UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ടിപി ശ്രീനിവാസന്‍ ആക്രമിക്കപ്പെട്ട സംഭവം പോലീസ് സേനയ്ക്ക് നാണക്കേട്; ഡിജിപി

അഴിമുഖം പ്രതിനിധി

ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാദ്ധ്യക്ഷന്‍ ടി പി ശ്രീനിവാസന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൃത്യവിലോപം നടത്തിയ ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് ഡിജിപി. സംഭവം നിയന്ത്രണ വിധേയമാക്കാന്‍ ആവശ്യമുള്ള സേനയെ അനുവദിച്ചിരുന്നുവെന്നും ടി പി ശ്രീനിവാസന്‍ എത്തുമ്പോള്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ശരിയായ നിര്‍ദ്ദേശം നല്‍കിയിരുന്നില്ലെന്നും ഡിജിപി വ്യക്തമാക്കുന്നു. തികച്ചും ലജ്ജാകരമായ, സാമാന്യ മര്യാദപോലുമില്ലാത്ത വിധത്തിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍ കോവളത്ത് പെരുമാറിയതെന്നും സമീപകാലത്തൊന്നും കേരള പൊലീസിനെ ഇത്രയധികം നാണം കെടുത്തിയ സംഭവം ഉണ്ടായിട്ടില്ലെന്നും സ്റ്റേറ്റ് പോലീസ് ചീഫ് കേരള എന്ന ഫേസ്ബുക്ക് അക്കൌണ്ടിലൂടെ അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഡിജിപി ടിപി സെന്‍കുമാറിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ശ്രീ. ടി.പി.ശ്രീനിവാസൻ ഐ എഫ് എസ് (റിട്ട.) ആക്രമിക്കപ്പെട്ടപ്പോൾ നടപടി എടുക്കാതിരുന്ന പോലീസുദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടികൾ സ്വീകരിക്കുന്നതിന് തിരുവനന്തപുരം റെയിഞ്ച് ഇൻസ്‌പെക്ടർ ജനറലിന് സംസ്ഥാന പോലീസ് മേധാവി നൽകിയ നിർദേശങ്ങൾ…

കേരള പോലീസിന്റെ സമീപകാല ചരിത്രത്തിൽ നാണക്കേടുണ്ടാക്കിയ സംഭവമാണ് ശ്രീ. ടി.പി.ശ്രീനിവാസൻ ഐ എഫ് എസ് (റിട്ട.) നെ ശരത് എന്ന നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ഒരാൾ ക്രൂരമായി ആക്രമിക്കുന്നതും, ആക്രമണത്തിനു ശേഷവും തികഞ്ഞ പോലീസ് അനാസ്ഥയും, നിസംഗതയും പ്രകടിപ്പിച്ച് നിരവധി പോലീസുദ്യോഗസ്ഥർ നിൽക്കുന്നതും കാണേണ്ടി വന്നത്. മറ്റുള്ളവരെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് നിരവധി പോലീസുദ്യോഗസ്ഥർക്ക് ഓരോ ദിവസവും പരിക്കേൽക്കേണ്ടി വരുന്നത്. മറ്റുള്ളവരുടെ ജീവൻ സംരക്ഷിക്കുമ്പോൾ പോലീസുദ്യോഗസ്ഥർക്ക് സ്വന്തം ജീവൻ ബലികൊടുക്കേണ്ടി വന്ന സംഭവങ്ങളും അടുത്തകാലത്തുണ്ടായിട്ടുള്ളതാണ്. അത്തരം ശ്‌ളാഘനീയമായ നടപടികൾക്കിടയിലാണ് തികച്ചും തെറ്റായ ഒരു നടപടി ചില പോലീസുദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായത്. കോവളത്ത് ബഹു. കേരള മുഖ്യമന്ത്രി തന്നെ പങ്കെടുക്കുന്ന ചടങ്ങ് പ്രതീക്ഷിച്ച് ആവശ്യത്തിന് ശക്തമായ പോലീസ് സുരക്ഷ ഏർപ്പെടുത്തുന്നതിനും, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് ആവശ്യമായ അധിക പോലീസ് സേനയെ നൽകുകയും, നിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നതാണ്. ശ്രീ. ടി പി ശ്രീനിവാസൻ സാമാന്യേന അറിയപ്പെടുന്ന വ്യക്തിയാണ്. മാത്രമല്ല, അദ്ദേഹം സർക്കാർ വാഹനത്തിലാണ് അവിടെയെത്തിയത്. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് അസിസ്റ്റന്റ് കമ്മീഷണർ അപ്പോൾ തന്നെ ശരിയായ നിർദേശങ്ങൾ നൽകേണ്ടതും, നടപടികൾ സ്വീകരിക്കേണ്ടതുമായിരുന്നു. അതുണ്ടായില്ല. മാത്രമല്ല, അദ്ദേഹത്തെ വളരെയധികം സമരക്കാർ ഉപദ്രവിക്കുന്നതു കണ്ടിട്ടും സമീപമുണ്ടായിരുന്ന പോലീസുദ്യോഗസ്ഥർ ഇടപെടാൻ ശ്രമിച്ചില്ല. ഒടുവിൽ ഒരു കൂട്ടം പോലീസുദ്യോഗസ്ഥരുടെ ഇടയിലേയ്ക്ക് നടന്നു വന്ന അദ്ദേഹത്തെ ക്രിമിനൽ കേസുകളിൽ പ്രതിയായ, നിരവധി കേസുകളിൽ അറസ്റ്റ് ചെയ്യപ്പെടേണ്ട ഒരാൾ പോലീസുദ്യോഗസ്ഥരുടെ മദ്ധ്യത്തിൽ വെച്ച് ആക്രമിക്കുമ്പോൾ അത് തടയുന്നതിനോ, അക്രമിയെ പിടികൂടുന്നതിനോ യാതൊരു ശ്രമവും നടത്തി കണ്ടില്ല. മർദ്ദനമേറ്റയാളെ സഹായിക്കുന്നതിനുപോലും അവിടെയുണ്ടായിരുന്ന പോലീസുദ്യോഗസ്ഥർ ശ്രമിച്ചു കണ്ടില്ല. രണ്ട് പോലീസ് സബ് ഇൻസ്‌പെക്ടർമാരും മറ്റ് പോലീസുദ്യോഗസ്ഥരും തികച്ചും ലജ്ജാകരമായ, സാമാന്യ മര്യാദപോലുമില്ലാത്തവിധമാണ് പെരുമാറിയത്. സമീപകാലത്തൊന്നും കേരള പോലീസിനെ ഇത്രയധികം നാണംകെടുത്തിയ ഒരു പ്രവർത്തനം ഉണ്ടായിട്ടില്ല.

ആയതിനാൽ തന്നെ ഈ പോലീസുദ്യോഗസ്ഥർ തികച്ചും മനുഷ്യാവകാശ ലംഘനത്തിന് കൂട്ടു നിൽക്കുകയും ഔദ്യോഗിക നിർവ്വഹണത്തിൽ തികച്ചും അലക്ഷ്യഭാവം കാണിക്കുകയും, തങ്ങളുടെ കർത്തവ്യങ്ങളിൽ നിന്നും ബോധപൂർവ്വം വിട്ടു നിൽക്കുന്നതായും കാണുന്നു. മർദ്ദനമേറ്റ് വീണുകിടക്കുന്ന ഒരു മനുഷ്യന് ഒരു താങ്ങ് കൊടുക്കുന്നതിനുള്ള സാമാന്യമര്യാദപോലും കാണിക്കാത്ത ഒരു പോലീസ് സബ് ഇൻസ്‌പെക്ടറും അവിടെ കാണപ്പെട്ടു. ഇത്തരത്തിലുള്ള പോലീസുദ്യോഗസ്ഥർ സർവ്വീസിൽ ഉണ്ടാകുന്നത് സമൂഹത്തിന് അപകടകരമായിരിക്കും. ആയതുകൊണ്ട് ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് (തിരുവനന്തപുരം റെയിഞ്ച്) ഇവർക്കെതിരെ പിരിച്ചുവിടൽ അടക്കമുള്ള നടപടികളിലേക്ക് എത്തിച്ചേരാവുന്നതും ഗുരുതര ശിക്ഷാനടപടികൾക്കായുള്ള വകുപ്പുതല നടപടികൾ ഉടനടി സ്വീകരിക്കേണ്ടതുമാണ്. 

ഒരു സസ്‌പെൻഷനിൽ നിൽക്കുന്നതുകൊണ്ട് ഇത്തരം ഉദ്യോഗസ്ഥരുടെ പ്രവർത്തനരീതികളിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകില്ല. ആയതുകൊണ്ട് ഇവരുടെ കർത്തവ്യബോധം, മനുഷ്യാവകാശ സംരക്ഷണം, പോലീസുദ്യോഗസ്ഥർ എന്ന നിലയിലുള്ള പ്രവർത്തനം എന്നിവയിലൂന്നി തുടർപരിശീലനം നൽകുന്നതിനായി കേരള പോലീസ് അക്കാഡമിയിൽ ഒരു വർഷത്തെ തുടർ പരിശീലനത്തിനായി അയക്കേണ്ടതാണ്. ഇവർക്ക് കാര്യക്ഷമവും, കൃത്യവുമായ പരിശീലനം നൽകുന്നതിന് കേരള പോലീസ് അക്കാഡമി ഡയറക്ടർ കൃത്യമായ നടപടികൾ എടുക്കേണ്ടതാണ്. ഈ ഉദ്യോഗസ്ഥരെ ഉടനടി തൽസ്ഥാനങ്ങളിൽ നിന്നും മാറ്റി പോലീസ് അക്കാഡമിയിലേക്ക് പാസ്‌പോർട്ട് ചെയ്യേണ്ടതാണ്. അവിടെ റിപ്പോർട്ട് ചെയ്തതിന്റെ രേഖകളുടെ അടിസ്ഥാനത്തിൽ മാത്രമെ ഇനിയുള്ള ഇവരുടെ ശമ്പളവും പോലീസ് അടിസ്ഥാനത്തിലുള്ള മറ്റ് സൗകര്യങ്ങളും നൽകേണ്ടതുള്ളൂ. 

ഈ സംഭവം നടക്കുന്ന സമയം കോവളത്ത് ചാർജിലുണ്ടായിരുന്ന പോലീസ് അസിസ്റ്റന്റ് കമ്മീഷണറുടെ കൈയ്യിൽ നിന്നും, എന്തുകൊണ്ട് കൃത്യവിലോപത്തിനും, മനുഷ്യാവകാശ ലംഘനത്തിനും നടപടി സ്വീകരിക്കാതിരിക്കണം എന്നതിനുള്ള വിശദീകരണം വാങ്ങേണ്ടതാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍