UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജീവന്‍ കളഞ്ഞും സെല്‍ഫിയെടുക്കുന്നതിന് പിന്നില്‍

Avatar

മൈക്കല്‍ വെയ്ഗോള്‍ഡ്

2016 സെല്‍ഫിക്ക് ഇതുവരെയും അത്ര നല്ല വര്‍ഷമല്ല.

ഫെബ്രുവരിയില്‍ അര്‍ജന്‍റീനക്കാരായവിനോദസഞ്ചാരികള്‍ ഒരു കുഞ്ഞ് ഡോള്‍ഫിനു ചുറ്റും സെല്‍ഫിയെടുക്കാന്‍ തിക്കും തിരക്കും കൂട്ടി. വംശനാശ ഭീഷണി നേരിടുന്ന ഇനത്തിലുള്ള ആ പാവം ജീവി സമ്മര്‍ദവും ചൂടും സഹിക്കാതെ ചത്തുപോയി.

മാര്‍ച്ച് ആദ്യം മാസിഡോണിയയില്‍ , സെല്‍ഫിയെടുക്കാന്‍ വേണ്ടി ഒരു സഞ്ചാരി തടാകത്തില്‍ നിന്നും വലിച്ചുകയറ്റിയ ഒരു അരയന്നം ചത്തുപോയി.

ഈ ജീവികളുടെ മരണം വലിയ പ്രതിഷേധം ഉണ്ടാക്കിയെങ്കിലും മനുഷ്യര്‍ സെല്‍ഫിയെടുക്കാന്‍ വേണ്ടി സ്വന്തം ജീവന്‍ തന്നെ അപകടത്തിലാക്കാന്‍ തയ്യാറാകുന്നത് കൂടുകയാണ്. 2015-ല്‍ റഷ്യന്‍ അധികൃതര്‍ ‘ഒരു സെല്‍ഫിയുടെ വില നിങ്ങളുടെ ജീവനായിരിക്കാം’ എന്നൊരു പ്രചാരണംതന്നെ തുടങ്ങി.

കാരണം? അതിസാഹസികമായ സെല്‍ഫികളെടുക്കാന്‍ ശ്രമിക്കവേ 100 റഷ്യക്കാര്‍ക്കെങ്കിലും  ജീവഹാനിയോ പരിക്കോ സംഭവിച്ചെന്നാണ് പോലീസ് കണക്ക്.  വെടികൊണ്ടു പരിക്കേറ്റ ഒരു സ്ത്രീയും, ഗ്രനേഡ് പൊട്ടി മരിച്ച രണ്ടു പുരുഷന്മാരും ഓടുന്ന തീവണ്ടിക്ക് മുന്നില്‍ സെല്‍ഫിഭാഗ്യം നോക്കിയവരുമൊക്കെ ഇക്കൂട്ടത്തിലുണ്ട്.

ഉയരങ്ങളാണ് സെല്‍ഫി പ്രേമികളുടെ മറ്റൊരു കെണി. പാലത്തിന് മുകളില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ഒരു പോളണ്ടുകാരന്‍ സ്പെയിനിലെ സേവില്ലെയില്‍ താഴെ വീണു മരിച്ചു. 2014 മെയില്‍ ഒരു സെസ്ന വൈമാനികന് ആകാശത്തുവെച്ചുള്ള സെല്‍ഫി ശ്രമത്തില്‍ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു, വിമാനം തകര്‍ന്നു,യാത്രക്കാരും അയാളും മരിച്ചു.

അപായകരമായ ശ്രമങ്ങള്‍ മാത്രമല്ല സെല്‍ഫി മരണങ്ങള്‍ക്ക് കാരണം. ശാരീരിക വക്രതയുള്ള ഒരു കൌമാരക്കാരന്‍ നല്ലൊരു സെല്‍ഫിയെടുക്കാന്‍ പറ്റാത്തത്തില്‍ മനം നൊന്താണ് ആത്മഹത്യ ചെയ്തത്.

ആത്മരതിയുടെയും ഔചിത്യമില്ലായ്മയുടെയും ആരോപണങ്ങള്‍ സെല്‍ഫി പ്രേമികള്‍ക്കുനേരെ എപ്പോഴും നീളാറുണ്ട്. എന്നാല്‍ Snapchat പോലുള്ള apps സെല്‍ഫി ഭ്രമത്തെ വര്‍ദ്ധിപ്പിക്കുകയാണ്.

വാസ്തവത്തില്‍ എന്താണ് സംഭവിക്കുന്നത്? ഒരു സംവേദനസൂചകമായി സെല്‍ഫി എന്തുകൊണ്ടാണ് ഇത്ര ഉപയോഗിക്കപ്പെടുന്നത്? എന്താണ് സ്വന്തം ജീവന്‍ അപായപ്പെടുത്തിപ്പോലും (ചിലപ്പോള്‍ മറ്റ് ജീവികളുടെയും) സെല്‍ഫിയെടുക്കാന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്ന മനഃശാസ്ത്രം.

കൃത്യമായ ഉത്തരങ്ങളില്ലെങ്കിലും ഒരു മനഃശാസ്ത്രജ്ഞന്‍ എന്ന നിലക്ക് ഈ 21-ആം നൂറ്റാണ്ടിലെ പ്രതിഭാസത്തെ ഞാന്‍ കൂടുതല്‍ അന്വേഷിക്കുകയാണ്.

 

സെല്‍ഫിയുടെ ചരിത്രം
റോബെര്‍ട് കോര്‍നെലിയസ് എന്ന അമേരിക്കന്‍ ഛായാഗ്രാഹകനാണ് ആദ്യ സെല്‍ഫിയുടെ അവകാശി: 1839-ല്‍ ക്യാമറ തയ്യാറാക്കിവെച്ച് കോര്‍നെലിയസ് ഓടിപ്പിടഞ്ഞു മുന്നില്‍ച്ചാടി ചിത്രമെടുക്കുകയായിരുന്നു.

പിന്നീട് 20-ആം നൂറ്റാണ്ടില്‍ നൂതനങ്ങളായ ക്യാമറകള്‍ വന്നതോടെ സ്വന്തം ചിത്രമെടുപ്പ് വര്‍ധിച്ചു. കണ്ണാടിക്ക് മുന്നില്‍ നിന്നായിരുന്നു ഇതിലധികവും.

മൊബൈല്‍ ഫോണില്‍ ക്യാമറ വന്നതോടെയാണ് സെല്‍ഫിയുടെ പൂരക്കാലം തുടങ്ങുന്നത്. പിന്നാലേ വന്നു സെല്‍ഫിക്കായി നീണ്ട വടി. അത് കുറച്ചുകാലം കൊണ്ടാടപ്പെടുകതന്നെ ചെയ്തു. 2014-ലെ 25 മികച്ച കണ്ടുപിടിത്തങ്ങളിലൊന്നായി ടൈം ഇതിനെ വിശേഷിപ്പിച്ചു. എന്നാല്‍ വിമരശകര്‍ ആത്മരതിയുടെ വടി (Narcissticc) എന്നു വിമര്‍ശിച്ച ഇതിപ്പോള്‍ പല മ്യൂസിയങ്ങളിലും അനുവദിക്കുന്നില്ല.

എന്തൊക്കെ ആക്ഷേപങ്ങളുയര്‍ന്നാലും ശരി സെല്‍ഫിയുടെ ജനപ്രിയത വര്‍ദ്ധിച്ചുവരികയാണ്. കൃത്യം കണക്കുകള്‍ വ്യക്തമല്ലെങ്കിലും android ഉപകരണങ്ങളിലെ മാത്രം ഒരു ദിവസം 1 മുതല്‍ 93 ദശലക്ഷം വരെ സെല്‍ഫികള്‍ പോകുന്നുണ്ട്.

ഇക്കൊല്ലം വന്ന ഒരു ബ്രിട്ടീഷ് വാര്‍ത്ത അറയുന്നത് ചെറുപ്പക്കാരികളാണ് വലിയ സെല്‍ഫി ഭ്രമക്കാരികള്‍ എന്നാണ്. ആഴ്ച്ചയില്‍ ഏതാണ്ട് 5 മണിക്കൂര്‍ വരെ ഇതിനായി ചെലവഴിക്കുന്നു. എന്താണ് കാരണം? അവനവനെ നന്നായി കാണാന്‍. മറ്റുള്ളവരെ അസൂയപ്പെടുത്താനും, ചതിയന്‍മാരായ പങ്കാളികളെ അതിനെക്കുറിച്ചോര്‍ത്ത് വിഷമിപ്പിക്കാനും ഇതൊരു വഴിയാക്കുന്നുണ്ട്.

ആത്മവിശ്വാസം കൂട്ടാനോ അതോ ആത്മരതിയോ?
ചില സെല്‍ഫികള്‍ ഗുണം ചെയ്യുന്നുണ്ട്.

ചില സെല്‍ഫികള്‍ ചെറുപ്പക്കാര്‍ക്ക് തങ്ങളുടെ വികാരങ്ങളും അനുഭവങ്ങളും പ്രകടിപ്പിക്കാനും പങ്കുവെയ്ക്കാനും സഹായിക്കുന്നുവെന്ന് മനഃശാസ്ത്രജ്ഞ ആന്ദ്രിയ ലേറ്റാമെണ്ടി പറയുന്നു.

അത് ആത്മവിശ്വാസം കൂട്ടുമെന്നും വാദമുണ്ട്.

എന്നാലും സെല്‍ഫിയുടെ നിഷേധാത്മകവശങ്ങളും ധാരാളമാണ്. സെല്‍ഫി ആത്മവിശ്വാസം കൂട്ടുമെന്ന് പറയുന്നുണ്ടെങ്കിലും ഒരു പഠനം കാണിക്കുന്നത് സ്വശരീരത്തെക്കുറിച്ചുള്ള മോശമായ നിഗമനങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലെ സെല്‍ഫികള്‍ ചെറുപ്പക്കാരികളില്‍ ഉണ്ടാക്കുന്നു എന്നാണ്.

അപകടങ്ങളും മറ്റ് അരസികത്വങ്ങളും മാറ്റിവെച്ചാലും സെല്‍ഫികള്‍ ആത്മരതിയുടെ ഫലമോ അതിന്റെ കാരണമോ ആണ്.

“അവനവനെ വീര്‍പ്പിച്ചുകാണുന്നതിനൊപ്പം മറ്റുള്ളവരെ ഗണിക്കാതിരിക്കുകകൂടി” ചെയ്യുന്നതിനെയാണ് Psychology Today-ഇല്‍ പീറ്റര്‍ ഗ്രേ ആത്മരതി എന്നു വിളിക്കുന്നത്.

ആത്മരതിക്കാര്‍ തങ്ങളുടെ കഴിവുകളെ പെരുപ്പിച്ചു കാണിക്കുകയും വിമര്‍ശങ്ങളോട് ദേഷ്യത്തോടെ പ്രതികരിക്കുകയും ചെയ്യുന്നു. ഈ പ്രവണത കലാലയ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 30 വര്‍ഷം മുമ്പുള്ളതിനെക്കാള്‍ കൂടുതലാണിന്നു എന്ന് ഗ്രേ പറയുന്നു.

സെല്‍ഫിയും ആത്മരതിയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവോ? മനഃശാസ്ത്രജ്ഞ ഗ്വെനോദ്ലിന്‍ സീഡ്മാന്‍ സൂചിപ്പിക്കുന്നത് ബന്ധമുണ്ടെന്നാണ്. ഫെയ്സ്ബുക് സെല്‍ഫികളെക്കുറിച്ചുള്ള രണ്ടു പഠനങ്ങള്‍ ഇതിനായി അവര്‍ ആധാരമാക്കുന്നു. ആയിരത്തിലേറെ ആളുകളെ ഇതില്‍ ഉള്‍പ്പെടുത്തി.

ഇക്കൂട്ടത്തില്‍ കൂടുതല്‍ സെല്‍ഫികളിട്ട പുരുഷന്മാര്‍ ആത്മരതി പ്രവണതകള്‍ കൂടുതലായി ഉള്ളവരായിരുന്നു. സ്ത്രീകളില്‍ സെല്‍ഫികളുടെ എണ്ണക്കൂടുതല്‍ ആത്മരതിയുടെ ഉപവിഭാഗം എന്നുപറയാവുന്ന ‘പ്രശംസ ആവശ്യപ്പെടുന്ന’ തരക്കാരായിരുന്നു. പ്രത്യേക അവകാശങ്ങളോ മറ്റുള്ളവരില്‍ നിന്നും ഉയര്‍ന്നുനില്‍ക്കുന്നു എന്ന തോന്നാലോ ഉള്ളവര്‍.

നിഗമനം: സെല്‍ഫി ആത്മരതിയുടെ ബന്ധു തന്നെ.

മറ്റുള്ളവരുമായി താരതമ്യം
ഈ തലമുറയുടെ ആത്മപ്രകാശനമാണ് സെല്‍ഫി എന്ന് തോന്നുന്നു.

രണ്ടു മാനദണ്ഡങ്ങളിലൂടെയാണ് ഇതിനെ കണക്കാക്കുന്നത്: വിശ്വാസ്യത (എന്നെക്കുറിച്ച് ഞാന്‍ പുറപ്പെടുവിക്കുന്ന അവകാശവാദങ്ങളുടെ വിശ്വാസ്യത), പ്രയോജനപരത ( ഇത്തരം അവകാശവാദങ്ങളുടെ ആകര്‍ഷണീയത, മികവ്).

ഇത്തരത്തില്‍ നോക്കിയാല്‍ സെല്‍ഫി ഒരു ഉത്തമ മാധ്യമമാണ്. കഴിവിന്റെയും ആവേശകരമായ ജീവിതത്തിന്റെയും അനുഭവങ്ങളുടെയും വ്യക്തിപരമായ സൌന്ദര്യത്തിന്റെയും അടയാളം.

തെളിവുകള്‍ സൂചിപ്പിക്കുന്നത് ആളുകള്‍ മുഖങ്ങള്‍ കാണാന്‍ ഇഷ്ടപ്പെടുന്നു എന്നാണ്. മറ്റേത് ചിത്രത്തെക്കാളും കൂടുതല്‍ ശ്രദ്ധയും പരാമര്‍ശങ്ങളും സെല്‍ഫിക്ക് കിട്ടുന്നു. ഇത് നവ സാമൂഹ്യ മാധ്യമങ്ങളിലെ സെല്‍ഫി പ്രിയത്തെ വര്‍ദ്ധിപ്പിക്കുന്നുണ്ട്.

ഈ സെല്‍ഫി ഇഷ്ടത്തിന്റെ ഒരു കാരണം സാമൂഹ്യ താരതമ്യ സിദ്ധാന്തത്തിന്റെ ഉള്ളില്‍ പരതിയാല്‍ കാണും.

ആളുകള്‍ക്ക് അവനവനെ മറ്റുള്ളവരുമായി താരതമ്യം ചെയ്യാനുള്ള ഒരു അന്തഃഛോദന ഉണ്ടെന്നാണ് ഈ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ലിയോണ്‍ ഫെസ്റ്റിങര്‍ പറയുന്നത്. നമ്മുടെ ആത്മവിപുലീകരണത്തിനും ആത്മവിശകലനത്തിനും ആത്മപരിശോധനക്കും ആത്മപുരോഗതിക്കും ഇത് ഉപയോഗിക്കും.

ഇതൊക്കെ ഗുണപരമായ വശങ്ങളാകാം. എന്നാല്‍ വാസ്തവത്തില്‍ ഇതല്ല സ്ഥിതി. സെല്‍ഫികള്‍  നവ സാമൂഹ്യമാധ്യമങ്ങളില്‍ ഇടുന്നവര്‍  അങ്ങനെ ചെയ്യാത്തവരെക്കാള്‍ ആത്മാഭിമാനം കുറഞ്ഞവരത്രേ!

ചുരുക്കത്തില്‍ സെല്‍ഫികള്‍ ആളുകളെ ആകര്‍ഷിക്കും, നല്ല കാര്യം തന്നെ. പക്ഷേ കാറപകടങ്ങളും അങ്ങനെതന്നെ.

നവ സാമൂഹ്യമാധ്യമങ്ങളിലെ ഇഷ്ടങ്ങളും അനുമോദനങ്ങളും അരക്ഷിതര്‍ക്കും ഒറ്റപ്പെട്ടവര്‍ക്കും നല്ലതുതന്നെ.

എന്നാല്‍ തെളിവുകളെ സന്തുലിതമായി പരിശോധിച്ചാല്‍ (ആളുകളുടെയും ജന്തുക്കളുടെയും മരണമടക്കം) ഈ പുതിയ ആവേശത്തില്‍ വല്ലാതെ ആഹ്ലാദിക്കാന്‍ ഒന്നുമില്ല.

(ഫ്ലോറിഡ സര്‍വ്വകലാശാലയില്‍ അഡ്വര്‍ടൈസിംഗ്  അദ്ധ്യാപകനാണ് ലേഖകന്‍, ദി കോണ്‍വര്‍സേഷനിലാണ് ഈ ലേഖനം ആദ്യം പ്രസിദ്ധീകരിച്ചത്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍