UPDATES

ട്രെന്‍ഡിങ്ങ്

പോക്‌സോ കേസുകള്‍ കെട്ടിക്കിടക്കുന്നു; ലൈംഗികാതിക്രമത്തിനിരകളായ കുട്ടികള്‍ വീണ്ടും ശിക്ഷിക്കപ്പെടുന്നു

പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്താല്‍ 30 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കണമെന്നുമാണ് ചട്ടം

പോക്സോ നിയമപ്രകാരം സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളില്‍ എടുത്ത കേസുകളില്‍ കെട്ടിക്കിടക്കുന്നത് അയ്യായിരത്തിലധികം. ഇതു കൂടാതെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം ആയിരത്തോളം കേസുകള്‍ വേറെയും. സര്‍ക്കാരിന്റെ കണക്കനുസരിച്ച് കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ കേരളത്തില്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇരയായത് 4977 കുട്ടികളാണ്. 2016 ഒക്ടോബര്‍ 31 വരെയുള്ള കണക്കുകലാണിത്. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്യല്‍ ഒഫന്‍സ് ആക്റ്റ് (പോക്‌സോ) 2012-ലാണ് നിലവില്‍ വന്നത്.

മാനഹാനി, ഭീഷണി, അറിവില്ലായ്മ തുടങ്ങിയവ കാരണം പരാതിപ്പെടാത്തവരുടെ എണ്ണം ഔദ്യോഗിക കണക്കിനും മുകളിലാണെന്നാണ് കുട്ടിക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്ന പ്രവര്‍ത്തകര്‍ പറയുന്നത്. സംസ്ഥാനത്ത് ഈ നിയമപ്രകാരം ഏറ്റവും കൂടുതല്‍ കേസെടുത്തിരിക്കുന്നത് തിരുവനന്തപുരത്താണ്. 718 കേസുകള്‍. ഇതില്‍ 447 കേസുകളിലെ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടിട്ടുള്ളൂ. ബാക്കി 271 കേസുകളില്‍ ചിലത് ഒത്തുതീര്‍പ്പാവുകയായിരുന്നു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക കേസില്‍ എറണാകുളം ജില്ലയാണ് രണ്ടാമത്, 632 കേസുകളാണ് എറണാകുള്ളത് രജിസ്‌ററര്‍ ചെയ്തിരിക്കുന്നത്. 187 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത തൃശൂര്‍ ജില്ല പട്ടികയില്‍ മൂന്നാമത് വന്നു. ഏറ്റവും കുറവ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് വയനാട് ജില്ലയിലാണ്. 187 കേസുകളാണ് വയനാട്ടില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

2012-13 ലായിരുന്നു പോക്‌സോ നിയമം വന്നത്. ആ വര്‍ഷം തന്നെ വന്ന പരാതികളുടെ എണ്ണം 1000-നു മുകളിലായിരുന്നു. ഇപ്പോള്‍ (2016 ഒക്ടോബര്‍ വരെയുള്ള കണക്കു പ്രകാരം) 5000-നടുത്താണ് പോക്‌സോ കേസ് എത്തിയിരിക്കുന്നത്. പലപ്പോഴും കേസുകളുടെ വിചാരണ നീണ്ടു പോകുന്നതും അതുകാരണം കുറ്റവാളികള്‍ രക്ഷപ്പെടുന്നതുമാണ് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ വര്‍ദ്ധിക്കാനും തടയാനും കഴിയാത്തത്. കുറ്റവാളികള്‍ക്ക് മാതൃകാപരമായ ശിക്ഷ വിധി ലഭ്യമായാല്‍ തന്നെ ഈ കുറ്റകൃത്യങ്ങള്‍ക്ക് കുറവുണ്ടാകുമെന്ന്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. പോക്‌സോ സെക്ഷന്‍ 2 (ഡി) പ്രകാരം 16 വയസിനു താഴെയുള്ളവരെയാണ് കുട്ടികളായി കണക്കാക്കുന്നത്. ഈ നിയമപ്രകാരം കുറ്റവാളികള്‍ക്ക് ഏഴു വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ്. കുട്ടികള്‍ക്കെതിരെയുള്ള കേസില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ തീര്‍ക്കണമെന്നാണ് പോക്സോ നിയമം അനുശാസിക്കുന്നത്. പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്താല്‍ 30 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കണമെന്നുമാണ് ചട്ടം. ഇന്നത്തെ നിലയ്ക്ക് കേസുകള്‍ തീര്‍ക്കാന്‍ കുറഞ്ഞത് 10 വര്‍ഷമെങ്കിലും എടുക്കും.

കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളുടെ വിചാരണ വേഗത്തിലാക്കാന്‍ ഓരോ ജില്ലാ ആസ്ഥാനത്തും പ്രത്യേക കോടതി രൂപീകരിക്കണമെന്ന് നിയമമുണ്ട്. പക്ഷെ കേരളത്തില്‍ പ്രത്യേക കോടതിയുള്ളത് രണ്ട് ജില്ലകളില്‍ മാത്രമാണ്. അതും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒന്നിച്ചുള്ളതാണ്. ഓരോ ജില്ലയിലും കുട്ടികളുടെ കേസുകള്‍ മാത്രം കൈക്കാര്യം ചെയ്യാനായി കോടതി(ചില്‍ഡ്രന്‍സ് കോര്‍ട്ട്) വേണമെന്നും ആ കോടതിയിലായിരിക്കണം കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെയെല്ലാം കേസുകള്‍ നടത്തേണ്ടതെന്നുമാണ് നിയമം അനുശാസിക്കുന്നത്. പക്ഷെ കുട്ടികള്‍ക്ക് മാത്രമായി ഒരു കോടതി കേരളത്തില്‍ ഇതുവരെ വന്നിട്ടില്ല. ഇപ്പമുള്ളത് 12 ജില്ലകളിലെയും അഡീഷണല്‍ ഡിസ്‌ക്ട്രറ്റ് കോടതിക്ക് ചുമതല നല്‍കുകയാണ് ചെയ്തിരിക്കുന്നത്. ഇവിടെ അഡീഷണല്‍ ജില്ലാ സെഷന്‍ കോടതി ജഡ്ജിന്റെ മുമ്പാകെയാണ് കേസിന്റെ വിചാരണ ചുമതല നല്‍കിയിരിക്കുന്നത്. രണ്ടു ജില്ലകളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എല്ലാം കൂടി കൈക്കാര്യം ചെയ്യാന്‍ വേണ്ടി പ്രത്യേക കോടതി വന്നിട്ടുണ്ട്. എറണാകുളത്തും തിരുവനന്തപുരത്തുമാണ് പ്രത്യേക കോടതി നിലവിലുള്ളത്. സാങ്കേതികമായി കോഴിക്കോടും പ്രത്യേക കോടതിയുണ്ട്.

കേസുകള്‍ വേഗത്തില്‍ തീര്‍ക്കേണ്ടത് അത്യാവശ്യമാണെന്നാണ് കേരള സ്‌റ്റേറ്റ് കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് ചെയര്‍പേഴ്‌സണ്‍ ശോഭ കോശി പറയുന്നത്. ഇതിനായിട്ട് പല കാര്യങ്ങളും പരിഗണിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളെല്ലാം ചൈല്‍ഡ് റൈറ്റ്‌സ് പഠിച്ചുകൊണ്ടിരിക്കുകയാണ്. കേസ് എങ്ങനെ ഫയല്‍ ചെയ്യുന്നു, കുട്ടികളുടെ മൊഴി എങ്ങനെയാണ് എടുക്കുന്നത്, അത് റിക്കോര്‍ഡ് ചെയ്യുന്നത് എങ്ങനെയാണ്, മെഡിക്കല്‍ റിപ്പോര്‍ട്ട് എടുക്കുന്നത് എങ്ങനെയാണ്, ലൈംഗിക അതിക്രമത്തിനിരയായ കുട്ടികളെ പരിശോധിക്കുന്നതും അന്വേഷിക്കുന്നതും ഏത് മാനസികാവസ്ഥയിലാണ് തുടങ്ങിയവയെല്ലാം ശ്രദ്ധിക്കണം. മാത്രമല്ല കേരളത്തില്‍ നിലവില്‍ കുട്ടികളോട് സൗഹൃദപരമായിട്ടുള്ള കോടതികളല്ല (ചൈല്‍ഡ് ഫ്രണ്ടലി). നിയമമനുസരിച്ച് കുറ്റവാളികളും ഇരയായ കുട്ടികളും തമ്മില്‍ തമ്മിള്‍ കാണാത്ത വിധത്തില്‍ വേണം വിചാരണ നടത്തേണ്ടത്. എന്നാല്‍ ഇപ്പോള്‍ അതിന് സൗകര്യമില്ലാത്തതിനാല്‍ എല്ലാവരും ഒരുമിച്ചാണ് ഇരിക്കുന്നത്. കുറെ നാള്‍ കേസ് നടന്നു കഴിയുമ്പോള്‍ ഒത്തുതീര്‍പ്പായി പോവുകയാണ് പതിവ്. അതിനാല്‍ ഇതെല്ലാം പരിഹരിച്ചുള്ള ഒരു സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ശോഭ കോശി അഴിമുഖത്തോട് വ്യക്തമാക്കി.

കേസില്‍ ഉള്‍പ്പെടുന്ന കുട്ടികളില്‍ ചിലരെ നിര്‍ഭയ ഹോമുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. കേസ് കഴിഞ്ഞതിന് ശേഷമെ ഈ കുട്ടികളെ വീട്ടിലേക്ക് വിടുകയുള്ളൂ. പോക്‌സോയില്‍പ്പെട്ട കുട്ടികളെയാണ് കൂടുതലും ഇങ്ങനെ പാര്‍പ്പിച്ചിരിക്കുന്നത്. പീഡനത്തിനിരയായ കുട്ടികള്‍ക്ക് സ്വന്തം വീട്ടില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും വളരെക്കാലം വിട്ടുനില്‍ക്കേണ്ടി വരുന്നത് മാനസികമായ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. മാത്രമല്ല വളര്‍ച്ചയുടെ ഈ ഘട്ടത്തില്‍ കുട്ടികളെ ഇതു ബാധിക്കാനും സാധ്യതയുണ്ട്. പക്ഷെ ഇതിനെ പാടെ തള്ളിക്കളയുകയാണ് ചെല്‍ഡ് റൈറ്റ്‌സ് ചെയര്‍ പേഴ്‌സണ്‍. ഇത് കുട്ടികള്‍ക്ക് ഗുണകരമാകുമെന്നാണ് ശോഭാ കോശി അഭിപ്രായപ്പെടുന്നത്- ‘നിര്‍ഭയ ഹോമുകളില്‍ എത്തിയിരിക്കുന്ന കുട്ടികളില്‍ ചിലര്‍ വീട്ടില്‍ നിന്നു തന്നെ അതിക്രമത്തിനിരയായവരാണ്. അങ്ങനെയുള്ളവരെ വീട്ടിലേക്ക് അയ്ക്കുവാന്‍ കഴിയില്ല. മറ്റിയിടങ്ങളില്‍ പീഡനത്തിനിരയായ കുട്ടികള്‍ക്ക് അങ്ങനെ സംഭവിക്കാന്‍ പലപ്പോഴും കാരണമാകുന്നത് മാതാപിതാക്കളുടെയോ ബന്ധുക്കളുടെയോ അശ്രദ്ധയാണ്. മാത്രമല്ല ഇരകളായ കുട്ടികളെ വീട്ടിലേക്ക് മടക്കി അയ്ച്ചാല്‍ കുറ്റവാളികള്‍ അവരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. അല്ലെങ്കില്‍ മാതാപിതാക്കളോ ബന്ധുക്കളോ നാണക്കേട് എന്നു കരുതി കേസ് ഒത്തുതീര്‍ക്കാനും സാധ്യതയുണ്ട്. പല കേസിലും അങ്ങനെ സംഭവിച്ചിട്ടുണ്ട്. മാതാപിതാക്കള്‍ക്ക് കുട്ടികളില്‍ പെട്ടന്ന് സ്വാധീനം ചെലുത്താന്‍ സാധിക്കും. അതേസമയം കുട്ടികളെ നിര്‍ഭയ ഹോമുകളിലെത്തിക്കുകയാണെങ്കില്‍ അവര്‍ക്ക് കൗണ്‍സിലിങ്ങിനു വിധേയമാക്കാനും സാധാരണ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാനുള്ള പരിശീലനം നല്‍കാനും കഴിയും. കൂടാതെ മുമ്പുണ്ടായ പോലുള്ള അതിക്രമങ്ങളില്‍ അതിജീവിക്കാനും ഇനി അങ്ങനെ സാഹചര്യങ്ങളെ നേരിടാന്‍ കരുത്തു നല്‍കാനും അവിടെ നിന്ന് കഴിയും. ഹോമില്‍ വരുന്ന കുട്ടികള്‍ക്ക് അതിന്റെ ആവശ്യമുണ്ട്. എല്ലാ പോക്‌സോ കേസുകളിലെയും ഇരകളെ നിര്‍ഭയ ഹോമുകളില്‍ കൊണ്ടുവരുന്നില്ല. പോലീസ് അന്വേഷണത്തില്‍ കുട്ടികളെ തിരിച്ചുവിട്ടാല്‍ പ്രശ്‌നമുണ്ടെന്ന് കാണുന്ന കേസുകളിലെ ഇരകളെ മാത്രമെ നിര്‍ഭയയിലേക്ക് നിര്‍ദേശിക്കുന്നുള്ളൂ. ഇരകളായ കുട്ടികള്‍ക്ക് സംരക്ഷണം ആവശ്യമുണ്ടെങ്കില്‍ നിര്‍ഭയയിലോ, ചില്‍ഡ്രസ് ഹോമിലോ വിടും. അല്ലാത്തവരെ പോലീസ് തന്നെ മാതാപിതാക്കളുടെയോ ബന്ധുക്കളുടെ കൂടെയോ വിടും. പക്ഷെ ആ വിവരം പോലീസ് ഞങ്ങളെ അറിയിക്കും.’– അവര്‍ പറഞ്ഞു.

പാലക്കാട്, ആലപ്പുഴ,തൃശ്ശൂര്‍ ജില്ലകളിലെ ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതികളെ പ്രത്യേക കോടതികളായി പരിഗണിച്ചിട്ടും ഇവിടെ പോക്‌സോ കേസുകള്‍ മാസങ്ങളായി നിശ്ചലാവസ്ഥയിലാണ്. കാരണം ഇവിടെ ജഡ്ജിമാരില്ല. തൃശൂര്‍ ജില്ലയില്‍ കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ 100 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ മൂന്നുമാസവും ജഡ്ജിയില്ലാത്തതിനാല്‍ കേസ് നീണ്ടു പോവുകയാണ്. പല ജില്ലകളിലും മറ്റ് അഡീഷണല്‍ സെഷന്‍സ് ജഡ്ജിമാര്‍ക്കു പ്രത്യേക ചുമതല കൂടി നല്‍കിയിട്ടാണ് നിലവില്‍ പോക്‌സോ കോടതിയുടെ പ്രവര്‍ത്തനം നടപ്പിലാക്കുന്നത്. പോക്‌സോ കേസില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇരകള്‍ക്കും പ്രതികള്‍ക്കും ഒരുപോലെ നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നാണ് പ്രമുഖ അഭിഭാഷകനായ പയസ് മാത്യു അഭിപ്രായപ്പെടുന്നത്. പോക്‌സോ കേസുകള്‍ തീര്‍പ്പാക്കാന്‍ വൈകുന്നത് നീതിനിഷേധവും പ്രതികള്‍ രക്ഷപ്പെടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതുമാണ്. ഇതിന് അടിയന്തരമായി നടപടികള്‍ എടുത്തില്ലെങ്കില്‍ ഇരകളായ കുട്ടികളാവും മറ്റൊരു തരത്തില്‍ ശിക്ഷിക്കപ്പെടുക.

(അഴിമുഖം സ്റ്റാഫ് ജേര്‍ണലിസ്റ്റാണ് കൃഷ്ണ ഗോവിന്ദ്)

കൃഷ്ണ ഗോവിന്ദ്

കൃഷ്ണ ഗോവിന്ദ്

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍