UPDATES

ഐസിബി

കാഴ്ചപ്പാട്

ഐസിബി

ന്യൂസ് അപ്ഡേറ്റ്സ്

ആദ്യം കയ്ക്കും, പിന്നേം കയ്ക്കും; പഴഞ്ചൊല്ലില്‍ പതിരില്ലാത്രേ

ഐസിബി

ഐതിഹ്യങ്ങളും നാട്ടുകഥകളും പുരാണങ്ങളും നാടന്‍പാട്ടുകളും പോലെ തന്നെ എല്ലാ സംസ്‌കാരങ്ങളുടെയും ഭാഷയുടെയും ഒരു പ്രധാന ഭാഗമാണ് പഴഞ്ചൊല്ലുകളും. വാമൊഴിയായി തലമുറകളിലൂടെ കൈമാറി വന്ന്‍ പിന്നീട് സാഹിത്യ സമ്പത്തിന്റെ അവിഭാജ്യഘടകമായി തീര്‍ന്നിരിക്കുന്നു അവ. ഒരു സംസ്‌കാരത്തെയും പ്രദേശത്തെയും അവിടെയുള്ള ഭാഷയും ഭാഷവ്യതിയാനങ്ങളും നിര്‍വചിക്കുന്ന പോലെ മറ്റൊന്നിനും സാധ്യമല്ല. പഴഞ്ചൊല്ലുകള്‍ ആകട്ടെ ഈ ഭാഷയേയും സംസ്‌കാരത്തെയും കൂട്ടി യോജിപിച്ച് സുന്ദരങ്ങളായ വ്യാഖ്യാനങ്ങളും ഐതിഹ്യങ്ങളും നിര്‍മ്മിക്കുന്നു. പല പഴഞ്ചൊല്ലുകളും ഭാഷകളില്‍ നിന്ന് ഭാഷകളിലേക്കും സംസ്‌കാരങ്ങള്‍ തമ്മിലും ഇടതടവില്ലാതെ ഒഴുകിയിട്ടുണ്ട്. മനുഷ്യപ്രകൃതവും പൊതുലോക തത്വങ്ങളും ഉള്‍ക്കൊള്ളുന്നവയാണ് ഇവയില്‍ പലതും. അക്കരപ്പച്ച എന്നത് ഇംഗ്ലീഷില്‍ ‘ഗ്രാസ് ഈസ് ഗ്രീനെര്‍ ഓണ്‍ ദി ഒതര്‍ സൈഡ്’ എന്ന് പറയുമ്പോഴും രണ്ടിലേയും മൂലക്കല്ല് മനുഷ്യന്റെ അസൂയ തന്നെയാണ്. മലബാറില്‍ മാത്രം കണ്ടു വരുന്നവയും ആദിവാസികളുടെതായതും തിരുവിതാംകൂര്‍ ഭാഗത്തേയും തമിഴ് മലയാളികളില്‍ ഉള്ളവയും ഈ കൊച്ചു കേരളത്തില്‍ ഇട്ടാവട്ടത്തില്‍ കാണാവുന്നതാണ്. ‘പൈച്ചാല്‍ പന്നിയും ഹലാല്‍’ എന്ന് മലബാറിലും ‘ഗതി കേട്ടാല്‍ പുലി പുല്ലും’ എന്ന് പൊതുവായും ‘ഗതികെട്ടാല്‍ ചാമയെങ്കിലും ചെമ്മൂര്യ’ എന്നിങ്ങനെ.

 

പഴഞ്ചൊല്ലുകളുടെ മറ്റൊരു സവിശേഷതയാണ് – ഒരു പക്ഷെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതും- അവ വിളിച്ചോതുന്ന സമൂഹത്തിന്റെ കാഴ്ച്ചപ്പാടുകള്‍. എം വി വിഷ്ണു നമ്പൂതിരി തന്റെ നാടോടീയ വിജ്ഞാനം എന്ന പുസ്തകത്തില്‍ ഇതിനെക്കുറിച്ച് കൃത്യമായ ഒരു പരാമര്‍ശം നടത്തുണ്ട്. ‘പഴഞ്ചൊല്ലുകള്‍ അവ ഉണ്ടായ കാലഘട്ടത്തിലെ മനുഷ്യരുടെ ആത്മാവും ഹൃദയവും പ്രതിഫലിപ്പിക്കും’ എന്ന്. ഒരു സമൂഹത്തെയോ വിഭാഗത്തെയോ എങ്ങനെ കാണുന്നു, അവരെ എങ്ങനെ വിലയിരുത്തുന്നു, അവര്‍ക്ക് സമൂഹത്തില്‍ ഉള്ള സ്ഥാനമാനങ്ങള്‍ എന്നിവ വളരെ കൃത്യമായി പഴമൊഴികളില്‍ നിന്നും വായിച്ചെടുക്കാവുന്നതാണ്. ജാതീയമായ അവഹേളനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പഴമൊഴികളാല്‍ മലയാള ഭാഷ സമ്പന്നമാണ് എന്ന് പറയാതെ വയ്യ. ഇതില്‍ ഏറ്റവും പൊതുവായി എടുത്ത് വീശുന്ന ഒന്നാണ് ‘ജാത്യാലുള്ളത് തൂത്താല്‍ പോകുമോ’ എന്നത്. അതുകൂടാതെ ‘ആണ്ടിച്ചി പെറ്റതഞ്ചും കുരങ്ങ്’, ‘ബ്രാഹ്മണില്‍ കറുത്തവനെയും പുലയരില്‍ വെളുത്തവനേയും വിശ്വസിച്ചു കൂട’, ‘ഇഞ്ചത്തലയും ഈഴത്തലയും എത്രയും ചതച്ചാല്‍ അത്രയും നല്ലത്’, ‘കാക്ക കുളിച്ചാല്‍ കൊക്കാകുമോ’, ‘കുലം നോക്കി പെണ്ണു കേട്ടിയാലെ കുണം’, ‘ചക്ക കണ്ട ചാലിയനെ പോലെ’, ‘കേരളം ബ്രാഹ്മണര്‍ക്കു സ്വര്‍ഗ്ഗം, ശേഷം ജാതികള്‍ക്കു നരകം’ തുടങ്ങിയ പഴഞ്ചൊല്ലുകളും കാണാവുന്നതാണ്.

 

ആശയവിനിമയങ്ങളുടെയും, അനുഭവ സമ്പാദനത്തിന്റെ അലിഖിത ചരിത്രമായും, സാമൂഹിക പാഠങ്ങളുടെ അവലോകനമായും, ഐതിഹ്യങ്ങളുടെയും, സമുദായ വിശ്വാസങ്ങളുടെയും ഒരു ആകെത്തുകയാണ് പഴഞ്ചൊല്ലുകള്‍ എന്നിരിക്കെ, ‘പഴഞ്ചൊല്ലില്‍ പതിരില്ല’, ”എന്തു ചെയ്തു പണ്ടുള്ളോര്‍ എന്നറിഞ്ഞിട്ടു ചെയ്യണം’, ‘പഴഞ്ചൊല്ലില്‍ പതിരുണ്ടെങ്കില്‍ പശുവിന്‍പാല് കയ്ക്കും’ എന്നിങ്ങനെ അവയ്ക്ക് നല്‍കിപ്പോരുന്ന പൊതുവായ അംഗീകാരം പക്ഷെ ഉടച്ച് വാര്‍ക്കേണ്ടിയിരിക്കുന്നു. പഴഞ്ചൊല്ലുകള്‍ക്ക് നല്‍കുന്ന ഈ വിശുദ്ധിയും പരമസത്യ സ്ഥാനവും ആപത്കരവും അതുപയോഗിക്കുന്നവരുടെ ചിന്താശ്രേണിയെ വരച്ചു കാട്ടുകയും ചെയ്യുന്നു. അവയ്ക്ക് അര്‍ഹമല്ലാത്ത, അടിസ്ഥാനമില്ലാത്ത പ്രാധാന്യം നല്‍കുകയും വിശ്വാസങ്ങളേയോ ജീവിതരീതികളേയൊ അഭേദ്യമായ സത്യങ്ങളായി സ്ഥാപിക്കാനും കാരണമാവുന്നു. പ്രത്യേകിച്ചും ഒരു പുരുഷനിയന്ത്രിത സമൂഹത്തെ പഴഞ്ചൊല്ലുകള്‍ അളവറ്റ് സഹായിക്കുന്നുണ്ട്. ഇതില്‍ ഏറ്റവും സാധാരണമായി നാം കേള്‍ക്കുന്ന വാചകമാണ് ‘പെണ്‍ബുദ്ധി പിന്‍ബുദ്ധി’, ‘പെണ്ണൊരുമ്പെട്ടാല്‍’.

 

 

സ്ത്രീ പഴഞ്ചൊല്ലുകള്‍ എന്ന് ഗൂഗിളില്‍ ഒന്ന് തപ്പിയാല്‍ മലയാളം വിക്കിയും മറ്റു പല സൈറ്റുകളും അക്കമിട്ട് നിരത്തിയ പഴഞ്ചൊല്ലുകളിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ തന്നെ അതില്‍ മുറ്റി നില്‍ക്കുന്ന സ്ത്രീ വിരുദ്ധത കാണാവുന്നതേയുള്ളൂ. ഒരു കാലഘട്ടം സ്ത്രീക്ക് നല്‍കിയ സ്ഥാനം കാലം മാറിയിട്ടും പഴമയുടെ സത്യം എന്ന സംശുദ്ധിയില്‍ ഇന്നും ആവര്‍ത്തിച്ച് സമൂഹ മന:സാക്ഷിയിലേക്ക് വേരിറക്കുകയും ചെയ്യുകയാണ് പഴഞ്ചൊല്ലുകളിലൂടെ. ഒരു സമൂഹത്തില്‍ സ്ത്രീ എവിടെ നില്‍ക്കേണ്ടവളാണെന്നും അവളുടെ പൊതുസ്വഭാവവും അവള്‍ക്ക് വേണ്ടി വ്യാഖ്യാനിക്കപ്പെടുകയാണ്. സ്ത്രീ എന്നാല്‍ പൊതുവെ വിവേകരഹിതരും സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവില്ലാത്തവളും എടുത്താല്‍ തന്നെ പരാജയത്തിലേക്ക് കൂപ്പു കുത്താന്‍ മാത്രമാണെന്നും ഉള്ള ഒരു വിശ്വാസം പൊതുവായി അംഗീകരിക്കപെടുകയും അതുകൊണ്ട് അവള്‍ പുരുഷനു കീഴില്‍ അവരുടെ തീരുമാനങ്ങള്‍ മാനിച്ചു കഴിയേണ്ടവള്‍ ആണെന്നുമുള്ള പാഠങ്ങള്‍ തലമുറകളായി കൈമാറി വന്നത് കാണാവുന്നതാണ്.

അത്തരത്തിലുള്ള പഴഞ്ചൊല്ലുകള്‍ നമ്മുടെ സമൂഹത്തില്‍ സമൃദ്ധമാണ്:

പെണ്ണായാല്‍ പറയുമ്പോള്‍ കേള്‍ക്കണം തരുമ്പോള്‍ തിന്നണം. 
വെറ്റിലയ്‌ക്കൊതുങ്ങാത്ത പാക്കുമില്ല ആണിനൊതുങ്ങാത്ത പെണ്ണുമില്ല.
തേച്ചാല്‍ നീളാത്ത നൂറും പറഞ്ഞാല്‍ കേള്‍ക്കാത്ത പെണ്ണും. 
പെണ്‍ചൊല്ലു കേട്ടാല്‍ പെരുവഴി പാര്‍ക്കാം. 
പെണ്ണിനു വേണം പിന്നിലൊരു കൈ. 
പോത്ത് പാഞ്ഞിട്ടും പെണ്ണു പഠിച്ചിട്ടും ഒന്നും നേടിയിട്ടില്ല. 
മൂരിയോടു ചോദിച്ചിട്ടാണോ മൂക്കയര്‍ ഇടേണ്ടത്?
സ്ത്രീക്ക് മുടി നീളം കൂടും ബുദ്ധിക്ക് കുറയും. 
അറിവതു പെരുകിയാലും മുന്നറിവത് പെണ്ണിനില്ല.
ആണിനുണ്ണാമറിയെങ്കിലേ പെണ്ണിനു വെക്കാനറിയൂ. 
മുലയുള്ള പെണ്ണിനു തലയില്ല തലയുള്ള പെണ്ണിനു മുലയില്ല. 
അമ്മായി മീശ വെച്ചാല്‍ അമ്മാവന്‍ ആവില്ല. 
ആണില്ലാത്ത പെണ്ണും തൂണില്ലാത്ത വീടും. 
ആണെങ്കില്‍ പടക്കളത്തില്‍ പെണ്ണെങ്കില്‍ കലം തേക്കാന്‍… ഇത് എത്ര വേണമെങ്കിലും ഉണ്ട്. 

 

അതുപോലെ കേരളത്തിന്റെ കാര്‍ഷിക അഭിവൃദ്ധി അതിന്റെ പഴഞ്ചൊല്ലിലും പ്രതിഫലിച്ചു കാണാം. ഇതില്‍ പ്രത്യേകമായി ശ്രദ്ധിക്കാവുന്നത് മണ്ണിനെയും പെണ്ണിനെയും പലപ്പോഴായി ഉപമിച്ചതിനോടാണ്. മണ്ണ് ദുര്‍ബ്ബലവും, സര്‍വംസഹയും, കൃഷിക്കാരന്റെ സ്വത്ത്, പുറമേ നിന്നും സഹായവും നിക്ഷേപവുമില്ലാതെ ഒന്നിനും കൊള്ളാത്തതുമാണെന്ന അര്‍ത്ഥതലങ്ങള്‍ അതിനെ പെണ്ണുമായി എളുപ്പത്തില്‍ കൂട്ടിയിണക്കുന്നു. ഒരുപക്ഷെ മണ്ണിനെക്കുറിച്ചുള്ള മിക്ക പഴഞ്ചൊല്ലുകളും പെണ്ണിന്റെ ‘ഉത്തമ സ്വഭാവഗുണങ്ങള്‍’ വര്‍ണ്ണിക്കുന്നവയായി മുഴച്ചു നില്‍ക്കുന്നു.

പുരുഷാധിപത്യ ചിന്താഗതികളുടെ വിരൂപമായ കണ്ണാടിയാണത്

കെട്ടാത്ത പെണ്ണും വാഴാത്ത മണ്ണും തരിശ്
പെണ്ണിനേയും മണ്ണിനേയും ദണ്ഡിക്കുന്തോറും ഗുണമേറും
പെണ്ണാകുന്നതിലും ഭേദം മണ്ണാകുന്നത്
പെണ്‍പട പടയല്ല്‌ല, മണ്‍ചിറ ചിറയല്ല
പെണ്ണായി പിറന്നാല്‍ മണ്ണായി തീരും വരെ കണ്ണീര് കുടിക്കണം.
പെണ്ണാശ മണ്ണാശ.
പെണ്ണുകിളച്ചാല്‍ മണ്ണ് മുറിയുമോ?
പെണ്ണുഴന്നാല്‍ കരച്ചില്, മണ്ണുഴന്നാല്‍ വിരിച്ചില്.
പെണ്ണു മൂലവും മണ്ണു മൂലവും നാശം

 

എല്ലാ പഴഞ്ചൊല്ലുകളും സ്ത്രീകളെ ഇകഴ്ത്തുക മാത്രമാണ് ചെയ്യുന്നത് എന്ന് പറഞ്ഞാല്‍ അതസത്യമാകും. എന്നാല്‍ അവളെ പുകഴ്ത്തുന്നവയില്‍ ഒളിഞ്ഞിരിക്കുന്ന യാഥാര്‍ഥ്യം മറച്ചു പിടിക്കാനും സാധിക്കില്ല. സ്ത്രീകള്‍ക്ക് അംഗീകാരവും മാനവും കൊടുക്കുന്ന പഴഞ്ചൊല്ലുകള്‍ ശ്രദ്ധിച്ചാല്‍, അതില്‍ എടുത്ത് പിടിക്കുന്ന യോഗ്യത അമ്മ എന്ന സ്ഥാനമാണ്. അമ്മയാകുക എന്നതാണ് ഏതു സ്ത്രീക്കും മാനം എന്നും, അമ്മയാവാന്‍ കഴിവില്ലാത്തത് ഒരു നഷ്ടമായും ഘോഷിക്കപ്പെടുന്നു.

ആണിനെ പെറുന്നവള്‍ക്ക് സമൂഹത്തിലുള്ള സ്ഥാനവും ജീവിതത്തിലുള്ള വിജയവും കൂടി ഊട്ടിയുറപ്പിക്കുന്നു പഴഞ്ചൊല്ലിലൂടെ.

അമ്മയുടെ സ്‌നേഹത്തിന് അളവില്ല
തൊട്ടിലാട്ടുന്ന കൈക്ക് പട്ടണം ഭരിക്കാം
നീരായാലും മോര് പേയായാലും തായ
നിലാവുള്ളപ്പോഴും അമ്മയുള്ളപ്പോഴും പേടിക്കണ്ട
അമ്മയില്ലെങ്കില്‍ ഐശ്വര്യമില്ല
പെണ്ണായാല്‍ പെറണം
ഒന്ന് പെറ്റ പെണ്ണ് ഒന്ന് ചത്ത പോലെ
ഒന്ന് പെറ്റാല്‍ പെണ്ണാടീ പട്ടയിടിഞ്ഞാല്‍ പെണ്ണാടീ
അമ്മ പെറണം ആണിനെ പെറണം
മച്ചിപ്പശു തൊഴുത്തുമാറിയാലും പ്രസവിക്കില്ല 
മകള് ചത്താല്‍ പിണം, മകന്‍ ചത്താല്‍ ശവം
അന്ന് പെറ്റ് അന്ന് ചത്താലും ആണിനെ പെറണം
ആളുണ്ടായാ പോരാ ആണുണ്ടാവണം
നാരി പിറന്നെടവും നാരകം നട്ടേടവും കൂവളം കെട്ടേടവും

 

ഇതിന്റെ മറ്റൊരു വശം അമ്മയുടെ സ്വഭാവഗുണം അനുസരിച്ചായിരിക്കും മകളുടെ സ്വഭാവശുദ്ധി എന്ന് പ്രഖ്യാപിക്കുന്ന ചൊല്ലുകളാണ്. ഇന്നും വളരെ സാധാരണയായി, യാതൊരു ചിന്തയും കൊടുക്കാതെ യഥേഷ്ടം ഇവയെല്ലാം എടുത്തുപയോഗിക്കുന്നത് കാണാം. മകളുടെ മാത്രമല്ല, പൊതുവെ കുട്ടികളുടെ സ്വഭാവം മുഴുവനായും അമ്മയുടെ നന്മയോ തിന്മയോ ആശ്രയിച്ചിരിക്കും എന്ന പൊതുതത്വം. അച്ഛന്‍ വളര്‍ത്തിയ മക്കള്‍ക്ക് ശ്രേഷ്ഠ്ത കൂടും എന്ന ധ്വനി നല്കുന്ന പഴഞ്ചൊല്ലുകളും കാണാം.

അമ്മ കൊമ്പത്തെങ്കില്‍ മകള്‍ തുഞ്ചത്ത്
അമ്മ പുലയാടിച്ചിയെങ്കില്‍ മോളും പുലയാടിച്ചി
അമ്മ പെറ്റ് അച്ഛന്‍ വളര്‍ത്തണം
അമ്മ മതില്‍ ചാടിയാല്‍ മകള്‍ ഗോപുരം ചാടും
അമ്മയും മകളും പെണ്ണുതന്നെ
അമ്മയോളം സ്ഥായി മക്കള്‍ക്കുണ്ടെങ്കില്‍ പേരാറ്റിലെ വെള്ളം മേലോട്ട്
ശ്രീദേവി പിറന്നാള്‍ മൂധേവിയും പിറന്നു
അമ്മ പോറ്റിയ മകളും ഉമ്മ പോറ്റിയ കോഴിയും വീട്ടില്‍ അടങ്ങുകില്ല.
അമ്മ കിടക്കും മകളോടും
അച്ചി കുടിച്ചതെ കുട്ടി കുടിക്കൂ

 

പ്രസവിച്ചു കഴിഞ്ഞാല്‍ പിന്നെ ശാരീരിക മാറ്റങ്ങള്‍ ആണ്‍കണ്ണില്‍ സ്ത്രീകളുടെ വിലയിടിക്കാന്‍ പാകമാകുന്നു. അതായത് പെറ്റാലും പെറ്റില്ലെങ്കിലും മൂല്യച്യുതി തന്നെ ഫലം!

നട്ടുണങ്ങിയ മണ്ണും പെറ്റുണങ്ങിയ പെണ്ണും നന്നാവില്ല
ഒടേലിടിഞ്ഞ പെണ്ണും പേറ്റിലിടിഞ്ഞ പെണ്ണും
ഒന്ന് പെറ്റാലൊരുത്തി, രണ്ട് പെറ്റാലിരുത്തി, മൂന്ന് പെറ്റാല്‍ മുത്തി, നാല് പെറ്റാല്‍ നാസ്തി
പത്തു പെറ്റാല്‍ ഭദ്ര

 

ഇത് കൂടാതെ സ്തീയുടെ ഗുണം അവളു ജനിച്ച നക്ഷത്രം കാരണമാണെന്ന് ക്രെഡിറ്റ് കൊടുക്കുന്നതും കാണാം. വിവാഹം നടക്കാനും മുടങ്ങാനും ഉത്തമ കാരണമായി കാലാകാലങ്ങളായി മുടങ്ങാതെ പണിയെടുക്കുന്ന പഴഞ്ചൊല്ലുകള്‍!

അശ്വതിയിലച്ചി പിറക്കണം
മകം പിറന്ന മങ്ക
പെണ്‍ചിത്തിര പൊന്‍ച്ചിത്തിര
പൂയം പുകഞ്ഞുകൊണ്ടിരിക്കും
ആണ്‍മൂലം അറവെയ്ക്കും പെണ്‍മൂലം നശിച്ചുപോകും
ചോതി ചോറിനു മുട്ടില്ല
പെണ്ണത്തം പൊന്നത്തം
ചിത്തിര പിറന്നാല്‍ അത്തറ തോണ്ടും

 

 

എന്നാല്‍ ഏറ്റവും അധികം പഴഞ്ചൊല്ലുകള്‍, സമൂഹമെന്ന പോലെ, സ്ത്രീയെന്നാല്‍ സൗന്ദര്യവും അച്ചടക്കവും അബലയും ചാരിത്രം കാത്തു സൂക്ഷിക്കുന്നവളും, ആണിനടങ്ങുന്നവളും ആയിരിക്കണം എന്ന തത്വത്തെ ഊട്ടി ഉറപ്പിക്കുന്നവയാണ്. സ്ത്രീകളെ മെരുക്കിയില്ലെങ്കില്‍ നാടിനാപത്താണെന്നും അവളുടെ വിഡ്ഡിത്തവും അത്യാഗ്രഹവും വികാരത്തള്ളിച്ചയും വരുതിയില്‍ നിര്‍ത്തേണ്ടതാണെന്നും തിരിച്ചും മറിച്ചും സമൂഹം പഴഞ്ചൊല്ലുകളിലൂടെ ഓര്‍മ്മിപ്പിക്കുന്നു. വിവാഹാലോചന അവസരങ്ങളിലും പെണ്മക്കളെ ശാസിക്കാനായും ഭാര്യയേയും കാമുകിയേയും കൂട്ടുകാരിയേയും ‘അടക്കി വെക്കാനു’മായും ഇത്തരം പഴഞ്ചൊല്ലുകള്‍ യഥേഷ്ടം തലങ്ങും വിലങ്ങും വിളമ്പുന്നത് ഇന്നും സാധാരണമാണ്.

ആയിരം ആണു പിഴച്ചാലും അര പെണ്ണു പിഴയ്ക്കരുത്
അടുക്കളപ്പെണ്ണിനെന്തിനാ അഴക്?
നായും നാരിയും ഇഞ്ചയും ചതയ്ക്കുന്നിടത്തോളം നന്നാവും
ഉറക്കെ ചിരിക്കുന്നവളെ ഉലക്ക കൊണ്ടടിക്കണം
താലിയറ്റവള്‍ക്ക് എന്ത് വയറ്റാട്ടി 
പാമ്പിനു തല്ലുകൊള്ളാന്‍ വാല് പെണ്ണിനു തല്ലു കൊള്ളാന്‍ നാവും
വാടിയ പൂ ചൂടിയാലും ചൂടിയ പൂ ചൂടരുത് 
ആനക്ക് അരക്കാതം അറുവാണിക്ക് മുക്കാകാതം
അരിമണിയൊന്ന് കൊറിക്കാനില്ല കരിവളയിട്ട് കിലുക്കാന്‍ മോഹം
അടക്കമില്ലാ പെണ്ണിനു ആയിരം കോലകലെ
അന്തിക്കാകാത്ത പെണ്ണും ചന്തിക്കാകാത്ത വെള്ളവുമില്ല / മണ്ണുമില്ല
കള്ളച്ചി പശുവിനു മുട്ടി, തുള്ളിച്ചി പെണ്ണിനു കുട്ടി
തങ്കം മങ്കയെ മയക്കും
പഠിപ്പില്ലാത്ത ഉമ്മയ്ക്ക് പവന്‍ കണ്ടാലറിയും
തരംകെട്ട പെണ്ടിക്ക് താലി ഇരവു
പണമുള്ള അച്ഛനു നിറമുള്ള പെണ്ണ്
അടുക്കള പെണ്ണ് ഒടുക്കമുണ്ടാലും മതി
മാടോടിയ മണ്ണും നാടോടിയ പെണ്ണും

പഴഞ്ചൊല്ലുകള്‍ സാമൂഹികവും സാംസ്‌കാരികവുമായ അറിവുകളുടെ അടിത്തറയില്‍ കെട്ടിപ്പടച്ചതുകൊണ്ട്, സാമൂഹിക ബന്ധങ്ങളെ നിര്‍വചിക്കാനും സ്വധീനിക്കാനുമുള്ള അവരുടെ കഴിവിനെ കുറച്ചു കാണാനാവില്ല. ഇതില്‍ തന്നെ സ്ത്രീ, പുരുഷ ബന്ധങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നു. എന്നാല്‍ പുരുഷാധിപത്യം പൊതുവായ നമ്മുടെ സമൂഹത്തില്‍, സ്ത്രീകളുടെ അപ്രാധാന്യവും കീഴ്‌പ്പെടുത്തലും പഴഞ്ചൊല്ലുകളില്‍ മുഴച്ചു നില്‍ക്കുന്നു. ഇത് ബാഹ്യമായി അത്ര പ്രകടമല്ലെങ്കിലും സ്ത്രീകളുടെ നേരെയുള്ള പൊതു മന:സ്ഥിതി വീണ്ടും കൂപ്പുകുത്താന്‍ സഹായകമായി വര്‍ത്തിക്കുന്നു.

 

മരുമക്കത്തായവും പെണ്‍പടയും നിലനില്‍ക്കുകയും ഉയര്‍ന്ന ജാതിയിലുള്ള പെണ്ണിനും താഴ്ന്ന ജാതിയില്‍ പിറന്നവള്‍ക്കും സമുദായത്തില്‍ ലഭിച്ചിരുന്ന ആദരവും നിലനില്‍പ്പും വെണ്ണയും കല്ലും പോലെ വ്യത്യസ്തങ്ങള്‍ ആയിരുന്നെങ്കിലും അവരെ തളച്ചിടുന്ന ചൊല്ലുകള്‍ ജാതികള്‍ക്കും വ്യവസ്ഥിതികള്‍ക്കും അതീതമായിരുന്നു എന്നുവേണം മനസ്സിലാക്കാന്‍. അവരെടുക്കുന്ന തീരുമാനങ്ങളും അവരുടെ ന്യായമായ അവകാശങ്ങളും കുറച്ചു കാണിക്കുകയേ പഴഞ്ചൊല്ലുകള്‍ പലപ്പോഴും ചെയ്തിട്ടുള്ളൂ.

കാലത്തിന്റെ മാറ്റത്തിനനുസരിച്ച് പല പഴമൊഴികളും നഷ്ടപെടുകയും ഉപയോഗത്തിലില്ലാതാവുകയും ചെയ്തിട്ടുണ്ട് എന്നതും സത്യം തന്നെയാണ്. എന്നിരുന്നാലും സമൂഹത്തിന്റെ എല്ലാ കിടയിലും എന്നതാണ് പഴമൊഴികള്‍ക്ക് നല്‍കിയിരിക്കുന്ന സ്ഥാനം. സ്ത്രീകള്‍ അടുക്കളയില്‍ നിന്നും അരങ്ങത്തേക്കും മുട്ടിനു മുകളിലേക്കും ചാടി കാലം കൊണ്ട് കഴിവുകള്‍ തെളിയിച്ചിരിക്കുന്ന ഈ അവസരത്തില്‍; പഴഞ്ചൊല്ലുകളെ അവയുടെ സാഹിത്യ മൂല്യത്തില്‍ മാത്രം കാണുകയും സമൂഹത്തിന്റെ വളര്‍ച്ചയെ കുറിച്ച് പഠിക്കാനുള്ള ഉപകരണമായി മാത്രം ഉപയോഗിക്കപെടുകയുമാണ് ചെയ്യേണ്ടത്; അല്ലാതെ ജീവിതം നിര്‍വചിക്കാനുള്ള ഒന്നാക്കരുത്.

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

ഐസിബി

ഐസിബി

മലബാറിലെ ഒരു നിറഞ്ഞ കുടുംബത്തില്‍ ജനിച്ചു. വിദ്യാഭ്യാസവും വളര്‍ച്ചയും മലബാറ് തന്നെ നല്കി. ഫംഗ്ഷണല്‍ ഇംഗ്ളീഷില്‍ ബിരുദവും സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്ത ബിരുദവും. ക്ളിനിക്കല്‍ സൈക്കോളജിസ്റ്റായി മംഗലാപുരത്തും, ക്രിമിനല്‍ സൈക്കോളജിസ്റ്റായി കോഴിക്കോടും വിയ്യൂരും ജയിലുകളില്‍ പ്രവര്‍ത്തന ചരിത്രം. ഒരു പാട് കൊലയും, കളവും, ബലാത്സംഗവും കേട്ട് മനസ്സ് മരവിച്ചപ്പോള്‍ അഹിംസയാവാം ഇനി എന്ന തീരുമാനത്തില്‍ ഗ്രീന്‍പീസ് എന്ന ലോകസംഘടനയില്‍ സമരങ്ങളും അറസ്റ്റും പ്രതിഷേധങ്ങളും ആയി കുറച്ചു കാലം. ഇനി കുറച്ചു കാലം വെറുതെ ഇരിക്കണം, യാത്രിക്കണം, തിന്നണം, എഴുതണം, ശൂന്യതയിലേക്ക് നോക്കി ചിരിക്കണം എന്ന് തീരുമാനിച്ചു ഇപ്പോള്‍ ജോലിയും കൂലിയും ഇല്ലാതെ തോന്നിയത് പോലെ തോന്നിയ സമയത്ത് ചെയ്യുന്നു. വിവാഹിത. ഭര്‍ത്താവ് ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍. മകന്‍ ആദം. ഒരുപാട് ആളുകളും പാചകവും 'വര്‍ത്താനവും' തിങ്ങി പാര്‍ത്ത ഒരു മലബാര്‍ കുടുംബത്തില്‍ ജനിച്ചു. അത് കൊണ്ട് തന്നെ ജനങ്ങളും, ഭക്ഷണവും, കേട്ടുകേള്‍വികളും, അടക്കം പറച്ചിലുകളും പ്രിയപെട്ടതായി മാറി. വളര്‍ന്നപ്പോള്‍ ഈ പ്രിയങ്ങള്‍ക്ക് ശാഖകള്‍ നല്കി പ്രിയങ്ങള്‍ സംസ്‌കാരത്തോടും, ഭാഷാശൈലികളോടും, ചടങ്ങുകളോടും, പുതുമകളോടും ആയി മാറി. വീണ്ടും വളര്‍ന്നപ്പോള്‍ മേല്‍പ്പറഞ്ഞ പ്രിയങ്ങളെ കൂട്ടിയിണക്കുന്ന യാത്രകളായി പ്രിയം.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍