UPDATES

വിദേശം

കറുത്തവരുടെ പ്രതിഷേധത്തിനുള്ളില്‍ പ്രതിസന്ധികള്‍ പുകയുമ്പോള്‍

Avatar

സന്ധ്യ സോമശേഖര്‍
(വാഷിംഗ്ടന്‍ പോസ്റ്റ് )

 

ആഫ്രിക്കന്‍-അമേരിക്കന്‍ വംശജരോടുള്ള പോലീസിന്റെ മോശമായ പെരുമാറ്റ രീതിക്കെതിരെ സമീപകാലത്തുണ്ടായ പ്രതിഷേധ തരംഗത്തിനെ ‘നേതൃത്വരഹിതം’ എന്ന് ‘പീപ്പിള്‍ മാഗസിനി’ല്‍ അഭിപ്രായപ്പെട്ടതിനെ തുടര്‍ന്ന് ഒപ്ര വിന്‍ഫ്രിക്കെതിരെ ശക്തരായ വിമര്‍ശനം ഉയര്‍ത്തുകയാണ് പ്രസ്ഥാനത്തിന്റെ പ്രധാനപ്പെട്ട സംഘാടകര്‍.  

‘മാര്‍ച്ച് ചെയ്യുന്നതും പ്രതിഷേധിക്കുന്നതും ലോകമാകമാനമുള്ള മനുഷ്യര്‍ അതില്‍ പങ്കു ചേരുന്നതും വിസ്മയാവഹമായ കാഴ്ചയാണെന്ന് ഞാന്‍ കരുതുന്നു’ മാഗസിന്‍ വെബ്‌സൈറ്റില്‍ വ്യാഴാഴ്ച പോസ്റ്റ് ചെയ്ത വീഡിയോ അഭിമുഖത്തില്‍ വിന്‍ഫ്രി പറയുന്നു. ‘എന്നാല്‍ ഇതാണ് ഞങ്ങള്‍ക്ക് വേണ്ടത്. ഇതാണ് മാറാനുള്ളത്. അതിനു വേണ്ടി ഇത്തരം മാര്‍ഗങ്ങളാണ് പിന്തുടരേണ്ടത്. അതിനായി ഞങ്ങള്‍ ഇതൊക്കെയാണ് ചെയ്യുവാന്‍ തയാറായിട്ടുള്ളത്’ എന്ന് വ്യക്തമായി പറയാന്‍ തക്കവണ്ണമുള്ള ഒരു നേതൃത്വത്തെ ആണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അവര്‍ അഭിപ്രായപ്പെട്ടു.

ആഫ്രിക്കന്‍-അമേരിക്കന്‍സിന്റെ വോട്ടവകാശത്തിനു വേണ്ടി ആയിരത്തിത്തൊള്ളായിരത്തി അറുപത്തഞ്ചില്‍ അലബാമയില്‍ നടന്ന പ്രതിഷേധങ്ങളെ പ്രതിപാദിക്കുന്ന ‘സെല്‍മ’ എന്ന, താന്‍ നിര്‍മിച്ച സിനിമയുടെ പ്രോമോഷന്റെ ഭാഗമായുള്ള ഇന്റര്‍വ്യൂവിലാണ് അവര്‍ സംസാരിച്ചത്. മിസ്സൗറിയിലെ ഫെര്‍ഗൂസനില്‍ മൈക്കല്‍ ബ്രൗണും ന്യൂയോര്‍ക്ക് സിറ്റിയില്‍ എറിക്ക് ഗാര്‍നറും പോലീസ് ക്രൂരതകളാല്‍ കൊല്ലപ്പെട്ടത് മുതല്‍ രൂപപ്പെട്ട ചെറുപ്പക്കാരായ കറുത്ത വര്‍ഗ്ഗക്കാരായ സാമൂഹിക പ്രവര്‍ത്തകരുടെ കൂട്ടവും കറുത്ത വര്‍ഗക്കാരായ മുതിര്‍ന്ന മാര്‍ഗദര്‍ശികളും തമ്മിലുള്ള വിടവ് അവരുടെ വിമര്‍ശനവും അതിനോടുള്ള പ്രതികരണവും അടിവരയിടുന്നു. 

‘ഈ സിനിമ വരെ നിങ്ങള്‍ വേദനാജനകമാംവണ്ണം നിശബ്ദയായിരുന്നു, ഒപ്ര’, ഫെര്‍ഗൂസനില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ചാള്‍സ് വേഡ് എന്ന ഒരു സംഘാടകന്‍ എഴുതി.

‘കറുത്ത വരേണ്യരില്‍ ചിലര്‍ ഞങ്ങള്‍ക്കൊപ്പം ഒരു വട്ടമേശയില്‍ കൂടി ഇരുന്ന് ഞങ്ങളുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതെങ്ങനെയുണ്ടാവും?’, മിസ്സൗറിയില്‍ നിന്നുള്ള ടെഫ് പോ എന്ന സംഘാടകന്‍ ചോദിച്ചു.

മുതിര്‍ന്ന കറുത്ത വര്‍ഗക്കാരായ പ്രവര്‍ത്തകരും ചെറുപ്പക്കാരും തമ്മിലുണ്ടായ സമീപകാലത്തെ രണ്ടാം സംഘര്‍ഷമാണിത്. കഴിഞ്ഞ മാസം വാഷിംഗ്ടണില്‍ റവ. അല്‍ ഷാര്‍പ്ടന്‍ സ്‌പോണ്‍സര്‍ ചെയ്ത മാര്‍ച്ചില്‍ ഒരു പ്രതിഷേധ വിഭാഗം വേദി കയ്യടക്കി ‘തലമുതിര്‍ന്ന പൗരാവകാശ നേതാവും ടെലിവിഷന്‍ വ്യക്തിത്വവുമായ ഇദ്ദേഹം, തങ്ങള്‍ വളര്‍ത്തി കൊണ്ടു വന്ന ഒരു പ്രസ്ഥാനത്തിന്റെ മുഴുവന്‍ ക്രെഡിറ്റും കയ്യാളാന്‍ ശ്രമിക്കുന്നതായി’ പരാതിപ്പെട്ടു.

ഈ ഭിന്നത വെറും ജനറേഷന്‍ വ്യത്യാസമല്ല, പകരം യുക്തികൗശലങ്ങളെ പ്രതിയുള്ളതാണ്. മുതിര്‍ന്ന പ്രവര്‍ത്തകര്‍ സമാധാനപരമായ പ്രതിഷേധങ്ങള്‍ക്ക് താത്പര്യപ്പെടുമ്പോള്‍ ചെറുപ്പക്കാര്‍ അവധിക്കാല ഷോപ്പിംഗിന്റെ മൂര്‍ധന്യാവസ്ഥയില്‍ മാളുകളില്‍ ‘ഡൈഇന്‍സ്’ (die-ins) സ്ഥാപിക്കുകയും റോഡ് ബ്ലോക്ക് ചെയ്യുകയും പോലെ കുറച്ചു കൂടി ‘നേരിടല്‍’ മാര്‍ഗങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്.

‘പ്രതിഷേധ പ്രകടനങ്ങള്‍ ഉരുത്തിരിഞ്ഞ ന്യൂയോര്‍ക്ക്, ഫെര്‍ഗൂസന്‍ തുടങ്ങി മറ്റിടങ്ങളിലെല്ലാം തന്നെ ആയിരത്തി തൊള്ളായിരത്തി അറുപതിലെ സിവില്‍ റൈറ്റ്‌സ് പ്രസ്ഥാനത്തിനുണ്ടായിരുന്ന ‘അച്ചടക്കതന്ത്ര’ ത്തിന്റെ അഭാവം ഉണ്ടായിരുന്നു’ എന്നു അഭിമുഖത്തില്‍ വിന്‍ഫ്രി അഭിപ്രായപ്പെട്ടു. ‘നിങ്ങള്‍ക്ക് ശരിക്കുമുള്ള മാറ്റം ആവശ്യമുള്ളപ്പോള്‍ വേണ്ട തന്ത്രപരമായ ഉദ്ദേശലക്ഷ്യങ്ങളെ പറ്റിയുള്ള പാഠങ്ങള്‍ ‘സെല്‍മ’ എന്ന ഞങ്ങളുടെ സിനിമയില്‍ നിന്ന് സ്വരൂപിക്കാം എന്നാണു എനിക്ക് തോന്നുന്നത്.’ അവര്‍ തുടര്‍ന്നു. അലബാമയിലെ സെല്‍മയിലുണ്ടായ പ്രതിഷേധത്തെ പറ്റി അവര്‍ ഇങ്ങനെ വിവരിച്ചു, ‘ആ പ്രതിഷേധ പ്രകടനങ്ങള്‍ വെറുതെയോ അബദ്ധവശാലോ സംഭവിക്കുകയായിരുന്നില്ല. അവ ഒരു നിശ്ചിതമായ, മാറ്റത്തിനു വേണ്ടി രൂപപ്പെട്ട ക്രമത്തില്‍ അധിഷ്ഠിതമായിരുന്നു.’

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍