UPDATES

നിരീശ്വരവാദി യോഗത്തിനു നേരെ ഹിന്ദു, മുസ്ലീം സംഘടനകളുടെ ആക്രമണം

 അഴിമുഖം പ്രതിനിധി

ഉത്തര്‍പ്രദേശിലെ മഥുരയില്‍ നിരീശ്വരവാദികളുടെ യോഗത്തിനു നേരെ തീവ്ര ഹിന്ദുത്വ, ഇസ്ലാമിസ്റ്റ് സംഘടനകളുടെ ആക്രമണം. ആക്രമണത്തെ തുടര്‍ന്ന് സമ്മേളനം റദ്ദാക്കി. മഥുര ജില്ലയിലെ വൃന്ദാവനിലാണ് നാസ്തിക യോഗത്തിനെതിരേ അക്രമാസക്തമായ പ്രതിഷേധവുമായി മതസംഘടനകള്‍ രംഗത്തെത്തിയത്.

സ്വയം നിരീശ്വരവാദികളുടെ ഗുരുവായി പ്രഖ്യാപിച്ചിട്ടുള്ള സ്വാമി ബലേന്ദുവിന്റെ വീട്ടിലാണ് യോഗം ചേര്‍ന്നത്. രണ്ടു ദിവസത്തെ സമ്മേളനമാണ് വിളിച്ചിരുന്നത്. ഇന്നലെ രാവിലെ നൂറു കണക്കിനു പ്രതിഷേധക്കാര്‍ വടികളുമായി ഇവിടെ എത്തുകയായിരുന്നു. പൊലീസിന്റെ പിന്തുണയോടെയാണ് ഇവര്‍ സ്ഥലത്തെത്തിയത്. വി.എച്ച്.പി, ബജ്‌റംഗദള്‍ പ്രവര്‍ത്തകരും ജുമാ മസ്ജിദില്‍ നിന്നുള്ള മുസ്ലിം പുരോഹിതന്മാരുമാണ് കൂടുതലും സംഘത്തിലുണ്ടായിരുന്നത്. സ്വാമി ബലേന്ദു ഹിന്ദു മതവികാരം വ്രണപ്പെടുത്തിയതായി ഫൂല്‍ ദോല്‍ ദാസ് മഹാരാജ് എന്ന സന്യാസി ആരോപിച്ചു. എല്ലാ മതഗ്രന്ഥങ്ങളും കെട്ടുകഥകളാണെന്നും വിനോദത്തിന് മാത്രം ഉപകരിക്കുന്നതാണെന്നും ബലേന്ദു പറഞ്ഞതാണ് മത, വര്‍ഗീയ സംഘടനകള്‍ക്ക് പ്രകോപനമായത്.

അതേസമയം അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ് ഉണ്ടായതെന്ന് ബലേന്ദു പറഞ്ഞു. സ്വകാര്യ സമ്മേളനം ആയിരുന്നെങ്കിലും അധികൃതരില്‍ നിന്ന് അനുമതി വാങ്ങിയിരുന്നു. മത, ദൈവ വിശ്വാസങ്ങളില്ലാതെ ജീവിക്കാന്‍ ഭരണഘടന സംരക്ഷണം നല്‍കുന്നുണ്ടെന്നും ബലേന്ദു പറഞ്ഞു. അതേസമയം സമ്മേളനം സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാന്‍ സാദ്ധ്യതയുള്ളതായിരുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം. സമ്മേളനം നടത്താന്‍ അനുമതി നല്‍കിയെങ്കിലും നിരീശ്വരവാദികളുടെ സമ്മേളനമാണെന്ന് വ്യക്തമാക്കിയിരുന്നില്ലെന്നും പൊലീസ് വാദിക്കുന്നു.

 

(എഡിറ്റ്- കൂടുതല്‍ വിവരങ്ങള്‍ സ്റ്റോറിയില്‍ പിന്നീട് ഉള്‍പ്പെടുത്തിയിട്ടുണ്ട്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍