UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തൊഴില്‍ കിട്ടാന്‍ മാത്രമല്ല വിദ്യാഭ്യാസം: കല്‍പ്പറ്റ നാരായണന്‍ സംസാരിക്കുന്നു

Avatar

സമ്പാദിക്കുന്ന കുട്ടി അശ്ലീലമാണെന്ന് സവിശേഷമായ കാഴ്ചയിലൂടെ ചിന്തകളില്‍ ചലനങ്ങള്‍ സൃഷ്ടിച്ച കവിയും വിമര്‍ശകനും സാഹിത്യകാരനുമാണ് പ്രൊഫ. കല്‍പ്പറ്റ നാരായണന്‍. ആദിവാസി വിദ്യാലയത്തില്‍ നിന്ന് നേടിയ ബാല്യകാലാനുഭവങ്ങളാണ് ഒരധ്യാപകനായും എഴുത്തുകാരനായും മാറാനിടയാക്കിയതെന്ന് കരുതുന്ന കല്‍പ്പറ്റ നാരായണന്‍ അഴിമുഖത്തിനുവേണ്ടി ഇക്കാര്യം പങ്കുവെച്ചു.

‘പൊതുവിദ്യാലയങ്ങള്‍ നിലനിര്‍ത്തുകതന്നെ വേണം. അടച്ചുപൂട്ടാന്‍ താത്പര്യപ്പെടുന്ന ഉടമകളില്‍ നിന്നും വാടകയ്ക്ക് കെട്ടിടം ഏറ്റെടുക്കണം. നല്ല വാടക നല്‍കണം. ഗവണ്‍മെന്റിന് അധികബാധ്യതയൊന്നും ഉണ്ടാവില്ല. കാരണം എയ്ഡഡ് സ്‌കൂളുകളില്‍ അധ്യാപകര്‍ക്കും മറ്റുള്ളവര്‍ക്കും വേതനം നല്‍കുന്നത് സര്‍ക്കാരാണ്. വിദ്യാലയ ഉടമകള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത് നാമമാത്ര ഗ്രാന്റാണ്. അതുകൊണ്ടാണ് നിയമനങ്ങള്‍ക്ക് കോഴ വാങ്ങാന്‍ ഇവര്‍ തയ്യാറാകുന്നത്. പ്രാഥമിക വിദ്യാലയങ്ങളില്‍ കുട്ടികളില്ലാത്തതിനു കാരണം സ്ഥാപനയുടമകള്‍ മാത്രമല്ല. ഇംഗ്ലീഷ് മീഡിയത്തോടുള്ള പ്രേമവും തൊഴില്‍ കിട്ടലാണ് വിദ്യാഭ്യാസമെന്ന സമൂഹ ധാരണയുമാണ് വില്ലന്‍. ജ്ഞാനം വേണ്ട ആളുകള്‍ക്കിന്ന്. ഇതിനെതിരാണ് പൊതു സമൂഹം. തൊഴില്‍ കിട്ടാനായി മാത്രമല്ല വിദ്യാഭ്യാസമെന്ന് സമൂഹം തിരിച്ചറിയണം. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം വിദ്യാഭ്യാസം മാത്രമാണ്. ഈ വിദ്യാഭ്യാസം നല്‍കാന്‍ അനുയോജ്യമായ സ്ഥാപനങ്ങള്‍ നിലനില്‍ക്കണം. ദാരിദ്ര്യം പറയുന്ന പൊതുവിദ്യാലയങ്ങള്‍ക്കേ ഇതിനാവൂ. ഇംഗ്ലീഷിലുള്ള പത്ത് വാക്കുകളോ പത്ത് വാചകങ്ങളോ പഠിപ്പിക്കുക മാത്രമാണ് അവിടെ ചെയ്യുന്നത്. അത് വിദ്യാഭ്യാസമല്ല. വിദ്യാഭ്യാസം നിലനില്‍ക്കണമെങ്കില്‍ പൊതു വിദ്യാലയങ്ങള്‍ തന്നെ വേണം. 

ജനങ്ങളുടെ കാല്‍പ്പനിക വിദ്യാഭ്യാസ ലക്ഷ്യങ്ങളെ ചൂഷണം ചെയ്യുകയാണിവിടെ. കോഴിക്കോട്ടെ ഒരു സ്വകാര്യ പ്രീപ്രൈമറി വിദ്യാലയത്തില്‍ ഒരുലക്ഷം രൂപയിലേറെയാണ് ഫീസ്. കേരളത്തിലാകെ ഇത്തരം നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 

നമ്മുടെ സുമൂഹ്യബോധം രൂപപ്പെടുന്നത് ബാല്യകാലാനുഭവങ്ങളില്‍ നിന്നുകൂടിയാണ്. പലതരത്തിലുള്ള കൂട്ടുകാരില്‍ നിന്നും അവരുടെ ജീവിതം നാമറിയുന്നു. അന്യരുടെ പ്രയാസങ്ങള്‍ തന്റെതായി മാറുകയാണിവിടെ. രാവിലെ പത്ത് മുതല്‍ നാലു വരെ പ്രവര്‍ത്തി സമയമുള്ള വിദ്യാലയത്തിലേ ഇതു വരെ പഠിച്ചിട്ടുള്ളു. ഇതുവരെ ട്യൂഷനൊന്നും പോയിട്ടില്ല. ഒരര്‍ത്ഥത്തില്‍ സ്‌കൂളായിരുന്നു ഒഴിവുസമയം. അവിടെ ചിലപ്പോള്‍ മാഷന്മാര്‍ ഉണ്ടാവില്ല. കളിക്കാനും ബഹളംവെക്കാനും ക്ലാസ്സുണ്ടാവും. അതിലൂടെ വല്ലാത്തൊരടുപ്പം ഞങ്ങള്‍ കുട്ടികള്‍ക്കിടയിലുണ്ടായി. സാഹിത്യസമാജവും അന്നുണ്ടായിരുന്നു. സംസ്‌കാര സമ്പന്നരായാണ് ഒരാള്‍ വിദ്യാലയത്തില്‍ നിന്ന് പുറത്തിറങ്ങുന്നത്. വിദ്യാഭ്യാസം ഒരു ഘടകം മാത്രം. വിദ്യാലയ ജീവിതമാണ് അതിലും പ്രധാനം. രാവിലെ ഏഴിനു തുടങ്ങി അര്‍ദ്ധരാത്രി പന്ത്രണ്ടു മണിവരെ കുട്ടി ഇന്ന് വിദ്യാര്‍ത്ഥിയാണ്. ഒരു വിദ്യാര്‍ത്ഥിക്ക് മനുഷ്യനാകാനുള്ള സാഹചര്യം നേരത്തെയുണ്ടായിരുന്നു. കാഴ്ചപ്പാടിനെ, എഴുത്തിനെ, വായനയെയെല്ലാം വിദ്യാലയം സ്വാധീനിക്കും. ജീവിതം പഠിക്കുകയാണിവിടെ.

ആദിവാസി സ്‌കൂളില്‍ പഠിച്ചതുകൊണ്ട് അവര്‍ തന്നെയായിരുന്നു പ്രധാന സുഹൃത്തുക്കള്‍. കായിക ശക്തിയില്‍, മരംകയറുന്നതില്‍, ഓടുന്നതിനും ഒറ്റത്തടിപാലം കടക്കുന്നതിലെല്ലാം അവര്‍ തന്നെയായിരുന്നു എനിക്ക് മുന്നില്‍. ഇത്തരം സന്ദിഗ്ദഘട്ടങ്ങളില്‍ വലിയ സംശയാലുവാകും ഞാന്‍. എന്റെ ഏടത്തി വലുതായിട്ടും വയലിലെ തോട് കടക്കാന്‍ പണിയന്‍ കുട്ടന്റെ സഹായം തേടിയിരുന്നു. ഇതിലൊക്കെ അവര്‍ മുന്നിലായിരുന്നു. അന്നവര്‍ക്ക് ഇത്രമാത്രം അപകര്‍ഷതാ ബോധം ഉണ്ടായിരുന്നില്ല.

(തയ്യാറാക്കിയത് എം കെ രാമദാസ്)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍