UPDATES

ട്രെന്‍ഡിങ്ങ്

പ്രസവാവധി കഴിഞ്ഞു വന്നപ്പോള്‍ അധ്യാപികയ്ക്ക് ജോലിയില്ല, പിന്നില്‍ പിടിഎ പ്രസിഡന്റിന്റെ അപവാദപ്രചരണം; പോലീസ് കേസെടുത്തു

മാനുഷിക പരിഗണന കാണിക്കണമെന്ന് പിടിഎയോട് വിദ്യാഭ്യാസ വകുപ്പ്

പ്രസവാവധി കഴിഞ്ഞെത്തിയ കരാര്‍ ജീവനക്കാരിയായ അധ്യാപികയ്ക്കെതിരെ സദാചാര പ്രശ്നങ്ങള്‍ ഉയര്‍ത്തി സ്‌കൂള്‍ അധികൃതര്‍ ജോലി നിഷേധിച്ചതായി പരാതി. കരാര്‍ ജീവനക്കാരിയായ അധ്യാപികയുടെ പരാതിയില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍, പിടിഎ പ്രസിഡന്റ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. മലപ്പുറം ജില്ലയിലെ കോട്ടയ്ക്കല്‍ ഗവണ്‍മെന്റ് മാപ്പിള അപ്പര്‍ പ്രൈമറി (ജെഎംയുപി) സ്‌കൂളിലാണ് സംഭവം.

പിടിഎ ഭാരവാഹികള്‍ നടത്തിയ വ്യാജ പ്രചാരണങ്ങളെ തുടര്‍ന്ന് പൊതു സ്ഥലത്തുപോലും ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് അധ്യാപിക. ജോലി പോയതോടെ രണ്ടു കുട്ടികളുടെ അമ്മ കൂടിയായ ഇവര്‍ ഇപ്പോള്‍ ജീവിക്കാന്‍ തന്നെ ബുദ്ധിമുട്ടുകയാണ്. കൂലിപ്പണിക്കാരനായ ഭര്‍ത്താവിന് ആരോഗ്യപ്രശ്‌നം മൂലം സ്ഥിരമായി ജോലിക്കു പോകാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. വാടക വീട്ടില്‍ കഴിയുന്ന ഇവര്‍ക്ക് ഇതിന്റെ വാടക നല്‍കാന്‍ പോലും ഇപ്പോള്‍ നിവൃത്തിയില്ല. തനിക്ക് ജോലി തിരികെ കിട്ടുന്നതിനപ്പുറം ഇനിയൊരു സ്ത്രീക്കും ഇത്തരത്തില്‍ അപമാനകരമായ അവസ്ഥ നേരിടേണ്ടി വരാതിരിക്കാണ് പരാതിയുമായി മുന്നോട്ടു പോകുന്നതെന്നാണ് ഇവര്‍ പറയുന്നത്.

2014 മുതല്‍ കോട്ടയ്ക്കല്‍ എംയുപി സ്‌കൂളില്‍ പ്രീ-പ്രൈമറി വിഭാഗത്തില്‍ താത്കാലിക അധ്യാപികയായി ജോലി നോക്കി വരികയായിരുന്നു ഇവര്‍. ഒക്ടോബര്‍ അഞ്ചാം തീയതിയായിരുന്നു ഇവര്‍ പ്രസവിച്ചത്. ലീവ് കഴിഞ്ഞ 2019 ജനുവരിയില്‍ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ എത്തിയപ്പോഴാണ് ജോലി ഇല്ലെന്നു മനസിലായത്. ഹെഡ്മാസ്റ്ററോട് ഇതേക്കുറിച്ച് സംസാരിച്ചപ്പോള്‍, പകരം ആളെ നിയമിച്ചെന്നു പറഞ്ഞ് 500 രൂപ നഷ്ടപരിഹാരം എന്ന നിലയില്‍ നല്‍കി പറഞ്ഞു വിടുകയാണ് ചെയ്തത്. ഇതിനിടെ പിടിഎ യോഗത്തില്‍ തനിക്കെതിരെ അപവാദ പ്രചാരണങ്ങള്‍ പ്രസിഡന്റ് നടത്തിയെന്നും ഇവര്‍ ആരോപിക്കുന്നു

“എന്റെ അച്ഛനും അമ്മയ്ക്കും ഞങ്ങള്‍ മൂന്നു പെണ്‍മക്കളായിരുന്നു. മൂത്തയാളാണ് ഞാന്‍. എനിക്ക് നാലു വയസുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. പിന്നീട് അമ്മയാണ് കൂലിപ്പണിയെടുത്തും വീട്ടുജോലികള്‍ക്കു പോയും ഞങ്ങളെ വളര്‍ത്തിയത്. എന്റെ വിവാഹം കഴിഞ്ഞ് ഒരു പെണ്‍കുട്ടി ജനിച്ചതോടെ അയാള്‍ എന്നെയും കുഞ്ഞിനെയും ഉപേക്ഷിച്ചു പോയി. അതോടെ ഞാനും കുഞ്ഞും എന്റെ അമ്മയും മാത്രമായി. സ്‌കൂളില്‍ കിട്ടിയ ജോലിയായിരുന്നു ഞങ്ങളുടെ വരുമാന മാര്‍ഗം. അമ്മയ്ക്ക് ക്യാന്‍സര്‍ ബാധിക്കുകയും പെട്ടെന്നു മരണം സംഭവിക്കുകയും ചെയ്തതോടെ ഞാനും കുഞ്ഞും തനിച്ചായി. രാത്രി കാലങ്ങളില്‍ അടുത്ത വീട്ടില്‍ പോയി കിടന്നുറങ്ങേണ്ട സാഹചര്യമായിരുന്നു ജീവിതത്തില്‍ ഉണ്ടായത്. അപ്പോഴും എനിക്ക് ആകെയുള്ള പ്രതീക്ഷ ഈ ജോലിയായിരുന്നു. 2017 ല്‍ കോട്ടയ്ക്കല്‍ സ്വദേശി തന്നെയായ ഒരാളുടെ വിവാഹലോചന വന്നു. എന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞുകൊണ്ടായിരുന്നു അവര്‍ വിവാഹലോചന കൊണ്ടു വന്നത്. ഞാനെന്റെ ആദ്യ ഭര്‍ത്താവുമായി പത്തുകൊല്ലത്തോളമായി പിരിഞ്ഞു താമസിക്കുകയായിരുന്നുവെങ്കിലും നിയമപരമായി വിവാഹമോചനം നേടിയിരുന്നില്ല. പുതിയ ആലോചന വന്നു കഴിഞ്ഞപ്പോള്‍ 2018 ജനുവരിയില്‍ ബന്ധുക്കളും നാട്ടുകാരും എല്ലാവരും ചേര്‍ന്ന് ഞങ്ങളുടെ വിവാഹ നിശ്ചയം നടത്തി. ആദ്യബന്ധം നിയമപരമായി ഒഴിഞ്ഞ ശേഷം വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാല്‍ അതിനു കാലതാമസം എടുക്കുമെന്നും അതുവരെ ഞാനും മോളും ഒറ്റയ്ക്ക് താമസിക്കേണ്ടി വരുമെന്നതിനാലും വിവാഹം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യുന്നതിനു മുന്നേ തന്നെ ഇപ്പോഴത്തെ ഭര്‍ത്താവിന്റെ കൂടെ താമസിക്കാന്‍ എല്ലാവരും പറഞ്ഞു. അങ്ങനെയാണ് ഒരു വാടക വീടെടുത്ത് എന്നെയും കുഞ്ഞിനെയും അദ്ദേഹം കൊണ്ടു പോകുന്നത്. അതിനുശേഷമായിരുന്നു ഞാനും കുഞ്ഞും ഭയമില്ലാതെ കിടന്നുറങ്ങാന്‍ തുടങ്ങിയത്. ഇതിനിടയില്‍ ഞാന്‍ രണ്ടാമതും ഗര്‍ഭിണിയായി. 2018 ഒക്ടോബറില്‍ ആയിരുന്നു ഡെലിവറി ഡേറ്റ് പറഞ്ഞിരുന്നത്. ഒക്ടോബര്‍ നാലാം തീയതി വരെ ഞാന്‍ സ്‌കൂളില്‍ പോയിരുന്നു. അഞ്ചാം തീയതി പ്രസവിക്കുകയും ചെയ്തു. ഇതിനു മുമ്പ് തന്നെ ഞാന്‍ ഹെഡ്മാസറ്ററോട് ലീവ് പറഞ്ഞിരുന്നതാണ്. പക്ഷേ തിരിച്ചു വന്നപ്പോള്‍ ജോലിയില്ല. പിടിഎയുടെ നിര്‍ദേശ പ്രകാരമാണ് ജോലി തുടരാന്‍ അനുവദിക്കാത്തതെന്നായിരുന്നു ഹെഡ്മാസ്റ്റര്‍ പറഞ്ഞത്”, അധ്യാപിക അഴിമുഖത്തോട് പറഞ്ഞു.

സ്‌കൂള്‍ അധികൃതരില്‍നിന്നുണ്ടായ നടപടിക്കെതിരേ ഇവര്‍ വനിത കമ്മിഷനിലും മനുഷ്യാവകാശ കമ്മിഷനിലും ബാലാവകാശ കമ്മിഷനിലും പരാതി നല്‍കി. അധ്യാപികയായി തുടരാനുള്ള അവകാശം അകാരണമായി പിടിഎയും ഹെഡ്മാസ്റ്ററും ചേര്‍ന്ന് നിഷേധിച്ചുവെന്ന് കാണിച്ചായിരുന്നു പരാതി. ബാലാവകാശ കമ്മിഷന്‍ പരാതിയില്‍ തീരുമാനം എടുക്കാന്‍ വിദ്യാഭ്യാസ ഉപ ഡയറക്ടറോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഡിഡിഇ വിചാരണ നടത്തി. സര്‍ക്കാര്‍ അനുവദിച്ച തസ്തികയില്‍ ജോലി ചെയ്ത് ഹോണറേറിയം കൈപ്പറ്റുന്ന ഒരു പ്രീ-പ്രൈമറി അധ്യാപികയല്ലാത്തതിനാല്‍ ഇവരുടെ നിയമനം സംബന്ധിച്ചും സേവന വേതന വ്യവസ്ഥകള്‍ സംബന്ധിച്ചുമുള്ള അധികാരം പിടിഎയ്ക്കാണ്. പിടിഎ നിയമിക്കുന്ന പ്രീ-പ്രൈമറി അധ്യാപകരുടെ സേവന വേതന വ്യവസ്ഥകള്‍ സംബന്ധിച്ച് നിലവില്‍ മാര്‍ഗരേഖകള്‍ ഇല്ല. അതുകൊണ്ട് തന്നെ പരാതിയില്‍ നിയമാനുസൃതമായ നടപടിയെടുക്കാന്‍ കഴിയില്ലെങ്കിലും മാനുഷിക പരിഗണന വച്ച് പിടിഎ യോഗം ചേര്‍ന്ന് തീരുമാനം പുനഃപരിശോധിക്കാന്‍ ഹെഡ്മാസ്റ്റര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കയാണ് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍. അടുത്ത് ഒഴിവുവരുമ്പോള്‍ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന പരിചയം വെച്ച് ഇവരെ പരിഗണിക്കണമെന്നും അധികൃതര്‍ നല്‍കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.

തന്നെ എങ്ങനെയും ഒഴിവാക്കാന്‍ വേണ്ടിയുള്ള ശ്രമമാണ് പിടിഎ പ്രസിഡന്റ് നടത്തിയതെന്നും ഇതിനുവേണ്ടി വ്യക്തിപരമായ ആക്ഷേപിച്ച് അധ്യാപക-രക്ഷാകര്‍തൃ മീറ്റിങ്ങില്‍ സംസാരിച്ചുവെന്നുമാണ് അധ്യാപികയുടെ ആരോപണം. “പിടിഐ യോഗത്തില്‍ എന്റെ രണ്ടാമത്തെ കുട്ടിയുടെ പിതൃത്വത്തേയും എന്റെ മാതൃത്വത്തെയും ആക്ഷേപിച്ചുകൊണ്ട് എന്നെ സ്വഭാവഹത്യ നടത്തുകയായിരുന്നു പിടിഎ പ്രസിഡന്റ് സുള്‍ഫിക്കര്‍. പ്രസിഡന്റ് എന്നെ കുറിച്ച് പറയുന്ന കാര്യങ്ങള്‍ പിടിഎ യോഗത്തില്‍ പങ്കെടുത്ത ഒരു രക്ഷകര്‍ത്താവ് റെക്കോര്‍ഡ് ചെയ്തിരുന്നു. ഈ ശബ്ദരേഖ പിന്നീട് വാട്‌സ് സന്ദേശമായി പ്രചരിക്കുകയും ചെയ്തു. ഞാനൊരു മോശം സ്ത്രീയാണെന്നും അതുകൊണ്ടാണ് എന്നെ സ്‌കൂളില്‍ നിന്നും ഒഴിവാക്കിയതാണെന്നും പറഞ്ഞ് ധരിപ്പിച്ച് മാതാപിതാക്കളെ കൊണ്ട് സമ്മതം വാങ്ങിപ്പിക്കുകയാണ് അയാള്‍ ചെയ്തതെന്നതിന്റെ തെളിവായി ആ ശബ്ദസന്ദേശം ഉണ്ട്. എന്റെ ജോലി കളയുക മാത്രമല്ല, സമൂഹത്തിന് മുന്നില്‍ എന്നെ അപമാനപ്പെടുത്തുക കൂടിയാണ് ചെയ്തത്. ഇപ്പോഴെനിക്ക് ആളുകളുടെ മുന്നില്‍ പോകാന്‍ കഴിയാത്ത അവസ്ഥയാണ്. സ്വന്തമായൊരു വീടുപോലുമില്ലെനിക്ക്. വാടക വീട്ടിലാണ് രണ്ട് പെണ്‍കുഞ്ഞുങ്ങളുമായി കഴിയുന്നത്. പ്രസവത്തിന്റെ തലേന്നു വരെ ഞാന്‍ ജോലിക്ക് പോയത് വീട്ടിലെ നിവൃത്തികേട് കൊണ്ടാണെ”ന്നും ഇവര്‍ പറയുന്നു,

അധ്യാപികയുടെ പരാതികളെ തള്ളിക്കളഞ്ഞുകൊണ്ടാണ് പിടിഎ പ്രസിഡന്റ് സുള്‍ഫിക്കര്‍ അലി അഴിമുഖത്തോട് പ്രതികരിച്ചത്. പിടിഎ യോഗത്തില്‍ ചില മാതാപിതാക്കളാണ് സദാചാര പരാതികള്‍ ഉന്നയിച്ചതെന്നും അതേക്കുറിച്ചാണ് താന്‍ യോഗത്തില്‍ സംസാരിച്ചതെന്നുമാണ് സുള്‍ഫിക്കറിന്റെ വാദം. കുട്ടികളെ തല്ലുന്നതുള്‍പ്പെടെ നേരത്തെ തന്നെ മാതാപിതാക്കളുടെ ഭാഗത്തു നിന്നും ഇവര്‍ക്കെതിരെ പരാതികള്‍ ഉണ്ടായിട്ടുണ്ടെന്നും സുള്‍ഫിക്കര്‍ പറയുന്നു. ജോലിയില്‍ നിന്നും പിരിച്ചു വിട്ടത് സദാചാര പ്രശ്‌നം കൊണ്ടല്ലെന്നും പിടിഎ പ്രസിഡന്റ് പറയുന്നുണ്ട്; ഇവരെ കുറിച്ച് മുന്‍പ് തന്നെ പല പരാതികളും രക്ഷകര്‍ത്താക്കളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. പ്രസവത്തിന് പോയി കഴിയുമ്പോള്‍ വേറെ ആളെ വയ്ക്കാമെന്നായിരുന്നു രക്ഷകര്‍ത്താക്കളെ പറഞ്ഞ് സമാധാനിപ്പിച്ചിരുന്നതെന്നും ഇദ്ദേഹം പറയുന്നു. അവധി പറയാതെയാണ് അധ്യാപിക പോയതെന്നതാണ് മറ്റൊരു ആരോപണം. പ്രസവശേഷം നാല് മാസത്തിന് ശേഷം ഇവര്‍ക്ക് ജോലി നല്‍കാമെന്നായിരുന്നു കരുതിയതെന്നും പിടിഎ പ്രസിഡന്റ് പറയുന്നു. അതിനിടെയാണ് അവര്‍ പരാതി നല്‍കിയത്. വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം അടുത്ത നിയമനത്തിനുള്ള അഭിമുഖത്തില്‍ പങ്കെടുക്കാന്‍ ഈ അധ്യപികയോട് പറഞ്ഞെന്നും എന്നാല്‍ തനിക്ക് നിയമനം നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചുവെന്ന മട്ടില്‍ വാദങ്ങള്‍ ഉയര്‍ത്തുകയാണ് അധ്യാപിക ചെയ്തെന്നും പിടിഎ പ്രസിഡന്റ് പറയുന്നു. ഈ പാശ്ചാത്തലത്തിലാണ് രക്ഷാകര്‍തൃ യോഗത്തില്‍ ആരോപണം ഉയര്‍ന്നപ്പോള്‍ അധ്യാപികയെക്കുറിച്ച് സംസാരിക്കേണ്ടി വന്നതെന്നും പിടിഎ പ്രസിഡന്റ് പറയുന്നു.

എന്നാല്‍ അധ്യാപികയെക്കുറിച്ച് മോശമായി സംസാരിച്ചിട്ടില്ലെന്ന സുള്‍ഫിക്കറിന്റെ വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് സ്‌കൂളിലെ പ്രധാനാധ്യാപകന്‍ അബ്ദുറഹിമാന്റെ പ്രതികരണം. പിടിഎ പ്രസിഡന്റ് നടത്തിയ പരാമര്‍ശം തെറ്റായിപ്പോയെന്ന് അബ്ദുറഹിമാന്‍ പറയുന്നുണ്ട്. ജോലി കൊടുക്കാതിരിക്കുന്നതും കൊടുക്കുന്നതും പിടിഎയുടെ അധികാരമാണെങ്കിലും ഒരാളെ ഒഴിവാക്കാന്‍ അവരെക്കുറിച്ച് മോശം പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. പ്രധാനാധ്യാപകനോട് ലീവ് പറയാതെയാണ് പോയതെന്ന പിടിഎ പ്രസിഡന്റിന്റെ വാദവും അബ്ദുറഹിമാന്‍ നിഷേധിക്കുന്നുണ്ട്. തന്നോട് ലീവ് നേരത്തെ പറഞ്ഞിട്ടുണ്ടായിരുന്നുവെന്നും അവധി അപേക്ഷ കൊണ്ടുവന്നപ്പോള്‍ അന്ന് സ്‌കൂളില്‍ താനില്ലാതിരുന്നതുകൊണ്ട് ഹെഡ്മാസ്റ്ററുടെ ചാര്‍ജ് വഹിച്ചിരുന്ന അധ്യാപികയാണ് വാങ്ങിയതെന്നും അബ്ദുറഹിമാന്‍ സമ്മതിക്കുന്നു. അവധി അപേക്ഷ നല്‍കാന്‍ താമസിച്ചു എന്നത്, പ്രത്യേകിച്ച് പ്രസവം പോലുള്ള കാര്യങ്ങളില്‍- ജോലിയില്‍ നിന്നും പിരിച്ചുവിടാന്‍ മാത്രമുള്ള കാരണം ആകുന്നില്ലെന്നും കൂടി ഈ അധ്യാപകന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

എന്തായാലും തനിക്കെതിരെ നടന്ന നീതിനിഷേധം അവസാനിപ്പിക്കണമെന്നും ജോലിയില്‍ തിരികെ പ്രവേശിപ്പിക്കണമെന്നുമാണ് അധ്യാപികയുടെ ആവശ്യം.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍