UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാതൃഭൂമിയുടെ പ്രവാചക നിന്ദയും മുസ്ലിം പ്രതിഷേധങ്ങളും; ചില കാര്യങ്ങള്‍ വിശദീകരിക്കേണ്ടതുണ്ട്

Avatar

എൻ അലി അബ്ദുല്ല

കഴിഞ്ഞ മാർച്ച് 8-9 തിയ്യതികളിൽ തൃശൂർ, കോഴിക്കോട് എഡിഷനുകളിൽ മാതൃഭൂമി പത്രം പ്രസിദ്ധീകരിച്ച പ്രവാചകനെ അവഹേളിക്കുന്ന കുറിപ്പുകൾ വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും കാരണമായിരിക്കുകയാണല്ലോ. പ്രവാചക നിന്ദ നടത്തിയ മാതൃഭൂമിക്കെതിരെ വിവിധ മുസ്‌ലിം കൂട്ടായ്മകളും വ്യക്തികളും വ്യത്യസ്തമായ പ്രതിഷേധ പരിപാടകൾ ആണ് സംഘടിപ്പിച്ചത്. മാതൃഭൂമി യുടെ മുസ്‌ലിം വിരുദ്ധതക്കെതിരെയുള്ള പ്രകടനങ്ങൾ, ചർച്ചകൾ തുടങ്ങിയവ ഒരു ഭാഗത്ത് നടന്നപ്പോൾ പ്രവാചക നിന്ദ നടത്തിയ പത്രത്തിനു വരി ചേരുന്നത് ഉപേക്ഷിച്ചു കൊണ്ടാണ് ചിലർ പ്രതിഷേധം അറിയിച്ചത്. സാമൂഹിക മാധ്യമങ്ങളിൽ മാതൃഭൂമിയുടെ പേജു ഡിസ് ലൈക് ചെയ്തുകൊണ്ടും ചിലർ പ്രതിഷേധിച്ചു. 

അതേ സമയം മുസ്‌ലിം പ്രതിഷേധങ്ങൾ അനാവശ്യമാണെന്നും അവ കേരളത്തിലെ സാമുദായിക സന്തുലിതാവസ്ഥയെ താറുമാറാക്കുമെന്നും വിമര്‍ശനമുന്നയിച്ചവര്‍ ഉണ്ടായിരുന്നു. ഇന്ത്യയിലെ പൊതു രാഷ്ട്രീയാവസ്ഥ, കേരളത്തിൽ ആസന്നമായ  തെരഞ്ഞെടുപ്പ്, ആ തെരഞ്ഞെടുപ്പിൽ ഇടം കിട്ടാൻ കാത്തിരിക്കുന്ന ബി ജെ പി തുടങ്ങിയ കാര്യങ്ങൾ ആയിരുന്നു ഇത്തരം വാദക്കാരുടെ ന്യായങ്ങള്‍. തീർത്തും സദുദ്ദേശപരം എന്നു തന്നെ മനസ്സിലാക്കാവുന്ന ന്യായങ്ങൾ. മറ്റു ചിലരാവട്ടെ, മതം വിമർശനാതീതം അല്ലെന്നും ആ നിയമം മുസ്ലിംകൾക്കും ബാധകമാണെന്നും അതുകൊണ്ട് തന്നെ മാതൃഭൂമി പ്രസിദ്ധീകരിച്ച കുറിപ്പുകളിൽ അല്ല പ്രശ്നം, അതിനെതിരെ പ്രതിഷേധിക്കുന്ന മുസ്‌ലിംകൾക്കാണ് പ്രശ്നം എന്നും വാദിച്ചു.

ഇതിനിടെ വിവാദമായ ആ കുറിപ്പ് പ്രസിദ്ധീകരിച്ചത് തെറ്റാണെന്നും അതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അറിയിച്ചു കൊണ്ട് മാതൃഭൂമി പത്രാധിപർ വിവിധ മുസ്‌ലിം സംഘടന പ്രതിനിധികൾക്ക് കത്തുകൾ അയക്കുകയുണ്ടായി. ആ കത്തിനോടും ഖേദ പ്രകടനത്തോടും വിവിധ മുസ്‌ലിം സംഘടനകൾ പ്രതികരിച്ചു. ഇപ്പോഴും പ്രതികരിച്ചു കൊണ്ടിരിക്കുന്നു. മുസ്ലിംകൾ വികാര ജീവികൾ ആണെന്നും പ്രവാചകനെ പോലുള്ളവരെ കുറിച്ചുള്ള വ്യത്യസ്തമായ വായനകളോട് അസഹിഷ്ണുതയോടെ പ്രതികരിക്കുന്നവർ ആണെന്നും ആരോപിച്ചവരും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. 

മുസ്ലിംകളെ കുറിച്ചും ഇസ്ലാമിനെ കുറിച്ചു മാത്രമല്ല, ആധുനിക നിയമ വ്യവസ്ഥയെയും മനുഷ്യാവകാശങ്ങളെയും കുറിച്ചുള്ള പലരുടെയും അറിവില്ലായ്മകളെ പുറത്തു കൊണ്ടുവരാൻ ഈ വക ചർച്ചകൾ ഒരു കാരണമായിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനം, വംശീയവും ജാതീയവും മതകീയവുമായ ആക്ഷേപങ്ങളെ ആധുനിക നിയമ വ്യവസ്ഥ എങ്ങനെയാണ് മനസ്സിലാക്കുന്നത് എന്നതിനെ കുറിച്ചും അവയോടു നിയമപരമായി എന്തു തരം സമീപനങ്ങൾ ആണ് പുലർത്തുന്നത് എന്നതിനെ കുറിച്ചുമുള്ള അറിവില്ലായ്മയാണ്.

അധിക്ഷേപ സ്വരത്തിലുള്ള പരാമർശങ്ങൾക്കെതിരെ വ്യക്തികൾക്ക് പോലും നിയമ സംരക്ഷണം നല്കുന്ന ഭരണഘടനയാണ് നമ്മുടേത്. മനുഷ്യന് വികാരങ്ങളും അഭിമാന ബോധവും ഉണ്ടെന്നും അവന്റെ സംവേദനക്ഷമതയെ അപഹസിക്കൽ കുറ്റകരമാണെന്നും ഈ ആധുനിക ഭരണഘടനകൾ പറയുന്നു. വംശീയമായ പരാമർശങ്ങൾക്ക്  പോലും കടുത്ത ശിക്ഷകൾ ആണ് ഈ ഭരണഘടനകൾ നിർദേശിക്കുന്നത്.  മുസ്ലിംകൾ അവരുടെ സർവ്വസ്വവുമായി കാണുന്ന പ്രവാചകർ മുഹമ്മദ്‌ നബി (സ) യെ  അധിക്ഷേപിക്കുന്ന കുറിപ്പുകൾ പ്രസിദ്ധീകരിച്ചത് എന്തുകൊണ്ട് ഒരു മുസ്‌ലിം പ്രശ്നം മാത്രമല്ല എന്നു സൂചിപ്പിക്കാനാണ് ഇക്കാര്യം പറഞ്ഞത്.

മത സാമൂഹിക-സാംസ്കാരിക മേഖലകളിൽ ആദരിക്കപ്പെടുന്ന വ്യക്തികൾക്കെതിരെയുള്ള ആക്ഷേപങ്ങൾ എങ്ങനെയൊക്കെയാണ്  പൊതുപ്രശ്നം ആയി മാറിയിട്ടുള്ളത്‌ എന്നതിന് സമീപകാലത്തെ കേരളത്തിൽ നിന്നു തന്നെ നിരവധി ഉദാഹരങ്ങൾ കണ്ടെത്താൻ കഴിയുമല്ലോ. പറഞ്ഞു വരുന്നത്, മാതൃഭൂമിയുടെ കുറിപ്പ് മുസ്ലിംകൾക്ക് പ്രശ്നമാണ്. പക്ഷെ, അത് മുസ്ലിംകളുടെ മാത്രം പ്രശ്നം ആകേണ്ടിയിരുന്ന ഒന്നായിരുന്നില്ല. മുസ്‌ലിം പ്രതിഷേധങ്ങളെ വിമർശിക്കുന്നവർ തന്നെ ഈ വിഷയത്തോട് മൌനം പാലിക്കുക വഴി മുസ്ലിംകളിൽ അവർ ആരോപിക്കുന്ന പ്രശ്നങ്ങളുടെ കാരണക്കാരും പ്രചാരകരും ആയി മാറിയിട്ടുണ്ട് എന്ന വസ്തുത  സ്വയം വിമർശനാത്മകമായി ആലോചിക്കുന്നത് നല്ലതായിരിക്കും.

ഇസ്ലാമിക ചിഹ്ന്നങ്ങൾക്കും നേതാക്കൾക്കും എതിരെയുള്ള വിമര്ശനങ്ങളെ മുസ്ലിംകൾ വൈകാരികമായാണ് സമീപിക്കുന്നത് എന്ന ആരോപണമാണ് അടുത്തത്. പ്രവാചകരെ കുറിച്ച് മുസ്ലിംകൾ പുലർത്തുന്ന അടിസ്ഥാനപരമായ വിശ്വാസങ്ങൾക്ക് എതിരായ നൂറിൽ അധികം പുസ്തകങ്ങൾ എങ്കിലും മലയാളത്തിൽ നിലവിൽ ഉണ്ട്. യുക്തിവാദികളുടെയും മറ്റു മത പ്രചാരകരുടെയും ഒക്കെ മുൻകയ്യിൽ പ്രസിദ്ധീകരിക്കപ്പെട്ടവയാണ് അവയിൽ ഏറെയും. നിരവധി എഡിഷനുകൾ ഇറങ്ങിയ പുസ്തകങ്ങൾ പോലും അക്കൂട്ടത്തിൽ ഉണ്ട്.  പ്രവാചകർ (സ) യെ കുറിച്ച് മുസ്ലിംകളിലെ വ്യത്യസ്ത വിഭാഗങ്ങൾക്ക് പോലും വ്യത്യസ്തമായ വിശ്വാസങ്ങൾ ആണ് വെച്ചു പുലർത്തുന്നതും. അത്തരം വ്യത്യസ്തമായ അഭിപ്രായ പ്രകടനങ്ങളോട് ഏതെങ്കിലും വിശ്വാസി വൈകാരികമായി പ്രതികരിച്ചിട്ടുണ്ടോ എന്നു ഈ ആരോപണം ഉന്നയിക്കുന്നവർ അന്വേഷിച്ചു നോക്കുന്നത് നല്ലതാണ്.

വ്യക്തികൾ എന്ന നിലയിലും സമുദായം എന്ന നിലയിലും മുസ്ലിംകൾ നേരിടുന്ന അവഗണനകളോട്, അന്യായമായ പെരുമാറ്റങ്ങളോട് ഈ സമുദായം എങ്ങിനെ പ്രതികരിക്കണം എന്നാണു ഇത്തരം ആളുകൾ ആഗ്രഹിക്കുന്നത്?  മുസ്‌ലിം സമുദായത്തിൽ എത്തുമ്പോൾ റദ്ദായി പോകുന്നതാണോ ഇത്തരം ആളുകളെ സംബന്ധിച്ചിത്തോളം ആധുനിക ഭരണഘടനയും അതിന്റെ മനുഷ്യാവകാശ സങ്കൽപ്പങ്ങളും? പ്രതിഷേധിക്കുന്നതിന്റെ സാഹചര്യം മനസ്സിലാക്കാൻ മുസ്ലിംകളോട് ആവശ്യപ്പെടുന്നവർ മുസ്ലിംകളുടെ സവിശേഷ സാഹചര്യങ്ങളെ എത്രമാത്രം വസ്തുതാപരമായി മനസ്സിലാക്കിയിട്ടുണ്ട്? വലതുപക്ഷ ഹൈന്ദവ ദേശീയത ഇന്ത്യയിൽ നേടിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ മേൽക്കോയ്മയുടെ പശ്ചാത്തലത്തിൽ നിന്നു മാത്രം മനസ്സിലാക്കേണ്ടുന്ന ഒന്നാണോ ഇവിടുത്തെ മുസ്ലിം അനുഭവങ്ങൾ?

സവിശേഷമായ നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ എന്തായിരിക്കണം മുസ്ലിംകളുടെ, മാത്രമല്ല, ഏതൊരാളുടെയും  പ്രതിഷേധ രൂപങ്ങൾ എന്നത് ചർച്ചകൾ ആവശ്യപ്പെടുന്ന ഒന്നാണ്. പക്ഷെ, അതുപോലെ തന്നെ പ്രധാനമാണ് എങ്ങിനെവേണം മുസ്ലിംകളുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും മനസ്സിലാക്കേണ്ടത് എന്ന ചോദ്യവും.  ഈ ചോദ്യങ്ങളൊക്കെ തന്നെയും മുസ്ലിംകളെ മാത്രം ബാധിക്കുന്ന കാര്യങ്ങളാണ് എന്നും ഞങ്ങൾ കരുതുന്നില്ല. മതേതരത്വത്തെയും അതു മുന്നോട്ടു വെക്കുന്ന ബഹുസ്വര സമൂഹത്തെയും നിലനിർത്തേണ്ടത് മുസ്ലിം കളുടെ മാത്രം ബാധ്യതയല്ല തന്നെ. ഏതൊരു മനുഷ്യന്റെയും ഉത്തരവാദിത്വമാണ്. മതേതരത്വത്തോട് വിശ്വാസികൾ  സ്വീകരിക്കണമെന്ന് മതേതര പ്രസ്ഥാനങ്ങളും വ്യക്തികളും ആഗ്രഹിക്കുന്ന നിലപാടുകളും സമീപനങ്ങളും തിരിച്ചും ഉണ്ടാകണമെന്ന് ആഗ്രഹിക്കാനുള്ള അവകാശം വിശ്വാസികൾക്ക് ഇല്ലേ?

മതത്തെ കുറിച്ചുള്ള സംവാദങ്ങൾ പാടില്ലെന്നോ, അങ്ങിനെയുള്ള ഏതൊരു ചർച്ചയും വിശ്വാസികളെ വേദനിപ്പിക്കുന്നതാണ് എന്ന നിലപാടോ ഉള്ളവരല്ല ഞങ്ങൾ. മാത്രമല്ല, അത്തരം സംവാദങ്ങളിലൂടെ മാത്രമേ മതത്തെയും മത ബാഹ്യമായ ലോകത്തെയും കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറുകയുള്ളൂ എന്നു തന്നെയാണ് ഞങ്ങൾ കരുതുന്നത്. പക്ഷേ, ചർച്ചകൾ മതത്തെ കുറിച്ചാകുമ്പോൾ, പ്രത്യേകിച്ചും അതു ഇസ്ലാമിനെ കുറിച്ചാകുമ്പോൾ മുൻ വിധികളാണ് പലരുടെയും നിലപാടുകളെ രൂപപ്പെടുത്തുന്നത് എന്നത് ഒരു യാഥാർത്ഥ്യമാണ്. വിമർശനങ്ങൾ മാത്രമേ കേൾക്കൂ, വിശദീകരണങ്ങൾ കേൾക്കില്ല എന്ന സമീപനം എത്രമാത്രം ജനാധിപത്യ  വിരുദ്ധമാണ്? ആധുനികതയുടെ ഒരു പ്രത്യേക ചരിത്രാനുഭവത്തിൽ നിന്നുകൊണ്ടുള്ള മത വിമർശനങ്ങൾ മാത്രമേ സ്വീകരിക്കൂ എന്ന നിലപാടും ശരിയല്ലല്ലോ. വിമർശനങ്ങൾക്ക് മാത്രമല്ല, മതങ്ങൾക്കും ചരിത്രാനുഭവങ്ങൾ ഉണ്ട്. 

മാതൃഭൂമിയിൽ മേൽ കുറിപ്പുകൾ വന്ന ശേഷം വിവിധ ഇടങ്ങളിൽ നടന്ന പ്രതിഷേധങ്ങളെ പരിഹസിക്കുന്നവരും അവയെ ആർ എസ് എസ്സും മറ്റും നടത്തുന്ന അസഹിഷ്ണുത നിറഞ്ഞ പ്രതിഷേധങ്ങളുമായി ചേർത്തു വായിക്കുന്നവരും ഉണ്ട്. നമ്മുടെ മതേതര ആലോചനകളുടെ പരിമിതിയും മതേതരത്വത്തെ ഒരു രാഷ്ട്രീയ ഉപകരണമായി കാണുന്നവർ മുസ്ലിം പ്രശ്നങ്ങളിൽ നിലപാടുകൾ എടുക്കേണ്ടി വരുമ്പോൾ നടത്തുന്ന സന്തുലീകരണവും ബോധ്യപ്പെടുത്തുന്നതാണ് ആണ് ഇത്തരം വായനകൾ. ജനാധിപത്യപരമായും നിയമ വ്യവസ്ഥകളുടെ പരിധിയിൽ നിന്നുകൊണ്ടുള്ളതുമായ ഏതെങ്കിലും പ്രതിഷേധങ്ങളെ നാം എതിർക്കേണ്ടതുണ്ട് എന്നു തോന്നുന്നില്ല. പ്രതിഷേധങ്ങൾ അക്രമണാത്മകാമോ, മറ്റൊരാളുടെ അവകാശത്തെ നിഷേധിക്കുന്നതോ ആകാത്തിടത്തോളം അവയെ നാം  എതിർക്കേണ്ടതുണ്ടോ?  ഇവിടുത്തെ രാഷ്ട്രീയ പാർട്ടികളും മറ്റും പലപ്പോഴും സ്വീകരിച്ചു വരുന്ന ജനാധിപത്യപരമായ സമര മാർഗ്ഗങ്ങൾ വിശ്വാസി സമൂഹങ്ങൾക്കു മാത്രം നിഷേധിക്കേണ്ടതുണ്ടെന്നും കരുതുന്നില്ല. അപകീര്‍ത്തികരവും ചരിത്ര വിരുദ്ധവുമായ പരാമർശങ്ങൾ നടത്തിയവരുടെ മുഖത്തു തുപ്പണം എന്നല്ലല്ലോ ഇവിടുത്തെ മുസ്ലിം സംഘടനകളും നേതാക്കളും ആവശ്യപ്പെട്ടത്. നിലപാടുകളിലും സമീപനങ്ങളിലും മാറ്റം ഉണ്ടാകണമെന്ന് ആവശ്യപ്പെടുകയല്ലേ ചെയ്തത്. ഇവ രണ്ടിനെയും കൂട്ടി വായിക്കുന്നവരുടെ സാമൂഹിക ബോധത്തിന്റെ പരിമിതിയെ കുറിച്ച് നമുക്ക് പരിതപിക്കുകയല്ലാതെ മറ്റെന്തു ചെയ്യാൻ കഴിയും? സത്യത്തിൽ, മതം എല്ലാത്തിനും ഒരപവാദമാണ് എന്നു കരുതുന്നത് മത വിശ്വാസികൾ അല്ല, മതത്തെ വിമർശിക്കുന്നവർ ആണ് എന്നതാണ് കൌതുകകരമായ വൈരുധ്യം.

മാതൃഭൂമിയിൽ വന്ന കുറിപ്പുകൾ യാദൃശ്ചികമാണ് എന്നു വിശ്വസിക്കാൻ അവകാശമുള്ളത് പോലെ തന്നെ അവ ഒറ്റപ്പെട്ടതോ യാദൃശ്ചികമോ അല്ല എന്നു വിശ്വസിക്കാനും അവകാശമുണ്ട്‌. പക്ഷേ ചരിത്രാനുഭവങ്ങൾ രണ്ടാമത്തെ വാദത്തെ പിന്തുണക്കാനേ ഏതൊരാളെയും പ്രേരിപ്പിക്കുകയുള്ളൂ. ഈ കുറിപ്പുകളോ ആ കുറിപ്പുകൾ പ്രസിദ്ധീകരിച്ച മാതൃഭൂമിയോ മാത്രമല്ല മുസ്ലിം പ്രതിഷേധങ്ങളുടെ ആധാരം. ഈ പ്രതിഷേധങ്ങൾ ഒരു സമീപനത്തോടുള്ള വിയോജിപ്പാണ്. അതുകൊണ്ടാണ് ആ കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ കാരണക്കാരായ പത്രപ്രവർത്തകർക്കെതിരെ നടപടിയെടുത്തല്ല, മറിച്ചു വാർത്തകളുടെ കാര്യത്തിൽ മുസ്ലിംകൾ ഉൾപ്പടെയുള്ള പിന്നാക്ക സാമൂഹിക വിഭാഗങ്ങളോടും അവർ ഉയർത്തുന്ന സാമൂഹിക പ്രശ്നങ്ങളോടും സ്വീകരിക്കുന്ന സമീപനങ്ങളിൽ മാറ്റം വരുത്തി വേണം മാതൃഭൂമി ഖേദ പ്രകടനം നടത്തേണ്ടത് എന്നു ഞങ്ങൾ ആവശ്യപ്പെടുന്നത്. അത്തരത്തിലുള്ള ഒരു സംവാദാത്മക പ്രതിഷേധ സമീപനമാണ് ഈ വിഷയത്തിൽ സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയും കേരള മുസ്ലിം ജമാഅത്തും സ്വീകരിച്ചത്.

ഈ കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ഇടവന്ന സാഹചര്യം ഒറ്റപ്പെട്ടത് അല്ലാത്തത് പോലെ, അവക്കെതിരെയുള്ള ഖേദ പ്രകടനവും ഒറ്റപ്പെട്ടതാകരുത് എന്നു സാരം.  മാധ്യമ പ്രവർത്തനത്തെ കുറേക്കൂടി ഉത്തരവാദ പൂർണ്ണമായ ഒരു തൊഴിലിടമായി കാണാൻ ഈ ചർച്ചകളും പ്രതിഷേധങ്ങളും ഒരു കാരണമായിത്തീരട്ടെ. അങ്ങിനെ സംഭവിച്ചാൽ, നമ്മുടെ പ്രതിഷേധങ്ങളും ഖേദ പ്രകടനങ്ങളും വിജയിച്ചു എന്നു പറയാം. അത്തരമൊരു സാമൂഹിക ഉത്തരവാദിത്വം ഈ പ്രതിഷേധങ്ങളും ഖേദ പ്രകടനങ്ങളും നിർവ്വഹിക്കുമോ എന്നതു കാത്തിരുന്നു കാണേണ്ട ചോദ്യമാണ്. 

(കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയാണ് ലേഖകൻ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍