖ്യാപിച്ചു.

രാജ്യത്തെമ്പാടുമുള്ള വാര്‍ത്താ സ്ഥാപനങ്ങള്‍, ലോകത്തെങ്ങുമുള്ള നിരീക്ഷകര്‍, ഉദ്യോഗസ്ഥര്‍, അടക്കംപറച്ചിലുകാര്‍ എന്തിന് വാതുവെപ്പുകാര്‍ വരെ പരക്കംപാഞ്ഞു. നടക്കാന്‍ പോകുന്ന വലിയൊരു പരിപാടിയെക്കുറിച്ച് പ്രധാനമന്ത്രി നേരിട്ടു അറിയിപ്പ് കൊടുക്കുന്നത് സാധാരണമല്ല.

 

നാഗ മിലിറ്റന്‍സുമാള്ള സംഭാഷണങ്ങളില്‍, അതിനെ മുന്നോട്ടുകൊണ്ടുപോകാന്‍ നിയോഗിക്കപ്പെട്ട കേരള കേഡറിലെ ഐ പി എസ് ഉദ്യോഗസ്ഥന്‍, ആര്‍.എന്‍ രവി കരാര്‍ ഒപ്പിട്ടു. NSCN (IM) നേതാവ് ടി. മുയ്വാ അടക്കം നിരവധി നാഗ നേതാക്കള്‍ അവിടെയുണ്ടായിരുന്നു. ‘ഇന്ന് നാം ഒരു പ്രശ്നം അവസാനിപ്പിക്കുക മാത്രമല്ല, പുത്തന്‍ ഭാവിയുടെ തുടക്കം കുറിക്കുക കൂടിയാണ്,’ മോദി പറഞ്ഞു.

സ്തബ്ധമായ വടക്ക് കിഴക്കന്‍ മേഖല നിശബ്ദമായി. ആറ് പതിറ്റാണ്ടോളമായി തുടരുന്ന മിലിറ്റന്‍സി ഒടുവില്‍ അവസാനിക്കുകയാണോ? നാഗലിം എന്ന ആവശ്യം എന്താകും? സംസ്ഥാന അതിര്‍ത്തികള്‍ മാറ്റിവരക്കുമോ? നൂറു ചോദ്യങ്ങള്‍, മേഖല വീണ്ടും സംഘര്‍ഷത്തിലേക്ക് പതിക്കുമോ എന്ന ആശങ്കയും.

ആദ്യത്തെ ആളും ആരവവും ഒഴിഞ്ഞപ്പോള്‍ ചിത്രം പതുക്കെ തെളിയാന്‍ തുടങ്ങി. ‘സമാധാന ഉടമ്പടി’ ഇല്ല. ഒരു ദീര്‍ഘകാല പരിഹാരം കണ്ടെത്താനുള്ള ചര്‍ച്ചകള്‍ക്കായി ഒരു ചട്ടക്കൂട് കരാര്‍ ഉണ്ടാക്കുകയാണ്. പുതുതായി ഒന്നുമില്ല, മുമ്പ് സമ്മതിച്ചത് ഒന്നുകൂടി പൊടിതട്ടി ആവര്‍ത്തിച്ചു.

വടക്കുകിഴക്കന്‍ മേഖലയുടെ ഭാവിയില്‍ ആ യോഗത്തിന് ഒരു പ്രാധാന്യവുമില്ല. പക്ഷേ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദഗ്ധ മേല്‍നോട്ടത്തില്‍ ഇന്ത്യയുടെ രാഷ്ട്രീയ തെരുവില്‍ അരങ്ങേറുന്ന പുതിയതരം രാഷ്ട്രീയത്തിന്റെ തിളങ്ങുന്ന ഉദാഹരണമാണിത്.

നിങ്ങളീ രാഷ്ട്രീയത്തെ കുറിച്ചു കേട്ടിട്ടില്ലെങ്കില്‍ ഇത് വായിയ്ക്കാം. രാഷ്ട്രീയത്തില്‍ താത്പര്യമില്ലാത്ത, കാശുണ്ടാക്കാന്‍ മാത്രം താത്പര്യമുള്ള സ്വാര്‍ത്ഥനാണെങ്കിലും ഇത് വായിക്കണം; കാരണം ഇത് നിങ്ങള്‍ സര്‍ക്കാരിലേക്കടക്കുന്ന നികുതിപ്പണത്തിന്റെ കണക്കാണ്.

ഇത്തരം രാഷ്ട്രീയത്തിന്റെ കാവല്‍ മാലാഖ നരേന്ദ്ര മോദിയാണ്; അരവിന്ദ് കെജ്രിവാള്‍ മുതല്‍ അഖിലേഷ് യാദവ് വരെയുള്ളവര്‍ ഒപ്പമെത്താന്‍ ശ്രമിയ്ക്കുന്നുണ്ട്. ലളിതമായി തിരിച്ചറിയാന്‍ നമുക്കിതിനെ ‘പ്രചാരക രാഷ്ട്രീയം’ എന്നുവിളിക്കാം. ആ വാക്കിന്റെ നേരര്‍ത്ഥം തന്നെ, ഒരു ആശയക്കുഴപ്പവുമില്ല.

മിക്കപ്പോഴും തങ്ങളുടെ നേട്ടങ്ങളെക്കുറിച്ചുള്ള അര്‍ത്ഥശൂന്യമായ അവകാശവാദങ്ങളുമായി രാഷ്ട്രീയ കക്ഷികള്‍ പരസ്യം നല്‍കുന്നതില്‍ പുതുമയൊന്നുമില്ല. അത്തരം പരസ്യങ്ങളില്‍ നിന്നും തുറിച്ചുനോക്കുന്നവരില്‍ സോണിയാഗാന്ധി മുതല്‍ ആരുമറിയാത്ത മന്ത്രിമാര്‍ വരെയുണ്ട്.

പൊതുപണം ഇങ്ങനെ ദുരുപയോഗം ചെയ്യുന്നതിന് ഈ വര്‍ഷം മെയ് മാസത്തില്‍ സുപ്രീം കോടതി ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. സര്‍ക്കാര്‍ പണം ഉപയോഗിച്ചുള്ള പരസ്യങ്ങളില്‍ പ്രധാനമന്ത്രി, രാഷ്ട്രപതി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരുടെ ചിത്രങ്ങള്‍ മാത്രമേ പാടുള്ളൂ എന്നു കോടതി പറഞ്ഞു. വാസ്തവത്തില്‍ ആ വിധിക്ക് പ്രസക്തി പോരായിരുന്നു.

ടി വി, റേഡിയോ, പത്രങ്ങള്‍, മാസികകള്‍, പരസ്യപ്പലകകള്‍ എന്നിവയിലെല്ലാം നിന്ന് നേതാവിന്റെ നേട്ടങ്ങളെക്കുറിച്ച് നിങ്ങളോടലറുന്ന പുതിയ ധീരനൂതന ലോകത്തെക്കുറിച്ചാണ് നാം സംസാരിക്കുന്നത്. സാധാരണക്കാരരായ ഇന്ത്യക്കാരെ കണ്ണുപൊത്തിക്കാനാണിത്. സര്‍ക്കാര്‍ കടിഞ്ഞാണില്ലാതെ പോവുകയാണ്.

കേരളീയര്‍ ഈ രാഷ്ട്രീയം പരിചയമില്ലാത്തവരല്ല. പത്താം ക്ലാസ് കടന്നുകൂടിയ മകന്റെ വിജയം ഫ്ലെക്സ് ബോഡ് വെച്ചു ആഘോഷിക്കുന്നത് മുതല്‍ വിദൂരദേശത്തു നടന്ന പന്തുകളിയില്‍ അര്‍ജന്റീനയോ ബ്രസീലോ ജയിച്ചത് വരെ ഫ്ലെക്സ് പൊക്കിക്കൊണ്ടാടുന്ന കേരളത്തിന് ഈ പ്രചാരണ രാഷ്ട്രീയത്തെക്കുറിച്ച് അത്യാവശ്യം കാര്യങ്ങളറിയാം.

പല ചരിത്ര മാറ്റങ്ങളേയും പോലെ ഇതും എപ്പോഴാണ് തുടങ്ങിയതെന്ന് നമുക്ക് കൃത്യമായി പറയാനാകില്ല. പക്ഷേ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പ്രചാരക രാഷ്ട്രീയത്തെ ഒരു കലയായി മാറ്റിയതില്‍ വലിയ പങ്കാണ് വഹിച്ചത്.

ആര്‍ എസ് എസ് പ്രചാരകനായിരുന്ന മോദി വെറുതെയല്ല അതില്‍ അഭിമാനിക്കുന്നത്. ആ വാക്കിന്റെ അര്‍ത്ഥം തന്നെ ഇത്തരം പ്രചാരകന്‍ എന്നാണ്. നാം ഇതുവരെ അക്കൂട്ടത്തില്‍ കണ്ടതില്‍ ഏറ്റവും മികച്ചതും.

2002-ലെ ഗുജറാത്ത് കലാപത്തിന്റെ ദുഷ്പ്പേരില്‍ നിന്നും പുറത്തുകടക്കാനുള്ള ശ്രമത്തില്‍ മോദി രണ്ടു വന്‍ അജണ്ട തയ്യാറാക്കി; മാധ്യമങ്ങളുടെ ഏകവഴിയിലൂടെയുള്ള നിയന്ത്രണവും സ്വാധീനവും പിന്നെ വന്‍ കോര്‍പ്പറേറ്റുകളെ സമൃദ്ധമായി സന്തോഷിപ്പിക്കലും.

ഗുജറാത്ത് സര്‍ക്കാരിന്റെ പണവും, കോര്‍പ്പറേറ്റ് കാശും, വിവാദവൃത്തങ്ങളിലുള്ള സമ്മര്‍ദ സംഘങ്ങളുടെ പിന്തുണയും എല്ലാം കൂടി ഒരു വികസന മിശിഹായായി, ലോകമാകെ അമ്പരക്കുന്ന തരത്തില്‍ മോദി പ്രത്യക്ഷപ്പെട്ടു. കസാഖ്സ്ഥാന്‍ ഏകാധിപതി നൂര്‍ സുല്‍ത്താന്‍  നസര്‍ബയേവ് പോലുള്ള പല സ്വേച്ഛാധിപതികള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ച കുപ്രസിദ്ധരായ അമേരിക്കന്‍ സ്ഥാപനം ആപ്കോ (Apco) മോടിയുടെ പ്രചാരണം ഏറ്റെടുത്തു. Vibrant Gujarat ഉച്ചകോടിയുടെ ഔദ്യോഗിക പങ്കാളിയായിട്ടാണ് ആപ്കോയെ കൊണ്ടുവന്നത്. പക്ഷേ അന്താരാഷ്ട്ര മാധ്യമങ്ങളിലും മറ്റ് ഏജന്‍സികളിലും മോദിയുടെ പുതിയ പ്രതിച്ഛായ നിര്‍മ്മിതി എത്തിക്കുകയും വളര്‍ത്തുകയുമായിരുന്നു യഥാര്‍ത്ഥ ഉദ്ദേശം. അവരയാളുടെ അഭിമുഖങ്ങള്‍ സംഘടിപ്പിച്ചു, ഗുജറാത്തിലെ നിക്ഷേപ അന്തരീക്ഷത്തെ പെരുപ്പിച്ചു കാട്ടി, മോദിയുടെ കീഴില്‍ ഗുജറാത്ത്  വലിയ വികസനം കൈവരിച്ചെന്നു പറഞ്ഞ് കപടപ്രചാരണവും നടത്തി.

ആ തന്ത്രം ഫലിച്ചു. രാജ്യത്താകെ മോദി ഒരു വികസന മിശിഹായായി പാഞ്ഞുനടന്നു. കേരളമടക്കം പല സംസ്ഥാനങ്ങളെയും ഗുജറാത്താക്കുമെന്ന് വാഗ്ദാനം ചെയ്തു. പാവപ്പെട്ടവര്‍ക്ക് കപട മോഹന വാഗ്ദാനങ്ങള്‍ നല്കി. യു പി എ സര്‍ക്കാരിന്റെ ഭീമാകാരമായ അഴിമതികളില്‍ മനം മടുത്ത ജനം മോദിക്ക് ആവേശത്തോടെ വോട്ട് ചെയ്തു.

ഗുജറാത്തിന്റെ പല അടിസ്ഥാന അവകാശവാദങ്ങള്‍ പോലും ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുകയാണ് എന്നതാണ് വാസ്തവം. മോദിയുടെ കാലത്ത് ചെലവഴിച്ച കോടികളെക്കുറിച്ച് പുതിയ ഓഡിറ്റ് റിപ്പോര്‍ടുകള്‍ ചോദ്യങ്ങളുയര്‍ത്തുന്നു. സുപ്രീം കോടതി തന്നെ മോദിയുടെ തീരുമാനങ്ങളെടുക്കുന്ന രീതിയെ കുറ്റപ്പെടുത്തിയിരിക്കുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷനും അദ്ദേഹത്തിന്റെ നേതൃത്വത്തെ ചോദ്യം ചെയ്യുന്നു. ഗുജറാത്ത് കലാപത്തിനെതിരെ ലോകം ക്ഷുഭിതരായി പ്രതികരിച്ചത്, മോദിയുടെ കണ്‍മുമ്പില്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ടത്, കലാപത്തിന് ശേഷം തികഞ്ഞ വര്‍ഗീയവാദിയായി പെരുമാറിയത്, ഇതൊന്നും ഗണിക്കേണ്ടതില്ല; അങ്ങനെ മോദിയുടെ പ്രചാരണ രാഷ്ട്രീയം തത്കാലം വിജയിച്ചു.

ഭരിക്കാന്‍ വിഷമമേറിയ ഒരു രാജ്യത്തെ എളുപ്പമായ രാഷ്ട്രീയത്തിലെ പുതിയ വാര്‍പ്പായിരുന്നു അത്.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ അഖിലേഷ് യാദവ് മുതല്‍ AAP നേതാവ് അരവിന്ദ് കേജ്രീവാള്‍ വരെ ഈ തന്ത്രത്തെ പെട്ടന്നുതന്നെ അനുകരിക്കാന്‍ തുടങ്ങി. റേഡിയോവില്‍, മുന്‍ മാധ്യമപ്രവര്‍ത്തകനും ഹിന്ദി സിനിമ തിരക്കഥാകൃത്തുമായ നീലേഷ് മിശ്ര ‘യു പി കി കഹാനിയാം’ അവതരിപ്പിക്കുന്നു; മോശം ഭരണത്തിനു കുപ്രസിദ്ധിയാര്‍ജിച്ച ഒരു സംസ്ഥാനം. തങ്ങളാണ് ഈ പ്രചാരണത്തിന് പിന്നിലെന്നത് മറയ്ക്കാന്‍ യു പി സര്‍ക്കാര്‍ ഒരു ശ്രമവും നടത്തുന്നില്ല. മുമ്പ് യാദവിന്റെ പ്രചാരണത്തിനായി പാട്ടുകളെഴുതിയിട്ടുണ്ട് മിശ്ര.

പ്രധാനമന്ത്രിക്ക് നേരെ ഡല്‍ഹിയില്‍ കേജ്രീവാള്‍ ഉപയോഗിക്കുന്നത് മോദിയില്‍ നിന്നും പഠിച്ച വിദ്യകളാണ്. റേഡിയോയില്‍ കേജ്രീവാള്‍ ശബ്ദത്തില്‍ അതിവിനയം ചാലിച്ച് മോദിയോട് അപേക്ഷിക്കുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് ദുഃഖം കലര്‍ന്ന ശബ്ദത്തില്‍ സംസാരിക്കുന്നു. പശ്ചാത്തലത്തില്‍ അനുയോജ്യമായ സംഗീതം. തങ്ങളുടെ നേട്ടങ്ങളും ബി ജെ പി അവയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നും കാണിക്കുന്ന പരസ്യഫലകങ്ങള്‍ നഗരത്തിലെങ്ങും വെച്ചിരിക്കുന്നു ഡല്‍ഹി സര്‍ക്കാര്‍.

ഇന്നിപ്പോള്‍ ദേശീയ ദിനപത്രങ്ങളിലും ടി വി ചാനലുകളിലും നികുതിദായകരുടെ പണം ഉപയോഗിച്ചുള്ള സര്‍ക്കാര്‍ പരസ്യങ്ങള്‍ നിറയുകയാണ്. മധ്യപ്രദേശില്‍ വ്യാപം തട്ടിപ്പ് പുറത്തുവന്നതോടെ മുഖ്യമന്ത്രിയെ ശിവരാജ് സിംഗ് ചൌഹാന്‍ സംസ്ഥാനത്തിന്റെ നേട്ടങ്ങളെക്കുറിച്ച് വന്‍ പ്രചാരണമാണ് അഴിച്ചുവിട്ടത്.

തമിഴ്നാട്ടില്‍ പത്രങ്ങളിലെ ഒന്നാം പുറം പരസ്യങ്ങളില്‍ അമ്മ ഇടക്കിടെ നിറഞ്ഞുനില്ക്കും. ചിലപ്പോഴൊക്കെ ഉമ്മന്‍ ചാണ്ടിയും രാജ്യത്തെ വായനക്കാരെ നോക്കി ഒന്നു ചിരിക്കാറുണ്ട്. ബി ജെ പി സംസ്ഥാന സര്‍ക്കാരുകള്‍ നിരന്തരം വ്യാജ അവകാശവാദങ്ങളുമായി വരികയും ആ പരസ്യങ്ങളിലെല്ലാം മോദിയുടെ മുഖം പതിക്കുകയും ചെയ്യുന്നു. 

ഈ പ്രചാരണ രാഷ്ട്രീയവും ധൂര്‍ത്ത പ്രചാരണങ്ങളും അവസാനിക്കണം. ഇത് അലസ രാഷ്ട്രീയക്കാരുടെ ധിക്കാരമാണ്. സമ്മതിദായകര്‍ മണ്ടന്‍മാരാണെന്നാണ് ഈ രാഷ്ട്രീയക്കാര്‍ കരുതുന്നത്.

ഇത്തരം രാഷ്ട്രീയ നേതാക്കളുടെ ഔദാര്യവും ആനുകൂല്യവും പറ്റാന്‍ അഴിമുഖം ഇതുവരെ പോയിട്ടില്ല. പക്ഷേ ഇന്ത്യന്‍ മാധ്യമങ്ങള്‍ പൊതുവേ പുതിയ രീതിയില്‍ ആഹ്ലാദചിത്തരാണ്. കാരണം അതവരുടെ പണപ്പെട്ടി നന്നായി നിറയ്ക്കുന്നുണ്ട്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍