UPDATES

അഴിമുഖം ഡെസ്ക്

കാഴ്ചപ്പാട്

അഴിമുഖം ഡെസ്ക്

ന്യൂസ് അപ്ഡേറ്റ്സ്

മനഃശാസ്ത്രം; എന്നാണ് നമ്മുടെ മണ്ടന്‍ ധാരണകള്‍ മാറുക?

മുറി വൈദ്യത്തിന്റെയും ചികിത്സാ തട്ടിപ്പുകളുടെയും വാക്സിൻ  വിരുദ്ധതയുടെയും ചർച്ചകൾക്കിടയിലാണല്ലോ നാമിപ്പോൾ. എന്നാൽ അധികമാരും ശ്രദ്ധിക്കാത്ത, അല്ലെങ്കിൽ ശ്രദ്ധിച്ചിട്ടും ഒരു പ്രശ്നമായി തോന്നാത്ത ഒരു സംഗതി നമുക്കിടയിൽ തഴച്ചു വളരുന്നുണ്ട്. വ്യാജ കൗൺസിലർമാർ എന്നു പറയാവുന്ന പ്രൊഫഷണലി ക്വാളിഫൈഡ് അല്ലാത്ത സൈക്കോളജിസ്റ്റുകൾ!

സൈക്യാട്രിയും സൈക്കോളജിയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചുള്ള അവബോധം പോലും നമ്മുടെ സമൂഹത്തിനു വേണ്ട വിധം ഇല്ലെന്നത് ദുഃഖകരമായ വസ്തുതയാണ്. സൈക്യാട്രി എന്നത് മരുന്നു കൊടുത്ത് നടത്തുന്ന മനോരോഗ ചികിത്സയാണ്. അതു എം ബി ബി എസ് പഠിച്ച ശേഷം മനോരോഗ ചികിത്സയിൽ പ്രാവീണ്യം നേടിയ ഡോക്ടർമാർക്ക് മാത്രമേ ചെയ്യാനാവൂ. സൈക്കോളജി അഥവാ മനഃശാസ്ത്രം എന്നത് ഒരാളുടെ മനോവ്യാപാരങ്ങളുടെയും സ്വഭാവത്തെയും പറ്റിയുള്ള പഠനമാണ്. അതിന്റെ ചെറിയ ഒരു ഭാഗം മാത്രമാണ് കൗൺസിലിംഗ്. സൈക്കോ തെറാപ്പി (Psychotherapy ) ബിഹാവിയർ തെറാപ്പി (Behavior Therapy ) തുടങ്ങി മരുന്നു ആവശ്യമില്ലാത്ത ചികിത്സയാണ് മനഃശാസ്ത്രജ്ഞർ അഥവാ സൈക്കോളജിസ്റ്റുകൾ പ്രധാനമായും കൈകാര്യം ചെയ്യുന്നത്. സൈക്കോളജിയുടെ ബിരുദാനന്തര ബിരുദ കോഴ്‌സിൽ തന്നെ വിവിധ പ്രവർത്തന മേഖലകൾക്ക് വിവിധ സ്പെഷ്യലൈസേഷനുകൾ ഉണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്, ആശുപത്രികൾക്ക്, വ്യവസായ സ്ഥാപനങ്ങൾക്ക് അങ്ങനെ പ്രവർത്തന മേഖലകളിലെ പ്രശ്നങ്ങൾ അപഗ്രഥിക്കുന്ന വിശദമായ പഠന കോഴ്‌സുകൾ ലഭ്യമാണ്. പലർക്കും ഈ വിഷയത്തിൽ കാര്യമായ ജ്ഞാനം ഇല്ല എന്നത് കൊണ്ടാണ് ഇത്രയും ആമുഖമായി പറഞ്ഞത്. 

ആദ്യം പറഞ്ഞതുപോലെ മനഃശാസ്ത്രത്തെക്കുറിച്ചു കാര്യമായ അവബോധമില്ലാത്തവർ ഈ വിഷയം കൈകാര്യം ചെയ്യുന്നത് വളരെ അപകടകരമായ പ്രവണതയാണ്. വിദഗ്ദ പരിശീലനം നേടാത്ത ചികിത്സകരാണ് ഒരു വിഭാഗം. മറ്റേത് സയൻസ് വിഷയം പോലെ പ്രാക്ടിക്കൽ പേപ്പർ ഉള്ളതുകൊണ്ട് വിദൂര വിദ്യാഭ്യാസം വഴി പഠിക്കാൻ കഴിയാത്ത കോഴ്സ് ആണ് മനഃശാസ്ത്രം. അതുകൊണ്ടു തന്നെ വിദേശ രാജ്യങ്ങളിലും മറ്റും ജോലി തേടുമ്പോൾ വിദൂര വിദ്യാഭ്യാസം വഴിയും മറ്റുമുള്ള കോഴ്‌സുകളെ ആധികാരികമായ ഒന്നായി അംഗീകരിക്കാറില്ല. എന്നാൽ കേരളത്തിലെ സ്ഥിതി ദയനീയമാണ്. സ്ഥിരം ഉപദേശക വേഷമണിഞ്ഞ ചിലർ സംഘടിപ്പിക്കുന്ന രണ്ടോ മൂന്നോ ദിവസത്തെ സെമിനാറിൽ പങ്കെടുത്താൽ കൗൺസിലർ എന്ന സർട്ടിഫിക്കറ്റ് കിട്ടും . ‘കൗൺസിലിംഗ് എന്നു പറഞ്ഞാൽ ഉപദേശമല്ലേ’,  ‘വിഷമിച്ചിരുന്ന ഒരാളോട് പോട്ടെ സാരമില്ല എന്നു പറയാൻ ആർക്കും കഴിയില്ലേ’ എന്നൊക്കെയാണ് ഇങ്ങനെ ചികിത്സയ്ക്ക് ഇറങ്ങുന്നവർ വച്ചു പുലർത്തുന്ന ധാരണ. എന്നാൽ വെറും ഉപദേശത്തിനപ്പുറം പ്രശ്ന പരിഹാരത്തിന് മനസ്സിനെ സജ്ജമാക്കുക എന്നതാണ് യഥാർത്ഥത്തിൽ ചെയ്യേണ്ടത്.  ഉപദേശിക്കുന്നത് തെറ്റാണ് എന്നല്ല പറഞ്ഞു വരുന്നത്. ഇത്തരം കൗൺസിലർമാർ ഉപദേശത്തിനപ്പുറം ചികിത്സയിലേക്കും ഇറങ്ങുന്ന ചില അവസ്ഥകളുണ്ട്. 

മത സ്ഥാപനങ്ങളുടെ  കൗൺസിലിംഗ് സെന്ററുകളിൽ പോയ പരിചയം വെച്ചു പ്രാഥമികമായ വിദ്യാഭ്യാസമോ പരിശീലനമോ സാമൂഹ്യ ബോധമോ ഇല്ലാത്ത ചില വ്യക്തികൾ കൗൺസിലിംഗ് കൈകാര്യം ചെയ്യുന്ന വിവരം പലപ്പോഴായി സുഹൃത്തുക്കൾ പറഞ്ഞു കേട്ടിട്ടുണ്ട്. പൊതുയോഗങ്ങളിലും കുടുംബ കൂട്ടായ്മകളിലും മറ്റും കൗൺസിലർ എന്ന ലേബലിൽ ഇത്തരക്കാർ സെമിനാറുകളും ക്ളാസുകളും എടുക്കാറുണ്ടത്രെ. ഓട്ടിസം പോലെ അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ട അവസ്ഥകൾ ചികിത്സിക്കാറുള്ള ചിലരെപ്പറ്റിയും കേട്ടിട്ടുണ്ട്. അത്തരക്കാരോട് അവരുടെ വിദ്യാഭ്യാസ യോഗ്യതയെയോ അറിവിനേയോ പരീക്ഷിക്കാനുള്ള ഒന്നോ രണ്ടോ ചോദ്യങ്ങളെറിഞ്ഞു നോക്കൂ.  അമ്പരപ്പിക്കുന്ന ഉത്തരങ്ങളാവും ലഭിക്കുക. ചികിത്സകർക്കു പൊതുവെ ലഭിക്കുന്ന ഡോക്ടര്‍ എന്ന പരിവേഷവും സമൂഹത്തിലെ ആദരവും ഒക്കെയാവും ഇത്തരം മേഖലകളിലേക്ക് ആളുകളെ ആകർഷിക്കുന്നത്.

എന്നാൽ ഇത്തരം ചികിത്സകൾക്ക് വിധേയരായി പ്രശ്നങ്ങൾക്ക് പരിഹാരം ലഭിക്കാത്തവരുടെ കാര്യമാണ് കഷ്ടം. അവർ തങ്ങളുടെ പ്രശ്നം മാറാത്തത് തങ്ങളുടെ കുഴപ്പം കൊണ്ടാവും എന്നു കരുതി വിദഗ്ദോപദേശം തേടാതിരിക്കുകയാണ് പതിവ്. സോഷ്യൽ സ്റ്റിഗ്മ എന്ന സംഗതിയും ഇതിനു പിറകിലുണ്ട്. ഒരു ആശുപത്രിയിൽ പോയി സൈക്കോളജിസ്റ്റിനെ കണ്ടാൽ തങ്ങൾക്ക് മനോരോഗമാണോ എന്നു മറ്റുള്ളവർ തെറ്റിദ്ധരിക്കുമോ എന്ന പേടി പലരെയും ഇത്തരം മുറി കൗൺസിലർമാരെ തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നു. കുട്ടികളുടെ പ്രശ്ങ്ങൾക്കു ചൈൽഡ് സൈക്കോളജിസ്റ്റിനെയും ലൈംഗിക പ്രശ്ങ്ങൾക്കു സെക്ഷ്വൽ സൈക്കോളജിസ്റ്റിനെയും സൈക്കോ തെറാപ്പിക്കായി ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെയും സമീപിക്കുന്ന വിദേശ രാജ്യങ്ങളിലെ രീതി കേരളത്തിലും വളർന്നു വരേണ്ടതുണ്ട്.

ഒരു മൊബൈൽ ഫോൺ കേടായാൽ അതു നന്നാക്കാൻ ആ പണിയിൽ പരിചയമില്ലാത്തവരെ നാം ഏൽപ്പിക്കുമോ? പ്ലംബറെയും ആശാരിയെയും ഇലക്ട്രീഷ്യനെയും ഒക്കെ അതത്  തൊഴിലിലെ വൈദഗ്‌ദ്ധ്യം നോക്കിയല്ലേ നാം തിരഞ്ഞെടുക്കാറുള്ളൂ.  വീടുവെക്കാനും കാറു വാങ്ങാനും ലോൺ എടുക്കാനും എന്തിനു വിവാഹപ്പൊരുത്തം നോക്കാനും വരെ നമ്മൾ  മലയാളികൾ ‘എക്സ്പെർട്ട്  ഒപ്പീനിയൻ’  അല്ലേ തേടാറുള്ളൂ? അപ്പോൾ അതിലുമൊക്കെ ഗൗരവമുള്ള നമ്മുടെ മനസ്സിന്റെ കാര്യമോ?ജലദോഷത്തിനു പൽമണോളജിസ്റ്റിനെയും കാലു വേദനക്ക് റുമാറ്റോളജിസ്റ്റിനെയും അന്വേഷിക്കാറുള്ള ആവേശം മനസ്സിന്റെ  കാര്യത്തിലും കാണിക്കുക തന്നെ വേണം. 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍