UPDATES

സിനിമ

വഞ്ചിച്ചും അവഗണിച്ചും മനുഷ്യത്വമില്ലാതെ സിനിമാ ലോകം; തിരക്കഥാകൃത്ത് പി എസ് കുമാറിന്‍റെ ജീവിതം

Avatar

രാകേഷ് സനല്‍

തണുപ്പ് തങ്ങി നില്‍ക്കുന്ന ആശുപത്രി മുറിയിലിരിപ്പുണ്ട് ആ ഡയറി. മൂന്നോ നാലോ താളുകളില്‍ എഴുത്തുകാരന്റെ സ്വയം അടയാളപ്പെടുത്തലുകള്‍… പിന്നീടങ്ങോട്ട് അക്ഷരങ്ങള്‍ പടരാത്ത മൗനം…. ഒരുപക്ഷേ ഇനി എഴുതാനിരുന്നതാവാം പി എസ് കുമാര്‍ എന്ന നാടക-സിനിമ രചയിതാവിന്റെ ജീവിതം.

അതിനു മുന്നെ തളര്‍ന്നു വീണുപോയി.

പത്തുമുപ്പതുവര്‍ഷം കലയ്ക്കു വേണ്ടി വിയര്‍ത്ത ശരീരം ആശുപത്രി കട്ടിലില്‍ ഇപ്പോള്‍ അനങ്ങാന്‍ വയ്യാത്ത അവസ്ഥയിലാണ്. അവ്യക്തമെങ്കിലും പുറത്തുവരുന്ന ശബ്ദങ്ങളില്‍ പക്ഷെ സിനിമയും നാടകവുമുണ്ട്…അതുമാത്രമാണ് ചേര്‍ത്തല എക്‌സറേ ആശുപത്രിയുടെ നൂറ്റിയഞ്ചാം മുറിയിലെ ഈ മനുഷ്യശരീരം പി സുരേഷ് കുമാര്‍ എന്ന പി എസ് കുമാര്‍ ആണെന്നു തിരിച്ചറിയിക്കുന്നത്.

ഒരുപക്ഷേ പി എസ് കുമാര്‍ എന്ന പേര് നിങ്ങളില്‍ പലരും ആദ്യമായി കേള്‍ക്കുകയാവാം, ചിലര്‍ ആ പേര് കേട്ടിട്ടുണ്ടാവാം, കൂടുതലൊന്നും അറിയാത്തവിധം. എന്നാല്‍ മറ്റു ചിലര്‍ക്ക് ഈ കലാകാരനെ നന്നായി അറിയാം. അപ്രതീക്ഷിതമായി വന്ന ആഘാതത്തില്‍ ശരീരം തളര്‍ന്നുപോകുന്നതിന് മുന്‍പ്, ശബ്ദം മുറിഞ്ഞുപോകുന്നതിന് മുന്‍പ്പി എസ് എന്ന രണ്ടക്ഷരത്തില്‍ കലാ-രാഷ്ട്രീയരംഗത്തെ വലിയൊരു സൗഹൃദവലയത്തില്‍ കുമാര്‍ നിറഞ്ഞു നിന്നിരുന്നു.  

മനസിന്റെ ചിമിഴില്‍ കുറെ കഥകളും കഥാപാത്രങ്ങളും മിച്ചം കിടപ്പുണ്ട്. വിതുമ്പലായി പുറത്തുവരുന്ന ആ സ്വപ്‌നങ്ങള്‍ക്ക് കാതോര്‍ക്കാന്‍ ഭാര്യ ജയയും മരുമകളും മാത്രമാണ് അരികില്‍. പിന്നെ പി എസ് തിരിച്ചുവരുമെന്ന വിശ്വാസത്തോടെ ഏതാനും സുഹൃത്തുക്കളും.

തോപ്പില്‍ ഭാസി കൈപിടിച്ചു വളര്‍ത്തിയ നാടകകൃത്ത്
ചേര്‍ത്തല കാളികുളത്തായിരുന്നു പി എസ് കുമാറിന്റെ വീട്. പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ എഴുത്തിന്റെ ലോകത്തിലേക്ക് എത്തി. നാടകങ്ങളോടായിരുന്നു കമ്പം. അക്കാലത്ത് ചേര്‍ത്തലയിലും പരിസരപ്രദേശങ്ങളിലുമൊക്കെയുള്ള പല സമിതികള്‍ക്കു വേണ്ടിയും എഴുതി. അതിനിടയില്‍ കുമാറിന് ഒരപൂര്‍വ ഭാഗ്യമുണ്ടായി.

1987 കാലമാണ്. കെപിഎസിയുടെ സെക്രട്ടറിയായിരുന്ന ദാമോദരന്‍ പോറ്റി സ്ഥാനമൊഴിഞ്ഞപ്പോള്‍ പകരം ചുമതലയേറ്റത് ചേര്‍ത്തലയിലെ പാര്‍ട്ടി നേതാവായിരുന്ന എന്‍ എസ് സുരേന്ദ്രനായിരുന്നു. എന്‍ എസ് സഖാവിന് അടുത്തറിയാവുന്നയാളായിരുന്നു കുമാര്‍. കെപിഎസ്‌സിയിലേക്ക് എന്‍ എസ് ആണ് കുമാറിനെ കൊണ്ടുപോകുന്നത്. തോപ്പില്‍ ഭാസി കത്തിനില്‍ക്കുന്ന സമയം. കുമാറിനെ എന്‍ എസ് ഭാസിക്കു പരിചയപ്പെടുത്തി.

പയ്യന്റെ നാടകങ്ങളെക്കുറിച്ചൊക്കെ കേട്ടപ്പോള്‍ ഭാസിക്ക് അത്ഭുതം. ഈ ചെറുപ്രായത്തില്‍ ഇവന്‍ ഇങ്ങനെയൊക്കെ എഴുതുന്നുണ്ടെങ്കില്‍ അവനെ ഇനിയും പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നു തോപ്പില്‍ ഭാസിക്കു തോന്നി. കെപിഎസ്‌സിക്കു വേണ്ടിതന്നെ ഒരു നാടകമെഴുതാന്‍ ആവശ്യപ്പെട്ടു. ഒരു രചയിതാവിനെ സംബന്ധിച്ച് മഹാഭാഗ്യം. അതും അത്ര ചെറുപ്രായത്തില്‍. സാക്ഷാല്‍ തോപ്പില്‍ ഭാസിയുടെ അനുഗ്രാഹാശിസ്സുകളോട് കുമാര്‍ ഒരു നാടകം എഴുതി. ‘വിഷസര്‍പ്പങ്ങള്‍ക്ക് വിളയ്ക്കു വയ്ക്കരുത്’. ഭാസിയുടെയും കെപിഎസ്‌സിയുടെയും പ്രതീക്ഷകള്‍ക്കുമപ്പുറം പോയി കുമാര്‍. അന്ധവിശ്വാസങ്ങളെ ചോദ്യം ചെയ്യുന്ന ഗംഭീര രചന. നാടകം സൂപ്പര്‍ ഹിറ്റായി. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള വേദികളില്‍ നിറഞ്ഞോടി. കേരളത്തിനു പുറത്തും പ്രശസ്തമായി. 

പ്രശംസയ്‌ക്കൊപ്പം ഭീഷണികളും കുമാറിനെ തേടിവന്നൂ. വിശ്വാസത്തെ ചോദ്യം ചെയ്യുന്ന നാടകമെഴുതിയ കുമാറിനെ ആര്‍ എസ് എസുകാര്‍ ഭീഷണിപ്പെടുത്തി. ശാരീരികമായി ആക്രമിക്കാന്‍ നോക്കി. കുമാര്‍ പതറിയില്ല. കലാകാരനൊപ്പം തന്നെ കറകളഞ്ഞ രാഷ്ട്രീയക്കാരന്‍ കൂടിയായിരുന്നു കുമാര്‍.

വിഷസര്‍പ്പത്തിന് വിളയ്ക്കുവയ്ക്കരുത് എന്ന നാടകത്തിന് അക്കൊല്ലത്തെ മികച്ച നാടകകൃത്തിനുള്ള സംസ്ഥാന പുരസ്‌കാരം കുമാറിന തേടിയെത്തി. നാടകരചനയ്ക്ക് സംസ്ഥാന പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നാടകരചയിതാവു കൂടിയായി  കുമാര്‍. ആ ബഹുമതിക്കു കെപിഎസ്‌സി യും ഒരു സമ്മാനം നല്‍കി. ആയിരം രൂപയുടെ ക്യാഷ് പ്രൈസ്. ആ ഒരൊറ്റ നാടകം കൊണ്ടു തന്നെ കേരളത്തിലെ നാടകരംഗത്ത് പി എസ് കുമാര്‍ എന്ന പേര് പതിഞ്ഞു. പിന്നാലെ എഴുതിയത് ‘മുക്കുവനും ഭൂതവും’. ആദ്യത്തേതിന്റെ ആവര്‍ത്തനമായിരുന്നു ഇത്തവണയും. അബുദാബി ശക്തി പുരസ്‌കാരം ഉള്‍പ്പെടെ നേടിയ ‘മുക്കുവനും ഭൂതവും’ കേരളത്തിനകത്തും പുറത്തും നിറഞ്ഞോടി. കുമാറിനെ തേടി അക്കാലത്തെ പ്രമുഖ നാടകസമിതികളെത്തി. എന്‍ എന്‍ പിള്ള, തകഴി, കെ ടി മുഹമ്മദ് തുടങ്ങി പ്രഗത്ഭരുടെയെല്ലാം സ്‌നേഹവും സൗഹൃദവും പിടിച്ചു പറ്റി…തിരക്കുകളില്‍ നിന്നും തിരക്കുകളിലേക്കുള്ള യാത്ര… 

പക്ഷേ കലയോടായിരുന്നു കുമാറിന് എന്നും സ്‌നേഹം, കണക്കു പറഞ്ഞു കാശ് വാങ്ങാന്‍ അറിയില്ലായിരുന്നു. പഴയകാല കലാപ്രവര്‍ത്തകര്‍ക്കെല്ലാമുണ്ടായിരുന്ന ദുശ്ശീലം. അതുകൊണ്ട് തന്നെ ജീവിക്കാന്‍വേണ്ടി മെഡിക്കല്‍ റെപ്പിന്റേതടക്കമുള്ള വേഷങ്ങള്‍ കെട്ടി. 

ഇതിനിടയിലാണ് ജയയെ കാണുന്നത്. പതിമൂന്നാം വയസില്‍ തന്നെ തിലകന്റെയുള്‍പ്പെടെ നായികയായി പേരെടുത്ത നില്‍ക്കുന്ന നാടകനടിയായിരുന്നു ജയ. നാടകപ്രവര്‍ത്തകരായ ജയയും കുമാറും പക്ഷേ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും ഏതെങ്കിലും നാടകവേദിയില്‍വച്ചായിരുന്നില്ല. അവരുടെ സമാഗമ വേദി ഒരാശുപത്രിയായിരുന്നു.തന്റെ ബന്ധുവിനെ കാണാനായി എത്തിയ ജയയെ മെഡിക്കല്‍ റപ്രസന്റേറ്റീവ് ആയി അതേ ആശുപത്രിയിലെത്തിയ കുമാര്‍ കാണുകയായിരുന്നു. പരിചയപ്പെട്ടപ്പോഴാണ് രണ്ടുപേരും നാടകപ്രവര്‍ത്തകരാണെന്നു തിരിച്ചറിയുന്നത്. ആ പരിചയം പ്രണയത്തിലെത്തി. രണ്ടുപേരും രണ്ടു മതക്കാര്‍. വീട്ടുകാരില്‍ നിന്നെല്ലാം എതിര്‍പ്പുകളുണ്ടായിട്ടും ഇരുവരും ഒന്നു ചേര്‍ന്നു. കുമാറിന് ഒരു പെങ്ങള്‍ കൂടിയുണ്ട്. സഹോദരന്‍ ഒരു ക്രിസ്ത്യാനിയെ കല്യാണം കഴിച്ചതുകൊണ്ട് അനിയത്തിയുടെ വിവാഹത്തിന് അതു തടസ്സമാകുമോ എന്നഭയത്താല്‍ ആകെയുണ്ടായിരുന്ന ഏഴുസെന്റ് പുരയിടം അനിയത്തിയെ കെട്ടുന്നയാളുടെ പേരില്‍ എഴുതിവയ്ക്കാന്‍ അമ്മ തീരുമാനിച്ചു. വൈകിയാണ് വിവരം അറിയുന്നതെങ്കിലും കുമാര്‍ അതു മറ്റൊരു തീരുമാനത്തിലേക്കു മാറ്റി. അനിയത്തിക്കും ഭര്‍ത്താവിനുമായി മറ്റൊരിടത്ത് സ്ഥലം വാങ്ങികൊടുക്കാം. കൈയില്‍ ഉണ്ടായിരുന്നതെല്ലാം നുള്ളിപ്പെറുക്കിയെടുത്ത് ആ ആഗ്രഹം സാധിച്ചു.

നാടകരംഗത്തു നിന്ന് പിന്നീട് കുമാര്‍ എത്തുന്നത് സീരിയലിലേക്കാണ്. അക്കാലത്ത് ദൂരദര്‍ശനാണുള്ളത്. ആദ്യം എഴുതിയ സീരിയല്‍ സ്‌കൂള്‍ ഡയറി. ആ സീരിയലിനും കുമാറിനെ തേടി സംസ്ഥാന പുരസ്‌കാരം എത്തി. തുടര്‍ന്ന് ഒന്നു രണ്ടു സീരിയലുകളെഴുതി. അക്കാലത്ത് സീരീയല്‍ മുഴുവന്‍ എപ്പിസോഡുകളും പൂര്‍ത്തിയാക്കിയശേഷമാണ് ദൂരദര്‍ശനില്‍ സമര്‍പ്പിക്കുന്നത്. പിന്നീട് ആ നിയമം മാറി ഓരോ എപ്പിസോഡും പ്രേക്ഷപണം ചെയ്യുന്നതിനു മുമ്പ് കണ്‍സന്റ് വാങ്ങേണ്ടതായി വന്നു. അതോടെ കുമാര്‍ എഴുതിയ ചില സീരിയലുകളുടെ പ്രക്ഷേപണം നടക്കാതെ വന്നു. ഇതില്‍ ജഗതി ശ്രീകുമാര്‍ അഭിനയിച്ച ഒരു സീരിയലുമുണ്ട്.

അക്കാലത്ത് തുടങ്ങിയ ആത്മബന്ധമായിരുന്നു ജഗതിയും കുമാറും തമ്മില്‍. കുമാറിന്റെ പ്രിയപ്പെട്ട അമ്പിളി ചേട്ടനായിരുന്നു ജഗതി ശ്രീകുമാര്‍.

നാടകവും സീരിയലുമായി കഴിഞ്ഞുപോകുന്ന സമയത്താണ് അവിചാരിതമായി സിനിമയുടെ വിളി കുമാറിനെ തേടി വരുന്നത്. ആദ്യ സിനിമ ഹര്‍ത്താല്‍. കൃഷ്ണദാസ് സംവിധാനം ചെയ്ത ഈ സിനിമ തരക്കേടില്ലാതെ ഓടി. കുമാറിന്റെ പ്രതിഭ തെളിയിക്കുന്ന സിനിമ 2000 ല്‍ പുറത്തിറങ്ങിയ ശാന്തം ആയിരുന്നു. കുമാറിന്റെ കഥയ്ക്ക് മാടമ്പ് കുഞ്ഞുക്കുട്ടനും കുമാറും ചേര്‍ന്ന് തിരക്കഥ തയ്യാറാക്കി. ജയരാജ് സംവിധാനം ചെയ്ത ശാന്തം മികച്ച സിനിമയ്ക്കടക്കം രണ്ടു ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കി. തുടര്‍ന്ന് ഹരിഹരന്‍ പിള്ള ഹാപ്പിയാണ്, ഭര്‍ത്താവുദ്യോഗം, ദീപങ്ങള്‍ സാക്ഷി തുടങ്ങി ഏറ്റവുമൊടുവിലായി ഉത്തരചെമ്മീന്‍ വരെ ഏഴു സിനിമകള്‍ കുമാര്‍ എഴുതി. ഇതിനിടയില്‍ നാലോളം സിനിമകള്‍ക്കായി തിരക്കഥ തയ്യാറാക്കിയെങ്കിലും പലകാരണങ്ങളാല്‍ ഷൂട്ടിംഗ് നടന്നില്ല.

ജീവിതത്തിന്റെ കഥ അറിയാതെപോയപ്പോള്‍
രണ്ടു മക്കളായിരുന്ന കുമാറിനും ജയയ്ക്കും. ഒരാണും പെണ്ണും. ഇളയമകളുടെ കല്യാണം നടത്തിയതോടെ സ്വന്തമായി ഉണ്ടായിരുന്ന ഭൂമിയും വീടും നഷ്ടമായി. പിന്നീടങ്ങോട്ട് വാടകവീട്ടിലായി താമസം. ഇത്രയേറെ നാടകങ്ങളും കൂടാതെ സിനിമയും സീരിയലുകളുമൊക്കെ എഴുതിയൊരാള്‍ക്ക് പണം ഉണ്ടാക്കാന്‍ മാത്രം അറിയാതെ പോയതിന്റെ കുഴപ്പമായിരുന്നു അത്. ജീവിതത്തില്‍ കുറെയേറ തിരിച്ചടികള്‍ ഉണ്ടായതോടെയാണ് ചില വീണ്ടു വിചാരങ്ങള്‍ തോന്നി തുടങ്ങിയത്. സിനിമയുടെ നന്ദികേടും തന്നിലെ കലാകാരനെ ഒട്ടും തൃപ്തിപ്പെടുത്താത്ത രചനകളും കുമാറിനെ ആ ലോകത്തോട് വിടപറയാന്‍ പ്രേരിപ്പിച്ചു കൊണ്ടിരുന്നു. എന്നാലും സിനിമ കുമാറിനെ തേടി വന്നുകൊണ്ടിരുന്നു.

കുമാറിന് സിനിമ കൊണ്ട് വലിയ പ്രയോജനങ്ങളൊന്നും കിട്ടിയില്ലെങ്കിലും കുമാറിനെ കൊണ്ട് വേറെ ചിലര്‍ക്ക് സിനിമ പ്രയോജനം ചെയ്തു. ചേര്‍ത്തലയിലെ പ്രമുഖരായ രണ്ടു ഗാനരചയിതാക്കള്‍ക്കടക്കം കുമാര്‍ ഒരു കാലത്ത് പ്രിയപ്പെട്ടവനായിരുന്നു.

സിനിമ വിട്ട് നാടകത്തിന്റെ ലോകത്തേക്ക് പോകാനായിരുന്നു കുമാര്‍ ആഗ്രഹിച്ചത്. ദയാബായിയുടെ ജീവിതം ആസ്പദമാക്കി ഒരു നാടകം കുമാറിന്റെ സ്വപ്‌നമായിരുന്നു. ഒരു പുസ്തകമെഴുതാനും തീരുമാനിച്ചിരുന്നു.

അതിനിടയില്‍ വിധി വില്ലന്‍ കളിച്ചു. അതിന്റെ തുടര്‍ച്ചയാണ് കുമാറിന്റെ ഇപ്പോഴുള്ള ജീവിതം.

തന്റെതായ പ്രശ്‌നങ്ങള്‍ ആരോടു പങ്കുവയ്ക്കാതെ ഉള്ളില്‍ സൂക്ഷിക്കുന്ന സ്വഭാവമായിരുന്നു കുമാറിന്. എത്രവലിയ പ്രതിസന്ധി വന്നാലും ഒറ്റയ്ക്കു നേരിടാം എന്ന വിശ്വാസമുണ്ടായിരുന്നു. മനസില്‍ പലതും അടക്കിവയ്ക്കുന്നതുകൊണ്ടാവാം സമ്മര്‍ദ്ദം കുമാറിനെ വേട്ടയാടിക്കൊണ്ടിരുന്നു. വ്യക്തി ജീവിതത്തിലുണ്ടായ ഒരു വലിയ തിരിച്ചടി താങ്ങാവുന്നതിനപ്പുറമായിരുന്നു. കുമാര്‍ ആദ്യം വീണുപോകുന്നത് അപ്പോഴാണ്. ആറുമാസങ്ങള്‍ക്കു മുമ്പായിരുന്നു ആ വീഴ്ച്ച. തലച്ചോറിലെ ഞരമ്പ് പൊട്ടിയതായിരുന്നു കാരണം. അത്ഭുതമെന്നു പറയാം, ആ വീഴ്ച്ചയില്‍ നിന്നും കുമാര്‍ എഴുന്നേറ്റു. അതിനുശേഷമാണ് ഉത്തര ചെമ്മീന്‍ എന്ന സിനിമ എഴുതുന്നത്. ആ സ്‌ക്രിപ്റ്റ് ചെയ്യുമ്പോള്‍ തന്നെ മറ്റു രണ്ടു സിനിമകള്‍ക്കു കൂടി എഴുതാന്‍ ഏറ്റിരുന്നു.

സ്വകാര്യ ജീവിതത്തിലെ തിരിച്ചടികള്‍ക്കൊപ്പം സിനിമയില്‍ നിന്നും കുമാറിന് ചില പ്രശ്നങ്ങള്‍ ഉണ്ടായി. വിശ്വാസ വഞ്ചന അത്ര പുതുമയൊന്നുമല്ലാത്ത സിനിമാലോകത്ത് അതിന്റെ ഇരയാകേണ്ട ഗതികേട് കുമാറിനും വന്നു. മുമ്പായിരുന്നെങ്കില്‍ പണം കിട്ടിയില്ലെങ്കില്‍ പോട്ടെയെന്നു വയ്ക്കുന്ന പ്രകൃതമായിരുന്നു കുമാറിന്. പക്ഷേ ജീവിതം മുമ്പത്തേക്കാള്‍ ദുസഹമായി തോന്നിയപ്പോള്‍, താനടക്കം അഞ്ചുപേര്‍ക്ക് ജീവിക്കാന്‍ ഈ വരുമാനമല്ലാതെ മറ്റൊന്നും തനിക്കില്ലെന്നു കുമാറിന് അറിയാമായിരുന്നു. പറഞ്ഞുറപ്പിച്ച പ്രതിഫലം കിട്ടാതെ വന്നതോടെ ഉത്തര ചെമ്മീനെതിരെ കുമാര്‍ ഫെഫ്കയ്ക്കു പരാതി നല്‍കി. തുടര്‍ന്ന് സിനിമയ്ക്ക് സ്റ്റേ വന്നു. എന്നാല്‍ സിനിമ പുറത്തുവന്നില്ലെങ്കില്‍ നഷ്ടം വരുന്ന കുറച്ചുപേരുണ്ടായിരുന്നു. അവരെയൊക്കെ ആ സിനിമയില്‍ പങ്കാളിയാക്കിയതും കുമാറായിരുന്നു. താന്‍ കാരണം അവരുടെ പ്രതീക്ഷകള്‍ തകരരുതെന്ന് തീരുമാനിച്ചതോടെ പരാതി പിന്‍വലിച്ചു. സിനിമയോടും സഹപ്രവര്‍ത്തകരോടും അങ്ങോട്ട് കാണിച്ച ആത്മാര്‍ത്ഥതയും സ്‌നേഹവും തിരിച്ചു കിട്ടില്ലെന്ന് കുമാറിന് അറിയാമായിരുന്നോ എന്തോ?

ഇപ്പോള്‍ പത്തുദിവസമായി തളര്‍ന്നുകിടക്കുന്ന ആ മനുഷ്യനെ തേടി സിനിമയില്‍ നിന്നും വന്നത് വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. ഒരു ആശ്വാസം, കുമാര്‍ ഇതൊന്നും അറിയുന്നില്ല…

വിദഗ്ധ ചികിത്സ കിട്ടിയാല്‍ കുമാറിന് ജീവിതത്തിലേക്ക് തിരിച്ചുവരാം. പക്ഷേ അന്നന്നത്തെ കാര്യം നടന്നുപോകാന്‍ തന്നെ മറ്റുള്ളവരുടെ കാരുണ്യം വേണ്ട അവസ്ഥയില്‍ എന്തു ചെയ്യുമെന്നറിയാതെ വിഷമിക്കുകയാണ് ഭാര്യ ജയയും ഇവരുടെ മരുമകളും. ഗീരീഷ്, റഷീദ് തുടങ്ങിയ സുഹൃത്തുക്കളുടെ സഹായത്തിലാണ് കഴിഞ്ഞ കുറെ നാളുകളായി ഈ കുടുംബത്തിന്റെ നിത്യ ചെലവുകള്‍ക്ക് നടന്നുപോകുന്നത്. മരുന്നുവാങ്ങാന്‍ പോലും മറ്റുള്ളവരുടെ സഹായം തേടേണ്ട ഗതികേടിലാണ് തങ്ങളെന്നു ജയ പറയുന്നു. സിനിമയില്‍ ഒരുപാട് പേരെ സഹായിച്ചയാളാണ് ചേട്ടന്‍. ഇത്ര ദിവസമായി ഈ കിടപ്പുകിടക്കാന്‍ തുടങ്ങിയിട്ട്. ഇന്നുവരെ ഒന്നു കാണാന്‍ പോലും അവര്‍ക്കാര്‍ക്കും സമയം കിട്ടിയിട്ടില്ല. ഈ നഗരത്തില്‍ തന്നെ ജീവിക്കുന്നവരുമുണ്ട്. നേരില്‍ വരാന്‍ സമയമില്ലെങ്കില്‍ ഒന്നു വിളിക്കാന്‍ എങ്കിലും തോന്നാത്തതെന്തേ? ജയ ചോദിക്കുന്നു. സ്വന്തമായി ഒരു തുണ്ടുഭൂമിപോലും ഞങ്ങള്‍ക്കില്ല. ഞങ്ങള്‍ക്ക് ആകെയുള്ള ഒരാണ്‍ തുണയാണ് ഈ കിടക്കുന്നത്. കൂടുതല്‍ നല്ല ചികിത്സ കിട്ടിയാല്‍ ചേട്ടന്‍ എഴുന്നേല്‍ക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഈ ആശുപത്രിയില്‍ തന്നെ കിടക്കുന്നത് ചേട്ടന്റെ ചില സുഹൃത്തുക്കളുടെ സഹായം കൊണ്ടാണ്. അവര്‍ക്കും എത്രനാള്‍  നോക്കാന്‍ സാധിക്കും? ചേട്ടനെ  തിരിച്ചു കിട്ടിയാല്‍ മാത്രമെ ഇനി ഞങ്ങളുടെ ജീവിതം മുന്നോട്ടുപോകൂ. വേറെ ആരും സഹായിക്കാന്‍ ഇല്ലാത്തതുകൊണ്ട് പറയുന്നതാണ്. അതിലും വലിയ സങ്കടം ചേട്ടനെ ഓര്‍ത്താണ്. രാത്രിയില്‍ ഉറക്കമില്ലാതെ കിടന്നു പറയുന്നതു മുഴുവന്‍ സിനിമയെ കുറിച്ചും നാടകത്തെ കുറിച്ചുമാണ്. അവ്യക്തമായിട്ടാണ് ശബ്ദം പുറത്തുവരുന്നത്. ഞാന്‍ കട്ടിലിന് അടുത്തിരുന്ന് എല്ലാം കേട്ടു മനസിലാക്കാന്‍ ശ്രമിക്കും. പറയുകയല്ല, കരയുകയാണ് ചേട്ടന്‍…ഒരുപാട് ഇനിയും എഴുതാനുണ്ടെന്നാണ് പറയുന്നത്. അതൊക്കെ നടക്കുമോ എന്നാവാം പാവം ചോദിക്കുന്നത്. ഞാന്‍ എന്തു മറുപടിയാണ് പറയേണ്ടത്. വല്ലവരുടെയും സഹായം കൊണ്ടു ജീവിതം തള്ളിനില്‍ക്കേണ്ടിവരുന്ന ഞങ്ങള്‍ക്ക് എന്താണ് ചെയ്യാന്‍ കഴിയുക.? ജയയുടെ വാക്കുകളില്‍ കണ്ണുനീര്‍ കലര്‍ന്നു…

പി എസ് കുമാര്‍ എന്ന കലാകാരന് ഇനിയും ഏറെ ചെയ്യാനുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹം ജീവിതത്തിലേക്ക് തിരികെ വരേണ്ടതമുണ്ട്. കിടന്നുപോയ ഈ കലാകാരന്റെ കൈ പിടിക്കാന്‍ നമുക്ക് കഴിഞ്ഞാല്‍ കണ്ണീര്‍പ്പാടുകളായി മനസില്‍ സൂക്ഷിക്കുന്ന ആ സ്വപ്‌നങ്ങള്‍ അദ്ദേഹത്തിന് യാഥാര്‍ത്ഥ്യമാക്കാം…

തുടങ്ങിവച്ച ആ ഡയറി എഴുത്ത് അദ്ദേഹം പൂര്‍ത്തിയാക്കട്ടെ…അതില്‍ ഒത്തിരി കഥകളുണ്ടാവും….

പി എസ് കുമാറിനെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന ബാങ്ക് അകൗണ്ട് ഉപയോഗിക്കേണ്ടതാണ്

suresh kumar
a/c no. 67351283264
state bank of travencor
cherthala branch
ifsc sbtr0001015

phone-9388705234( jaya suresh)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍