UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വന്‍കിട കുടിശ്ശികക്കാരുടെ കുറ്റകൃത്യങ്ങള്‍ക്ക് അധ്വാനിക്കുന്ന ജനങ്ങളെ ശിക്ഷിക്കരുത്

Avatar

കോര്‍പ്പറേറ്റുകളുടെ നിലവിലുള്ള വന്‍ പ്രവര്‍ത്തനരഹിത ആസ്തികളെ മറികടക്കുന്നതിനായി സര്‍ക്കാരിന്റെ നിര്‍ദ്ദിഷ്ട പരിഹാരമായ ‘കിട്ടാക്കട ബാങ്ക്’ (bad bank) എന്ന നിര്‍ദ്ദേശവുമായി ബന്ധപ്പെട്ട് സിപിഐ (എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തിന്റെ പൂര്‍ണരൂപം.

പ്രിയ പ്രധാനമന്ത്രി,

പൊതുമേഖല ബാങ്കുകളുടെ പ്രവര്‍ത്തനരഹിത ആസ്തികളുടെ ആശങ്കാജനകമായ വര്‍ദ്ധനയെ കുറിച്ചും ഇത്തരം കിട്ടാക്കടങ്ങള്‍ തിരികെ പിടിക്കുന്നതില്‍ അങ്ങയുടെ സര്‍ക്കാരിനുള്ള വിമുഖതയെ കുറിച്ചും 2016 ജൂലൈ ഏഴിന് ഞാന്‍ താങ്കള്‍ക്കെഴുതിയ കത്തിലേക്ക് (ഘുറാം രാജനെ പറഞ്ഞുവിടുന്നതിന് മുന്‍പ് മോദി ചെയ്യേണ്ടത്) ശ്രദ്ധ ക്ഷണിക്കുന്നു. ഇതുവരെ ഈ പ്രശ്‌നങ്ങളില്‍ എന്തെങ്കിലും നടപടികള്‍ വീക്ഷിക്കാന്‍ സാധിക്കാത്തതിനാലും ഈ മേഖലയില്‍ ഉണ്ടായിട്ടുള്ള ചില പുതിയ വികാസങ്ങള്‍ കണക്കിലെടുത്താം അങ്ങയ്ക്ക് വീണ്ടും കത്തെഴുതാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്.

2015-16 വര്‍ഷത്തില്‍ മിക്ക പൊതുമേഖല ബാങ്കുകള്‍ക്കുമുള്ള ഇത്തരം കിട്ടാക്കടങ്ങള്‍ ഇരട്ടിയും ചില കേസുകളില്‍ മൂന്നിരട്ടിയുമായി വര്‍ദ്ധിച്ചതായി സമീപകാല കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, കിട്ടാക്കടങ്ങളുടെ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കുന്നതിന് ആവശ്യമായ ഫണ്ടുകളില്‍ നിന്നും വളരെ കുറവാണ് മിക്ക ബാങ്കുകളുടെയും മൊത്ത വരുമാനം എന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുന്നു. ഇത്തരം കിട്ടാക്കടങ്ങള്‍ തിരിച്ചു പിടിക്കുന്നതിന് കൂട്ടായ യാതൊരു ശ്രമങ്ങളും ഉണ്ടായിട്ടില്ല എന്നുമാത്രമല്ല, 2015-16 കാലഘട്ടത്തില്‍ ഇത്തരം വന്‍കിട കടക്കാരുടെ 59.547 കോടി രൂപയുടെ കടങ്ങള്‍ എഴുതിത്തള്ളാനുള്ള നടപടികളാണ് അങ്ങയുടെ സര്‍ക്കാര്‍ സ്വീകരിച്ചത്. അതേസമയം, വരള്‍ച്ചയുടെ വര്‍ഷങ്ങളില്‍ എടുത്ത ചെറുസംഖ്യകള്‍ തിരികെ അടയ്ക്കുന്നതിനായി കര്‍ഷകരെ വേട്ടയാടുകയും ചെയ്യുന്നു.

രാഷ്ട്രീയ ഇച്ഛാശക്തിയും ഉറച്ച തീരുമാനത്തിന്റെയും പിന്‍ബലമുണ്ടെങ്കില്‍, പ്രത്യക്ഷ ആസ്തിയുള്ള ഈ വന്‍കിടക്കാരില്‍ നിന്നും വായ്പകള്‍ തിരികെ പിടിക്കാന്‍ ബാങ്കുകള്‍ക്ക് എളുപ്പം സാധിക്കും. പകരം ഇത്തരം കിട്ടാക്കടങ്ങള്‍ പൊതുമേഖല ബാങ്കുകളില്‍ നിന്നും വിച്ഛേദിച്ച് ഒരു ഏകജാലക ‘കിട്ടാക്കട ബാങ്ക്’ രൂപീകരിക്കാനുള്ള നിര്‍ദ്ദേശങ്ങളാണ് ഞങ്ങളുടെ ശ്രദ്ധയില്‍ പെടുന്നത്. സര്‍ക്കാരിന്റെ തന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു പുതിയ സ്ഥാപനത്തിലേക്ക് ഈ കിട്ടാക്കടങ്ങള്‍ മാറ്റിക്കൊണ്ട് ബാങ്ക് അക്കൗണ്ട് ബുക്കുകളില്‍ ഒരു ശുചീകരണം നടത്തി എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം മാത്രമാണിത്. മറ്റ് ബാങ്കുകളില്‍ പുനര്‍മൂലധനവല്‍ക്കരണം നടത്താന്‍ അങ്ങയുടെ സര്‍ക്കാരിന് സാധിക്കുമെന്നതിനാല്‍ ഈ ‘കിട്ടാക്കട ബാങ്ക്’ ഇനിയും പൊതുപണത്താല്‍ സമ്പന്നമാവുകയും അതേസമയം സത്യസന്ധരായ നികുതിദായകരുടെ ചിലവില്‍ ഈ വന്‍കിട കടബാധ്യതക്കാര്‍ സ്വതന്ത്രരായി വിഹരിക്കുകയും ചെയ്യും. ഈ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന മധ്യവര്‍ഗ്ഗക്കാരും ദരിദ്രരും കഷ്ടപ്പെട്ടു നേടിയ സമ്പാദ്യത്തിന്റെ ചിലവില്‍ ഈ കുത്തകകള്‍ നടത്തിയ വഷളത്തരങ്ങളുടെയും തെറ്റായ വ്യാപാര കീഴ്വഴക്കങ്ങളുടെയും ധൂര്‍ത്തമായ ജീവിതരീതികളുടെയും പ്രതിഫലമായി വേണം ഈ സമ്മാനദാനത്തെ കാണാന്‍.

‘കിട്ടാക്കട ബാങ്ക്’ രൂപീകരിക്കാനുള്ള നിര്‍ദ്ദേശം, മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ പരസ്യമായി തള്ളിക്കളഞ്ഞിട്ടുണ്ട്. ഇത്തരം വായ്പകള്‍ തിരിച്ചടയ്ക്കുന്നതില്‍ വിമുഖത കാണിക്കുന്ന ഇത്തരം വന്‍കിട വായ്പക്കാര്‍ക്കുതന്നെ ബാങ്കുകള്‍ വായ്പ നല്‍കുന്നത് തുടരുമെന്നതിനാല്‍, ഈ നിര്‍ദ്ദേശത്തിലടങ്ങിയിരിക്കുന്ന ‘ധാര്‍മ്മിക വിപത്ത്’ അദ്ദേഹം തിരിച്ചറിയുന്നു.

ബാങ്കുകളില്‍ പുനര്‍മൂലധനവല്‍ക്കരണം നടത്തിക്കൊണ്ട് ഇത്തരം കിട്ടാക്കടങ്ങളെ വെള്ളപൂശാനുള്ള ശ്രമങ്ങള്‍ക്ക് മുമ്പ്, ‘തിരിച്ചുപിടിക്കല്‍ ആദ്യം, പുനര്‍മൂലധനവല്‍ക്കരണം പിന്നീട്’ എന്ന തത്വം അതിന്റെ മുഴുവന്‍ ഊര്‍ജ്ജത്തോടെയും അക്ഷരാര്‍ത്ഥത്തിലും നടപ്പിലാക്കാന്‍ അങ്ങയുടെ സര്‍ക്കാര്‍ തയ്യാറാവണം. അല്ലാത്തപക്ഷം അങ്ങയുടെ സര്‍ക്കാര്‍ കുത്തക മുതലാളിത്തത്തിന്റെ പിണിയാളവുമെന്ന ഞങ്ങളുടെ ഏറ്റവും വലിയ ആശങ്ക ദൃഢീകരിക്കപ്പെടും. വന്‍കിട വായ്പ്പ കുടിശ്ശിക്കാരുടെ 1,12,089 കോടി വായ്പകള്‍ എഴുതി തള്ളിയ സര്‍ക്കാരാണ് അങ്ങയുടെത് എന്നതാണ് ഈ ആശങ്കയ്ക്ക് അടിസ്ഥാനം.

കഴിഞ്ഞ കത്തില്‍ ഞാന്‍ സൂചിപ്പിച്ചിരുന്നത് പോലെ, ഏറ്റവും വലിയ 100 കടക്കാരില്‍ നിന്നും കുടിശ്ശിക തുകകള്‍ തിരിച്ചു പിടിക്കാനുള്ള ഒരു അടിയന്തിര പ്രവര്‍ത്തന പദ്ധതി നടപ്പിലാക്കാന്‍ അങ്ങയുടെ സര്‍ക്കാര്‍ തയ്യാറാവണം എന്നതാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം. കുടിശ്ശികക്കാരുടെ പേരുകളും അവരുടെ വായ്പ തുകയും വെളിപ്പെടുത്താന്‍ അങ്ങ് തയ്യാറാവണം. ഇതില്‍ വരുന്ന ഏതൊരു വീഴ്ചയും, വന്‍കിട കുടിശ്ശിക്കാരുടെ കുറ്റകൃത്യങ്ങള്‍ക്ക് നമ്മുടെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളെ ശിക്ഷിക്കാനാണ് അങ്ങയുടെ സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നാണ് അര്‍ത്ഥമാക്കുന്നത്. സ്വാഭാവിക നീതിയുടെ തത്വത്തെ തലകീഴ്മറിക്കുന്നതാവും ഇത്തരത്തിലുള്ള നീക്കങ്ങള്‍.

‘കിട്ടാക്കട ബാങ്ക്’ എന്ന നിര്‍ദ്ദേശം തള്ളിക്കളയുകയും കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കുന്നതിനുള്ള നടപടികള്‍ അങ്ങ് ആരംഭിക്കുകയും ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇതില്‍ നിന്നുള്ള വ്യതിയാനം, ഈ രാജ്യത്തെ പ്രധാനമന്ത്രിയെന്ന നിലയില്‍ അങ്ങയില്‍ അര്‍പ്പിതമായിരിക്കുന്ന ഭരണഘടനാപരമായ ചുമതലകളുടെ ലംഘനത്തിന് തുല്യമായിരിക്കും.

എന്ന്,
സീതാറാം യെച്ചൂരി
ജനറല്‍ സെക്രട്ടറി, സി പി എം

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍