UPDATES

ട്രെന്‍ഡിങ്ങ്

‘ഞങ്ങളുടെ ആത്മാര്‍ഥതയില്‍ അഭിമാനം കൊള്ളുന്നു, ഒരു വനിതാ മാധ്യമപ്രവര്‍ത്തകയായതില്‍ അഭിമാനിക്കുന്നു’

മംഗളത്തിനെതിരെ വനിതാ മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധം

‘ഞങ്ങളുടെ ആത്മാര്‍ഥതയില്‍ അഭിമാനം കൊള്ളുന്നു, ഒരു വനിതാ മാധ്യമപ്രവര്‍ത്തകയായതില്‍ അഭിമാനിക്കുന്നു’ എന്ന പ്ലേക്കാര്‍ഡുമേന്തിയായിരുന്നു മംഗളം ചാനലിലെ തിരുവനന്തപുരം ഓഫീസിന് നേരെ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. കഴിഞ്ഞ ദിവസം എകെ ശശീന്ദ്രന്റെ രാജിയില്‍ കലാശിച്ച അദ്ദേഹത്തിന്റെ ലൈംഗിക ചുവയുള്ള സംഭാഷണം പുറത്തുവിട്ട മംഗളം ചാനല്‍ നടത്തിയത് സ്റ്റിംഗ് ഓപ്പറേഷനാണെന്നും അത് വനിതാ മാധ്യമപ്രവര്‍ത്തക സ്വമേധയാല്‍ ചെയ്തതാണെന്നും വ്യക്തമാക്കി സിഇഒ അജിത് കുമാര്‍ ചാനലിലൂടെ തന്നെ ഖേദം പ്രകടപ്പിച്ചിരുന്നു.

വനിതാ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച്

ധാര്‍മ്മികതയില്ലാത്ത മാധ്യമപ്രവര്‍ത്തനം നടത്തുകയും അതിന് മാധ്യമപ്രവര്‍ത്തകയെ ബലിയാടാക്കുകയും ചെയ്ത മംഗളം നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു വനിതാ മാധ്യമപ്രവര്‍ത്തകരുടെ മാര്‍ച്ച്. വനിതാ മാധ്യമപ്രവര്‍ത്തകരുടെ ദേശീയ തലത്തിലുള്ള കൂട്ടായ്മയായ ‘നെറ്റ് വര്‍ക്ക് ഓഫ് ഇന്‍ മീഡിയ’യുടെ നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.

തിരുവനന്തപുരത്തെ ചാനല്‍ ആസ്ഥാനത്തേക്ക് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് വനിതാ മാധ്യമപ്രവര്‍ത്തകരുടെ മാര്‍ച്ച് എത്തിയത്. പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ ഗീതാ നസീര്‍, ഗീതാബക്ഷി, സരിതാ വര്‍മ്മ തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്തു.

പ്രതിഷേധ മാര്‍ച്ചില്‍ ഗീതാ നസീര്‍ സംസാരിക്കുന്നു

ജനയുഗം മാധ്യമപ്രവര്‍ത്തക ഗീതാ നസീര്‍ പറഞ്ഞത്- ‘മംഗളം ചാനല്‍ എല്ലാ വനിതാ മാധ്യമപ്രവര്‍ത്തകരെയും അപമാനിക്കുകയാണ് ചെയ്തത്. ഞങ്ങളുടെ സത്യസന്ധതയും വിശ്വാസ്യതയും ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുകയാണ്. കഴിഞ്ഞ ദിവസം വനിതാ മാധ്യമപ്രവര്‍ത്തകയോട് ഒരു പ്രമുഖന്‍ പറഞ്ഞത് ശശീന്ദ്രനാവാന്‍ എന്നെ കിട്ടില്ല, ആണുങ്ങളാരെങ്കിലുമുണ്ടെങ്കില്‍ അഭിമുഖത്തിന് വിട്ടാല്‍ മതിയെന്ന്. ഞങ്ങളുടെ അഭിമാനത്തെയും വിശ്വാസ്യതയേയും പലതരത്തിലാണ് മംഗളത്തിന്റെ നടപടിമൂലം ചോദ്യം ചെയ്യുന്നത്. ഇതുകൊണ്ടാണ് ഞങ്ങള്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചത് ഇക്കാര്യത്തിലെ നിജസ്ഥിതി അന്വേഷിച്ച് പുറത്തുകൊണ്ടുവരണമെന്ന്. മംഗളത്തില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കു വേണ്ടി കൂടിയാണ് ഞങ്ങളുടെ പ്രതിഷേധം. ഇന്നലെ ഇവിടെ നടന്നത് (ചാനല്‍ സിഇഒ അജിത് കുമാറിന്റെ ഖേദ പ്രകടനവും മാധ്യമ പ്രവര്‍ത്തകയുടെ സ്വമേധയാലുള്ള നടപടിയാണെന്നുമുള്ള പ്രസ്താവന) വെറും നാടകമാണെന്നാണ് ഞങ്ങള്‍ കരുതുന്നത്. ഞങ്ങള്‍ക്ക് കൃത്യമായ ഉത്തരം കിട്ടണം; എന്തിനാണ് വനിതാ മാധ്യമപ്രവര്‍ത്തകയെ ബലിയാടാക്കാന്‍ ഒരുങ്ങുന്നത്. ഈ സ്ഥാപനത്തിലെ ഒരു വനിതാ മാധ്യമപ്രവര്‍ത്തകയുടെ ജീവിതം സുരക്ഷിതമാക്കുവാന്‍ കഴിയുന്നില്ലെങ്കില്‍ ഇത് ചുട്ടെരിക്കുന്നതാണ് നല്ലത്.’ എന്നാണ്.

എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ ഗീതാ ബക്ഷി പറയുന്നത് ഇങ്ങനെ:- ‘എന്റെ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചത് മംഗളത്തിലായിരുന്നു. അന്ന് ഇങ്ങനെയല്ലായിരുന്നു ഈ സ്ഥാപനം. സ്ത്രീകളോട് വളരെ കരുതലും തൊഴില്‍ ചെയ്യാനുതകുന്ന നല്ല സാഹചര്യവുമായിരുന്നു ഇവിടെ. നല്ല മാധ്യമപ്രവര്‍ത്തനത്തിന്റെ പാരമ്പര്യമുള്ള മംഗളത്തില്‍ നിന്നാണ് ഇങ്ങനെയുള്ള കാര്യങ്ങള്‍ വന്നത്. സ്ത്രീകള്‍ക്ക് നല്ല അന്തസോടെയും ധാര്‍മ്മികതയോടെയും അവകാശത്തോടെയും ജോലി ചെയ്യാന്‍ കഴിയുന്ന ഒരിടത്തിനാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്.’

പ്രതിഷേധ മാര്‍ച്ചില്‍ ഗീതാ ബക്ഷി സംസാരിക്കുന്നു

അതേ സമയം മംഗളത്തിനെതിരെയുള്ള പ്രതിഷേധം അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് ആരോപണവും ഉയര്‍ന്നിട്ടുണ്ട്. പ്രമുഖ മാധ്യമപ്രവര്‍ത്തക ഷാഹിന നഫീസ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. ‘എന്തിലും ഇടനില നിന്ന് ശീലമുള്ള ചില മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ ഈ പ്രതിഷേധം അട്ടിമറിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മാനേജ്‌മെന്റുകളുടെ അപ്രഖ്യാപിത വിലക്കുകള്‍ മറികടന്ന് റോട്ടിലിറങ്ങിയ മുഴുവന്‍ പേര്‍ക്കും അഭിവാദ്യം, സ്‌നേഹം, അഭിമാനമാണ് നിങ്ങള്‍..’

ഈ പ്രതിഷേധം വനിതാ മാധ്യമപ്രവര്‍ത്തകരുടെ അഭിമാനത്തിന് വേണ്ടിയാണെന്നാണ് പ്രമുഖ മാധ്യമപ്രവര്‍ത്തക സരിതാ വര്‍മ്മ പറയുന്നത്. ‘ഞങ്ങളുടെ അഭിമാനത്തിന് നേരെ ചോദ്യങ്ങള്‍ ഉണ്ടാവുന്നു. അതിന് സാഹചര്യമുണ്ടാക്കിയ മംഗളത്തിന്റെ നടപടിക്കെതിരെയാണ് ഈ പ്രതിഷേധം. ഒരു വനിതാ മാധ്യമപ്രവര്‍ത്തകയെ ബലിയാടാക്കാനുള്ള മംഗളത്തിന്റെ മാനേജ്‌മെന്റിനെതിരെയാണ് പ്രതിഷേധം.’

മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ കെയുഡബ്ല്യൂജെ ഡല്‍ഹി ഘടകം വനിതാ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് പിന്തുണ നല്‍കിയിട്ടുണ്ട്. മംഗളം ടെലിവിഷന്‍ കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്ത വാര്‍ത്തയുടെ പേരില്‍ മലയാളി മാധ്യമപ്രവര്‍ത്തകര്‍-പ്രത്യേകിച്ച് വനിതാമാധ്യമപ്രവര്‍ത്തകര്‍-തൊഴില്‍പരമായും വ്യക്തിപരമായും അപമാനിക്കപ്പെടുകയാണ്. ജനാധിപത്യത്തിന്റെ നാലാം തൂണായി വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങളുടെ അഭിമാനത്തിനു ക്ഷതമേല്‍പ്പിക്കുന്നതാണ് ഇത്തരം അനാരോഗ്യപ്രവണതകള്‍. ഈ പ്രശ്നത്തില്‍ വനിതാമാധ്യമപ്രവര്‍ത്തകര്‍ കേരളത്തില്‍ നടത്തുന്ന പ്രതിഷേധത്തിനും പ്രതികരണത്തിനും കെയുഡബ്ല്യുജെ ഡല്‍ഹി ഘടകത്തിന്റെ ഐക്യദാര്‍ഢ്യവും അഭിവാദ്യവും അറിയിക്കുന്നുവെന്നാണ് പ്രസിഡന്റ് പ്രശാന്ത് രഘുവംശവും സെക്രട്ടറി എം പ്രശാന്തും അറിയിച്ചിരിക്കുന്നത്.

 

കൃഷ്ണ ഗോവിന്ദ്

കൃഷ്ണ ഗോവിന്ദ്

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍