UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കണക്ക് മാഷ് കല പഠിപ്പിക്കേണ്ട; കലോത്സവ വേദിയില്‍ നിന്ന് വേറിട്ട മുദ്രാവാക്യം

പ്രണവ് വി പി

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാന വേദിയായ പുത്തരിക്കണ്ടം മൈതാനം ആദ്യ ദിവസം മുതല്‍ പ്രതിഷേധ പ്രകടങ്ങള്‍ കൊണ്ടു സമ്പന്നമായിരുന്നു. വേദി തടസപ്പെടുത്തലും രോഹിത് വെമുലയോടുള്ള ഐക്യാദാര്‍ഢ്യവും എല്ലാം കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരയുള്ള കലാപ്രേമികള്‍ നേരിട്ടും മാധ്യമങ്ങളിലൂടെയും അറിഞ്ഞതാണ്. എന്നാല്‍ പ്രധാന കവാടത്തിനു മുന്നില്‍ ഒന്നാം ദിവസം മുതല്‍ ഒരു കൂട്ടം കലാവിദ്യാര്‍ത്ഥികള്‍ ശാസ്ത്രീയ കലാപഠനത്തിനും അനുബന്ധ വിഷയങ്ങള്‍ക്കും സാഹചര്യമൊരുക്കണമെന്ന ആവശ്യവുമായി ഉപവാസസമരം നടത്തി വന്നത് കലോത്സവവേദകളിലെ മത്സരക്കാഴ്ചകള്‍ക്കിടയില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. കലോത്സവം കളര്‍ഫുള്‍ ആക്കുന്നതിനായി പരക്കം പായുന്ന മാധ്യമങ്ങളും ഇവരെ സൗകര്യപൂര്‍വം അവഗണിച്ചു.

സ്‌കൂളുകളിലെ കലാപഠനം അട്ടിമറിക്കുന്നതിന് എതിരെയാണ് വിവിധ വിദ്യാലയങ്ങളിലെ കലാവിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ഈ സമരം സംഘടിപ്പിച്ചത്. കണക്കു മാഷ് കല പഠിപ്പിച്ചാല്‍ എന്തായി തീരുമെന്ന് സമരക്കാരില്‍ ഒരാളുടെ ചോദ്യത്തില്‍ നിന്നും ഇവരുടെ ആവശ്യത്തിന്റെ ആഴം മനസിലാക്കാം. കലാബോധം ഉള്ളവനെ അത് അലട്ടേണ്ടതുമാണ്. 

പോസ്റ്ററുകളും ബാനറുകളും എഴുതി ഉപവസിച്ചത് കൊണ്ട് പ്രശ്‌നം പരിഹരിക്കപ്പെടുമോ എന്ന് ചോദ്യത്തിന് ഇവര്‍ക്കും ഉത്തരമില്ല. പക്ഷെ സമരം എത്രനാള്‍ വേണമെങ്കിലും നീട്ടികൊണ്ടുപോകാന്‍ മടിയില്ല, ഞങ്ങള്‍ കലയ്ക്ക് വേണ്ടിയാണ് സമരം ചെയ്യുന്നത്; വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ പറയുന്നു.

കേന്ദ്ര നിര്‍ദേശ പ്രകാരം കേരളത്തിലെ സര്‍ക്കാര്‍ എയിഡഡ് സ്‌കൂളുകളില്‍ നൃത്തം, നാടകം, സംഗീതം, ചിത്രകല തുടങ്ങിയ കലകള്‍ പാഠ്യ പദ്ധതിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കലാധ്യാപകരെ നിയമിച്ചു കുട്ടികള്‍ക്കു വേണ്ട വിധത്തിലുള്ള പരിശീലനമോ പ്രോത്സാഹനമോ നല്‍കാന്‍ അധികൃതര്‍ ശ്രമിക്കുന്നില്ല. പേരിന് ഒരു ചിത്രകലാധ്യാപകനില്‍ ഒതുങ്ങും മിക്ക സര്‍ക്കാര്‍ സ്‌കൂളുകളിലെയും കലാപഠനം.

ഫണ്ടില്ല എന്ന മുട്ടുന്യായമാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നതെങ്കിലും എസ് എസ് എ പദ്ധതി പ്രകാരം കേന്ദ്ര സര്‍ക്കാര്‍ 270 കോടി രൂപ സ്‌കൂളുകളില്‍ ശാസ്ത്രീയമായ കലാപഠനത്തിനും കലാകായികാധ്യാപകരെ നിയമിക്കുവാനും നല്‍കുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യം. 

കലാപഠനത്തിനായുള്ള ഫണ്ട് ഫലപ്രദമായി വിനിയോഗിക്കുക, കലാധ്യാപകരെ ഉടന്‍ നിയമിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇവര്‍ കേരളത്തിലെ എല്ലാ ജില്ലകളിലും തെരുവോര സമരങ്ങളും പ്രതിഷേധ കലാപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ജനുവരി 30 ന് കോഴിക്കോട് മിഠായി തെരുവില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ പ്രകടനത്തിലൂടെ വിദ്യാഭ്യാസ വകുപ്പിന്റെയും ധനകാര്യ വകുപ്പിന്റെയും കണ്ണുതുറപ്പിക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണിവര്‍. 

‘രാഷ്ട്രീയം, മതം, ജാതി ഒന്നുമില്ല, അതിലും അതീതമായ കല എന്ന ഒറ്റ മാനദണ്ഡത്തില്‍ നിന്നാണ് ഈ സമരം സംഘടിപ്പിക്കുന്നത്’ സമര നേതാവും കേരള സര്‍വകലാശാല ഗവേഷണ വിദ്യാര്‍ഥിനിയുമായ വിദ്യ ആര്‍ ശേഖര്‍ പറയുന്നു. 

അരങ്ങും ആരവവും ഒഴിഞ്ഞു സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരശീല വീണാലും സമരം അവസാനിപ്പിക്കാന്‍ ഇവര്‍ തയ്യാറല്ല. നാടിന്റെ കലാസംസ്‌കാരം അതിന്റെ ജൈവികതയോടുകൂടി നിലനിര്‍ത്താനാണ് ഇവര്‍ പോരാടുന്നത്. ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്ന ദിവസമാണ് തങ്ങളുടെ പ്രതിഷേധം അവസാനിക്കൂ എന്ന് ഈ വിദ്യാര്‍ത്ഥികള്‍ ഉറപ്പിച്ചു പറയുന്നു.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍