UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡയറക്ടറുടെ സദാചാര പോലീസിംഗ്; ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ആൻഡ് ഇക്കണോമിക് ചേഞ്ചിൽ വിദ്യാർത്ഥി പ്രക്ഷോഭം

പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ വനിതാ പോലീസുകാരില്ലാതെ പോലീസ് തേര്‍വാഴ്ച

പ്രമുഖ ഗവേഷണ സ്ഥാപനമായ ബംഗളൂരുവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ആൻഡ് ഇക്കണോമിക് ചേഞ്ചിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. ഡയറക്ടർ എംജി  ചന്ദ്രകാന്തിന്റെ ഏകാധിപത്യത്തിനും വിദ്യാർത്ഥി വിരുദ്ധ നടപടികൾക്കും എതിരെയാണ് പ്രതിഷേധം. മാര്‍ച്ച് 27 ഞായറാഴ്ച പെൺകുട്ടികളുടെ ഹോസ്റ്റലിലേക്ക്  ഉണ്ടായ പൊലീസിന്റെ കടന്ന് കയറ്റവും തുടർന്ന് ഡയറക്ടറിൽ നിന്നുണ്ടായ നിരുത്തരവാദപരമായ നടപടികളുമാണ് വിദ്യാർത്ഥികളെ  പ്രതിഷേധത്തിലേക്ക് നയിച്ചത്.

ഇന്നലെ ഉച്ചതിരിഞ്ഞു ഒരു സംഘം പോലീസുകാർ പെൺകുട്ടികളുടെ ഹോസ്റ്റലിലേക്ക്  കടന്ന് കയറുകയും പെൺകുട്ടികളോട് മോശമായി പെരുമാറുകയുമായിരുന്നു.  അതേ സമയം പോലീസ് സംഘത്തില്‍ സ്ത്രീ പോലീസുകാരോ സ്ഥാപനത്തിലെ അധികൃതരോ ഉണ്ടായിരുന്നില്ല. യാതൊരുവിധ മുന്നറിയിപ്പോ  ഔദ്യോഗികമായ അനുമതിയോ ഇല്ലാതെയാണ് പൊലീസിന്റെ ഈ നടപടി. പോലീസ് തങ്ങളെ മാനസികമായി പീഡിപ്പിക്കും വിധം സംസാരിക്കുകയും ഒരു ഗവേഷക വിദ്യാർത്ഥിയുടെ ലോക്കൽ ഗാർഡിയനും സുഹൃത്തുമായ വ്യക്തിയെ മര്‍ദ്ദിക്കുകയും ചെയ്തതായി വിദ്യാർത്ഥികൾ പറഞ്ഞു.

പൊലീസിന്‍റെ ഈ കടന്ന് കയറ്റം ഡയറക്ടറുടെ അറിവോടെയും സമ്മതത്തോടെയും ആണെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. സംഭവം നടക്കുന്ന സമയത്ത് സ്ഥാപനത്തിൻറെ അധികൃതരേയും ഡയറക്ടറേയും പലതവണ ബന്ധപ്പെട്ടെങ്കിലും യാതൊരുവിധ സഹായങ്ങളും ലഭിച്ചില്ല എന്ന് മാത്രമല്ല, പൊലീസിന് തങ്ങളുടെ ഇഷ്ടത്തിന് സ്ഥാപനത്തിൽ കയറിയിറങ്ങാൻ അനുമതി നൽകുകയും ചെയ്യുകയായിരുന്നു. പോലീസ്  പെൺകുട്ടികളുടെ ഹോസ്റ്റലിൽ കയറിയിറങ്ങുന്ന സംഭവം പലതവണയായി ആവർത്തിക്കുകയാണ്. എന്നാൽ യാതൊരു നടപടിയും ഇതിനെതിരെ കൈകൊണ്ടിട്ടില്ല. പ്രസ്തുത ഡയറക്ടർ വിവിധ തരത്തിലുള്ള വിദ്യാർത്ഥി വിരുദ്ധ നടപടികളിലൂടെ സ്ഥാപനത്തിൻറെ ജനാധിപത്യ അന്തരീക്ഷം നഷ്ടപ്പെടുത്തുന്നതായി മുൻപും പരാതികൾ ഉയർന്നിരുന്നു. കൂടാതെ ദലിത്, മുസ്ലിം, സ്ത്രീ വിരുദ്ധ നിലപാടുകളും ഇദ്ദേഹത്തിൽ നിന്ന് നേരിടേണ്ടി വരുന്നതായി ആരോപണം ഉണ്ട്.

നിരവധി തവണ ഗവേർണിംഗ് ബോഡിക്കും മറ്റും പരാതി സമർപ്പിച്ചെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഡയറക്ടറുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് വിദ്യാർത്ഥികൾ സമരത്തിലേക്ക് നീങ്ങുകയായിരുന്നു. സ്ഥാപനത്തിലെ മതേതരത്വ അന്തരീക്ഷം സംരക്ഷിക്കണം എന്നും  മോറൽ പൊലീസിങ്ങിനും സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റത്തിനും  അനാവശ്യ നടപടികൾക്കും അറുതി വരുത്തണം എന്നുമാണ്ണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍