UPDATES

പള്‍സര്‍ സുനിയെ വിളിച്ചെന്ന് തെളിയിക്കാമെങ്കില്‍ രാജി; ഇത് പിണറായിയുടെ വൈരാഗ്യമെന്നും പിടി തോമസ്

കൊച്ചിയില്‍ നടിയെ ആക്രമിച്ച പള്‍സര്‍ സുനിയെ പിടികൂടാന്‍ വൈകിയത് പിടി തോമസ് എംഎല്‍എ മൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ആരോപിച്ചിരുന്നു

കൊച്ചിയില്‍ നടിയെ തട്ടികൊണ്ടുപോകുവാന്‍ ശ്രമിക്കുകയും ആക്രമിക്കുകയും ചെയ്ത പള്‍സര്‍ സുനിയെ പിടികൂടാന്‍ വൈകിയത് പിടി തോമസ് എംഎല്‍എ മൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ വൈരാഗ്യമാണ് ഈ ആരോപണത്തിന് പിന്നിലെന്നാണ് പിടി തോമസ് പറയുന്നത്. മുഖ്യമന്ത്രിയുടെ ആരോപണത്തിന് അഴിമുഖത്തിനോട് പിടി തോമസ് പ്രതികരിച്ചത് ഇങ്ങനെയാണ്-

‘ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം കമ്മീഷന്‍ മുഖേനെ അവതരിപ്പിച്ചിരുന്നു. തുടര്‍ന്ന് തെന്നിന്ത്യയിലെ പ്രശസ്ത നടിയെ ആക്രമിച്ച സംഭവത്തില്‍ പള്‍സര്‍ സുനിയെ മാത്രം പ്രതിയാക്കി കേസ് അവസാനിപ്പിക്കുന്നത് ശരിയല്ലെന്നും ഇത്തരം ആക്രമണങ്ങള്‍ ഇനിയും ആവര്‍ത്തിക്കാനിടയുണ്ടെന്നും സൂചിപ്പിച്ചിരുന്നു. ഇതില്‍ ക്ഷുഭിതനായ മുഖ്യമന്ത്രി പിണറായി വിജയന്‍- ഞാന്‍ കാരണമാണ് ആദ്യം പള്‍സര്‍ സുനി രക്ഷപ്പെട്ടത്, സുനിയെ പിടികൂടാന്‍ വൈകിയതിന് പിന്നിലും ഞാനാണെന്നും ആരോപിക്കുകയുണ്ടായി.

ഇതിലെ യഥാര്‍ഥ്യം എന്താണെന്നുവച്ചാല്‍, സംഭവം നടന്ന രാത്രിയില്‍ രക്ഷപ്പെടാന്‍ നടി എത്തിയ സംവിധായകന്‍ ലാലിന്റെ വീട്ടില്‍ തൃക്കാക്കര ഏസിക്കും നിര്‍മ്മാതാവ് ആന്റോ ജോസഫിനുമൊപ്പം ഞാനുമെത്തിയിരുന്നു. അവിടെവച്ച് പോലീസ് നടിയുടെ ഡ്രൈവറെ ചോദ്യം ചെയ്തപ്പോള്‍ മറ്റൊരാള്‍ക്ക് നടിയുടെ യാത്ര വിവരങ്ങള്‍ ഫോണിലൂടെ കൈമാറിയെന്ന് പറഞ്ഞു. ഇതിനെ തുടര്‍ന്ന് ആന്റോ ജോസഫും ഏസിയും ഡ്രൈവറുടെ പക്കലുണ്ടായിരുന്ന നമ്പരിലേക്ക് വിളിക്കുകയും ചെയ്തു. ഹലോ… ഹലോ എന്നല്ലാതെ മറ്റൊരു പ്രതികരണവും ഫോണില്‍ കേള്‍ക്കാന്‍ കഴിഞ്ഞില്ല. ഈ സമയം ഞാന്‍ ഐജി വിജയനുമായി ഫോണില്‍ സംസാരിക്കുകയാണ്.

പിന്നീട് ആന്റോയുടെ ഫോണിലേക്കോ ഏസിയുടെ ഫോണിലേക്കോ, വിളിച്ച നമ്പരില്‍ നിന്ന് കോള്‍ വന്നു. അതും ഹലോ… ഹലോ… എന്ന് മാത്രമെ കേള്‍ക്കാന്‍ കഴിഞ്ഞുള്ളൂ. പിറ്റേന്ന് പത്രത്തില്‍ ഈ ഫോണ്‍കോളുകളെ കുറിച്ചും, നമ്പരിന്റെ ഉടമ പള്‍സര്‍ സുനിയാണെന്നുമാണ് കണ്ടത്. പള്‍സര്‍ സുനിയെ ഞാന്‍ വിളിച്ചിട്ടില്ല. അന്ന് വിളിച്ചത് തൃക്കാക്കര ഏസിയാണ്, അദ്ദേഹത്തിന്റെ കൂടെ മറ്റ് മൂന്ന് പോലീസുകാരും കൂടിയുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം നിയമസഭയില്‍ ഈ സംഭവത്തില്‍ ഞാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചിരുന്നു. ഞാന്‍ സുനിയെ വിളിച്ചതിന് തെളിവ് നല്‍കിയാല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാണെന്നും മറിച്ചാണെങ്കില്‍ അങ്ങ് എന്ത് നടപടിയെടുക്കുമെന്നുമായിരുന്നു വെല്ലുവിളിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയുടെ മറുപടി മൗനമായിരുന്നു. ഇപ്പോഴും പറയുന്നു, എന്റെ ശബ്ദമോ, എന്റെ ഫോണിലൂടെയോ, മറ്റ് ഫോണിലൂടെയോ സുനിയെ ബന്ധപ്പെട്ടിട്ടുണ്ടെന്ന് തെളിയിച്ചാല്‍ ഞാന്‍ രാജി വയ്ക്കാം. മുഖ്യമന്ത്രിയുടെ വൈരാഗ്യം മാത്രമാണ് ഈ ആരോപണത്തിന് പിന്നിലുള്ളത്.’

കേസ് പള്‍സര്‍ സുനിയെ മാത്രം പ്രതിയാക്കി ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് പിടി തോമസ് നടത്തിയ ആരോപണത്തിന് മുഖ്യമന്ത്രി പറഞ്ഞത്, ‘അങ്ങും കൂടി (പിടി തോമസ്) നില്‍ക്കുമ്പോഴാണ് മറ്റേ ആള്‍ ഫോണ്‍ വിളിച്ചതെന്ന് മറക്കരുത്.സുനിയെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ മറ്റ് തടസ്സമൊന്നും ഉണ്ടായിട്ടില്ല.’ എന്നാണ്. കേസിന്റെ കാര്യങ്ങള്‍ ശരിയായിട്ടാണ് മുന്നോട്ട് പോകുന്നതെന്ന് പിണറായി കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍