UPDATES

കാഴ്ചപ്പാട്

ഡോ. ജിമ്മി മാത്യു

ന്യൂസ് അപ്ഡേറ്റ്സ്

ടൈഫോയ്ഡ് മേരിയും കീഴ്ശ്വാസ വെല്ലുവിളിയും

ഞാന്‍ എന്റെ ഒരു സുഹൃത്തിനെ കണ്ട് മടങ്ങുകയായിരുന്നു. സുഹൃത്തിന് കഴുത്തിലെ കശേരുക്കളില്‍ ക്ഷയരോഗ ബാധയുണ്ടായതായി അറിഞ്ഞാണ് പോയത്. ഇപ്പോള്‍ വേദന മാറി, ജോലിക്കും പോയിത്തുടങ്ങി. ഒരു മാസമായി മരുന്നു കഴിക്കുന്നുണ്ട്. ഇനിയും മാസങ്ങള്‍ കഴിക്കണം.

ചരിത്രത്തില്‍ അറിയപ്പെടുന്ന എത്രയോ ആളുകള്‍ ക്ഷയരോഗം വന്നു മരിച്ചു. ഒരു കാലത്ത് ഹൃദ്രോഗത്തേക്കാള്‍ സാധാരണവും മരണകാരിയുമായിരുന്നു ക്ഷയരോഗം. കമലാ നെഹ്‌റു ക്ഷയരോഗം വന്നാണ് മരിച്ചത്. പതിനഞ്ചു വയസ്സുള്ള ഇന്ദിരയ്ക്ക് ക്ഷയരോഗം ഉണ്ടായിരുന്നിരിക്കാന്‍ സാദ്ധ്യതയുണ്ടെന്നും അപ്പോഴേയ്ക്കും അതിനെതിരായ ആന്റിബയോട്ടിക്കുകള്‍ കണ്ടുപിടിച്ചതിനാല്‍ രക്ഷപ്പെട്ടതാണെന്നും പ്രസിദ്ധ ചരിത്രകാരന്‍ രാമചന്ദ്രഗുഹ കാര്യകാരണ സഹിതം പറയുന്നു.

എന്റെ അമ്മൂമ്മയുടെ ചേച്ചിയുടെ ഭര്‍ത്താവ് ചെറുപ്പത്തിലേ ക്ഷയരോഗം വന്നു മരിച്ചതാണ്. അമ്മൂമ്മയ്ക്ക് അറുപതു വയസ്സായപ്പോള്‍ തലച്ചോറില്‍ ക്ഷയബാധയുണ്ടായി. ഒമ്പതുമാസം മരുന്നു കഴിച്ചു. ഇപ്പോള്‍ എണ്‍പത്തഞ്ചു കഴിഞ്ഞു. നല്ല ഉഷാറായി നടക്കുന്നുണ്ട്.

വരുന്ന വഴി ഫേസ് ബുക്ക് നോക്കിയപ്പോള്‍ അതാ വെല്ലുവിളി കിടക്കുന്നു. പരസ്യമാണ്.

”രോഗാണുക്കള്‍ രോഗകാരണമാണെന്ന് തെളിയിക്കുന്നവര്‍ക്ക് പത്തുലക്ഷം രൂപ സമ്മാനം”.

വെല്ലുവിളിയാണ്. ഒരു പ്രമുഖ ‘ചികിത്സകന്റെ’ ‘ആരോഗ്യ കമ്പനി’ യുടെ പരസ്യമാണ്. ആരോടാണ് വെല്ലുവിളി എന്നറിയില്ല. ആധുനിക വൈദ്യശാസ്ത്രത്തോടും ആരോഗ്യവകുപ്പിനോടുമായിരിക്കും എന്നൂഹിക്കാം.

ഇതുകണ്ടപ്പോള്‍ എന്തുകൊണ്ടോ ഞാന്‍ ‘ടൈഫോയ്ഡ് മേരിയെ ഓര്‍ത്തുപോയി. ആദ്യമായി സൂക്ഷ്മജീവികളെപ്പറ്റി വിശദമായി പഠിച്ച ലൂയി പാസ്ചറിനെയോ, രോഗികളെ ചികിത്സിക്കുന്നതിനു മുമ്പ് കൈ കഴുകണമെന്ന് ആദ്യമായി പറഞ്ഞ സിമ്മല്‍ വെയിസിനെയോ, രോഗാണുമുക്ത ശസ്ത്രക്രിയ സാദ്ധ്യമാക്കിയ ജോസഫ് ലിസ്റ്ററിനെയോ, പെനിസിലിന്‍ എന്ന കണ്ടുപിടുത്തത്തിലൂടെ ലക്ഷക്കണക്കിനാളുകളുടെ ജീവന്‍ രക്ഷിച്ച അലക്‌സാണ്ടര്‍ ഫ്‌ളെമിംഗിനെയോ എന്തുകൊണ്ട് ഓര്‍ത്തില്ല?

അതറിഞ്ഞുകൂടാ. ടൈഫോയ്ഡ് മേരിയെയാണ് പെട്ടെന്ന് ഓര്‍മ്മവന്നത്. നമ്മുടെ ചാളമേരി എന്നൊക്കെ പറയുന്നപോലെ ചരിത്രപ്രസിദ്ധമായ ഒരു വനിതയാണ് ടൈഫോയ്ഡ് മേരി.

കഥ തുടങ്ങുന്നത് ഒരു നൂറില്‍ ചില്ല്വാനം കൊല്ലങ്ങള്‍ക്കുമുമ്പാണ്. ആയിരത്തിത്തൊള്ളായിരത്തി ഏഴില്‍. ഒരു ബാങ്കു മുതലാളിയും കുടുംബവും സ്വന്തം റിസോര്‍ട്ടില്‍ ഒരു മാസം താമസത്തിനുപോയി. അമേരിക്കയിലാണ്. ഭക്ഷണം പാകം ചെയ്യാന്‍ പാചകക്കാരിയും മറ്റു വേലക്കാരികളുമുണ്ട്.

ആദ്യം മകള്‍ക്കാണ് അസുഖം പിടിപെട്ടത്. ടൈഫോയ്ഡാണെന്ന് സ്ഥിരീകരിച്ചു. പിന്നെ കുടുംബത്തില്‍ ഓരോരുത്തര്‍ക്കായി ടൈഫോയ്ഡ് പിടിപെട്ടു തുടങ്ങി. പതിനൊന്നു കുടുംബാംഗങ്ങളില്‍ ഏഴുപേര്‍ക്കും ടൈഫോയ്ഡ് പിടിച്ചു. ഭാഗ്യത്തിന് ആരും മരണപ്പെട്ടില്ല.

മലം, മൂത്രം എന്നിവയാല്‍ വെള്ളത്തില്‍ക്കൂടിയാണ് ടൈഫോയ്ഡ് പകരുന്നത് എന്നതിനാലും അന്നത് വളരെ ഗുരുതരരോഗം ആയതിനാലും ആരോഗ്യവകുപ്പ് റിസോര്‍ട്ട് പൂട്ടിച്ചു. രോഗം എവിടെന്നുവന്നു?

അതു കണ്ടുപിടിക്കേണ്ടത് മുതലാളിയുടെ ഒരാവശ്യമായി മാറി. ജോര്‍ജ് സോപ്പര്‍ എന്ന ഒരു പകര്‍ച്ചവ്യാധി അന്വേഷകനെ അയാള്‍ കേസ് ഏല്‍പ്പിച്ചു.

ഇതിനിടെ മേരി മെലണ്‍ എന്നു പേരായ പാചകക്കാരി അപ്രത്യക്ഷയായി. ജോര്‍ജ് സോപ്പര്‍ അവരെ തിരയാനാരംഭിച്ചു. അന്വേഷണത്തിലാണ് മനസ്സിലായത് മേരിചേച്ചി ഇതിനുമുമ്പ് ഏഴു സ്ഥലങ്ങളില്‍ പാചകക്കാരിയായി ജോലി ചെയ്തിട്ടുണ്ട്. ബാങ്കു മുതലാളിയുടെ അടുത്ത് ജോലിക്ക് കയറിയിട്ടേ ഉണ്ടായിരുന്നുള്ളു. നിന്നിടത്തൊക്കെ മനുഷ്യര്‍ ടൈഫോയ്ഡ് വന്നു കിടപ്പിലാവുകയായിരുന്നു. പലരും മരിച്ചുപോയി. ഓരോ രോഗബാധ പൊട്ടിപ്പുറപ്പെട്ടു കഴിഞ്ഞാല്‍ മേരിചേച്ചി സ്ഥലം കാലിയാക്കും. പിന്നെ അടുത്ത സ്ഥലത്തു ജോലി.

ജോര്‍ജേട്ടന്‍ അവസാനം മേരിയെ പിടിച്ചു. കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. ”മലം ടെസ്റ്റ് ചെയ്യാന്‍ തരണം” എന്നും പറഞ്ഞു.

”ഓ ആയിക്കോട്ടെ” എന്ന് മേരിചേച്ചി, പറഞ്ഞില്ല!

വലിയ കറിക്കത്തിയെടുത്ത് ജോര്‍ജേട്ടനെ വീടിനു ചുറ്റും ഓടിച്ചിട്ടു.

ജോര്‍ജേട്ടന്‍ പിന്നെ വന്നത് ആരോഗ്യ വകുപ്പിലെ ഡോക്ടറും കുറേ പൊലീസുകാരുമായാണ്. മേരി മെലണ്‍ എന്ന മേരിചേച്ചിയെ ബലമായി പിടികൂടി ആസ്പത്രിയിലാക്കി.

മലം പരിശോധിച്ചപ്പോള്‍ അതാ – ”സാല്‍മൊണെല്ല” എന്ന ടൈഫോയ്ഡ് ഉണ്ടാക്കുന്ന ബാക്ടീരിയ ധാരാളമായി പുളക്കുന്നു.

എന്നാല്‍ മേരി മേലണ്‍ ആരോഗ്യവതിയായിരുന്നു. ‘ഹെല്‍ത്തി കാരിയര്‍’ എന്നറിയപ്പെടുന്ന രോഗമില്ലാത്ത രോഗാണുവാഹകയായിരുന്നു ആ സ്ത്രീ.

കോടതി പക്ഷേ മേരിയെ പിന്നീട് മോചിപ്പിച്ചു. പാചകക്കാരിയായി ജോലി ചെയ്യില്ല എന്ന ഉറപ്പിന്മേല്‍ മേരി സ്വതന്ത്രയായി.

എന്നാല്‍ മേരി മെലണ്‍ മേരി ബ്രൗണ്‍ എന്ന കള്ളപ്പേരില്‍ ജോലി തുടര്‍ന്നു. അഞ്ചുവര്‍ഷത്തിനുശേഷം ഇരുപത്തേഴുപേര്‍ക്ക് ഒറ്റയടിക്ക് ടൈഫോയ്ഡ് വന്ന കേസില്‍ വീണ്ടും അകത്തായി.

പിന്നെ വയസ്സായി മരിക്കുന്നതുവരെ ഒരുതരം വീട്ടുതടങ്കലിലായിരുന്നു മേരിചേച്ചി. പോസ്റ്റുമോര്‍ട്ടം ചെയ്തു പരിശോധിച്ചപ്പോള്‍ പിത്തസഞ്ചിയില്‍ നിറയെ സാല്‍മൊണെല്ലയാണ്. ഇടയ്ക്കിടെ ഇവ കുടലിലൂടെ, മലത്തിലൂടെ പുറത്തെത്തും. അമ്പതുപേരുടെ വരെ മരണത്തിന് അവര്‍ കാരണക്കാരിയായിട്ടുണ്ടെന്ന് പറയപ്പെടുന്നു.

ചില കാര്യങ്ങള്‍ പ്രസ്താവയോഗ്യമാണ്:

1907 ല്‍ തന്നെ ഇതിനെപ്പറ്റിയൊക്കെ നല്ല ധാരണയുണ്ടായിരുന്നു.

ബോധപൂര്‍വ്വമല്ലെങ്കില്‍ കൂടി, രോഗം പരത്തുന്നത് വളരെ ഗൗരവമായി കണ്ടിരുന്ന അധികാരികള്‍ ഉണ്ടായിരുന്നു.

ഇന്നാണെങ്കില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് മരണകാരണമാകുന്നത് കേരളത്തില്‍ ആരും മൈന്‍ഡു ചെയ്യാറില്ല.

ഇവിടായിരുന്നെങ്കില്‍ മേരിചേച്ചി ‘മേരി തെക്കുപുരക്കല്‍ എന്നു പേരുമാറ്റി ഒരു പ്രസിദ്ധ ചികിത്സാകേന്ദ്രം തുടങ്ങിയേനെ. മരണം വരെ സ്വന്തം പ്രശ്‌നം എന്താണെന്ന് മനസ്സിലാക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല.

ആ യോഗ്യത തന്നെ ധാരാളം പിന്നെ ഒരു പരസ്യവും കൊടുത്തേനെ:

”ടൈഫോയ്ഡ് പകരുന്നത് രോഗാണുക്കള്‍ കാരണമാണെന്ന് തെളിയിക്കുന്നവര്‍ക്ക് പത്തുലക്ഷം രൂപ സമ്മാനം”.

അടിസ്ഥാന ജ്ഞാനമില്ലാത്ത അനൗദ്യോഗിക ചികിത്സകര്‍ക്ക് പക്ഷേ ഇവിടെ:

”കാശോണ്ട്, പത്രാസൊണ്ട്, മൈക്കൊണ്ട്,
ആളൊണ്ട്, പേരൊണ്ട്, പത്രക്കാരൊണ്ട്”

(മറ്റേ നടന്റെ പോലെ ഈണത്തില്‍ വായിക്കണം).

മുന്‍പറഞ്ഞ പരസ്യത്തിലോ?

”ഗ്യാസൊണ്ട്, സള്‍ഫൈഡൊണ്ട്, കാര്‍ബണ്‍ ഡയോക്‌സൈഡൊണ്ട്, മീതൈനൊണ്ട്, നാറ്റമൊണ്ട്”

ചുരുക്കിപ്പറഞ്ഞാല്‍ നല്ല ഒരു കീഴ്ശ്വാസത്തിലുള്ള എല്ലാമുണ്ട്.

‘ചളി’ ക്കു വിളി കേള്‍ക്കലല്ല എല്ലാവര്‍ക്കും പണി.

അപ്പോ എന്തൊക്കെയാണു പണി?

”ക്ഷയമൊണ്ട്, കുഷ്ഠമൊണ്ട്, ഡെങ്കിയൊണ്ട്, ടൈഫോയിഡൊണ്ട്” പിന്നെയോ? ഇതൊക്കെ ചികിത്സിക്കാന്‍ മരുന്നുമൊണ്ട്.

മറ്റേ കീഴ്ശ്വാസത്തിന് മരുന്നില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

ഡോ. ജിമ്മി മാത്യു

ഡോക്ടര്‍ ജിമ്മി മാത്യു, എം സ്, എം സി എച്ച്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എം ബി ബി സ് കഴിഞ്ഞ്, ജിപ്മെര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവയില്‍ നിന്ന് തുടര്‍ പരിശീലനങ്ങള്‍ നടത്തി. ബംഗളുരുവില്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജ്, ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, കൊച്ചി അമൃത മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ജോലി ചെയ്തിട്ടുണ്ട്. ഇന്‍ഫോ ക്ലിനിക് എന്ന കൂട്ടായ്മയുടെ മെമ്പര്‍ ആണ്. ഡി സി പ്രസിദ്ധീകരിച്ച 'ചിരിയിലൂടെ ചികിത്സ' തുടങ്ങിയ ധാരാളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. Blog - https://healthylifehappylife.in/

More Posts - Website

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍