UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പൊതുവിദ്യാഭ്യാസ സംരക്ഷണം കമ്മ്യൂണിസ്റ്റുകളുടെ മാത്രം ബാധ്യതയോ?

Avatar

ടി. ഗോപകുമാർ 

കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന ആദ്യ സർക്കാർ കേരളത്തിന്റെ അടിസ്ഥാനവികസന പ്രശ്നങ്ങളിൽ ഗൗരവമായ സമീപനമാണ് സ്വീകരിച്ചത്. ഭൂപരിഷ്കരണത്തിൽ ഊന്നിക്കൊണ്ടുള്ള കാർഷിക പുനരുദ്ധാരണം, സഹകരണാടിസ്ഥാനത്തിലുള്ള പരമ്പരാഗത വ്യവസായ പുനഃസംഘടന, പൊതുമേഖലയുടെ വികസനം, സ്വകാര്യ നിക്ഷേപകരെ ആകർഷിക്കുന്നതിനായുള്ള ആധുനിക വ്യവസായ സമീപനം, ജലസേചനത്തിനും ജലവൈദ്യുത പദ്ധതികൾക്കും ദീർഘകാല മാസ്റ്റർ പ്ലാനുകൾ അടക്കമുള്ള പശ്ചാത്തലസൗകര്യവികസനം, ജനകീയവും സാർവത്രികവുമായ വിദ്യഭ്യാസം എന്നീ അജണ്ടകൾ ആണ് ഈ സർക്കാർ കൈകാര്യം ചെയ്തത്. ഈ വികസന അജണ്ടയാകട്ടെ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ചർച്ച ചെയ്ത് അംഗീകരിച്ച് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കപ്പെട്ടതാണ്. വരാൻ പോകുന്ന സർക്കാരിൽ കമ്യൂണിസ്റ്റുകാരുടെ നയമായി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലാകെ ചർച്ച ചെയ്യപ്പെട്ടതുമാണ്. തെരഞ്ഞെടുപ്പിനു ശേഷം അധികാരത്തിൽ വന്ന കമ്യൂണിസ്റ്റ് സർക്കാർ അവരുടെ പ്രഖ്യാപിതനയം നടപ്പിലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം കേരളസമൂഹത്തിൽ നടന്ന മുന്നേറ്റങ്ങൾ ശ്രദ്ധേയമാണല്ലോ. നിലനിന്നിരുന്ന ജന്മി-നാടുവാഴി വ്യവസ്ഥിതിക്കെതിരായി വളർന്ന ഉജ്ജ്വലസമരങ്ങൾ, സാമൂഹികനീതി നിഷേധത്തിനെതിരെ അയ്യങ്കാളിയും, ശ്രീനാരായണഗുരുവും അടക്കമുള്ളവരുടെ നേതൃത്വത്തിൽ നടന്ന സംഘടിതശ്രമങ്ങൾ, ക്ഷേത്രപ്രവേശനം പോലുള്ളവയ്ക്കായി നടന്ന പൗരമുന്നേറ്റങ്ങൾ, ശക്തമായ കർഷകസമരങ്ങൾ തുടങ്ങിയവയിലൂടെയുണ്ടായ പുത്തൻ സാമൂഹ്യ മൂല്യബോധത്തിന്റെ സ്വാഭാവികപരിണിതിയായിരുന്നു 1957ലെ കമ്യൂണിസ്റ്റ് സർക്കാരിന്റെ രൂപപ്പെടൽ. ഈ മുന്നേറ്റത്തിന്റെ അനുരണനങ്ങൾ ഏറെ പ്രകടമായ ഒരു മേഖലയായിരുന്നു വിദ്യാഭ്യാസമേഖല.

ആദ്യമന്ത്രിസഭയുടെ നയങ്ങൾ പ്രാവർത്തികമാകുന്നതിന് മുമ്പേ തന്നെ കേരളത്തിൽ വിദ്യാഭ്യാസമേഖലയിൽ ഉണർവ് പ്രകടമായിരുന്നു. ലോകമാസകലം കോളനിവാഴ്ചയ്ക്കെതിരായി രൂപം കൊണ്ട ചെറുത്തുനില്പും ഭരണകൂടത്തെ ചോദ്യം ചെയ്യാനുള്ള അഭിവാഞ്ഛയും കേരളത്തിലും വിദ്യാഭ്യാസ വ്യാപനത്തിനുള്ള സാഹചര്യമൊരുക്കി. സമുദായ സംഘടനകളും, മിഷനറിമാരും മറ്റും വിദ്യാഭ്യാസപ്രവർത്തനങ്ങളിൽ സജീവമായി. പിന്നോക്കവിഭാഗക്കാർക്കടക്കം വിദ്യാഭ്യാസമേഖല പ്രാപ്യമാകുന്ന സ്ഥിതിയും വന്നു. 1930കളോടെ വളർന്നു വന്ന തൊഴിലാളി കർഷകപ്രസ്ഥാനങ്ങൾ ആധുനികവിദ്യാഭ്യാസത്തിന്റെ വേരോട്ടം വർധിപ്പിച്ചു. അതായത് കേരളീയ നവോത്ഥാന പ്രസ്ഥാനങ്ങളുടെയും ദേശീയപ്രസ്ഥാനത്തിന്റെയും തുടർച്ച എന്ന നിലയിലാണ് 1957ലെ കമ്യൂണിസ്റ്റ് മന്ത്രിസഭ മറ്റു പല മേഖലകളിലുമെന്ന പോലെ വിദ്യാഭ്യാസമേഖലയിലും ഒരു സമഗ്ര പരിവർത്തനത്തിന് ശ്രമം നടത്തിയത്.

1957ജൂലൈ 7-ന് അവതരിപ്പിച്ച വിദ്യാഭ്യാസ ബില്ല് വഴി സർക്കാർ ശ്രമിച്ചത് വിദ്യാഭ്യാസമേഖലയിൽ ഒരു സാമൂഹ്യനിയന്ത്രണം കൊണ്ടുവരാനാണ്. ഗുണപരമായ വിദ്യാഭ്യാസം എന്ന ലക്ഷ്യത്തിലെത്താൻ ഈ സാമൂഹികനിയന്ത്രണം അത്യാവശ്യവുമായിരുന്നു. പുതിയ നിയമം വഴി സർക്കാർ ചെയ്തത് അംഗീകൃതനിയമത്തിനും ചട്ടത്തിനുമനുസരിച്ച് മാത്രമേ സ്കൂൾ തുടങ്ങുവാൻ  കഴിയൂ എന്ന് വ്യവസ്ഥ ചെയ്യലാണ്. മാനേജർമാരുടെ അധികാരങ്ങളും ഉത്തരവാദിത്തങ്ങളും വ്യവസ്ഥ ചെയ്യപ്പെട്ടു. മാനേജർമാർ പിരിക്കുന്ന ഫീസ് ഖജനാവിലേക്ക് അടയ്ക്കണം. പകരം അധ്യാപകർക്ക് സർക്കാർ വിദ്യാലയങ്ങളിലേതിന് തുല്യമായ ശമ്പളവും ആനുകൂല്യങ്ങളും സർക്കാർ നേരിട്ട് നൽകും. അധ്യാപകർക്ക് ജോലിസ്ഥിരതയും ഉറപ്പാക്കി. അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതിന് മുമ്പ് അധികാരപ്പെടുത്തിയ സർക്കാർ ഉദ്യോഗസ്ഥരിൽ നിന്ന് അനുവാദം വാങ്ങിയിരിക്കണം. ദുർഭരണം ഒഴിവാക്കുന്നതിനും പൊതുതാല്പര്യ സംരക്ഷണത്തിനും  വേണ്ടി സ്വകാര്യ വിദ്യാലയങ്ങളേറ്റെടുക്കുന്നതിനുള്ള അധികാരം സർക്കാരിൽ നിക്ഷിപ്തമാക്കിയിരിക്കുന്നു. ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് വേണ്ടി അധ്യാപകയോഗ്യത നിശ്ചയിക്കുന്നതിനുള്ള അധികാരം സർക്കാരിനായിരിക്കും.

ബിൽ നിർദ്ദേശിച്ച നടപടിക്രമം അനുസരിച്ച് സർക്കാർ സ്കൂളിലും എയ്ഡഡ് സ്കൂളിലും അധ്യാപകനിയമനത്തിന് യോഗ്യതയുള്ളവരെ തെരെഞ്ഞെടുക്കുന്നത് പി.എസ്.സി. ആയിരിക്കും. ഓരോ വർഷവും സംവരണനിയമങ്ങൾക്കനുസൃതമായി ജില്ലാടിസ്ഥാനത്തിൽ ലിസ്റ്റ് തയ്യാറാക്കും. നിയമനം മാനേജർമാർക്ക് തന്നെ നടത്താം. എന്നാലത് പി.എസ്.സി. ലിസ്റ്റിൽ നിന്ന് മാത്രമേ പാടുള്ളൂ. ഇതൊക്കെയായിരുന്നു വിദ്യാഭ്യാസബില്ലിലെ പ്രധാന നിർദ്ദേശങ്ങൾ. ഈ നിർദ്ദേശങ്ങളോടുള്ള എതിർപ്പായിട്ടാണ് കുപ്രസിദ്ധമായ വിമോചന സമരം നടന്നതെന്നാണ് വയ്പ്. തീർച്ചയായും വിമോചന സമരത്തിന് ഒരു പ്രധാന കാരണം ഈ ബില്ലിലെ വ്യവസ്ഥകൾ തന്നെയായിരുന്നു. എന്നാൽ വിമോചനസമരത്തിനാധാരം ഈ ബില്ലോ ഭൂപരിഷ്കരണബില്ലോ മാത്രമായിരുന്നില്ല. ആദ്യമായി ബാലറ്റിലൂടെ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിക്കുന്നതിനുള്ള അന്തർദേശീയ ഗൂഢാലോചനയുടെ കൂടി ഉല്പന്നമായിരുന്നു വിമോചനസമരമെന്ന് പിൽക്കാല ചരിത്രവും ചിലരുടെ വെളിപ്പെടുത്തലുകളും തെളിയിച്ചിട്ടുണ്ട്. വിദ്യാഭ്യാസമേഖലയിലെ പരിഷ്കരണത്തിനെതിരായ സമരം വിമോചന സമരം മാത്രമല്ല. വ്യക്തമായ രാഷ്ട്രീയ ഗൂഢോദ്ദേശത്തോടെ സംവിധാനം ചെയ്ത് നടപ്പിലാക്കപ്പെട്ട വിമോചന സമരത്തിന് മുമ്പും ഇത്തരം എതിർപ്പുകളും സമരങ്ങളും നടന്നിട്ടുണ്ട്.

1894ൽത്തന്നെ എല്ലാവർക്കും വിദ്യാഭ്യാസം നൽകേണ്ട ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുന്ന തരത്തിൽ പരിഷ്ക്കരണങ്ങൾ നടന്നപ്പോൾ സ്ക്കൂൾ മാനേജർമാർ ശക്തമായ എതിർപ്പുമായി രംഗത്തുവന്നു. അതേത്തുടർന്ന് ഗവണ്മെന്റിന് ആ ശ്രമം ഉപേക്ഷിക്കേണ്ടി വന്നു. ദേശീയസമരങ്ങളുടെ പശ്ചാത്തലത്തിൽ 1945-ൽ തിരുവിതാംകൂർ ഗവണ്മെന്റ് നിർബന്ധിത വിദ്യാഭ്യാസം നടപ്പിലാക്കുന്നതിനായി സ്വകാര്യ പ്രൈമറി സ്കൂളുകൾ ദേശസാൽക്കരിക്കാൻ ശ്രമിച്ചു. മാനേജർമാർ ശക്തമായി ഈ നീക്കം ചെറുത്തു. മതനിരപേക്ഷ ചിന്താധാരയുടെ ഭാഗമായി പൊതുവിദ്യാലയങ്ങളിൽ ഒരു പ്രത്യേക മതസംഹിത പഠിപ്പിക്കുന്നതിനെതിരെ സർക്കാർ നിലപാടെടുത്തപ്പോൾ സ്കൂളുകൾ അടച്ചിട്ടായിരുന്നു മാനേജ്മെന്റിന്റെ പ്രതിഷേധം. 1953ൽ പനമ്പള്ളി ഗോവിന്ദമേനോൻ വിദ്യാഭ്യാസമന്ത്രിയായിരിക്കേ തിരുക്കൊച്ചിയിൽ സ്വകാര്യവിദ്യാലയങ്ങളിലെ അധ്യാപകർക്ക് ശമ്പളമായി സർക്കാർ ഗ്രാന്റ് നേരിട്ടുകൊടുക്കാൻ തീരുമാനിച്ചതിനെതിരെയും വൻ പ്രതിഷേധമുണ്ടായി. ഇതിന്റെയൊക്കെ തുടർച്ചയായിരുന്നു 1957ലെ വിദ്യാഭ്യാസബില്ലിനെതിരായ പ്രതിഷേധം.

സ്കൂൾ-കോളേജ് അധ്യാപകരുടെ നിയമനങ്ങൾക്ക് പൊതുമാനദണ്ഡങ്ങൾ ഏർപ്പെടുത്താനും സാമൂഹ്യനീതിയിലധിഷ്ഠിതമായ മതനിരപേക്ഷ ജനാധിപത്യ വിദ്യാഭ്യാസ സംവിധാനം സൃഷ്ടിക്കാനുമുള്ള ഏതു ശ്രമത്തെയും പരാജയപ്പെടുത്താൻ മതസാമുദായിക ശക്തികൾക്കും സ്വകാര്യവൽക്കരണ വക്താക്കൾക്കും പിന്തിരിപ്പൻ ഉദ്യോഗസ്ഥ വൃന്ദത്തിനും മുൻകാലത്തും കഴിഞ്ഞിരുന്നു എന്നതാണ് യാഥാർഥ്യം. ആ സാഹചര്യം കൂടുതൽ ഭീഷണമായ അവസ്ഥയിൽ ഇന്നും നിലനിൽക്കുന്നു എന്ന തിരിച്ചറിവിൽ നിന്നു വേണം പരിഷ്ക്കാരങ്ങൾക്കുള്ള ശ്രമങ്ങൾ ആരംഭിക്കാന്‍.

കേരളത്തിന്‍റെ വിദ്യാഭ്യാസമേഖലയിലെ ആനുകാലിക അവസ്ഥ വിശദീകരിച്ചാൽ വീണ്ടും നിരവധി ലേഖനങ്ങൾ എഴുതാനുള്ള വിഭവങ്ങളാണുള്ളത്. കേരള വികസനത്തിൽ ഗൗരവതരമായ പ്രശ്നങ്ങൾ നേരിടുകയാണ് നമ്മുടെ പൊതുവിദ്യാഭ്യാസമേഖല എന്ന് ഏതാണ്ടെല്ലാവരും സമ്മതിക്കും. അത് പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ അടിയന്തിരമായി ആരംഭിക്കേണ്ടതുണ്ട്. സങ്കുചിത കക്ഷിരാഷ്ട്രീയത്തിനതീതമായി ഇക്കാര്യത്തിൽ രാഷ്ട്രീയപ്രസ്ഥനങ്ങളും, സർവീസ് സംഘടനകളും, സാമൂഹ്യപ്രസ്ഥാനങ്ങളും ഇടപെടാൻ തയ്യാറാകണം.

1957-ലെ വിദ്യാഭ്യാസബില്ലിന്റെ നിലപാടു തറയിൽ നിന്ന് കേരളത്തിലെ സിപിഐ(എം)-ഉം സിപിഐ-യും മാറിയിട്ടില്ലെന്നു തന്നെ കരുതാം. അന്ന് ഭാഗികമായി മാത്രം നടപ്പിലാക്കാനായ ആ ബില്ലിന്റെ അന്തസത്ത നടപ്പിലാക്കാൻ അവർക്ക് താല്പര്യമുണ്ടാവും. പിന്നീട് വന്ന ഇടതുപക്ഷസർക്കാരുകളുടെ പലവിധ ദൗർബല്യങ്ങളാലാണ് അത് നടക്കാതെ പോയത്. സത്യത്തിൽ 1957-ന് ശേഷം വിദ്യാഭ്യാസമേഖലയിൽ ഘടനാപരമായ ഒരു മാറ്റം വരുത്താൻ രാഷ്ട്രീയമായി ശേഷിയുള്ള ഒരു ഇടതുപക്ഷ സർക്കാർ ഇപ്പോഴാണ് അധികാരത്തിൽ വരുന്നത്. ഈ സാഹചര്യം പ്രയോജനപ്പെടുത്താൻ പുരോഗമനകാംക്ഷികളാകെ ശ്രമിക്കേണ്ടതാണ്.

വിമോചനസമരം തെറ്റായിരുന്നെന്ന് പിൽക്കാലത്ത് ഏറ്റുപറഞ്ഞ ഏ.കെ. ആന്റണിയെപ്പോലുള്ള നേതാക്കന്മാരാൽ നയിക്കപ്പെടുന്ന പാർട്ടിയാണ് ഇന്നത്തെ കോൺഗ്രസ്. എന്നാൽ വിദ്യാഭ്യാസത്തെ സംബന്ധിച്ച അവരുടെ കാഴ്ചപ്പാട് ഇപ്പോഴും പിന്തിരിപ്പനായിത്തന്നെ നിലനിൽക്കുകയാണെന്ന് കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണം വ്യക്തമാക്കുന്നുണ്ട്. കേന്ദ്രം ഭരിക്കുന്ന കക്ഷിയായ ബി.ജെ.പിയാകട്ടെ മതസാമുദായികശക്തികളുടെ സ്വാധീനവലയത്തിൽ ആണുള്ളതും.  ഈ വിഷയത്തിൽ ഇവർ എന്തു നിലപാടാണ് സ്വീകരിക്കുവാൻ പോകുന്നത് എന്നാണ് അറിയേണ്ടത്. ചരിത്രത്തിൽ നിന്ന് പാഠം പഠിച്ച് വിദ്യാഭ്യാസമേഖലയിലെ ചരിത്രപരവും ജനാധിപത്യപരവുമായ കടമ നിർവഹിക്കാൻ അവരുടെ സഹകരണം ഉണ്ടാകുമോ എന്ന് പറയേണ്ട ബാധ്യത കോൺഗ്രസിനുണ്ട്. മതസാമുദായികശക്തികളെ നിലക്കുനിർത്തി ഒരു മുന്നോട്ടുപോക്കിന് ബി.ജെ.പി. തയ്യാറാകുമോ എന്നും അറിയേണ്ടതുണ്ട്. ചരിത്രപരമായ ഈ കടമ നിർവഹിക്കുന്നതിൽ കേരളത്തിലെ എല്ലാ സാമൂഹ്യ-സാംസ്ക്കാരിക-സാമുദായിക സംഘടനകളും രാഷ്ട്രീയപാർടികൾക്കൊപ്പം തുറന്ന ചർച്ചയ്ക്ക് തയ്യാറാവണം. അത്തരമൊരു ചർച്ചയിൽ ഉരുത്തിരിയുന്ന ഒരു പൊതുധാരണയുടെ അടിസ്ഥാനത്തിലാവണം സർക്കാർ മുന്നോട്ടു പോകേണ്ടത്.

പൊതുഅഭിപ്രായ സമന്വയമില്ലാതെ മുന്നോട്ട് പോകുന്നത് വീണ്ടും വിമോചനസമര അധ്യായങ്ങൾ ആവർത്തിക്കുവാൻ അവസരമൊരുക്കിയേക്കാം. സർക്കാരിനു മാത്രമല്ല പ്രതിപക്ഷത്തിനും മറ്റുള്ളവർക്കും ഈ വിഷയത്തിൽ ബാധ്യതകളുണ്ട്. ഇത് ലളിതമായ കാര്യമാണെന്ന ധാരണയില്ല. ഏറെ കടമ്പകൾ കടക്കേണ്ടതുണ്ട്. പക്ഷേ അത് ആരംഭിക്കാതിരിക്കാനാവില്ല.

(കമ്മ്യൂണിക്കേഷന്‍ ഡിസൈനര്‍ ആയി പ്രവര്‍ത്തിക്കുകയാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍