UPDATES

ട്രെന്‍ഡിങ്ങ്

പിടി ചാക്കോ മുതല്‍ എകെ ശശീന്ദ്രന്‍ വരെ: ലൈംഗികാരോപണങ്ങളില്‍ രാജി ആദ്യമല്ല

ആ ചരിത്രം 1964ല്‍ തുടങ്ങിയതാണ്.

ഔദ്യോഗിക കാര്യത്തിനായി തന്നെ സമീപിച്ച സ്ത്രീയോട് ലൈംഗികച്ചുവയില്‍ അശ്ലീല സംഭാഷണം നടത്തിയതായുള്ള ആരോപണം ശബ്ദരേഖയടക്കം വാര്‍ത്ത നല്‍കി മംഗളം ചാനല്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ രാജി വച്ചിരിക്കുന്നു. ശബ്ദരേഖയില്‍ ശശീന്ദ്രന്റെ ശബ്ദം മാത്രമേ കേള്‍ക്കാനുള്ളൂ. സ്ത്രീ ആരാണെന്നോ അവര്‍ക്ക് ഇത് സംബന്ധിച്ച് എന്ത് പരാതിയാണ് ഉള്ളത് എന്നോ വ്യക്തമല്ല. ഔദ്യോഗികാവശ്യത്തിനായോ എന്തെങ്കിലും സഹായത്തിനായോ സമീപിച്ച ഒരു സ്ത്രീയോട് ലൈംഗിക ചൂഷണം നടത്താനുള്ള താല്‍പര്യവുമായി ഒരു മന്ത്രി സംസാരിച്ചിട്ടുണ്ടെങ്കില്‍ അത് തീര്‍ത്തും അധാര്‍മ്മികവും അധികാര ദുര്‍വിനിയോഗവുമാണ്. എന്നാല്‍ മംഗളം പുറത്ത് വിട്ട ശബ്ദരേഖയില്‍ ഏതായാലും അതിനുള്ള തെളിവില്ല. എന്നാല്‍ ശശീന്ദ്രന്‍ രാജി വച്ചിരിക്കുകയാണ്.

കേരളത്തില്‍ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് രാജി വയ്ക്കുന്ന ആദ്യ മന്ത്രിയല്ല എന്‍സിപി നേതാവായ എകെ ശശീന്ദ്രന്‍. ആ ചരിത്രം 1964ല്‍ തുടങ്ങിയതാണ്. ഐക്യകേരളത്തിലെ മൂന്നാമത്തെ മന്ത്രിസഭ, അതായത് ആര്‍ ശങ്കറിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്-പിഎസ്പി മന്ത്രിസഭയുടെ കാലത്ത്. കോണ്‍ഗ്രസ് നേതാവും ആഭ്യന്തര മന്ത്രിയുമായിരുന്ന പിടി ചാക്കോയ്ക്ക് രാജി വയ്‌ക്കേണ്ടി വന്നത് ഭാര്യയല്ലാത്ത ഒരു സ്ത്രീയുമായി സംശയകരമായ സാഹചര്യത്തില്‍ കാറില്‍ പോകുന്നത് കണ്ടു എന്ന ആരോപണത്തെ തുടര്‍ന്നാണ്. തൃശൂര്‍ പീച്ചിയില്‍ വച്ച് ചാക്കോയുടെ കാര്‍ ഒരു ചെറിയ കൈവണ്ടിയുമായി ഇടിച്ചതിനെ തുടര്‍ന്നാണ് വിവാദങ്ങളുടെ തുടക്കം. ചാക്കോയുടെ രാജി ആവശ്യപ്പെട്ട് മുറവിളി ഉയര്‍ന്നു. തിരുവിതാംകൂറിലും ഐക്യകേരളത്തിലും ശക്തവും സജീവവും ചാക്കോയുടെ രാഷ്ട്രീയജീവിതം ഈ സംഭവത്തോടെ നിറം കെട്ടു. ചാക്കോയ്ക്ക് ഒപ്പമുണ്ടായിരുന്നത് കോണ്‍ഗ്രസ് നേതാവും കെപിസിസി അംഗവുമായിരുന്ന പത്മം എസ് മേനോനാണെന്ന് പിന്നീട് വ്യക്തമായി. ചാക്കോയുടെ പാര്‍ട്ടിക്കാര്‍ തന്നെ ആസൂത്രണം ചെയ്തതായി പറയപ്പെടുന്ന ഈ വിവാദം ഏതായാലും അദ്ദേഹത്തിന്റെ രാജിയില്‍ അവസാനിച്ചു.

1964 ജൂണില്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച ചാക്കോ പരാജയപ്പെട്ടു. ഓഗസ്റ്റില്‍ കോഴിക്കോട് വച്ച് ഹൃദയാഘാതം മൂലമാണ് ചാക്കോ മരിക്കുന്നത്. ചാക്കോയുടെ രാഷ്ട്രീയജീവിതം തകര്‍ത്ത പീച്ചി വിവാദം കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ പിറവിയ്ക്ക് വഴി വച്ചു. ചാക്കോയുടെ അനുയായികളാണ് അദ്ദേഹത്തിന്റെ മരണശേഷം കേരള കോണ്‍ഗ്രസ് രൂപീകരിച്ചത്. മുഖ്യമന്ത്രിയായിരുന്ന ആര്‍ ശങ്കറും അനുകൂലികളും ചേര്‍ന്ന് ചാക്കോയെ ഒതുക്കുന്നതിന്റെ ഭാഗമായി ആസൂത്രണം ചെയ്യപ്പെട്ട സംഭവമാണെന്നത് ചാക്കോയുടെ അനുയായികള്‍ ആരോപിച്ചു. ചാക്കോയ്‌ക്കെതിരെ ഉയര്‍ന്നത് ലൈംഗിക പീഡന ആരോപണമായിരുന്നില്ല. അത് എന്തെങ്കിലും ഔദ്യോഗിക കാര്യവുമായി ബന്ധപ്പെട്ടോ അല്ലാതെയോ ചാക്കോ ഏതെങ്കിലും സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തതിന്റെ പേരിലുള്ള ആരോപണവുമായിരുന്നില്ല. പകരം പരസ്ത്രീ ബന്ധം എന്ന മലയാളിയുടെ കപട സദാചാര ബോധത്തിലും ഒളിഞ്ഞ് നോട്ടത്തിലും ഊന്നിയ ആരോപണമായിരുന്നു. കപട ധാര്‍മ്മികതയുടെ പേരിലുള്ള ഒന്ന്.

1996-2001 കാലത്ത് ഇകെ നായനാരുടെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഗതാഗത മന്ത്രിയായിരുന്ന നീലലോഹിതദാസന്‍ നാടാരുടെ രാജിയിലേയ്ക്ക് നയിച്ചത് അക്കാലത്ത് ഗതാഗത വകുപ്പ് സെക്രട്ടറിയും നിലവില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ നളിനി നെറ്റോ നല്‍കിയ പരാതിയിലാണ്. തന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്ന വിധം അപമര്യാദയായി പെരുമാറിയെന്ന നളിനി നെറ്റോയുടെ പരാതി ജനതാദള്‍ സെക്കുലര്‍ നേതാവായ നീലന്റെ കസേര തെറിപ്പിച്ചു.

2004ല്‍ കുഞ്ഞാലിക്കുട്ടി തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി റജീന എന്ന യുവതി ഇന്ത്യാവിഷനിലൂടെ വെളിപ്പെടുത്തുകയും ഇത് കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിക്കുകയും ചെയ്തു. കുഞ്ഞാലിക്കുട്ടിക്കെതിരെ ജനരോഷവും പ്രതിപക്ഷ പ്രതിഷേധവും ശക്തമായി. വലിയ സമ്മര്‍ദ്ദങ്ങള്‍ക്ക് ശേഷം കുഞ്ഞാലിക്കുട്ടി മന്ത്രി സ്ഥാനം രാജി വച്ചു. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രനായി മത്സരിച്ച് കെടി ജലീലിനോട് കുഞ്ഞാലിക്കുട്ടി പരാജയപ്പെട്ടു.

റജീനയടക്കമുള്ളവര്‍ പിന്നീട് മൊഴി മാറ്റിയതോടെ കേസ് തള്ളപ്പെട്ടു. എന്നാല്‍ ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിക്കാന്‍ കുഞ്ഞാലിക്കുട്ടിയും അനുയായികളും പരാതിക്കാരേയും ജഡ്ജിമാരടക്കമുള്ളവരേയും പണം കൊടുത്തും അല്ലാതെയും സ്വാധീനിച്ചു എന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളുമായി കുഞ്ഞാലിക്കുട്ടിയുടെ സഹോദരിയുടെ ഭര്‍ത്താവും അടുത്ത അനുയായിയുമായിരുന്ന റൗഫ് രംഗത്തെത്തി. ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിച്ചതായി ആരോപിച്ചുള്ള കേസ് കോഴിക്കോട് കോടതിയില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

1996-97 കാലത്ത് തുടങ്ങിയതാണ് ഐസ്‌ക്രീം പാര്‍ലര്‍ കേസ്. ഐസ്‌ക്രീം പാര്‍ലര്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടക്കുന്നതായും ഇതില്‍ മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയ്ക്ക് പങ്കുള്ളതായും ആയിരുന്നു ആരോപണം. കോഴിക്കോട് ഐസ്‌ക്രീം പാര്‍ലറില്‍ നിന്നിറങ്ങി വന്ന് രണ്ട് പെണ്‍കുട്ടികള്‍ റെയില്‍വേ ട്രാക്കില്‍ ആത്മഹത്യ ചെയ്തതടക്കമുള്ള സംഭവങ്ങള്‍ ഇന്നും ദുരൂഹതയായി തുടരുകയാണ്.

2006ല്‍ വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് മന്ത്രിയായിരുന്ന പിജെ ജോസഫിനാണ് ലൈംഗിക ചൂഷണ ആരോപണത്തെ തുടര്‍ന്ന് രാജി വയ്‌ക്കേണ്ടി വന്നത്. ചെന്നൈയിലേയ്ക്കുള്ള വിമാനയാത്രയ്ക്കിടെ മന്ത്രി തന്റെ ശരീരത്തില്‍ കടന്നുപിടിച്ചതായി ലക്ഷ്മി ഗോപകുമാര്‍ എന്ന സ്ത്രീ പരാതി നല്‍കുകയും തുടര്‍ന്ന് ജോസഫ് രാജി വയ്ക്കുകയും ചെയ്തു. ലൈംഗികാരോപണങ്ങളെ തുടര്‍ന്ന് രാജി വയ്‌ക്കേണ്ടി വന്ന മന്ത്രിമാരുടെ കൂട്ടത്തില്‍ ലൈംഗികപീഡനം സംബന്ധിച്ച് ഗുരുതരമായ ആരോപണം ഉയര്‍ന്നത് കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ മാത്രമാണ്. ഈ കേസുമായി ബന്ധപ്പെട്ട് പറയുന്ന പണമിടപാടുകളും രാഷ്ട്രീയ ഒത്തുതീര്‍പ്പുകള്‍ സംബന്ധിച്ച ആരോപണങ്ങളും കേസിലെ മൊഴിമാറ്റങ്ങളും വൈരുദ്ധ്യങ്ങളും ജഡ്ജിമാര്‍ അടക്കമുള്ളവര്‍ക്കെതിരായ ആരോപണങ്ങളുമെല്ലാം ഒട്ടേറെ ദുരൂഹതകളും സംശയങ്ങളും ഇപ്പോഴും നിലനില്‍ക്കുന്നു.

എംഎല്‍എ ആയിരിക്കെ ജനതാദള്‍ നേതാവ് ജോസ് തെറ്റയിലിനും മകനുമെതിരെ പീഡനം ആരോപിച്ച് രംഗത്തു വന്നത് വന്‍ വിവാദമായിരുന്നു. മാതൃഭൂമി ചാനല്‍ തെറ്റയിലും യുവതിയും ഉള്‍പ്പെട്ട വീഡിയോ സംപ്രേഷണം ചെയ്യുകയും ചെയ്തു. എന്നാല്‍ ഇത് വ്യജ ആരോപണം ആയിരുന്നുവെന്നു പിന്നീട് കോടതി വിധി പറഞ്ഞു.

കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിലെ വിവിധ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരെ സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ബിസിനസ് തുടങ്ങുന്നതിന് സഹായിക്കാം എന്നു വാഗ്ദാനം നല്‍കി സരിതാ നായരെ ശാരീരികമായി മുതലെടുക്കുകയായിരുന്നു ഇവര്‍ ചെയ്തത് എന്നായിരുന്നു ആരോപണം. എന്നാല്‍ ഇതിന്റെ പേരില്‍ ആരും രാജി വച്ചില്ല.

സ്വകാര്യ സംഭാഷണത്തില്‍ പരസ്പര സമ്മതപ്രകാരമുള്ള ഒരു ബന്ധത്തിന്റെ ഭാഗമായി ഒരു വ്യക്തി, അത് മന്ത്രിയായാലും അല്ലെങ്കിലും മറ്റൊരു വ്യക്തിയോട് ലൈംഗിക താല്‍പര്യത്തോടെ സംസാരിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. അത് ആ വ്യക്തികളുടെ സ്വകാര്യത മാത്രമാണ്. ഒരു പരാതിയുമായോ സഹായാഭ്യര്‍ത്ഥനയുമായോ മന്ത്രിയേയോ ജനപ്രതിനിധിയേയോ സമീപിച്ച ഒരു സത്രീയോട് അവര്‍ക്ക് താല്‍പര്യമില്ലാത്ത വിധത്തില്‍ ഇത്തരത്തില്‍ സംസാരിച്ചു എന്നതാണെങ്കില്‍ അത് ഗുരുതരമായ തെറ്റാണ്. അതേസമയം ഇതൊരു സ്വകാര്യ സംഭാഷണമാണെങ്കില്‍ ചാനല്‍ നടത്തിയതായിരിക്കും അധാര്‍മ്മികവും അശ്ലീലവുമായ പ്രവര്‍ത്തനം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍