UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആഗോള വിദ്യാഭ്യാസ സംഗമം; ലക്ഷ്യമിടുന്നത് കച്ചവടമോ നിലവാരം മെച്ചപ്പെടുത്തലോ?

Avatar

അഴിമുഖം പ്രതിനിധി

കോവളത്തെ ലീല ഹോട്ടലില്‍ നടന്ന ആഗോള വിദ്യാഭ്യാസ സംഗമം പ്രധാന തലക്കെട്ടുകളില്‍ ഇടംപിടിക്കുന്നത്‌  മുഖ്യസംഘാടകനായ മുൻ നയതന്ത്രജ്ഞനും സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയര്‍മാനുമായ ടി പി ശ്രീനിവാസനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കെയ്യേറ്റം ചെയ്യുന്നതോടെയാണ്. നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ പോരായ്മകള്‍ പരിഹരിക്കാതെ അതിനെ പാടെ അവഗണിക്കുകയും പുതിയ ഒന്നു പ്രാബല്യത്തില്‍ വരുത്താനും സര്‍ക്കാര്‍ കാണിച്ച വ്യഗ്രതയാണ് സംഗമത്തിനെതിരെ പ്രതിഷേധം ഉണ്ടാകാന്‍ കാരണമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.  

എന്താണ് ആഗോള വിദ്യാഭ്യാസ സംഗമം?
വിദേശ സര്‍വ്വവകലാശാലകളുമായി അക്കാദമിക ബന്ധങ്ങള്‍ സ്ഥാപിക്കുക, സ്വയംഭരണ കോളേജുകള്‍ സ്ഥാപിക്കുക, ഉന്നത വിദ്യാഭ്യാസരംഗത്ത് നൈപുണ്യാധിഷ്ഠിത സഹകരണം സ്ഥാപിക്കുക എന്നതാണ് ആഗോള വിദ്യാഭ്യാസ സംഗമത്തിന്റെ പ്രധാന ലക്ഷ്യങ്ങളായി സംഘാടകര്‍ പറയുന്നത്. വിദ്യാഭ്യാസ രംഗത്തെ നിക്ഷേപകര്‍ക്ക് കേരളത്തില്‍ സൗകര്യമൊരുക്കുക, അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠന കേന്ദ്രങ്ങള്‍ സ്ഥാപിക്കുക, ഏകജാലക സംവിധാനത്തിലൂടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുക എന്നിവയും സംഗമത്തിന്റെ പ്രധാന ലക്ഷ്യങ്ങളില്‍പ്പെടുന്നു. നിക്ഷേപകര്‍ക്ക് രജിസ്‌ട്രേഷന്‍, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവയില്‍ ഇളവുകള്‍ നല്‍കുക, അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുക എന്നിവയ്ക്ക് കൂടി സംസ്ഥാനം തയ്യാറാണെന്ന് കാണിക്കുക കൂടിയാണ് ലക്ഷ്യം. വിദ്യാഭ്യാസ രംഗത്തെ അന്തരാഷ്ട്ര വിദഗ്ധര്‍ പങ്കെടുക്കുന്ന ചര്‍ച്ചകള്‍, ആശയ സംവാദങ്ങള്‍, കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങളെ സംബന്ധിച്ച പ്രദര്‍ശനം എന്നിവയും ഇതിന്റെ ഭാഗമായി നടക്കുന്നു.

കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ നിലവാരം അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഒരു അക്കാദമിക് സിറ്റി സ്ഥാപിക്കുക, പ്രത്യേക കയറ്റുമതി സംസ്‌കരണ മേഖലകളുടെ മാതൃകയില്‍ അന്താരാഷ്ട്ര ഉന്നത വിദ്യാഭ്യാസ സോണുകള്‍ സ്ഥാപിക്കുക എന്നിവ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. ഇതിന്റെ ഏകജാലക സംവിധാനമെന്ന നിലയില്‍ സര്‍ക്കാര്‍ ഒരു അക്കാദമിക് സിറ്റി അതോറിറ്റി സ്ഥാപിക്കും. ആവശ്യമായ നിയമ നിര്‍മാണത്തിലൂടെ ഈ അക്കാദമിക് സിറ്റി അതോറിറ്റിയെ സര്‍വകലാശാല സംവിധാനവുമായി ബന്ധിപ്പിക്കുകയും കേരളത്തിലെ മൂന്ന് നഗരങ്ങളിലൊന്നില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള കാമ്പസ് സ്ഥാപിക്കുകയും ചെയ്യും. അന്താരാഷ്ട്ര തലത്തിലുള്ള സര്‍വകലാശാലകളുമായുള്ള സഹകരണത്തോടെയാണ്‌ 70 ലക്ഷം ചതുരശ്ര അടിയില്‍ പരന്നു കിടക്കുന്ന അക്കാദമിക് സിറ്റി പ്രവര്‍ത്തിക്കുക. എന്നാല്‍ ശക്തമായ എതിര്‍പ്പാണ് വിദ്യാഭ്യാസ സംഗമത്തിനെതിരെയുള്ളത്, അനുകൂലിക്കുന്നവര്‍ തുലോം കുറവും.

എന്തുകൊണ്ട് ആഗോള വിദ്യാഭ്യാസ സംഗമം എതിര്‍ക്കപ്പെടുന്നു?
തികച്ചും കച്ചവടക്കണ്ണോടെ നടത്തുന്ന ഒന്നാണ് ആഗോള വിദ്യാഭ്യാസ സംഗമമെന്ന് സാമൂഹ്യപ്രവര്‍ത്തകനും കേരള സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോക്ടര്‍ ബി ഇഖ്‌ബാല്‍ പറയുന്നു. വിദേശ സര്‍വ്വകലാശാലകളുമായി അക്കാദമിക് ബന്ധം ഉണ്ടാവുന്നതിന് ആരും എതിരല്ല. വിദേശ രാജ്യങ്ങളിലെ നിലവാരം കുറഞ്ഞ സര്‍വ്വകലാശാലകളുടെ ഫ്രാഞ്ചൈസി പോലെയുള്ള സ്ഥാപനങ്ങള്‍ ആരംഭിച്ച് നമ്മുടെ വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതിനു കൂട്ടുനില്‍ക്കാനാവില്ല എന്നും അദ്ദേഹം വ്യക്തമാക്കുന്നു. 

‘ഉയര്‍ന്ന നിലവാരമുള്ള വിദേശ സര്‍വ്വകലാശാലകളുമായി അക്കാദമിക് ബന്ധമുള്ള സര്‍വ്വകലാശാലകള്‍ ഇന്ന് കേരളത്തിലുണ്ട്, അത് ഗുണകരവുമാണ്. അതു ശക്തിപ്പെടുത്തുകയാണ് വേണ്ടത്. ഉദാഹരണമായി ഓപ്പണ്‍ അക്സസ് പബ്ലിക്കേഷന്‍. ഇതില്‍ പല രാജ്യങ്ങളിലെ സര്‍വ്വകലാശാലകള്‍ സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്, സമാനമായി തന്നെയാണ് ഹ്യൂമന്‍ ജീനോം പ്രോജക്റ്റും പ്രവര്‍ത്തിക്കുന്നത്. അതുപോലെ തന്നെ ഫാക്കല്‍റ്റി എക്സ്ചേഞ്ച് എന്നിവയും നടത്താവുന്നതാണ്. എന്നാല്‍ കോവളത്തു നടക്കുന്നത് വേറൊന്നാണ്‌. തികച്ചും കച്ചവടക്കണ്ണോടെ നടത്തുന്ന ഒന്നാണ് ആഗോള വിദ്യാഭ്യാസ സംഗമം. ഇതിനേറ്റവും വലിയ തെളിവാണ് കുത്തക സ്ഥാപനമായ ഫിക്കിയുടെ (FICCI) പങ്കാളിത്തം. ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇവരോടു ചേര്‍ന്ന് ഇത്തരം ഒരു സംഗമം നടത്തിയതില്‍ തന്നെ അപാകതയുണ്ട്. മൌലികാവകാശങ്ങളില്‍ ഒന്നായ വിദ്യാഭ്യാസത്തെ വെറുമൊരു മാര്‍ക്കറ്റ് ഉല്‍പ്പന്നമെന്ന രീതിയില്‍ മാറ്റിമറിക്കുന്നതിനെ ഒരു കാരണവശാലും അംഗീകരിക്കാന്‍ പറ്റുന്നതല്ല. ഉന്നതവിദ്യാഭ്യാസ രംഗത്തു പരിഷ്കാരങ്ങള്‍ കൊണ്ടുവരുന്നതിനായി കരീം കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്ന പലകാര്യങ്ങളും ചര്‍ച്ച പോലും ചെയ്യാതെയാണ് വിദ്യാഭ്യാസ രംഗത്തെ അപ്പാടെ തകിടം മറിക്കുന്ന രീതിയിലുള്ള പുതിയ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമം നടക്കുന്നത്.

നിലവിലുള്ള വിദ്യാഭ്യാസ മേഖല ആകെ തകര്‍ന്ന അവസ്ഥയാണ്. എന്തെങ്കിലും മാറ്റം ഉണ്ടാകും എന്ന പ്രതീക്ഷയാണ് ഒരു വിഭാഗം ആളുകള്‍ ഇതിനെ അനുകൂലിക്കാന്‍ കാരണം. എന്നാല്‍  വിദ്യാഭാസ സംഗമത്തിലെ തീരുമാനങ്ങള്‍ നടപ്പിലാക്കപ്പെടുകയാണെങ്കില്‍ ഫലം പഴയതു തന്നെയായിരിക്കും. തുടക്കത്തില്‍ സ്വാശ്രയ കോളേജുകള്‍ വന്ന അവസ്ഥയെപ്പോലെ, തുടക്കത്തില്‍ വളരെ നവീനമായും പ്രയോജനകരവുമായ ഒരു സംവിധാനം തോന്നുമെങ്കിലും വ്യര്‍ത്ഥധാരണയാണ് എന്ന് താമസിയാതെ തന്നെ മനസ്സിലാവുകയും ചെയ്യും. ഇന്നത്തെ സ്വാശ്രയ കോളേജുകളുടെ അവസ്ഥ തന്നെയാവും ഈ സംവിധാനത്തെയും കാത്തിരിക്കുന്നത്.  ഇന്ന് നാം നേരിടുന്ന വിദ്യാഭ്യാസ ജഡത്വം മറികടക്കാന്‍ ഉള്ള മാര്‍ഗ്ഗം നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ ശക്തിപ്പെടുത്തുക എന്നതാണ്.  

എന്നിരുന്നാലും ടിപി ശ്രീനിവാസനെ കൈകാര്യം ചെയ്യുന്നതിലേക്കെത്തിയ നടപടി അപലപനീയം തന്നെ. അതുകൊണ്ടുണ്ടായ വേറൊരു പ്രശ്നം ഇപ്പോഴത്തെ ചര്‍ച്ച ആ ചെറിയ വിഷയത്തിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെട്ടു എന്നുള്ളതാണ്. നിലവില്‍ ചര്‍ച്ച ചെയ്യേണ്ടിയിരുന്ന വലിയൊരു വിഷയത്തില്‍ നിന്നും വ്യതിചലിച്ച് വേറൊന്നിലേക്കു ശ്രദ്ധ തിരിക്കപ്പെട്ടു- ഡോക്ടര്‍ ഇക്ബാല്‍ കൂട്ടിച്ചേര്‍ത്തു.



ടിപി ശ്രീനിവാസനെ കൈയ്യേറ്റം ചെയ്തതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെങ്കിലും സംഗമത്തെ തങ്ങള്‍ ശക്തമായി എതിര്‍ക്കുന്നു എന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് സാനു വിപി പറയുന്നു. തികച്ചും അപക്വമായ ഒരു തീരുമാനമാണ് ഈ വിദ്യാഭ്യാസ സംഗമം എന്നാണ് സാനുവിന്റെ അഭിപ്രായം.

‘നെയ്റോബിയില്‍ വച്ച് നടന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ കണ്‍വെന്‍ഷനില്‍ എടുത്ത തീരുമാനമാണ്  മൂന്നാം ലോക രാജ്യങ്ങളില്‍ വിദ്യാഭ്യാസത്തെ സ്വകാര്യവത്കരിക്കുക എന്നുള്ളത്. നെയ്‌റോബി സമ്മേളനത്തിലെ തീരുമാനങ്ങള്‍ അംഗീകരിച്ച് ഒപ്പുവെക്കാന്‍ പോകുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഉന്നതവിദ്യാഭ്യാസ മേഖലയിലെ സംവരണം അവസാനിപ്പിക്കല്‍,  ഉന്നത വിദ്യാഭ്യാസ രംഗത്ത് നിന്ന് സര്‍ക്കാരിന്റെ പൂര്‍ണമായ പിന്‍മാറ്റം എന്നിവയാണ് നെയ്‌റോബി സമ്മേളനം ചര്‍ച്ച ചെയ്തത്. ഒപ്പം വിദേശ സര്‍വകലാശാലകള്‍ക്ക് ഒരു നിയന്ത്രണവുമില്ലാതെ ഇന്ത്യയില്‍ പ്രവര്‍ത്തനാനുമതി നല്‍കാനും തീരുമാനമായിരുന്നു. എന്നാല്‍ കണ്‍വെന്‍ഷന് മുമ്പ് തന്നെ ഇന്ത്യയില്‍ ഇവ നടപ്പിലാക്കിത്തുടങ്ങിയിരുന്നു. അതിനുശേഷമാണ് കോളേജുകള്‍ ഓട്ടോണോമസ് ആക്കുന്നത്. ആ സംവിധാനത്തിന്റെ ദൂഷ്യവശങ്ങള്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. 25 ഏക്കര്‍ ഉള്ള ആര്‍ക്കും സ്വകാര്യ സര്‍വ്വകലാശാലകള്‍ തുടങ്ങാം എന്നുള്ളതിലേക്കായിരുന്നു അടുത്ത മാറ്റം. അടുത്ത ഘട്ടമായി ഇന്ത്യയിലേക്ക് കടന്നുവരുന്നവയില്‍ അന്താരാഷ്ട്ര നിലവാരമുള്ള ഒരു സര്‍വകലാശാല പോലുമില്ല. ഈ സര്‍വകലാശാലകളുടെ കേന്ദ്രങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പോലും വേണ്ടാത്ത നാലാംകിട സര്‍വകലാശാലകളാണ് ഇന്ത്യയിലേക്ക് വരുന്നത്. അവരുടെ കോഴ്‌സുകള്‍ ഒന്നുംതന്നെ നിലവാരമുള്ളവയല്ല. കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ സ്വകാര്യവത്കരിക്കുന്നതിനും കമ്പോളവത്കരിക്കുന്നതിനും വേണ്ട ചര്‍ച്ചകളും അഭിപ്രായരൂപീകരണവും നടത്തുന്നതിന് വേണ്ടിയാണ് ഗ്ലോബല്‍ എജ്യുക്കേഷന്‍ മീറ്റ്. ഇപ്പോള്‍ ആഗോള വിദ്യാഭ്യാസ സംഗമത്തില്‍ നടക്കാന്‍ പോകുന്നത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെത്തന്നെ കീഴ്മേല്‍ മറിക്കുന്ന ഒന്നാണ്. സാമ്പത്തിക ലാഭമുണ്ടാക്കുക എന്നത് മാത്രമാണ് ഇതിന്റെ പിന്നിലെ ലക്ഷ്യം. കേരളത്തിനുണ്ടെന്ന് പറയപ്പെടുന്ന ഉന്നത വിദ്യാഭ്യാസ നിലവാരത്തെ പോലും ഇല്ലാതാക്കുന്നതിനുള്ള അഭിപ്രായരൂപീകരണമാണ് ഈ മീറ്റില്‍ നടക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഗ്ലോബല്‍ എജ്യുക്കേഷന്‍ മീറ്റിനെ എസ്എഫ്‌ഐ എതിര്‍ക്കുന്നത്- സാനു അഭിപ്രായപ്പെട്ടു.

എന്നാല്‍ സംസ്ഥാനത്തെ വിദ്യാഭ്യാസത്തിന്റെ നിലവാരം കൂട്ടാനുതകുന്ന ഒരു മാറ്റത്തെ കണ്ണുമടച്ച് എതിര്‍ക്കുകയാണ് ആഗോള വിദ്യാഭ്യാസ സംഗമത്തെ എതിര്‍ക്കുന്നവര്‍ ചെയ്യുന്നത് എന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറിയായ ഡോക്ടര്‍ അന്‍വര്‍ ആരോപിക്കുന്നു.

‘അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ച്ചയുണ്ടാകുന്നതരത്തിലുള്ള മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ നമ്മള്‍ തയ്യാറാവണം. പുതിയ പഠന, അധ്യാപന രീതികള്‍ ,മറ്റു സംവിധാനങ്ങള്‍ എന്നിവ കേരളത്തിലും ഉണ്ടാവണം. കേരളത്തിലെ പല വിദ്യാര്‍ഥികളും കിടപ്പാടം വരെ വിറ്റ് അന്യരാജ്യങ്ങളിലേക്കും സംസ്ഥാനങ്ങളിലേക്കും പോകുമ്പോള്‍ അവര്‍ക്കായി അതേ സൗകര്യങ്ങള്‍ ഇവിടെയും ഒരുക്കുന്നതിനു വേണ്ടിയാണ് ഈ സംഗമം. അതിനെ എതിര്‍ക്കുക എന്നാല്‍ സംസ്ഥാനത്തെ പുരോഗതിയില്‍ നിന്ന് തടുക്കുക എന്നതു മാത്രമാണ് അര്‍ഥം’- അദ്ദേഹം പറയുന്നു.

സംഗമം ഉയര്‍ത്തി വിട്ട ചര്‍ച്ചകള്‍ തുടങ്ങിയിട്ടേ ഉള്ളൂ. ടി പി ശ്രീനിവാസനെ കാരണത്തടിച്ചു വീഴ്ത്തിയതിനെ വി എസും പിണറായിയുമെല്ലാം തള്ളിപ്പറഞ്ഞതും പ്രതിയായ എസ് എഫ് ഐ ജില്ലാ വൈസ് പ്രസിഡന്‍റ് പോലീസ് കസ്റ്റഡിയിലായതുമേല്ലാം വിശദമായി ചര്‍ച്ച നടക്കുന്നുണ്ട്. എന്നാല്‍ ആഗോള വിദ്യാഭ്യാസ സംഗമത്തില്‍ എന്താണ് നടക്കുന്നത് എന്നുള്ളതിനെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ആകട്ടെ കാര്യമായി കേള്‍ക്കാനുമില്ല. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍