UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡല്‍ഹി ഐ.ഐ.എം.സിയില്‍ ദളിത് വിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതിഷേധം വ്യാപിക്കുന്നു

Avatar

അഴിമുഖം പ്രതിനിധി

ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട് ഓഫ് മാസ് കമ്മ്യൂണിക്കേഷനിലെ (IIMC) 48-ആം ബിരുദദാന ചടങ്ങിന് വിദ്യാര്‍ഥികളുടെ ബഹിഷ്കരണ ഭീഷണി. ദളിത് സമുദായക്കാരെ അധിക്ഷേപിച്ചുകൊണ്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു വിദ്യാര്‍ത്ഥി ഫേസ്ബുക്കില്‍ ഇട്ട പരാമര്‍ശത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വന്‍ പ്രതിഷേധം അരങ്ങേറിയിരുന്നു. ഇതിന്റെ ബാക്കിയായാണ് ഇന്ന് നടക്കുന്ന ബിരുദദാന ചടങ്ങ് ബഹിഷ്കരിക്കാനും വിദ്യാര്‍ഥികള്‍ ആലോചിക്കുന്നത്. എന്നാല്‍ എഫ്.റ്റി.ഐ.ഐ പുനെ, ഹൈദരാബാദ് മാതൃകയില്‍ സമരം വ്യാപിക്കുന്നത് ഏത് വിധേനെയും തടയാനുള്ള ശ്രമത്തിലാണ് അധികൃതര്‍. 

ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യയും അതിനെ തുടര്‍ന്ന് ഹൈദരാബാദ് സര്‍വകലാശാലയില്‍ ഉണ്ടായ പ്രക്ഷോഭത്തിന്റെയും വെളിച്ചത്തിലായിരുന്നു വിവാദമായ ഫേസ്ബുക്ക് പരാമര്‍ശം. രോഹിത് വെമുലയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സ്ഥാപനത്തിലെ മൂന്ന് അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ജനുവരി 17-നു പ്രതിഷേധവും ചര്‍ച്ചകളും സംഘടിപ്പിച്ചിരുന്നു. 

എന്നാല്‍ ജനുവരി 18-ന് ഹിന്ദി മാധ്യമപ്രവര്‍ത്തനത്തില്‍ ഡിപ്ലോമക്ക് പഠിക്കുന്ന ഉത്കര്‍ഷ് സിങ്, ഈ പ്രതിഷേധ പ്രകടനത്തിനെതിരെ അധിക്ഷേപവും നിന്ദയും ചൊരിയുന്ന പരാമര്‍ശങ്ങള്‍ ഫേസ്ബുക്കില്‍ ഇട്ടതോടെയാണ് കുഴപ്പങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന്‍ ജനുവരി 29-നു ഇതിനെതിരെ കലാലയത്തിലെ പട്ടികജാതി / പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട 30-ഓളം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് അധികൃതര്‍ക്ക് പരാതി നല്കിയെങ്കിലും അവിടെ അത്തരത്തിലുള്ള പരാതി പരിഹാര സംവിധാനം ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്നു പ്രതിഷേധം കനത്തതോടെ പ്രശ്നം പരിശോധിക്കാന്‍ ഒരു അദ്ധ്യാപകന്റെ കീഴില്‍ ഒരു സമിതിക്ക് രൂപം കൊടുത്തു.

ഉത്കര്‍ഷ് സിങ് പരസ്യമായി മാപ്പ് പറയണമെന്നാണ് IIMC-യിലെ ദളിത് വിദ്യാര്‍ത്ഥികളുടെ ആവശ്യം. എന്നാല്‍ ഇത്’അഭിപ്രായപ്രകടന സ്വാതന്ത്ര്യമാണെന്ന്’പറഞ്ഞു സ്വയം ന്യായീകരിക്കുകയാണ് സിംഗ്. തന്റെ പിതാവ് ആര്‍.എസ്.എസ് പ്രവര്‍ത്തകനാണെന്നും താന്‍ സംഘ് സ്കൂളിലാണ് പഠിച്ചതെന്നും വ്യക്തമാക്കിയ സിംഗ് തനിക്ക് സ്വന്തം അഭിപ്രായം പറയാന്‍ അവകാശമുണ്ടെന്ന നിലപാടിലാണ്. ഇപ്പോഴുള്ള സംവരണ സംവിധാനം അവസാനിപ്പിക്കണമെന്നും സിംഗ് പറഞ്ഞതോടെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ ഇതിന് അനുകൂലമായി രംഗത്തെത്തിയിട്ടുണ്ട്. 

IIMC ഡയറക്ടര്‍ ജനറലിന് എഴുതിയ കത്തില്‍ വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരിക്കുന്നത് ഇതാണ്: “പരസ്യമായ ഒരു മാപ്പപേക്ഷയും ഇത്തരം സന്ദേശങ്ങള്‍ എഴുതുകയോ പ്രചരിപ്പിക്കുകയോ ചെയ്യില്ലെന്ന ഒരുറപ്പും മാത്രമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. മറ്റ് ശിക്ഷകള്‍ ഒന്നും ആവശ്യപ്പെടുന്നില്ല. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൌഹൃദവും എല്ലാവരെയും ഉള്‍ക്കൊള്ളലും വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തുന്നതിനായി ജാതി/ഗോത്ര യാഥാര്‍ത്ഥ്യങ്ങളിലെ വിദഗ്ധരെക്കൊണ്ട് പാഠ്യപദ്ധതിയില്‍ ഒരിടം കണ്ടെത്തി നല്‍കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു. ഈ നീക്കം ഞങ്ങള്‍ക്ക് മനുഷ്യരെന്ന തോന്നലും ആത്മാഭിമാനവും നല്കും.”

പട്ടികജാതി ദേശീയ കമ്മീഷനും ഇത് സംബന്ധിച്ച ഒരു പരാതി വിദ്യാര്‍ത്ഥികള്‍ നല്കിയിട്ടുണ്ട്.

“ഫേസ്ബുക്ക് പരാമര്‍ശം പ്രകടമായും ജാതീയവും ലിംഗവിവേചനവും, വംശീയവുമാണ്. അത് സ്ത്രീകളെയും ദളിത് സമുദായത്തെയും ഇന്ത്യയിലെ അതിദരിദ്രര്‍ക്കായുള്ള ഇനീഷ്യേറ്റീവുകളെയും ഏറ്റവും നികൃഷ്ടമായ രീതിയില്‍ ആക്രമിക്കുന്നു. ഇത്തരത്തിലൊരു മാനസികാവസ്ഥയാണ് മാധ്യമ പ്രവര്‍ത്തക പരിശീലനം തേടുന്ന യുവാക്കളുടെ സംവാദങ്ങളുടെ ഭാഗമാകുന്നതെങ്കില്‍ IIMC-യും രാജ്യവും ഭീഷണമായ അവസ്ഥയിലാണ്,” ഒരു അധ്യാപകന്‍ പറഞ്ഞു.

വാര്‍ത്താപ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിലുള്ള ഈ സ്ഥാപനം ഇന്ത്യയിലെ നിരവധി പ്രഗത്ഭ മാധ്യമപ്രവര്‍ത്തകരെ സൃഷ്ടിച്ചിട്ടുണ്ട്. നൂറുകണക്കിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും സൈനിക ഉദ്യോഗസ്ഥര്‍ക്കും മാധ്യമസംബന്ധമായ വിഷയങ്ങളില്‍ പരിശീലനം നല്കിയിട്ടുണ്ട്.

എല്ലാ വര്‍ഷവും IIMC-യില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കി 350 -ഓളം പേര്‍ പുറത്തിറങ്ങുന്നു. സ്ഥാപനത്തില്‍ പട്ടികജാതി/പട്ടികവര്‍ഗക്കാരായ 30-ഓളം വിദ്യാര്‍ത്ഥികളുണ്ട്. കഴിഞ്ഞ വര്‍ഷം, ഒരു പ്രഭാഷണത്തിനായി ശാസ്ത്രജ്ഞനായ ഗൌഹര്‍ റാസയ്ക്ക് നല്കിയ ക്ഷണം ഗുജറാത്ത് കലാപത്തെക്കുറിച്ച് അദ്ദേഹം ഒരു ഡോക്യുമെന്ററി നിര്‍മിച്ചിട്ടുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് ഈ സ്ഥാപനം റദ്ദാക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ വിവിധ തര്‍ക്കങ്ങള്‍ മൂലം സ്ഥാപനത്തിന്റെ പുതിയ ഡയറക്ടറെ നിയമിച്ചിട്ടില്ല. മലയാളിയും ഇവിടുത്തെ അധ്യാപകന്‍ കൂടിയായ ആര്‍.എസ്.എസ് സഹയാത്രികന്‍ കെ.ജി സുരേഷ് ഈ പദവിയിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ല. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍